Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാർ കലാകാർ 2016 അവാർഡിന്റെ തിളക്കവുമായി സിയാ നായർ

star-klakar

ഹൂസ്റ്റൺ ∙ നൃത്ത രംഗത്തെ അതുല്യ പ്രതിഭയായി വളർന്നു കൊണ്ടിരിയ്ക്കുന്ന സിയാ നായർ എന്ന കൊച്ചു മിടുക്കി ഡാലസിൽ നടന്ന ആവേശകരവും ആകാംക്ഷ നിർഭരവുമായ ഫൈനൽ മത്സരത്തിൽ സ്റ്റാർ കലാകാർ ട്രോഫി നേടി മലയാളി സമൂഹത്തിന് അഭിമാനമായി. ക്ലാസിക്കൽ ഡാൻസ് വിഭാഗത്തിൽ ഭരതനാട്യത്തിന് ഒന്നാം സ്ഥാനം നേടിയാണ് സിയാ ട്രോഫി കരസ്ഥമാക്കിയത്.

നൂറു കണക്കിന് മത്സരാർത്ഥികൾ ഉണ്ടായിരുന്ന സ്റ്റാർ കലാകാർ പ്രോഗ്രാമിൽ നിരവധി കടമ്പകൾ കടന്നാണ് സിയാ ഫൈനൽ റൗണ്ടിലെത്തിയതെന്ന് സിയായുടെ മാതാവും നൃത്തരംഗത്ത് അമേരിക്കയിൽ പ്രശസ്തയും ഹൂസ്റ്റണിലെ സുനന്ദാസ് പെർഫോർമിംഗ് ആർട്സ് സെന്ററിന്റെ സാരഥിയുമായ സുനന്ദാ നായർ പറഞ്ഞു. നൃത്ത രംഗത്തെ പ്രശസ്തരായ അധ്യാപകരുടെ കീഴിൽ പരിശീലനം ലഭിച്ച നിരവധി മത്സരാർഥികളോടു മത്സരിച്ചാണ് സിയാ ഫൈനലിലെത്തിയത്. അതിനു ശേഷം സമപ്രായക്കാരുടെ ഗ്രൂപ്പിൽ ഒന്നാമത്തെത്തി. തുടർന്ന് വിവിധ പ്രായ ഗ്രൂപ്പുകളിലെ വിജയികളുമായി മാറ്റുരച്ചപ്പോൾ മത്സരം വളരെ കടുത്തതായിരുന്നെങ്കിലും നൃത്ത ചുവടുകളുടെ താളവും ഭംഗിയും കോർത്തിണക്കി ഈ കൊച്ചു മിടുക്കി ഒന്നാം സ്ഥാനത്തെത്തി.

ക്ലാസിക്കൽ നൃത്തത്തിൽ ഒന്നാം സ്ഥാനത്തെത്തിയവരോടൊപ്പം നോൺ ക്ലാസിക്കൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി തന്റെ മികവു തെളിയിച്ചു. ഡാലസ് കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന ദേശി പ്ലാസ ടിവിയാണ് ഇന്ത്യൻ സമൂഹത്തിലെ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിയ്ക്കുന്നതിന് സ്റ്റാർ കലാകാർ 2016 സംഘടിപ്പിച്ചത്. ഇതിന്റെ ബ്രാൻഡ് അംബാസിഡറായ പ്രശസ്ത ബോളിവുഡ് നടി മീനാക്ഷി ശേഷാദ്രിയിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങുന്നതെന്ന് അറിഞ്ഞപ്പോൾ സിയാ ആവേശഭരിതയായി.

ഫോർട്ട് സെറ്റിൽമെന്റ് മിഡിൽ സ്കൂളിൽ 7–ാം ക്ലാസിലേക്ക് പ്രവേശിയ്ക്കുന്ന പതിനൊന്നു വയസ് മാത്രമുളള സിയാ നായർ വളരെ ചെറുപ്പം മുതലെ ക്ലാസിക്കൽ ഡാൻസിലും ക്ലാസിക്കൽ സംഗീതത്തിലും ശ്രദ്ധപതിപ്പിച്ചിരുന്നു. സ്കൂൾ പഠനത്തോടൊപ്പം നൃത്തത്തിൽ ചിട്ടയായ പരിശീലനവും ശിക്ഷണവും കൈമുതലാക്കിയ സിയാ നിരവധി ട്രോഫികൾ ഇതിനകം തന്നെ കരസ്ഥമാക്കിയിട്ടുണ്ട്. ധാരാളം കുട്ടികളെ നൃത്ത രംഗത്തേയ്ക്ക് ചുവടു വയ്പിച്ചു കൊണ്ടിരിയ്ക്കുന്ന മാതാവ് സുനന്ദാ നായരുടെ ചിട്ടയായ പരിശീലനവും പിതാവ് ക്യാപ്റ്റൻ ആനന്ദ് നായരുടെ പ്രോത്സാഹനവും സിയാ നായരുടെ കലാരംഗത്തെ വളർച്ചയിൽ മുതൽ കൂട്ടാണ്. സഹോദരൻ അനിരുദ്ധ് നായരും കലാരംഗത്ത് ശ്രദ്ധേയനാണ്.

വാർത്ത ∙ ജീമോൻ റാന്നി 

Your Rating: