Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേൾഡ് മലയാളി കൗൺസിലിന്റെ പത്താമത് ദ്വിവത്സര കോൺഫറൻസ് കൊളൊംബോയിൽ

wmc

ഹൂസ്റ്റൺ∙ വേൾഡ് മലയാളി കൗൺസിലിന്റെ പത്താമത് ദ്വിവത്സര കോൺഫറൻസും ഗ്ലോബൽ ഇലക്ഷനും 2016 നവംബർ പത്ത് മുതൽ പതിമൂന്ന് വരെ ശ്രീലങ്കയിലെ കൊളോംബോയിൽ. ഓസ്ട്രേലിയ, തായ്ലൻഡ്, ഹോങ്കോങ്ങ്, സിംഗപ്പൂർ, ഇന്ത്യ, ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, കാനഡ തുടങ്ങിയ കൗൺസിലിന്റെ 40തോളം ചാപ്റ്ററിൽ നിന്നുള്ള 250 ഡെലിഗേറ്റുകൾ ഈ കോൺഫറൻസിലും ഇലക്ഷനിലും പങ്കെടുക്കും.

തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭരണസമിതിക്കായിരിക്കും വേൾഡ് മലയാളി സെന്ററും മലയാളി ഹിസ്റ്ററി മ്യൂസിയവും കേരളത്തിൽ സ്ഥാപിക്കാനുള്ള ചുമതല. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒത്തുകൂടാനും ആശയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കാനുമുള്ള സംവിധാനമാണ് വേൾഡ് മലയാളി സെന്റർ. നൂറിലധികം രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളികൾക്ക് തമ്മിൽ ബന്ധപ്പെടാനും, വരും തലമുറയ്ക്കായി മലയാളി സംസ്കാരം കാത്തുസൂക്ഷിക്കാനുമുള്ള അവസരം ഒരുക്കാനുള്ള നവീന നയങ്ങളും നടപടികളും പുതിയ ഭരണസമിതി നടപ്പിലാക്കും.

അതേസമയം വേൾഡ് മലയാളി കൗൺസിലിന്റെ ഗുഡ്വിൽ മുതലെടുക്കാൻ ചില വ്യാജസംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഈ വ്യാജസംഘടനയുടെ ഒരു യോഗം സമീപകാലത്ത് ബാംഗ്ലൂരിൽ സംഘടിപ്പിക്കുകയുണ്ടായി. ഇത്തരം വ്യാജ സംഘടനകൾക്കെതിരെ കൗൺസിൽ അംഗങ്ങൾ ജാഗ്രത പുലർത്തണം. മലയാളികളുടെ തനത് സംസ്കാരം ലോകമെമ്പാടും തലമുറകൾ തോറും പ്രചരിപ്പിക്കുക എന്ന സ്ഥാപകനേതാക്കളുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ കൗൺസിലിലെ ഓരോ അംഗത്തിനും ഉത്തരവാദിത്തമുണ്ട്.

വേൾഡ് മലയാളി കൗൺസിൽ പ്രവാസി മലയാളികളുടെ മാത്രം സംഘടനയല്ല. മറിച്ച് വിഭാഗിയ ചിന്തകൾ കൂടാതെ മലയാളികളുടെ സഹകരണവും സൗഹൃദവും ഊട്ടിയുറപ്പിക്കാനുള്ള മതേതര സംവിധാനമാണ്.
കൗൺസിലിന്റെ സ്ഥാപക പിതാക്കന്മാരുടെ സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള ദൗത്യത്തിലെ വലിയ ചുവടുവയ്പ്പായിരിക്കും കൊളംബോ കോൺഫറൻസ്. മലയാളികളുടെ സമ്പന്നമായ സംസ്കൃതി പുനസ്ഥാപിക്കുന്ന മലയാളി ഹിസ്റ്ററിമ്യൂസിയത്തിൽ സാംസ്കാരികവും, പാരമ്പരാഗതവും, മതപരവും, ചരിത്രപരവും കലാപരവുമായ മലയാളി സംസ്കാരം മനസ്സിലാക്കനുള്ള ദൃശ്യശ്രാവ്യ സംവിധാനങ്ങൾ ആയിരിക്കും ഒരുക്കുക. കൊളംബോ കോൺഫറൻസിൽ രാഷ്ട്രീയ-സാമുഹിക-സാഹിത്യ മാധ്യമ മേഖലയിൽ നിന്നുള്ള പ്രമുഖരും പങ്കെടുക്കുമെന്ന് വേൾഡ് മലയാളി കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു.

Your Rating: