Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിചാരവേദിയിൽ 'പ്രവാസികളുടെ ഒന്നാം പുസ്തക'ത്തിന്റെ ചർച്ച

vicharam-book

ന്യൂയോർക്ക്∙ അമേരിക്കൻ മലയാളി സമൂഹത്തിന്റെ അകവും പുറവും വരച്ചുകാട്ടുന്ന സാംസി കൊടുമണ്ണിന്റെ ‘പ്രവാസികളുടെ ഒന്നാംപുസ്തകം’ എന്ന നോവൽ സെപ്റ്റംബർ 3 രാവിലെ എട്ടരയോടെ ആരംഭിക്കുന്ന സാഹിത്യ സമ്മേളനത്തിൽ വിചാരവേദി ചർച്ചചെയ്യുന്നു. പ്രൊഫസർ കോശി തലക്കൽ മുഖ്യ പ്രഭാഷണം നടത്തും. അമേരിക്കൻ മലയാള സാഹിത്യത്തിലെ പ്രമുഖരായ എഴുത്തുകാർ പങ്കെടുക്കുന്നു.

കേരള കൾച്ചറൽ സെന്റർ, ബ്രാഡോക്ക് അവന്യു, ക്വീൻസിൽ സെപ്റ്റംബർ 3ന് രാവിലെ 8.30നാണ് പരിപാടി ആരംഭിക്കുന്നത്. ഈ പുസ്തകം അമേരിക്കൻ മലയാളികളുടെ കഥപറയുന്നു. ഒപ്പം ഇത് എല്ലാ പ്രവാസികളുടെയും കഥയാണ്.

ഈ പുസ്തകത്തെപ്പറ്റി നിരൂപകർ എഴുതിയത് :

ഡോക്ടർ കെ.ആർ.ടോണി - ഇത് ഒരു ഹിസ്റ്റോറിയോഗ്രാഫിക്ക് മെറ്റാഫിക്ഷനാണ്. ഈ നോവൽ ഒരർത്ഥത്തിൽ ദാർശനിക രചനയാണ്. ജീവിതാനുഭവങ്ങളിൽ നിന്ന് ദാർശനികത സ്വാഭാവികമായി ഉരുത്തിരിയുകയാണ്.

നിർമ്മല - ഇതൊരു ചരിത്രനോവൽ പോലെ പ്രധാനമാണ്. ഇതിനെ അമേരിക്കയിൽ മലയാളി കുടിയേറ്റത്തിന്റെ ഇതിഹാസമായി കരുതാം.

വാസുദേവ് പുളിക്കൽ - പ്രാരാബ്ധങ്ങളുടെയും കടപ്പാടുകളുടെയും ഉത്തരവാദിത്വങ്ങളുടെയും നടുവിൽ കിടന്ന് നട്ടംതിരിയുന്ന ഒന്നാം തലമുറയുടെയും, മദ്യപാനവും മയക്ക്മരുന്നുമായി ആത്മഹത്യചെയ്യുന്ന രണ്ടാമത്തെ തലമുറയുടെയും ചിന്താഗതിയും ജീവിതക്രമവും ചിത്രീകരിക്കുമ്പോൾ അവരുടെ മൂല്യബോധത്തിൽ വരുന്ന വൈരുദ്ധ്യങ്ങൾ നോവലിസ്റ്റ് സമർത്ഥമായി എടുത്തുകാണിക്കുന്നു.

ഡോ. നന്ദകുമാർ ചാണയിൽ - സാധാരണക്കാരിൽ സാധാരണക്കാരായ ആദ്യകാല അമേരിക്കൻ മലയാളി കുടിയേറ്റക്കാരുടെ അസാധാരണ കഥകൾ പറയുന്ന ഒരു നോവലാണ് സാംസി കൊടുമണ്ണിന്റെ ‘പ്രവാസിയുടെ ഒന്നാം പുസ്തകം‘. ഇവിടെ കുടിയേറിയവരുടെ അങ്കലാപ്പുകളും നൊമ്പരങ്ങളും പങ്കപ്പാടുകളും ഇക്കരെയാണെൻ താമസം അക്കരെയാണെൻ മാനസം എന്ന സങ്കൽപ്പത്തിൽനിന്നും കടുകിട വ്യതിചലിക്കാൻ കൂട്ടാക്കാത്ത, അല്ലെങ്കിൽ മോചനം കിട്ടാത്തവരുടെ മാനസിക പിരിമുറുക്കങ്ങളാണ് ഈ നോവലിലെ ഇതിവൃത്തം.

സുധീർ പണിക്കവീട്ടിൽ- ഇത് ഒരു എപ്പിസോഡിക്ക് നോവലാണ്. കുടിയേറ്റക്കാരുടെ കഥപറയുന്ന ഈ നോവൽ ഒരുകാര്യം സമർത്ഥിക്കുന്നു. മലയാളികൾ കുറ്റപ്പെടുത്തുന്ന അമേരിക്കൻ സംസ്കാരമല്ല അവർക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളി. മറിച്ച് അവർ വിശ്വസിക്കുകയും കൂടെ കൊണ്ടുപോരുകയും ചെയ്ത സംസ്കാരത്തിന്റെ ശരിതെറ്റുകൾ പുതിയ ലോകത്ത് പുനഃപരിശോധന ചെയ്യാനുള്ള വൈമനസ്യമാണ്.

അക്ഷരസ്നേഹികളായ എല്ലാവരെയും സ്നേഹപൂർവ്വം ചർച്ചയിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് - സാംസി കൊടുമൺ 5162704302. വിചാരവേദി സെക്രട്ടറി അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം  

Your Rating: