Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരു ലക്ഷം ഡോളർ നൽകിയാൽ ട്രംപിന്റെ മകൾക്കൊപ്പം ഭക്ഷണം

ഡാലസ് ∙ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപ് പിതാവിന്റെ പ്രചാരണത്തിലെ ഒരു നിർണായക ശക്തിയായാണ് കരുതപ്പെടുന്നത്. ട്രംപിന്റെ പ്രചാരണത്തിനും ഫണ്ട് കളക്ഷനും വേണ്ടി ഇവാങ്ക ഡാലസിലും എത്തുന്നു. റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി ധനശേഖരണാർത്ഥം നടത്തുന്ന ലഞ്ച് 21–ാം തീയതിയാണ്. പ്രശസ്തയായ വ്യവസായ പ്രമുഖ ഇവാങ്ക ട്രംപ് വിശിഷ്ടാതിഥിയായ ലഞ്ചി യോൺ എന്നാണ് സൽക്കാരം വിശേഷിപ്പിക്കപ്പെടുന്നത്.

പരിപാടിയുടെ പ്രധാന സംഘാടക ആഷ് ലി തോംസൺ ദാതാക്കൾക്കയച്ച ക്ഷണക്കത്തിൽ പിതാവിന്റെ പ്രചരണത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന ഇവാങ്ക താൻ സന്ദർശിക്കുന്ന ചുരുക്കം നഗരങ്ങളിൽ ഒന്നായി ഡാലസിനെ തിരഞ്ഞെടുത്തതിൽ അഭിമാനം കൊളളുന്നു എന്നാണ് അറിയിക്കുന്നത്. ‘മൂന്ന് കുട്ടികളുടെ അമ്മ ഫാഷൻ വ്യവസായ ഉടമ, ട്രംപ് ഓർഗനൈസേഷന്റെ വൈസ് പ്രസിഡന്റ്, അങ്ങോളമിങ്ങോളമുളള മില്യൺ കണക്കിന് യുവ വ്യവസായികളുടെ പ്രേരകയായി മാറിയ വ്യവസായ പ്രതിഭ, അമേരിക്കൻ വോട്ടർമാർക്ക് വാഗ്ദാനമായി നിലകൊളളുന്ന വ്യക്തിത്വം എന്നൊക്കെയാണ് തുടർന്ന് ഇവാങ്കയെ വിശേഷിപ്പിക്കുന്നത്. ട്രംപ് ഭരണത്തെക്കുറിച്ച് ഇവാങ്കയ്ക്ക് അവിശ്വസനീയമായ ഉൾക്കാഴ്ചയുണ്ടെന്നും പറയുന്നു.

ലഞ്ചിയോൺ ക്ഷണം പല പാക്കേജുകൾ നൽകുന്നു. ഒരു ലക്ഷം ഡോളർ സംഭാവന നൽകുകയോ ശേഖരിച്ച് നൽകുകയോ ചെയ്യുന്ന ദമ്പതികൾക്ക് ഇവാങ്കയ്ക്കൊപ്പം അതേ മേശയിലിരുന്ന് ഭക്ഷണം കഴിക്കുകയും അവർക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്യാം. പ്രവേശനത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 2,700 ഡോളർ സംഭാവനയാണ്.

ഡാലസ് വ്യവസായി റേ വാഷ് ബേൺ ആണ് ട്രംപിന്റെ ഫൈനാൻഷ്യൽ കമ്മറ്റിയുടെ വൈസ് ചെയർമാൻ ട്രംപിന്റെ മക്കൾ ഫണ്ട് റെയ്സിംഗിലും പ്രചരണത്തിലും സജീവ പങ്കാളിത്തം വഹിച്ചു വരികയാണ്. ജൂലൈയിൽ ട്രംപ് ജൂനിയറും ഡാലസിൽ ലഞ്ചിയോണും ധനശേഖരണവും നടത്തി.

കഴിഞ്ഞ ഒക്ടോബറിലാണ് ഇതിന് മുൻപ് ഇവാങ്ക ഡാലസിൽ എത്തിയത്. ഡാലസ് റീജിയണൽ ചേമ്പറിന്റ് വിമൻസ് ബിസിനസ് കോൺഫറൻസിൽ പ്രസംഗിക്കുവാനാണ് അവർ എത്തിയത്. തന്റെ ഏറ്റവും മിടുക്കനായ ഉടമ്പടിക്കാരനാണ് എന്ന് ഇവാങ്ക ട്രംപിനെ വിശേഷിപ്പിച്ചിരുന്നു.

ലേബർ ഡേയ്ക്കു ശേഷവും പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വ്യക്തമായ ചിത്രം തെളിഞ്ഞിട്ടില്ല. തീരുമാനം എടുക്കേണ്ടവർ ഇതിനകം തീരുമാനം എടുത്തു കഴിഞ്ഞു എന്ന് ഒരു വിഭാഗം നിരീക്ഷകർ പറയുമ്പോൾ അത്ര പെട്ടെന്ന് ഒരു നിഗമനത്തിൽ എത്താനാവില്ല എന്ന് മറു വിഭാഗം വാദിക്കുന്നു.

ഇതിനിടയിൽ ഫോറം ഓൺ നാഷണൽ സെക്യൂരിറ്റി വിവാദം സജീവമായി. ഹിലരി ക്ലിന്റനോട് കടുപ്പമേറിയ ചോദ്യങ്ങൾ ചോദിച്ചു എന്നാണ് വിമർശനം. ആദ്യ ചോദ്യത്തിന് ഉത്തരം പറയുവാൻ ഒരല്പം പതറിയപ്പോൾ മറ്റൊരു ചോദ്യവുമായി മോഡറേറ്റർ മാറ്റ് ലോയുർ വിഷമിപ്പിച്ചു എന്നാണ് ആരോപണം. സ്വകാര്യ ഇമെയിൽ വിലാസ ഉപയോഗത്തെ സംബന്ധിച്ച ചോദ്യങ്ങളും ഉത്തരങ്ങളും മുപ്പതു മിനിറ്റ് പരിപാടിയിൽ പത്ത് മിനിറ്റ് അപഹരിച്ചു എന്നും വിമർശനമുണ്ടായി. ഡോണാൾഡ് ട്രംപ് തന്റെ മുപ്പതു മിനിറ്റിന്റെ ചോദ്യം ചെയ്യൽ അനായാസം തരണം ചെയ്തു എന്ന് നിരീക്ഷകർ പറയുന്നു. വിദേശ നയത്തെക്കുറിച്ച് ട്രംപിനുളള പരിജ്ഞാനത്തെ ചോദ്യം ചെയ്തപ്പോൾ ട്രംപ് ശാന്തനായി മറുപടി പറഞ്ഞു. തന്റെ നിലപാടുകളിൽ നിന്ന് മാറാനും തയാറായില്ല.

മറുവശത്ത് ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡൻഷ്യൽ നോമിനിയായി ഒരു സ്ത്രീ ആയത് നീതിപൂർവ്വം വിലയിരുത്തപ്പെടുന്നതായി കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് ഹിലരി നൽകിയത്. ഈ മറുപടി അസഹിഷ്ണുതയുടെ പ്രകടനമായി ചില നിരീക്ഷകർക്ക് അനുഭവപ്പെട്ടു. 

Your Rating: