Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ട് സ്ഥാനാർത്ഥികളുടെയും പദ്ധതികളിൽ ഫലപ്രദമായ സാമ്പത്തിക നിർദേശങ്ങളില്ല എന്ന് ആക്ഷേപം

മിഷിഗൺ∙പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഹിലരി ക്ലിന്റന്റെയും ഡോണാൾഡ് ട്രംപിന്റെയും പ്രസംഗങ്ങളിൽ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് വ്യക്തമായ പരിഹാര നിർദേശങ്ങളില്ല എന്ന് സാമ്പത്തിക വിദഗ്ധർ ആരോപിക്കുന്നു. ഹിലരിയും ട്രംപും മിഷിഗനിൽ നടത്തിയ പ്രസംഗങ്ങൾ വലിയ പ്രാധാന്യത്തോടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പ്രസംഗങ്ങളിൽ ഇരുവരും പറയാൻ വിട്ടുപോയതിനാണ് ഏറെ പ്രാധാന്യം എന്ന് ഇവ വിശകലനം ചെയ്തവർ അഭിപ്രായപ്പെട്ടു.

അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയെ മന്ദീഭവിപ്പിക്കുന്ന ചില ഘടകങ്ങൾ കാര്യക്ഷമത കുറഞ്ഞ തൊഴിൽ സേന, തൊഴിൽ ചെയ്യുന്നവരും തൊഴിൽ രഹിതരും തമ്മിൽ വർധിച്ചു വരുന്ന അന്തരം, യന്ത്രവൽക്കരണവും ഇതിന് ആവശ്യമായ ഉന്നത പ്രതിഭയുടെ പരിജ്ഞാനത്തിന്റെയും ദാരിദ്ര്യം എന്നിവയാണ്. രൂപാന്തര വീക്ഷണം ഈ പ്രശ്നങ്ങളുടെ പരിഹാരത്തിന് ആവശ്യമാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ കരുതുന്നു. എന്നാൽ രണ്ട് സ്ഥാനാർത്ഥികളിൽ നിന്നും ഇക്കാര്യത്തിൽ നിർദേശങ്ങൾ ഉണ്ടായില്ല. രണ്ട് സ്ഥാനാർത്ഥികളും മോഹന സുന്ദരമായ ഭാവിവാഗ്ദാനം ചെയ്ത് രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പറഞ്ഞു.

‘ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കലും ഏവർക്കും പരിചിതമായ പ്രശ്നങ്ങളെക്കുറിച്ച് വിവരിക്കുകയും ഏറ്റവും എളുപ്പമുളള കാര്യങ്ങളാണ് ‘മാസച്യൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സാമ്പത്തിക വിദഗ്ധൻ ഡാരൻ അസമോഗ് ലും പറഞ്ഞു.

റോഡുകളും പാലങ്ങളും ടണലുകളും നിർമ്മിക്കുവാൻ കൂടുതൽ തുക ഹിലരിയും ട്രംപും വാഗ്ദാനം ചെയ്തു. എന്നാൽ സാമ്പത്തിക വിദഗ്ധർ പറയുന്നത് ദീർഘകാല വെല്ലുവിളികൾ തൊഴിൽസേന വർധിപ്പിക്കുന്നതും ഒരു തൊഴിലാളി ഒരു മണിക്കൂറിൽ ഉദ്പാദിപ്പിക്കുന്നത് വർധിപ്പിക്കുകയും ആണെന്നാണ്. ഈ രണ്ട് രംഗങ്ങളിലും അമേരിക്ക പിന്നോക്കം പോവുകയാണ്. കഴിഞ്ഞ ദശകത്തിൽ പ്രതിവർഷം ശരാശരി 0.5 % ആണ് തൊഴിലാളികൾ വർധിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇത് ഒരു ശതമാനം ആയിരുന്നു. ബേബി ബൂമേഴ്സ് പ്രതിദിനം 10,000 പേർ വീതം 65 വയസിലെത്തുകയാണ്.

ഹിലരി കുടിയേറ്റ പരിഷ്കരണ നിയമത്തെക്കുറിച്ച് പറഞ്ഞു. ട്രംപ് ഇതേക്കുറിച്ച് മിണ്ടിയില്ല. കൂടുതൽ കുട്ടികൾക്ക് കോളേജ് വിദ്യാഭ്യാസത്തിന് അവസരം ഉണ്ടാക്കുമെന്ന് ഹിലരി പറഞ്ഞു. എന്നാൽ ഉത്പാദനം വർധിപ്പിക്കുവാനും തൊഴിലാളികളുടെ വിരുത് വികസിപ്പിക്കുവാനും എന്ത് പരിഹാരമാണ് ഉണ്ടാവുക എന്ന് പറഞ്ഞില്ല. സാധാരണ കേൾക്കാറുളളതുപോലെ അമേരിക്കയിലെ തൊഴിലാളികളാണ് ലോകത്തിൽ ഏറ്റവും മെച്ചം എന്ന പുകഴ്ത്തലിൽ നിർദേശങ്ങൾ അവസാനിച്ചു.

സാമ്പത്തിക മാന്ദ്യത്തിനുശേഷം ഡേറ്റ സയൻസ്, സോഫ്ട് വെയർ എഞ്ചിനീയർ, ഫിസിഷ്യൻസ് അസിസ്റ്റന്റ്, നേഴ്സ് പ്രാക്ടീഷണർ എന്നീ തസ്തികകളിൽ തൊഴിൽ സാധ്യതകൾ വർധിച്ചിരിക്കുകയാണ്. എന്നാൽ ഈ തൊഴിലുകൾക്ക് ആവശ്യമായ വൈഭവമുളള തൊഴിലാളികൾ കുറവാണ്. പണിയെടുക്കുന്ന പ്രധാന പ്രായക്കാരായ (25 മുതൽ 54 വയസ് വരെ) വരുടെ സംഖ്യ ദിനം പ്രതി കുറഞ്ഞു വരികയാണ്.

കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലുകൾ യന്ത്രവൽക്കരണം കാരണം കുറയുകയാണ്. സെൽഫ് ഡ്രൈവിംഗ് കാറുകളും ചെക്ക് ഇൻ കിയോസ്കുകളും( ഹോട്ടലുകളിലും എയർപോർട്ടുകളിലും) റെസ്റ്റോറന്റുകളിലെ ടച്ച് സ്ക്രീൻ ഓർഡറിംഗും ആയിരക്കണക്കിന് അമേരിക്കക്കാരെ തൊഴിൽ രഹിതരാക്കി. കൂടുതൽ പേരെ തൊഴിൽ രഹിതരാക്കി കൊണ്ടിരിക്കുന്നു. റോബോട്ടുകൾ തൊഴിലാളികളുമായി മത്സരിക്കുന്ന അവസ്ഥയാണ്. അസമോഗ്ലു പറയുന്നു. വെല്ലുവിളികൾ നേരിടാൻ ഹൈസ്കൂൾ വിദ്യാഭ്യാസത്തിൽ സമഗ്രമായ അഴിച്ചുപണി ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

വാർത്ത ∙ ഏബ്രഹാം തോമസ് 

Your Rating: