Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2017 സമ്മർ ഇന്റേൺഷിപ്പിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അപേക്ഷ ക്ഷണിക്കുന്നു

us

വാഷിങ്ടൺ∙ഫെഡറൽ ഗവൺമെന്റ് ഏജൻസിയായ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് സമർത്ഥരായ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം അമേരിക്കൻ സിവിൽ സർവീസിലോ ഫോറിൻ സർവീസിലോ സേവനം ചെയ്യുന്നതിനുള്ള സുവർണാവസരം ഒരുക്കുന്നു. സ്റ്റൈപന്റോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെയുള്ള അൺപെയിഡ് സ്റ്റുഡന്റ് ഇന്റേൺഷിപ്പിനു 2017 സമ്മർ സീസണിലേക്ക് പരിഗണിക്കാനായി കോളജ് വിദ്യാർത്ഥികളിൽനിന്നും ഒക്ടോബർ 14 വരെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകൾ ഓൺലൈനിൽ നിശ്ചിത തീയതിക്കുമുൻപ് സമർപ്പിച്ചിരിക്കണം.

അമേരിക്കയിലും വിവിധ വിദേശരാജ്യങ്ങളിലുമായി വിന്യസിച്ചുകിടക്കുന്ന 270 ൽപ്പരം യുഎസ് എംബസികളിലും, കോൺസുലേറ്റുകളിലും, അമേരിക്കൻ മിഷനുകളിലും സമീപഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള നയതന്ത്രപ്രധാനമായ തസ്തികകളിൽ ജോലി ചെയ്യുന്നതിനായിട്ടാണു അമേരിക്കൻ വിദേശകാര്യവകുപ്പ് പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും മികവു പുലർത്തുന്ന കോളജ് വിദ്യാർത്ഥികളെ അന്വേഷിക്കുന്നത്. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റിലെ വിവിധ ഓഫിസുകളിൽ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ജോലിചെയ്ത് അവനവന്റെ കഴിവും സാമർത്ഥ്യവും തെളിയിക്കുന്നതിനുള്ള നല്ല അവസരം. മാത്രമല്ല ചിട്ടയായ ഈ പരിശീലനത്തിലൂടെ നേതൃത്വഗുണങ്ങൾ വളർത്തിയെടുക്കുന്നതിനും ഭാവിയിൽ വിദേശത്തോ സ്വദേശത്തോ ഒരു നല്ല തൊഴിൽ നേടിയെടുക്കുന്നതിനും സ്റ്റുഡന്റ് ഇന്റേൺഷിപ്പ് സഹായിക്കും.

അപേക്ഷകനു വേണ്ട ഏറ്റവും കുറഞ്ഞയോഗ്യതകൾ
1.യുഎസ് പൗരനായിരിക്കണം
2.ഒരു അംഗീകൃത കോളജിലോ സർവകലാശാലയിലോ ഫുൾ ടൈം സ്റ്റുഡന്റ് ആയി ഡിഗ്രി പ്രോഗ്രാമിനു രജിസ്റ്റർ ചെയ്തിരിക്കണം
3.മികച്ച വിദ്യാഭ്യാസനിലവാരം പുലർത്തുന്നവരാകണം
4.ബാക്ക്ഗ്രൗണ്ട് പരിശോധന വിജയകരമായി പൂർത്തിയാക്കണം

പുറം ലോകവുമായി അമേരിക്കയെ ബന്ധപ്പെടുത്തുന്നതും അമേരിക്കയുടെ വിദേശനയം രൂപപ്പെടുത്തുന്നതും യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റിലെ ഉദ്യോഗസ്ഥരാണ്. അതിൽ സ്റ്റുഡന്റ് ഇന്റേൺസും ഉൾപ്പെടും. ബിസിനസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സോഷ്യൽ വർക്ക്, ഇക്കണോമിക്സ്, ഇൻഫർമേഷൻ മാനേജ്മെന്റ്, ജേർണലിസം, ബയോളജിക്കൽ സയൻസ്, ഫിസിക്കൽ ആന്റ് എൻജിനീയറിങ് സയൻസസ്, തുടങ്ങിയ വിഷയങ്ങളും വിദേശകാര്യവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും ഐശ്ചികമായി തിരഞ്ഞെടുത്തു പഠിക്കുന്നവർക്കാണു മുൻഗണന. ഓരോരുത്തർക്കും ലഭിക്കുന്ന തസ്തികയും ജോലിചെയ്യുന്ന ഓഫിസുമനുസരിച്ച് ജോലിയിൽ വ്യത്യാസമുണ്ടാകും.

10 ആഴ്ച നീണ്ടുനിൽക്കുന്ന 2017 സമ്മർ സ്റ്റുഡന്റ് ഇന്റേൺഷിപ്പിനു ചേരണമെങ്കിൽ 2016 ഒക്ടോബർ 14 നു മുൻപ് അപേക്ഷ സമർപ്പിച്ചിരിക്കണം. ഇത് അൺപെയിഡ് ഫുൾടൈം പ്രോഗ്രാം ആണ്. ഇന്റേൺഷിപ്പ് കാലയളവിൽ ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കുകയില്ല. ശമ്പളമില്ലെങ്കിൽ കൂടിയും ഈ പരിശീലനത്തിൽനിന്നും ലഭിക്കുന്ന പ്രയോജനങ്ങൾ വളരെ വലുതാണ്. അതുകൊണ്ടുതന്നെ വളരെയധികം വിദ്യാർത്ഥികൾ ഉറ്റുനോക്കുന്ന ഒന്നാണു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മന്റ് നൽകുന്ന പരിശീലനപരിപാടി.

ഓൺലൈനിൽ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾ http://careers.state.gov/intern/student-internships എന്ന വെബ്സൈറ്റിൽ നിന്നോ, സ്റ്റുഡന്റ് പ്രോഗ്രാം ഓഫിസിലെ 202 261 8888 എന്ന നമ്പരിൽ നിന്നോ അറിയാം.
https://www.usajobs.gov എന്ന വെബ്സൈറ്റിലും വിശദ വിവരങ്ങൾ ലഭ്യമാണ്.

വാർത്ത∙ജോസ് മാളേയ്ക്കൽ

Your Rating: