Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിമൂന്നുകാരൻ പോലീസിന്റെ വെടിയേറ്റ് മരിച്ചു

teenager-news

ഒഹായൊ ∙ കവർച്ച ശ്രമത്തെക്കുറിച്ച് അറിവ് ലഭിച്ചതിനെ തുടർന്ന് എത്തിച്ചേർന്ന പോലീസിനു നേരെ തോക്ക് ചൂണ്ടിയ പതിമൂന്ന് വയസുകാരൻ പോലീസിന്റെ വെടിയേറ്റ് മരിച്ചു. സെപ്റ്റംബർ 15ന് അധികൃതർ നടത്തിയ പത്രസമ്മേളനത്തിൽ സംഭവത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി. കൊളമ്പസ് ഡൗൺ ടൗണിൽ ബുധനാഴ്ച രാത്രിയോടെ കവർച്ച നടത്താൻ മൂന്ന് യുവാക്കൾ ശ്രമിക്കുന്നതായി സംഭവത്തിന് ദൃക്സാക്ഷിയായ ഒരാൾ പോലീസിനെ അറിയിച്ചു.

പോലീസിനെ കണ്ടതോടെ മൂന്നുപേരും ഓടി രക്ഷപ്പെടുന്നതിനു ശ്രമിച്ചു. രണ്ടു പേരെ പോലീസ് ഓടിച്ചിട്ടു പിടിച്ചുവെങ്കിലും മൂന്നാമൻ അറയിൽ നിന്നും തോക്കെടുത്തു പോലീസിനു നേരെ ചൂണ്ടി. ഉടനെ പോലീസ് ഇയാൾക്കു നേരെ വെടിയുതിർത്തു.

പതിമൂന്നുകാരനായ ടയറി കിങ്ങിനാണ് വെടിയേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. യഥാർത്ഥ തോക്കാണെന്ന് കരുതിയാണ് പോലീസ് വെടിവെച്ചതെങ്കിലും ബിബി ഗണായിരുന്നു എന്ന് പിന്നീട് പോലീസ് സ്ഥിരികരിച്ചു. ഒമ്പതു വർഷമായി പോലീസിൽ സേവനം അനുഷ്ഠിക്കുന്ന ബ്രയാൻ മേസനാണ് വെടിവെച്ചതെന്നും ഇദ്ദേഹം 2012 ൽ മറ്റൊരു പ്രതിയെ സ്വയരക്ഷാർത്ഥം വെടി വെച്ചിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി.

സംഭവം പോലീസിന് റിപ്പോർട്ട് ചെയ്ത വ്യക്തി ഓടി പോകുന്നയാൾ കൗമാരക്കാരനാണെന്നും ഒരു പക്ഷേ യഥാർത്ഥ തോക്കായിരിക്കില്ല എന്നും പറഞ്ഞിരുന്നത് വെടിവെച്ച പോലീസ് അറിഞ്ഞിരിക്കാൻ സാധ്യതയില്ല. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നു.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: