Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം ഒരുക്കങ്ങൾ പൂർത്തിയായി

tristate

ഫിലഡൽഫിയ ∙ ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ ആഭിമുഖ്യത്തിൽ സാഹോദര്യത്തിരുവോണം എന്ന പേരിൽ ഓണാഘോഷം സെപ്റ്റംബർ 4 ഞായറാഴ്ച വൈകിട്ടു 4 മുതൽ സെന്റ് തോമസ് സിറോ മലബാർ കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ (608 Welsh RD, Philadelphiya, PA- 19115) നടക്കും.

പാരമ്പര്യാധിഷ്ഠിതമായ യാഥാർത്ഥ്യങ്ങളിൽ ഉറച്ചു നിന്നു കൊണ്ട് നടത്തുന്ന ഈ ഓണാഘോഷത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകന്മാർ പങ്കെടുക്കുന്നതും അമേരിക്കയിലെ മലയാളി സമൂഹത്തിലെ ഭാവി തലമുറയെ ഉൾപ്പെടുത്തിയുളള ഘോഷയാത്ര, പൊതുസമ്മേളനം, ആദരിക്കൽ ചടങ്ങ്, പച്ചക്കറി കൃഷിത്തോട്ട മത്സരം, നൃത്ത മത്സരം തുടങ്ങിയ ധാരാളം കാര്യപരിപാടികൾ ഓണാഘോഷത്തിനായി ഒരുക്കിയിട്ടുണ്ട്. തലമുറകളിലേക്ക് പകർന്നു കൊടുക്കേണ്ട പൈതൃകമായി കിട്ടിയ സാംസ്കാരിക മൂല്യങ്ങൾ ഇതു പോലുളള നാടിന്റെ പൊതുവായ ആഘോഷങ്ങളിലൂടെയാണ് കൈമാറണ്ടതെന്നും അതിലുപരി പുതുതലമുറയെ ഉൾപ്പെടുത്തിയുളള കമ്മിറ്റികളാണ് ഈ ഓണാഘോഷത്തിന് നേതൃത്വം കൊടുക്കുന്നതെന്നുമുളള പ്രത്യേകതയും ഈ വർഷം ഉണ്ടെന്നും ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ ഫിലിപ്പോസ് ചെറിയാൻ പറഞ്ഞു.

ഈ വർഷത്തെ ഓണാഘോഷത്തിൽ ഓണസന്ദേശം നൽകുന്നത് മുഖ്യപ്രഭാഷകൻ സ്വാമി ഉദിത് ചൈതന്യാജിയാണ്. മൈക്ക് ഫിറ്റ്സ് പാട്രിക് (യുഎസ് കോൺഗ്രസ്മാൻ) ജോൺ സബറ്റീന(സ്റ്റേറ്റ് സെനറ്റർ), ഡിവൈറ്റ് എവൻസ്(സ്റ്റേറ്റ് റെപ്രസന്റേറ്റീവ്)ആൽറ്റോബൻ ബർഗർ(സിറ്റി കൗൺസിൽമാൻ) തുടങ്ങിയ വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കന്മാർ ഓണാഘോഷത്തിനായി എത്തിച്ചേരുന്നുണ്ട്.

ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ കലാവേദിയിൽ ചിരിയുടെ മാലപടക്കത്തിന് തിരികൊളുത്താനായും വടക്കൻ പാട്ടിന്റെ സുന്ദരമായ താളത്തിൽ മലയാളത്തിന്റെ ശുദ്ധമായ ഈരടികൾ പാടാനും സമകാലിക സാമൂഹിക രാഷ്ട്രീയ സംഭവ വികാസങ്ങളെ ഹാസ്യാത്മകമായ ചാക്യാർകൂത്തിലൂടെ അവതരിപ്പിക്കാനുമായി കലയുടെ കോവിലകമായ കേരളത്തിലെ കലാഭവനിൽ നിന്നും ബഹുമുഖ കലാപ്രതിഭയായ കലാഭവൻ ജയന്റെയും ടീമിന്റെയും നേതൃത്വത്തിൽ ധാരാളം കലാവിഭവങ്ങളാണ് ഫിലഡൽഫിയ നിവാസികൾക്കായി ഒരുക്കിയിട്ടുളളതെന്നും ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ പത്രകുറിപ്പിൽ അറിയിച്ചു.

പ്രവാസി മണ്ണിൽ നമ്മുടെ തനതായ പാരമ്പര്യങ്ങളെ മുറുകെ പിടിച്ചു കൊണ്ട് നാടിന്റെ കളങ്കമില്ലാത്ത നിർമ്മലമായ സ്നേഹത്തിന്റെ ഒരുമയായി നടത്തുന്ന ഈ ഓണാഘോഷത്തിന്റെ വൻ വിജയത്തിനായി വിവിധ കമ്മിറ്റികൾ അഹോരാത്രം പ്രവർത്തിക്കുന്നതായി ഓണാഘോഷം ചെയർമാൻ ജീമോൻ ജോർജ് അറിയിച്ചു.

തോമസ് പോൾ ജോർജ് ഓലിക്കൽ(സ്റ്റേജ്) സുരേഷ് നായർ(ട്രഷറർ) അനൂപ് ജേക്കബ്(കൾച്ചറൽ പ്രോഗ്രാം) ജയശ്രീ നായർ, അജിതാ നായർ(ഘോഷയാത്ര) ജോബി ജോർജ്, അലക്സ് തോമസ്, സുധാ കർത്ത(റിസപ്ഷൻ) തമ്പി ചാക്കോ(അവാർഡ് കമ്മിറ്റി) റോയി സാമുവൽ, സുമോദ് നെല്ലികാല(ഓണസദ്യ) മോസി ജേക്കബ്, രാജൻ ശാമുവൽ, സജി കരിംകുറ്റി(പച്ചക്കറിത്തോട്ട മത്സരം) എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം കൊടുത്തു വരുന്നു.
 

Your Rating: