Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിലഡൽഫിയയിൽ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ ഭക്തിസാന്ദ്രം

Velankanni feast (1) ഫോട്ടോ: ജോസ് തോമസ്

ഫിലഡൽഫിയ∙ കിഴക്കിന്റെ ലൂർദായ വേളാങ്കണ്ണിയിലെ ആരോഗ്യ മാതാവിന്റെ തിരുസ്വരൂപം സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുന്ന ജർമ്മൻ ടൗൺ മിറാക്കുലസ് മെഡൽ തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാളും, ആരോഗ്യ മാതാവിന്റെ തിരുനാളും സംയുക്തമായി ഭക്തിപുരസ്സരം ആഘോഷിക്കപ്പെട്ടു.

Velankanni feast (10)

ആവേമരിയ സ്തോത്രഗീതങ്ങളുടെയും, ജപമാലയർപ്പണത്തിന്റെയും, രോഗശാന്തി പ്രാർത്ഥനാമഞ്ജരികളുടെയും, സ്വർഗീയ നാദധാര പെയ്തിറങ്ങി ആത്മീയ പരിവേഷം തിങ്ങിനിറഞ്ഞ അന്തരീക്ഷത്തിൽ ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാർ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടു തിരുക്കർമ്മങ്ങൾക്കു നേതൃത്വം നൽകി.

Velankanni feast (8)

സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ എക്സിക്യൂട്ടീവ് ഡയറക്ടർ റെവ. ഫാ. കാൾ പീബർ, സിറോ മലബാർ ഫൊറോനാപള്ളി വികാരി റെവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി, റെവ. ഫാ. സോണി താഴത്തേൽ, ഫിലഡൽഫിയാ അതിരൂപതയുടെ കൾചറൽ മിനിസ്ട്രീസ് ഡയറക്ടർ റെവ. ഗ്രിഗറി ജെ. സെമനിക്ക് എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

Velankanni feast (3)

കരുണയുടെ കവാടം സ്ഥിതിചെയ്യുന്ന ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ തീർത്ഥാടന കേന്ദ്രത്തിൽ നടത്തപ്പെട്ട ഭക്തിനിർഭരമായ മിറാക്കുലസ് മെഡൽ നൊവേനയിലും, ദിവ്യബലിയിലും, വേളാങ്കണ്ണി മാതാവിന്റെ നൊവേനയിലും, ജപമാല പ്രാർത്ഥനകളിലും ധാരാളം മരിയഭക്തർ പങ്കെടുത്തു നിർവൃതിയടഞ്ഞു.

Velankanni feast (5)

കരുണയുടെ ജൂബിലി വർഷത്തിൽ ഫിലാഡൽഫിയാ സിറോ മലബർ ഫൊറോനാ പള്ളിയിൽ നിന്നും മിറാക്കുലസ് മെഡൽ തീർത്ഥാടന കേന്ദ്രത്തിലേക്ക് നടത്തപ്പെട്ട തീർത്ഥാടനവും, വേളാങ്കണ്ണി മാതാവിന്റെ തിരുനാളും വിവിധ ഇന്ത്യൻ ക്രൈസ്തവ സമൂഹങ്ങളുടെയും, ഫിലഡൽഫിയാ സിറോ മലബാർ ഫൊറോനാപള്ളിയുടെയും സഹകരണത്തിൽ മിറാക്കുലസ് മെഡൽ തീർത്ഥാടന കേന്ദ്രമാണു നേതൃത്വം നൽകിയത്.

Velankanni feast (6)

തുടർച്ചയായി അഞ്ചാംവർഷമാണു മിറാക്കുലസ് മെഡൽ തീർത്ഥാടന കേന്ദ്രത്തിൽ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ ഭക്തിപൂർവം ആഘോഷിക്കപ്പെടുന്നത്. വൈകുന്നേരം നാലുമണിക്കാരംഭിച്ച തിരുനാൾ കർമ്മങ്ങൾ ഏഴുമണിവരെ നീണ്ടുനിന്നു.

Velankanni feast (4)

ഇംഗ്ലീഷ്, മലയാളം, തമിഴ്, ലത്തീൻ, സ്പാനീഷ്, തമിഴ്, തെലുങ്ക് ഭാഷകളിൽ ചൊല്ലിയ ജപമാല പ്രാർത്ഥനയോടൊപ്പം വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടു നടത്തിയ ഭക്തിനിർഭരമായ പ്രദക്ഷിണം മരിയഭക്തർക്കും, രോഗികൾക്കും സൗഖ്യദായകമായിരുന്നു.

Velankanni feast (2)

സിറോ മലബാർ ഇടവകയിലെ സെന്റ് മേരീസ് വാർഡു കൂട്ടായ്മ നേതൃത്വം നൽകിയ തിരുനാൾ ഇന്ത്യൻ ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തിന്റെയും, പൈതൃകത്തിന്റെയും, മരിയൻ ഭക്തിയുടെയും അത്യപൂർവമായ കൂടിവരവിന്റെ മകുടോദാഹരണമായിരുന്നു. സിറോ മലബാർ യൂത്ത് കൊയർ ആലപിച്ച ശ്രുതിമധുരമായ മരിയഭക്തിഗാനങ്ങൾ എല്ലാവരെയും ആകർഷിച്ചു.

Velankanni feast (11)

സിറോ മലബാർ ഇടവകവികാരി റെവ. ഫാ. ജോണിക്കുട്ടി പുലിശേരി, കൈക്കാരന്മാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റിൽ, സെക്രട്ടറി ടോം പാറ്റാനി എന്നിവരുടെ മേൽനോട്ടത്തിൽ സെന്റ് മേരീസ് വാർഡ് പ്രസിഡന്റ് ബിനു പോൾ, തിരുനാൾ കോർഡിനേറ്റർ ജോസ് തോമസ്, എന്നിവരും വാർഡു കൂട്ടായ്മയും തിരുനാളിന്റെ ക്രമീകരണങ്ങൾ ചെയ്തു.
 


വാർത്ത∙ജോസ് മാളേയ്ക്കൽ

Your Rating: