Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധ്രുവീകരണം വോട്ടർമാരിലും

വാഷിങ്ടൺ ∙ ഇത്രയധികം ശക്തമായ ധ്രുവീകരണം അനുയായികളിലും വോട്ടർമാരിലും ദൃശ്യമായ മറ്റൊരു പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഡമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലറി ക്ലിന്റണും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണാൾഡ് ട്രംപും മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനങ്ങളിലും നടപ്പാക്കും എന്ന് പറയുന്ന നയങ്ങളിലും മയങ്ങി രണ്ടു വ്യത്യസ്ത ധ്രുവങ്ങളിൽ നില ഉറപ്പിച്ചിരിക്കുന്ന വോട്ടർമാരെയാണ്.

മറ്റെല്ലാ പ്രശ്നങ്ങളും അപ്രധാനമാക്കി കുടിയേറ്റത്തിലും അതിർത്തിയിലെ മതിലിലുമാണ് എല്ലാ ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുന്നത്. താൻ അധികാരത്തിലെത്തിയാൽ 100 ദിവസത്തിനുളളിൽ സമഗ്രമായ കുടിയേറ്റ ബിൽ കോൺഗ്രസിനു മുന്നിലെത്തിക്കുമെന്ന് ഹിലരി പറയുന്നു.

നിയമ വിരുദ്ധമായി കുടിയേറിയ ഏകദേശം 1 കോടി 10 ലക്ഷം പേരെ നിയമ പരമാക്കും അവർക്ക് പൗരത്വം ലഭിക്കുവാനുളള മാർഗം സൃഷ്ടിക്കും എന്നാണ് ഹിലരിയുടെ വാഗ്ദാനം. നിയമ വിരുദ്ധമായി അതിർത്തി കടന്നെത്തുന്ന കുടുംബങ്ങളെ തടഞ്ഞു വയ്ക്കില്ല. ഇപ്പോൾ അവരെ അയയ്ക്കുന്ന തടങ്കൽ കേന്ദ്രങ്ങൾ അടച്ചുപൂട്ടും എന്നും ഹിലരി പറയുന്നു. എവിടെ നിന്നെങ്കിലും ഒരു കുട്ടിയെയും എടുത്ത് അതിർത്തി കടന്നെത്തി അമേരിക്കയിൽ രക്ഷാ സങ്കേതം നേടാം എന്ന അവസ്ഥ ഈ നിർദേശം നടപ്പിലായാൽ ഉണ്ടാവും എന്ന് വിമർശകർ ആരോപിക്കുന്നു.

ജൂൺ 2012 ൽ പ്രസിഡന്റ് ബാരാക്ക് ഒബാമ ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് പ്രോഗ്രാമിലൂടെ കുട്ടികളെ നാടു കടത്തുന്നത് തടഞ്ഞിരുന്നു. പിന്നീട് ഡിഫേർഡ് ആക്ഷൻ ഫോർ പേരന്റ് അറൈവൽസിലൂടെ കൂടുതൽ ദശലക്ഷം പേർക്ക് ഈ ആനുകൂല്യം നൽകാൻ ശ്രമിച്ചു. രണ്ട് നടപടികളിലും കോടതി നടപടികളുണ്ടായി. കീഴ്ക്കോടതികൾ ഇവ നിയമ വിരുദ്ധമായി പ്രഖ്യാപിച്ചു. യുഎസ് സുപ്രീം കോടതി 4–4 എന്ന ക്രമത്തിൽ ഒരു തീരുമാനത്തിൽ എത്താനാവാതെ കുഴങ്ങി. അങ്ങനെ കീഴ്കോടതി വിധികൾ പ്രാബല്യത്തിലാവുന്ന അവസ്ഥ ഉണ്ടായി. എങ്കിലും ആദ്യത്തെ പ്രഖ്യാപനത്തിന് തുടരാൻ കഴിയുമെന്നാണു സുപ്രീം കോടതി വിധി. ഒബാമ ഈ ഓർഡറുകൾ പുറപ്പെടുവിച്ചെങ്കിലും നിയമ വിരുദ്ധ കുടിയേറ്റക്കാരെ 25 ലക്ഷം പേരെ പുറത്താക്കി. ഏറ്റവും കൂടുതൽ പേരെ പുറത്താക്കുന്ന പ്രസിഡന്റ് എന്നും ഡീപോർട്ടർ ഇൻ ചീഫ് എന്നും അറിയപ്പെട്ടു.

അമേരിക്കയുടെയും മെക്സിക്കോയുടെയും അതിർത്തിയിൽ ഭിത്തി വേണ്ട പകരം സാങ്കേതിക വിദ്യ ഉപയോഗിച്ച് നുഴഞ്ഞു കയറ്റം തടഞ്ഞാൽ മതിയെന്നാണ് ഹിലരിയുടെ വാദം. ഹിലരിയെ പിന്തുണയ്ക്കുന്നവരിൽ 88% വും അതിർത്തി ഭിത്തിവേണ്ട എന്ന അഭിപ്രായക്കാരാണ്.

ട്രംപിനെ പിന്തുണക്കുന്നവരിൽ 79% പേരും അതിർത്തിയിൽ മതിൽ വേണമെന്നു വാദിക്കുന്നു. നിയമ വിരുദ്ധ കുടിയേറ്റക്കാർ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന കുട്ടികളുടെ കഥ വിവരിച്ചാണ് തന്റെ കുടിയേറ്റ നിലപാടാണ് ശരി എന്ന് ട്രംപ് സമർത്ഥിക്കുന്നത്. താൻ അധികാരത്തിൽ വന്നാൽ ആദ്യ ദിവസം തന്നെ നിയമ വിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കുവാൻ നടപടിയെടുക്കും എന്നാണു ട്രംപ് ആവർത്തിച്ചു പറയുന്നത്.

ഹിലറിയുടെയും ട്രംപിന്റെയും അനുയായികൾ തങ്ങളുടെ സ്ഥാനാർത്ഥികളോട് പൂർണമായും കൂറ് പ്രഖ്യാപിക്കുന്നതായാണ് സർവേകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇത് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് നടപ്പിലാവുക പ്രയാസമാണ് എന്ന വസ്തുത ഇവർ മറക്കുന്നു.

ഹിലരി പറയുന്നതുപോലെ ഒരു പ്രമേയം സെനറ്റും ജനപ്രതിനിധി സഭയും പാസ്സാക്കുക മിക്കവാറും അസാദ്ധ്യമാണ്. പൊതു തിരഞ്ഞെടുപ്പിൽ സെനറ്റിൽ ഭൂരിപക്ഷം റിപ്പബ്ലിക്കനുകൾക്ക് നഷ്ടമായാലും ജനപ്രതിനിധി സഭ അവർ നിലനിർത്തും എന്നാണ് കരുതുന്നു. ഒബാമ ചെയ്തതുപോലെ എക്സിക്യൂട്ടീവ് ഓർഡറുകൾ പുറപ്പെടുവിച്ചാൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടും. ട്രംപ് അധികാരത്തിൽ വന്നാലും ഇപ്പോൾ നടത്തുന്ന പ്രഖ്യാപനങ്ങൾക്ക് ഇതേ അവസ്ഥ തന്നെയായിരിക്കും ഉണ്ടാവുക.

വാർത്ത ∙ ഏബ്രഹാം തോമസ് 

Your Rating: