Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവീൺ വധം : നീതി നിഷേധത്തിനെതിരെ പ്രതിഷേധവുമായി നൂറുകണക്കിനാളുകൾ

by
praveen-murder12

ഷിക്കാഗോ ∙ ഒരു സമൂഹത്തെയാകെ കണ്ണീരിലാഴ്ത്തിയ പ്രവീൺ വർഗീസിന്റെ ദാരുണമായ അന്ത്യത്തിന്റെ യഥാർത്ഥ കാരണങ്ങൾ തേടിയുളള യാത്രയിൽ നീതി ഇനിയും ലഭ്യമാകാത്തതിനെതിരെ ഷിക്കാഗോയിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും നൂറു കണക്കിനാളുകൾ അണി ചേർന്നു.

praveen-murder11

ഗവർണറുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന ഷിക്കാഗോ ഡെയ് ലി പ്ലാസായിൽ പ്രവീണിന്റെ ജന്മദിനമായ ജൂലൈ 29 ന് പ്രവീൺ ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ പങ്കെടുത്തവരുടെ ആവേശം നീതി നിഷേധത്തിനെതിരെ ഉയർത്തുന്ന പോരാട്ടമായി മാറി. പ്രവൃത്തി ദിവസമായിരുന്നിട്ടു കൂടി ഷിക്കാഗോയിൽ നിന്നും അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും സമാധാനപരമായി നടത്തിയ പ്രതിഷേധ സമരത്തിൽ പങ്കെടുക്കാനെത്തിയവർ പ്രവീണിന്റെ കുടുംബത്തോട് പ്രകടിപ്പിച്ച ഐക്യദാർഢ്യം ഒരു വലിയ സമൂഹത്തിന്റെ ഉറച്ച പിന്തുണ വിളിച്ചോതുന്നതായിരുന്നു. പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കുവാൻ സാധിക്കാതെ പോയ ആയിരങ്ങളാണ് ഫെയ്സ് ബുക്ക് ലൈവ് വഴി ഒരുക്കിയ തത്സമയ പ്രക്ഷേപണം കണ്ടതും ഞങ്ങളും ഒപ്പമുണ്ടന്ന സന്ദേശങ്ങൾ അതിലൂടെ കുറിച്ചതും.

praveen-murder10

ജൂലൈ 29 ന് രാവിലെ ഷിക്കാഗോ മാർത്തോമ ദേവാലയാങ്കണത്തിൽ നിന്നു രണ്ടു ബസുകൾ നിറയെ പുറപ്പെട്ടവരോടൊപ്പം  ഡെയ് ലി പ്ലാസായിൽ എത്തിച്ചേർന്നവർ കൂടി ഒത്തു കൂടിയപ്പോൾ ഏവരും ഒരേ ശബ്ദത്തിൽ പ്രവീണിന്റെ നീതി നിഷേധത്തിനെതിരെ ആർത്തു വിളിച്ചു. പ്രവീൺ വർഗീസിന്റെ  ഇഷ്ടനിറമായ ചുവപ്പ് ടീ ഷർട്ടിൽ ‘ജസ്റ്റിസ് ഫോർ പ്രവീൺ’ എന്ന് ആലേഖനം ചെയ്ത്, നീതി നിഷേധത്തിനെതിരേയുളള മുദ്രാവാക്യങ്ങളെഴുതിയ പ്ലാക്കാർഡുകളുമേന്തി കുട്ടികൾ മുതൽ വിവിധ പ്രായത്തിലുളളവർ അണിനിരന്ന മണിക്കൂറുകൾ ഏവരുടെയും മനസ്സിൽ നിറ‍ഞ്ഞു നിന്നത് നീതി നിഷേധത്തിനെതിരെയുളള ഒരേ വികാരം മാത്രമായിരുന്നു.

praveen-murder9

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾ എല്ലാം പ്രതിഷേധ സമ്മേളനത്തിന്റെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ എത്തിയിരുന്നത്. ഈ വിഷയത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു. ഡെയ് ലി പ്ലാസായിൽ ആരംഭിച്ച പ്രതിഷേധ യോഗത്തിന്റെ  പ്രാരംഭമായി നടന്ന പ്രാർഥനകൾക്ക് റവ. ഫാ. ഹാം ജോസഫ്, റവ. ഫാ. സജീവ് മാത്യു, റവ. ഫാ. ജോസഫ് വർഗീസ്, റവ. ഫാ. ഫിലിപ്പ്, റവ. ഫാ. ലിജു പോൾ എന്നിവർ നേതൃത്വം നൽകി. ഷാരോൺ ഇടമലയുടെ നേതൃത്വത്തിൽ ആലപിച്ച ഗാനത്തിനുശേഷം പ്രതിഷേധ പരിപാടിയുടെ അവതാരകയായിരുന്ന നിഷ എറിക് ഈ സമാധാന സമരത്തിന്റെ സംക്ഷിപ്ത രൂപം വിവരിച്ചു.

praveen-murder5

തുടർന്ന് ഫൊക്കാനാ മുൻ പ്രസിഡന്റ് മറിയാമ്മ പിളള, ഫോമ മുൻ സെക്രട്ടറി ഗ്ലാഡ് സൺ വർഗീസ് (ഇരുവരും പ്രവീൺ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ) എന്നിവർ നാളിതുവരെയുളള പ്രവീൺ ആക്ഷൻ കൗൺസിലിന്റെ പ്രവർത്തനങ്ങളുടെ പുരോഗതിയെപ്പറ്റി സംസാരിക്കുകയും നീതി ലഭിക്കും വരെ പോരാട്ടം ശക്തമായി തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

praveen-murder1

ന്യുയോർക്ക് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ആൽബനി വികാരി റവ. ഫാ. ജോസഫ് വർഗീസ്, പ്രവീണിന്റെ സഹോദരി പ്രിയ വർഗീസ്, ഫോമ നിയുക്ത സെക്രട്ടറിയും ഈ പ്രതിഷേധ പ്രകടനം ക്രമീകരിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ജിബി തോമസ്, എഫ്ഐഎ പ്രസിഡന്റ് സുനിൽ ഷാ, പ്രവീണിന്റെ ബോഡി രണ്ടാമത് പോസ്റ്റ് മോർട്ടം ചെയ്ത ഡോ. മർഗോളിയോസ് എന്നിവർ പ്രതിഷേധ സമരത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയും നീതിയ്ക്കായുളള പോരാട്ടത്തിൽ ഉറച്ചു നിൽക്കുന്നതിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

praveen-murder3

ഈ പോരാട്ടങ്ങളുടെ മുന്നിൽ പ്രവീൺ വർഗീസിന്റെ കുടുംബത്തോടൊപ്പം നിന്ന് പൊരുതിയ മോണിക്ക ഡ്യൂക്കസിന് പ്രവീൺ ആക്ഷൻ കൗൺസിലിന്റെയും കുടുംബത്തിന്റെയും ആദരസൂചകമായി നൽകിയ ഉപഹാരം മറിയാമ്മ പിളളയും ഗ്ലാഡ്സൺ വർഗീസും ചേർന്ന് സമ്മാനിച്ചു. തുടർന്ന് മോണിക്ക നടത്തിയ മറുപടി പ്രസംഗത്തിൽ നീതിക്കായി അന്തിമ വിജയം വരെയും ഒരുമിച്ച് നിന്ന് പോരാടുമെന്ന് ഉറപ്പിച്ചു പറഞ്ഞു.

praveen-murder8

ഈ നേരമത്രെയും നിറമിഴികളുമായി പ്രതിഷേധ കൂട്ടായ്മയുടെ മുന്നിൽ നിന്ന പ്രവീണിന്റെ മാതാവ് ലൗലി വർഗീസ് സമരത്തിൽ പങ്കെടുത്ത ഏവർക്കും ഒപ്പം നിന്ന് ശക്തി പകരുന്ന മുഴുവൻ സുഹൃത്തുക്കൾക്കും പിന്തുണയുമായി എന്നും നിൽക്കുന്ന സമൂഹത്തിനും ഹൃദയംഗമായ നന്ദി രേഖപ്പെടുത്തി. തുടർന്ന് പ്രവീണിന്റെ മാതാപിതാക്കളും പ്രവീൺ ആക്ഷൻ കൗൺസിൽ ഭാരവാഹികളു മായി നാലംഗസംഘം ഗവർണ്ണറുടെയും സ്റ്റേറ്റ് അറ്റോണിയുടെയും ഓഫീസിൽ മെമ്മോറാണ്ടം സമർപ്പിച്ചു.

praveen-murder4

ഈയവസരത്തിൽ പ്രതിഷേധ പ്രക്ഷോപത്തിൽ പങ്കെടുത്തവർ ഈ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംസാരിച്ചു. ഈ പരിപാടികളുടെ അവതരകരായി പ്രവർത്തിച്ച സൂസൻ ഇടമല, നിഷ എറിക് എന്നിവർക്കും മറ്റ് സംസ്ഥാനങ്ങളിൽ  നിന്നും എത്തിച്ചേർന്ന  ജിബി തോമസ്, ലാലി കളപ്പുരയ്ക്കൽ, സിബി ഡേവിഡ്, എഡിസൺ മാത്യു, ജോയി പൻഗാത്ത്, സോമി ജോയി, വിനോദ് കൊണ്ടൂർ എന്നിവർക്ക് പ്രവീണിന്റെ മാതാവ് പ്രത്യേകം നന്ദി രേഖപ്പെടുത്തി.

praveen-murder2

പ്രവീൺ വധത്തിനു പിന്നിലെ സത്യം തേടിയും നീതി നിഷേധത്തിനെതിരെയും പ്രവീണിന്റെ കുടുംബവും ഒരു സമൂഹവും ഒന്നായി നടത്തുന്ന പോരാട്ടത്തിന്റെ അന്തിമ വിജയം നേടും വരെയും നമുക്കും ഒത്തുചേർന്ന് നീതിക്കായി കൈകോർക്കാം.

വാർത്ത ∙ ബെന്നി പരിമണം

Your Rating: