Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിപ്പബ്ലിക്കനുകളെ ടെക്സസ് കൈവിടുമോ?

ഒസ്റ്റിൻ ∙ പരമ്പരാഗതമായി റിപ്പബ്ലിക്കനുകൾക്ക് മേൽകൈയുളള സംസ്ഥാനമായാണ് ടെക്സസ് അറിയപ്പെടുന്നത്. എന്നാൽ വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണാൾഡ് ട്രംപിന്റെ നില ടെക്സസിൽ അത്ര ഭദ്രമല്ല എന്നാണ് റിപ്പോർട്ട്. മറ്റ് സ്ഥാനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പിൽ നില അത്രയും പരുങ്ങലിലായിരിക്കില്ല. പ്രത്യക്ഷമായും പരോക്ഷമായും സംസ്ഥാന മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളും ട്രംപിനെ പിന്തുണയ്ക്കുന്നതല്ല. ഇവ പ്ലാന്റഡ് ആണെന്ന് ട്രംപ് അനുകൂലികൾ സംശയിക്കുന്നു.

ട്രംപിന്റെ പ്രഖ്യാപനങ്ങൾ, പ്രത്യേകിച്ച് ടെക്സസ്– മെക്സിക്കോ അതിർത്തിയിൽ ഭിത്തി നിർമ്മിക്കുന്നത് സംബന്ധിച്ചുളളവ, ടെക്സസുകാർ സ്വീകരിക്കുവാൻ തയാറായിട്ടില്ല. ഇപ്പോൾ പുതിയതായി പുറത്തു വന്ന ടെക്സസ് ലൈസിയം സർവേയിൽ 59% പേർ അതിർത്തി ഭിത്തി നിർമ്മിക്കുന്നതിന് എതിരാണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ കുടിയേറ്റമാണ് ടെക്സസ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് 19% പറഞ്ഞു. കുടിയേറ്റം അമേരിക്കയ്ക്ക് ദോഷത്തെക്കാളേറെ ഗുണമാണ് ചെയ്യുന്നതെന്ന് 54% പറഞ്ഞപ്പോൾ 51% തീവ്രവാദ പശ്ചാത്തലമുളള രാജ്യങ്ങളിൽ നിന്നുളള കുടിയേറ്റക്കാരെ വിലക്കണമെന്ന ട്രംപിന്റെ നിർദേശത്തെ എതിർത്തു.

പാർട്ടി അനുഭാവം അനുസരിച്ചായിരുന്നു മിക്കവരുടെയും അഭിപ്രായ പ്രകടനമെങ്കിലും ട്രംപിന്റെ നയം നേരിടുന്ന എതിർപ്പ് എഴാഴ്ചകൾക്കുശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കും. സെപ്റ്റംബർ 1നും 11നും ഇടയിലാണ് സർവേ നടന്നത്. പ്രായപൂർത്തിയായ 1000 പേരുടെ അഭിപ്രായമാണ് സ്വീകരിച്ചത്. സർവേ ഫലത്തിൽ സാധാരണ അവകാശപ്പെടാറുളളതുപോലെ 3.1% പിശക് ഉണ്ടായേക്കാം എന്ന് ലൈസിയം വക്താക്കൾ വ്യക്തമാക്കി.

മറ്റ് ചില പ്രധാന വിഷയങ്ങളിലും സർവേ ഫലങ്ങൾ പുറത്തു വന്നു. ഗൗരവമായി ചർച്ച ചെയ്യപ്പെടുന്ന ഭിന്നലിംഗക്കാരുടെ ശുചിമുറികളുടെ ഉപയോഗം സംബന്ധിച്ച വിഷയത്തിൽ ജനന സർട്ടിഫിക്കേറ്റിൽ നൽകിയിരിക്കുന്ന ലിംഗ വിവരം അനുസരിച്ച് ഇവർ ശുചിമുറികൾ ഉപയോഗിക്കട്ടെയെന്ന് 54% അഭിപ്രായപ്പെട്ടു. ഭിന്നലിംഗക്കാർക്ക് അവരുടെ ഇഷ്ടം അനുസരിച്ച് ശുചിമുറികൾ ഉപയോഗിക്കാം എന്ന ഒബാമ ഭരണകൂടത്തിന്റെ നിർദേശത്തിന് വിരുദ്ധമാണ് ഈ അഭിപ്രായം.

വോട്ടു ചെയ്യുവാൻ തിരിച്ചറിയൽ രേഖകൾ വേണമെന്ന ടെക്സസ് നിയമത്തെ 75%വും അനുകൂലിച്ചു. ഗവൺമെന്റ് നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ വോട്ട് ചെയ്യുന്നതിന് നിർബന്ധമാക്കണമെന്നു തന്നെയാണ് ഇവരുടെ അഭിപ്രായം. ചിലർക്ക് വോട്ടു ചെയ്യാനാവുന്നില്ല ചിലരെ വോട്ടു ചെയ്യുന്നതിൽ നിന്ന് തടയുന്നു എന്ന വാദങ്ങൾക്ക് വലിയ പിന്തുണ ലഭിച്ചില്ല. റിപ്പബ്ലിക്കനുകൾ 94ശതമാനവും ഡെമോക്രാറ്റുകൾ 58 ശതമാനവും സംസ്ഥാന നിയമം പിന്താങ്ങി.

തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ സാമ്പത്തികാവസ്ഥയെ കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും ആശ്വാസകരമായ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇവ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടാണെന്ന് ട്രംപ് ക്യാംപ് ആരോപിക്കുന്നു.
ഡാലസിൽ ദാരിദ്ര്യരേഖയ്ക്കു താഴെയുളള കുട്ടികളുടെ നിരക്ക് അമേരിക്കയിലെ മറ്റ് വലിയ നഗരങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് ഒരു റിപ്പോർട്ട് ഒരാഴ്ച മുൻപ് പുറത്തു വന്നിരുന്നു. ഇവരിൽ ഒരു നല്ല ശതമാനം ദാരിദ്ര്യ രേഖയ്ക്ക് വളരെ താഴെയാണെന്നും റിപ്പോർട്ട് പറഞ്ഞു. കാരണം സ്വീകാര്യമായ ഇംഗ്ലീഷ് പറയുന്നില്ല എന്ന കാരണത്താൽ ഇവരുടെ മാതാപിതാക്കൾക്ക് ജോലി ലഭിക്കുന്നില്ല. റിപ്പോർട്ട് പുറത്തു വന്ന് നാലഞ്ച് ദിവസത്തിനുശേഷം പ്രദേശത്ത് തൊഴിൽ സാധ്യത വളരെയധികം വർദ്ധിച്ചിരിക്കുന്നതായി മറ്റൊരു വാർത്ത പുറത്തു വന്നു.

ടെക്സസിൽ ട്രംപിനോടുളള താല്പര്യം കുറയുകയാണോ എന്ന ചോദ്യത്തിന് വ്യക്തമായി ഉത്തരം പറയാനാവില്ല. പക്ഷേ ട്രംപിന്റെ പ്രഖ്യാപനങ്ങൾ ടെക്സസുകാർ കാര്യമായി സ്വീകരിക്കുന്നില്ല എന്നാണ് ലൈസിയ സർവേ വ്യക്തമാക്കുന്നത്.

വാർത്ത ∙ ഏബ്രഹാം തോമസ് 

Your Rating: