Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസിൽ ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റ് 5, 6, 7 തീയതികളിൽ

IPSF-2016-PLANNING-TEAM

ഡാലസ്∙ഷിക്കാഗോ സിറോ മലബാര്‍ രൂപതയിലെ ടെക്സാസിലെയും ഒക്ലഹോമയിലെയും ഇടവകകൾ പങ്കെടുക്കുന്ന ഇന്റര്‍ പാരീഷ് സ്പോർട്സ് (ഐപിഎസ്‌എഫ് 2016 ) ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഓഗസ്റ്റ് അഞ്ചു മുതൽ ഏഴു വരെ നടക്കുന്ന കായികമേളയ്ക്ക്‌ ഗാര്‍ലാന്‍ഡ് സെന്റ് തോമസ് ഫൊറോനയാണ് വേദിയാവുന്നത്.

ഗാര്‍ലാന്‍ഡ് സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ ഓഗസ്റ്റ് 5 വെള്ളിയാഴ്ച വൈകിട്ടു നടക്കുന്ന ഫെസ്റ്റിന്റെ ഓദ്യോഗിക ഉദ്ഘാടനത്തിനു ഷിക്കാഗോ സിറോ മലബാർ രൂപതാ മെത്രാൻ മാര്‍ ജേക്കബ് അങ്ങാടിയത്ത് തിരി തെളിക്കും. മറ്റു ഇടവകകളിൽ നിന്നെത്തുന്ന വൈദികരും കോർഡിനേറ്റേഴ്‌സും വിശ്വാസികളും സന്നിഹിതരാവും.

ഗാര്‍ലാന്‍ഡ് സെന്റ് തോമസ് ഫൊറോന, കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ചർച്ച് , ഹൂസ്റ്റൺ സെന്റ് ജോസഫ് സിറോ മലബാര്‍ ഫൊറോന, ഒക്ലഹോമ ഹോളി ഫാമിലി ചർച്ച്, ഓസ്റ്റിൻ സെന്റ് അല്‍ഫോന്‍സാ ചർച്ച്, മക്അലന്‍ ഡിവൈന്‍ മേഴ്‌സി ചർച്ച് , സാന്‍ അന്റോണിയോ സെന്റ് തോമസ് സിറോ മലബാര്‍ ചർച്ച് , പേർലാൻഡ് സെന്റ് മേരീസ് ചർച്ച് എന്നീ ടെക്‌സാസ്-ഒക്ലഹോമ റീജനിലെ എട്ടു ഇടവകകളാണ് ഫെസ്റ്റിൽ പങ്കെടുക്കുന്നത്.

ഇടവകകളുടെ പരസ്പര സൗഹൃദത്തിനും കൂട്ടായ്മയ്ക്കും ഈ കായിക മേള സാക്ഷ്യം വഹിക്കും. സാഹോദര്യ സന്ദേശമുൾക്കൊണ്ടും കലാകായിക പരിപാടികളിലൂടെയും ദൈവത്തെ മഹത്വപ്പെടുത്തുവാനുള്ള വേദി കൂടിയാണിത്.

ക്രിക്കറ്റ് , സോക്കർ, ബാസ്കറ്റ് ബോൾ, വോളിബോൾ , ത്രോബോൾ , ബാറ്റ്മിന്റൺ , ടേബിൾ ടെന്നീസ് (സിംഗിൾ ആൻഡ് ഡബിൾസ് ) , കാർഡ്‌സ് , ചെസ്സ്, ക്യാരംസ്സ് , പഞ്ചഗുസ്തി, വടം വലി, നടത്തം തുടങ്ങി 15 ഇനങ്ങളിൽ, സ്ത്രീപുരുഷ വിഭാഗങ്ങളിൽ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായത്തിന്റെ അടിസ്‌ഥാനത്തിൽ അഞ്ചു കാറ്റഗറികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ ഇടവക സമൂഹത്തിന്റെ മുഴുവൻ പങ്കാളിത്തവും ഫെസ്റ്റിനുണ്ട്. ഗാർലാൻഡ് സെന്റ് തോമസ് ജൂബിലി ഹാളിലും , റോക്ക് വാൾ റൈസ് സ്പോർട്സ് കോംപ്ലക്സുമാണ് മൂന്നു ദിവസം നടക്കുന്ന മത്സരങ്ങൾക്കു വേദിയാവുക.

ഗാര്‍ലാന്‍ഡ് ഫൊറോനാ വികാരി ഫാ ജോഷി എളമ്പാശേരിൽ (ചെയർമാൻ) , ഇമ്മാനുവേൽ കുഴിപ്പിള്ളിൽ , ചെറിയാൻ ചൂരനാട് (ഡയറക്ടേഴ്‌സ്), പോൾ തോമസ് (ഇവന്റ് മാനേജർ) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളും സബ് കമ്മിറ്റികളുമായി നൂറോളം പേരാണ് റീജയണിൽ നടക്കുന്ന രണ്ടാമത് കായിക മേള വിജയകരമാക്കുവാൻ പ്രവർത്തിക്കുന്നത്. ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായും ഏവരെയും ഐപിഎസ്എഫ് 2016 ലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും മത്സരങ്ങളുടെ സമയക്രമീകരണങ്ങൾക്കും ഐപിഎസ്എഫ് വെബ്സൈറ്റ് സന്ദർശിക്കുക. http://www.ipsfdallas2016.com/

വാർത്ത∙മാർട്ടിൻ വിലങ്ങോലിൽ 

Your Rating: