Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് തിരഞ്ഞെടുപ്പ് സംവാദം ഹൂസ്റ്റണിൽ സെപ്റ്റംബർ 11ന് , ഒരുക്കങ്ങൾ പുരോഗമിക്കുന്നു

img-01

ഹൂസ്റ്റൺ ∙ ഇന്തോ അമേരിക്കൻ കമ്മ്യൂണിറ്റിയിലെ സാംസ്കാരിക രാഷ്ട്രീയ മാധ്യമ നേതാക്കളെ ഒരു കുടക്കീഴിൽ അണിനിരത്തി ആസന്നമായിരിക്കുന്ന ‘യുഎസ് പ്രസിഡന്റ് ഇലക്ഷൻ’ സംബന്ധിച്ച് നടത്തപ്പെടുന്ന ഡിബേറ്റ് ഒരു ചരിത്ര സംഭവമാക്കി മാറ്റാനുളള ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നതായി സംഘാടകർ അറിയിച്ചു. ഇത്രയും വലിയ ഒരു ഇന്തോ അമേരിക്കൻ സമ്മേളനം ഹൂസ്റ്റണിൽ നടത്തുന്നത് ആദ്യമായിട്ടാണ്.

300 ൽപ്പരം നേതാക്കന്മാർ ഒരുമിച്ചുകൂടി ഗൗരവമായി തിരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവമാകുമ്പോൾ ഇന്ത്യൻ സമൂഹത്തിന്റെ വ്യക്തമായ കാഴ്ചപ്പാടും ചിന്തകളും തദ്ദേശീയരുമായി പങ്കിടാനുളള വേദിയായാണ് സംഘാടകർ ഈ സംവാദത്തെ കാണുന്നത്.

ഇന്തോ അമേരിക്കൻ പ്രസ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ ആതിഥേയത്വം വഹിക്കുന്ന ഡിബേറ്റ് സെപ്റ്റംബർ 11 ഞായറാഴ്ച വൈകിട്ട് 5 മുതൽ 8.30 വരെ സ്റ്റാഫോർഡ് സിവിക് സെന്ററിലാണ് നടത്തപ്പെടുന്നത്.വൈകുന്നേരം 5.30 യ്ക്ക് ഇന്തോ അമേരിക്കൻ കമ്മ്യൂണിറ്റിയിലെ നേതാക്കന്മാരെ പരിചയപ്പെടുത്തുന്ന ചടങ്ങോടുകൂടി സമ്മേളനം ആരംഭിക്കും.

സെലിബ്രിറ്റി സിംഗർ ഗ്രാഡി ലോംഗിന്റെ പ്രാരംഭ ഗാനത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ ഐഎപിസി (IAPC) ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ജേക്കബ് ഈശോ സ്വാഗതം ആശംസിക്കും. സംഘടനയുടെ ചെയർമാൻ ജിൻസ് മോൻ സഖറിയാ ഇന്തോ അമേരിക്കൻ പ്രസ് ക്ലബിന്റെ ദർശനവും പ്രസക്തിയും എന്ന വിഷയത്തെ അധികരിച്ച് ആമുഖ പ്രഭാഷണം നടത്തും.‌

തുടർന്ന് ഹൂസ്റ്റൺ ക്ലബ് പ്രസിഡന്റ് മൈക്ക് ഒനീൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഇന്തോ അമേരിക്കൻ ടിവി, റേഡിയോ, പത്രമാധ്യമ രംഗത്ത് ഹൂസ്റ്റണിൽ പ്രവർത്തിയ്ക്കുന്ന 30 ൽ പരം മാധ്യമ പ്രവർത്തകരെയും സാഹിത്യ നായകരെയും സ്റ്റാഫോർഡ് സിറ്റി കൗൺസിൽ പ്രോടൈം മേയർ കെൻ മാത്യു സദസിന് പരിചയപ്പെടുത്തും. നിരവധി മലയാളികളെയും ആദരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

റോജൻ ജേക്കബ് ഈശോ അമേരിക്കൻ ദേശീയ ഗാനം ആലപിക്കും.തുടർന്ന് ജഡ്ജ് ജോ ക്ലൗസർ സന്ദേശം നൽകും. സംഘടനയുടെ നാഷനൽ കമ്മറ്റി അംഗം സിറിയക്ക് സ്കറിയാ ‘മുഖ്യധാരയിലേക്കുളള വഴി’ എന്ന വിഷയത്തെ അധികരിച്ച് പ്രസംഗിക്കും.
6.30 ന് ആവേശത്തിന്റെ അലയടികളുമായി യുഎസ് ഇലക്ഷൻ ഡിബേറ്റിന് തുടക്കം കുറിക്കും.

‘റിപ്പബ്ലിക്ക്’ വിഭാഗത്തെ പ്രതിനിധീകരിച്ച് ലെൻ സ്യാൻസൺ (ഡൊണാൾഡ് ട്രംപിന്റെ അഡ് വൈസർ) ഡോ. നിക്ക് നികാം( നികാം റേഡിയോ) ഡോ. രമേശ് ചെറി വിരള, സംഗീത ഭുവ കടാരിയ (ഹോസ്റ്റ്, ടിവി ഹൂസ്റ്റൻ) എന്നിവർ അണിനിരക്കുമ്പോൾ സ്റ്റേറ്റ് റപ്രസന്റേറ്റീവ് റോൺ റെയ്നോൾഡ്, അറ്റോർണി ചാൾസ് ഫോസ്റ്റർ (ഹിലറി ക്ലിന്റന്റെ അഡ്വൈസർ) അറ്റോർണി ജോർജ് വില്ലി, അമീ പട്ടേൽ (മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ്) ജവഹർ മൽഹോത്ര (പബ്ലിഷർ, ഇന്തോ അമേരിക്കൻ ന്യൂസ്) എന്നിവർ ‘ഡമോക്രാറ്റിക്’ വിഭാഗത്തെ നയിക്കും.

ഗ്രാസി ലോംഗിന്റെ ‘ഹിന്ദി ഗാനാലാപനവും ഉണ്ടായിരിക്കും. മോഡറേറ്റർ സംവാദത്തിനിടയിലുളള ചോദ്യോത്തരങ്ങൾക്ക് നേതൃത്വം നൽകും. ഒപ്പീനിയൻ വോട്ടും നന്ദി പ്രകാശനവും ഐഎപിസി ഡയറക്ടർ ബോർഡംഗം ബാബു യേശുദാസ് നിർവ്വഹിക്കും.

ഗ്രാസി ലോംഗിന്റെ ‘ഗോഡ് ബ്ലസ് അമേരിക്ക’ ഗാനത്തോടെ ചടങ്ങുകൾക്ക് തിരിശീല വീഴും.

കൂടുതൽ വിവരങ്ങൾക്ക് :
ഈശോ ജേക്കബ് : 832 771 7646
ജോസഫ് പൊന്നോലി : 832 356 7142

വാർത്ത ∙ ജീമോൻ റാന്നി

 

Your Rating: