Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിബേറ്റുകളിൽ ട്രംപിനെ ഉപദേശിക്കാൻ റോജർ എയ്ൽസ്

ന്യുയോർക്ക് ∙ പ്രസിഡന്റ് സ്ഥാനാർത്ഥികളായ ഡോണാൾഡ് ട്രംപും ഹിലരി ക്ലിന്റണും തമ്മിൽ നേരിട്ടുളള ഡിബേറ്റുകൾ ആരംഭിക്കുകയാണ്. ലോംഗ് ഐലന്റിലെ ഹോഫ്സ്ട്ര യൂണിവേഴ്സിറ്റിയിൽ സെപ്റ്റംബർ 26നാണ് ആദ്യ ഡിബേറ്റ് നടക്കുക. ട്രംപിനെ ഉപദേശിക്കുവാൻ ധാരാളം പേരുണ്ട്. ഇവരിൽ മുഖ്യ ഉപദേഷ്ടാവ് റോജർ എയിൽസായിരിക്കും. മുൻ ഫോക്സ് ന്യൂസ് ചെയർമാനായിരുന്ന എയ്ൽസ് സ്ത്രീ പീഡന ആരോപണത്തെ തുടർന്നാണ് ഫോക്സ് ന്യൂസ് വിട്ടത്.

വിവാദങ്ങളിൽ ഒന്നുകൂടി ട്രംപിന് നേരിടേണ്ടി വരികയാണ്. ട്രംപിന്റെ കസിനോകളുടെ നികുതി കുടിശികയ്ക്കെതിരെ ന്യൂജഴ്സി ഓഡിറ്റർമാർ കേസ് നടത്തികൊണ്ടിരിക്കുമ്പാഴാണ് സുഹൃത്തായ ക്രിസ് ക്രിസ്റ്റി ഗവർണറായത്. കുടിശിക പലിശ സഹിതം 30 മില്യൺ ഡോളറുണ്ട് എന്നായിരുന്നു കേസ്. രണ്ട് ബാങ്ക് റപ്ടസി കേസുകളിലും സാമ്പത്തിക രേഖകൾ വ്യാജമായി ഉണ്ടാക്കി എന്നും ട്രംപ് മുഖ്യ പങ്കാളിയായ കമ്പനിയെക്കുറിച്ച് ആരോപിച്ചു. നികുതി അടച്ചതിന്റെ രേഖകളിലാണ് പ്രധാനമായും തിരിമറി ആരോപിക്കപ്പെട്ടത്.

ക്രിസ്റ്റി അധികാരമേറ്റ് ഒരു വർഷത്തിനുശേഷം കേസിന്റെ സ്വഭാവം മാറി എന്നാണ് ആരോപണം. സംസ്ഥാനം കേസ് ഒത്തു തീർപ്പാക്കുവാൻ തയാറായി. ആറു വർഷം കോടതിയിൽ കേസ് വാദിച്ച സംസ്ഥാനം ഡിസംബർ 2011ന് 5 മില്യൺ ഡോളർ ലഭിച്ചാൽ മതി എന്ന് സമ്മതിച്ചു. കസിനോകൾ കടപ്പെട്ടിരുന്ന ഓരോ ഡോളറിനും 17 സെന്റ് വീതം മതി എന്നായിരുന്നു ഇതിനർത്ഥം. ചിലപ്പോൾ നികുതി അധികാരികൾ കിട്ടാനുളള തുകയിൽ ഇളവിന് സമ്മതിക്കാറുണ്ട്. എന്നാൽ ഇത്രയും ഭീമമായ ഇളവ് അസാധാരണമായിരുന്നു എന്നാണ് ആരോപണം. ട്രംപ് കസിനോകളും ട്രംപും ക്രിസ്റ്റിയും തമ്മിലുളള ബന്ധവും വിവാദത്തിലാക്കുവാൻ വിമർശകരെ ഇത് പ്രേരിപ്പിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചരണം കൊഴുക്കുമ്പോൾ എതിരാളികൾ ഈ വിവാദം ഉയർത്താൻ സാധ്യതയുണ്ട്.

2002 മുതൽ 2006 വരെ നികുതി നൽകിയില്ല എന്നാണ് ആരോപണം. ഈ സമയത്ത് ട്രംപ് കമ്പനിയുടെ ചെയർമാനും 2005വരെ ചീഫ് എക്സിക്യൂട്ടീവും ആയിരുന്നു. ഫീസും ബോണസുമായി ട്രംപ് മില്യണുകൾ വാങ്ങിയപ്പോൾ കമ്പനി എതിരാളികളെക്കാൾ മോശമായി പ്രവർത്തിച്ചു. ഓരോ വർഷവും മില്യണുകളുടെ നഷ്ടം വരുത്തി ഓഹരി വില താഴേയ്ക്കു കുതിച്ചു എന്നിങ്ങനെയാണ് വിമർശകർ വാദിക്കുന്നത്.

ട്രംപ് 64 അംഗ അഗ്രികൾച്ചർ അഡ്വൈസറി ബോർഡ് പ്രഖ്യാപിച്ചു. നെബ്രാസ്കയിൽ നിന്നുളള ചാൾസ് ഹെർബസ്റ്ററെ ചെയർമാനും 25പേരെ നാഷണൽ കോ ചെയറുമാരും ആക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ പിന്നീട് ഹെർബ് സ്റ്ററെ ചെയർമാനും ബാക്കി എല്ലാവരെയും അംഗങ്ങളായു നിയമിച്ചു. ടെക്സാസിൽ നിന്ന് സ്റ്റേറ്റ് അഗ്രികൾച്ചർ കമ്മീഷണർ സിഡ് മില്ലർ ഉൾപ്പെടെ 6 പേർ ഉണ്ടാവും. ഇവരിൽ മുൻ ടെക്സസ് ഗവർണർ റിക്ക് പെറിയും ഉൾപ്പെടുന്നു. പെറി മുൻ ടെക്സസ് അഗ്രികൾച്ചർ കമ്മീഷണർ കൂടിയാണ്.

കിസർഖാനും ട്രംപും തമ്മിലുളള വിവാദത്തിൽ ട്രംപിനെ പിന്താങ്ങി പെറി രംഗത്തെത്തി. ട്രംപിനെ വിമർശിച്ച് ആദ്യം രംഗത്തെത്തിയത് ഖാനാണ്. തിരികെ വിമർശനം നേരിടേണ്ടി വന്നത് ന്യായം മാത്രമാണെന്ന് പെറി വാദിച്ചു. മുൻ സേനാംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും എനിക്ക് ബഹുമാനമാണ്. പക്ഷെ ഡെമോക്രാറ്റിക് പ്രചരണ വേദിയിൽ നിന്നു കൊണ്ട് ഖാൻ ഡോണാൾഡ് ട്രംപിനെ വിമർശിച്ചത് ന്യായീകരിക്കാനാവില്ല എന്ന് പെറി പറഞ്ഞു. പെറി ഒരു മുൻ വ്യോമസേനാംഗമാണ്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ എപ്പോഴും മുൻ സേനാംഗങ്ങൾക്കുവേണ്ടി വീറോടെ വാദിച്ചിട്ടുണ്ട്.

വാർത്ത ∙ ഏബ്രഹാം തോമസ് 

Your Rating: