ADVERTISEMENT

Bombay, 8-12 -71
My dear Appachan, Ammachy and all, 

ഞാൻ അയച്ച കത്ത് കിട്ടിക്കാണുമെന്ന് കരുതുന്നു, ഈ മാസം അഞ്ചാം തീയതി മുതൽ ലീവിന് അയയ്ക്കാമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴത്തെ സിറ്റുവേഷൻ അറിയാമല്ലോ. ഇവിടെയാണെങ്കിൽ എല്ലാം കുഴപ്പമില്ലാതെതന്നെ നടക്കുകയാണ്. ഒന്നുകൊണ്ടും വിഷമിക്കാനില്ല. ബോബിക്ക് ഷർട്ടിനുള്ള തുണി വാങ്ങി ഞാൻ ദാദറിൽ കൊടുത്തിട്ടുണ്ട്. അവന് അസുഖം ഒന്നും ഇല്ല എന്ന് കരുതുന്നു. അപ്പച്ചന്റെ കയ്യുടെ അസുഖം ഇപ്പോൾ എങ്ങനെയുണ്ട്? മരുന്നുകുടി എത്രത്തോളമായി. അമ്മച്ചിക്കും പ്രത്യേകിച്ച്‌ അസുഖം ഒന്നും ഇല്ലെന്ന് കരുതുന്നു. അവിടെ വീടുകളിലെല്ലാം എല്ലാവർക്കും സുഖം തന്നെയെന്ന് കരുതുന്നു. എനിക്ക് സുഖം തന്നെ. എല്ലാ വിവരങ്ങൾക്കും മറുപടി പ്രതീക്ഷിച്ചുകൊണ്ട്, 

കുഞ്ഞ്.

1200-ins-khukri
ഐഎൻഎസ് ഖുക്രി

49 വർഷം മുൻപ് മുംബൈയിൽനിന്നു കേരളത്തിലേക്ക് അയച്ച ഒരു കത്തിലെ വരികളാണ് മുകളിൽ കാണുന്നത്. നാട്ടിൽ ഈ കത്ത് കൈപ്പറ്റുന്നതിനു മുൻപ് എഴുതിയ ആളിന്റെ മരണവിവരം വീട്ടുകാർ അറിഞ്ഞിരുന്നു എന്നതാണ് ഏറെ വിഷമകരമായ കാര്യം. ഇന്ത്യൻ നാവികസേനയിൽ ഹോണററി സബ് ലഫ്റ്റനന്റ് ആയിരുന്ന മാവേലിക്കര പൈനുംമൂട് ജെംസ് വില്ലയിൽ പി.ഇ.ജോണിന്റെ മകനായ ഈശോ ജോണിന്റെ വീട്ടിലെ ചെല്ലപ്പേരാണ് ‘കുഞ്ഞ്’. 1971 ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന യുദ്ധത്തിനിടയിൽ ഡിസംബർ ഒൻപതിന് പാക്ക് മുങ്ങിക്കപ്പൽ നടത്തിയ ആക്രമണത്തിലാണ് കുഞ്ഞ് സേവനം ചെയ്തിരുന്ന ഐഎൻഎസ് ഖുക്രി എന്ന യുദ്ധക്കപ്പൽ അറബിക്കടലിൽ തകരുന്നത്. 

ഇന്ത്യൻ നാവികർക്ക് പാക്ക് സേനയുടെ മുൻപിൽ കീഴടങ്ങാൻ അവസരം ലഭിച്ചുവെങ്കിലും അവസാനംവരെ പൊരുതി വീരചരമം പ്രാപിക്കാനായിരുന്നു ക്യാപ്റ്റൻ മഹേന്ദ്രസിങ് മുള്ളയുടെയും സംഘത്തിന്റെയും തീരുമാനം. 18 ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെയും 176 സൈനികരുടെയും ജീവനാണ് അന്ന് കടലിൽ പൊലിഞ്ഞത്. ഇക്കൂട്ടത്തിൽ കുഞ്ഞ് എന്ന ചെല്ലപ്പേരുള്ള ഈശോ ജോണുമുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിൽ യുദ്ധത്തിൽ നഷ്ടപ്പെട്ട ഒരേയൊരു യുദ്ധക്കപ്പലാണ് ഖുക്രി. മരണാനന്തരം ക്യാപ്റ്റൻ മഹേന്ദ്രസിങ് മുള്ളയ്ക്ക് ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സൈനിക ബഹുമതിയായ മഹാവീർചക്ര ലഭിച്ചു.

1200-isho-john-letter
ഈശോ ജോമ്‍ അയച്ച കത്ത്

1950കളിൽ ബ്രിട്ടൻ നിർമിച്ച ബ്ലാക്ക് വുഡ് അന്തർവാഹിനി യുദ്ധക്കപ്പലുകളിലൊന്നാണ് ഐഎൻഎസ് ഖുക്രി. 1959 അവസാനത്തോടെ നാവികസേനയിൽ എത്തി. അറേബ്യൻ കടലിൽ ഗുജറാത്തു തീരത്തിനടുത്തു കേന്ദ്രഭരണ പ്രദേശമായ ഡിയുവിൽ നിന്ന് നാൽപത് നോട്ടിക്കൽ മൈൽ ദൂരത്താണ് ഖുക്രി മുങ്ങിത്താഴ്ന്നത്. ഡിയുവിൽ ഖുക്രിയുടെ സ്മരണയ്ക്കായി ഒരു യുദ്ധസ്മാരകം സ്ഥാപിച്ചിട്ടുണ്ട്. ഒരു കുന്നിൻ മുകളിലാണിത്. കുന്നിനു നേരെ എതിർവശത്താണ് ഖുക്രി മുങ്ങിയ സ്ഥലം. ദുരന്തം നടന്ന് 28 വർഷത്തിനുശേഷം 1999 ലാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്. സ്മാരകത്തിൽ ഒരു ഗ്ലാസ് പേടകത്തിൽ ഖുക്രിയുടെ ഒരു സ്കെയിൽ മോഡൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 

1200-manorama-khukri
ഐഎൻെസ് ഖുക്രി ദുരന്തത്തെ കുറിച്ച് മലയാള മനോരമയിൽ വന്ന വാർത്ത

റോയൽ ഇന്ത്യൻ നേവിയിൽ ചേർന്ന രണ്ടാമത്തെ മലയാളിയായ പി.ഇ.ജോണിന്റെയും ശോശാമ്മയുടെയും മകനായി 1950 നവംബർ 11നാണ് ഈശോ ജോൺ എന്ന കുഞ്ഞിന്റെ ജനനം. അമ്മവീടായ കുട്ടംപേരൂരിലുള്ള സ്‌കൂളിലായിരുന്നു പ്രൈമറി സ്‌കൂൾ പഠനം. പിന്നീട് കുന്നം സർക്കാർ ഹൈസ്‌കൂൾ, എസ്ആർവി ഹൈസ്ക്കൂൾ, എറണാകുളം എന്നിവിടങ്ങളിൽ പഠനം നടത്തി. തേവര സേക്രഡ് ഹാർട്ട് കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പിതാവിന്റെ പാത പിന്തുടർന്ന് നാവികസേനയിൽ ചേരണമെന്ന മോഹം കുഞ്ഞിന്റെ മനസ്സിൽ പൂത്തുലയുന്നത്. കോളജിൽ എൻസിസിയിലും സജീവമായി പ്രവർത്തിച്ചിരുന്നു. 

മൂന്നു പതിറ്റാണ്ടോളം നീണ്ട നാവികസേവനത്തിന് ശേഷം പിതാവ് വിരമിക്കേണ്ട സമയം അടുത്തപ്പോഴാണ് ആർട്ടിഫൈസർ അപ്രന്റീസ് എന്ന കോഴ്സിലേക്ക് പരീക്ഷ എഴുതുന്നത്. ആദ്യ തവണ പരാജയപ്പെട്ട കുഞ്ഞ് രണ്ടാം തവണ കോഴ്സിലേക്ക് പ്രവേശനം നേടി. മൂന്നു വർഷത്തെ പരിശീലനത്തിനു ശേഷം 1971 അവസാനത്തോടെയാണ് ഖുക്രിയിൽ സേവനത്തിനായി (Sea going ട്രെയിനിങ്ങിനായി) നിയോഗിക്കപ്പെടുന്നത്. മരിക്കുമ്പോൾ EAR 5 എന്ന ഗ്രേഡായിരുന്നു കുഞ്ഞിന്‌.

1200-isho-john-2

മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും വലിയ ആഘാതമായിരുന്നു കുഞ്ഞിന്റെ വേർപാട്. പിതാവ് ജോൺ 2009 ലും മാതാവ് ശോശാമ്മ 2017 ലും മരിച്ചു. വീരമൃത്യ വരിക്കുന്നതിനു ദിവസങ്ങൾക്ക്  മുൻപ് മൂത്ത സഹോദരി മേരി ജോണിന്റെ ബോംബെ ദാദറിലുള്ള  വീട്ടിൽ സന്ദർശനം നടത്തിയ കുഞ്ഞ് ഇളയ സഹോദരൻ വർഗീസ് എന്ന ബോബിക്കുള്ള ഷർട്ടിന്റെ തുണിയും നൽകി പോകുമ്പോൾ മേരി ഒരിക്കലും കരുതിയിരുന്നില്ല തന്റെ സഹോദരനെ ഈ ജീവിതത്തിൽ ഇനിയും കാണാൻ സാധിക്കുകയില്ലെന്ന്.

അമേരിക്കയിലെ അറ്റ്ലാന്റയിലാണ്‌ മേരിയിപ്പോൾ. കുഞ്ഞിന്റെ മരണശേഷം ആശ്രിതനിയമന  പരിഗണനയിൽ ഇളയ സഹോദരൻ വർഗീസിന് കൊച്ചി നേവൽ ബേസിലുള്ള നേവൽ സ്റ്റോർ ഡിപ്പോയിൽ നിയമനം ലഭിച്ചു. പത്തു വർഷത്തോളം ഇവിടെ സേവനം അനുഷ്ഠിച്ച  വർഗീസ് പിന്നീട് ഒമാനിലും ജോലി ചെയ്തു. ഇപ്പോൾ നാട്ടിൽ കുടുംബസമേതം വിശ്രമ ജീവിതം നയിക്കുന്നു. 

1200-isho-john-certificate

കുഞ്ഞിനൊപ്പം ഖുക്രിയിൽ സേവനം ചെയ്‌തിരുന്ന ചെങ്ങന്നൂർ ആല മണ്ണാരേത്ത് ജോൺ തോമസും അന്ന് വീരമൃത്യു വരിച്ചു. തോമസിന്റെ ഭാര്യ സാറാമ്മയെ കഴിഞ്ഞ ദിവസം നാവിക ഉദ്യോഗസ്ഥർ ഇന്ത്യൻ നാവികസേന ദിനത്തോടനുബന്ധിച്ചുള്ള നാവികസേന വാരാചരണത്തിന്റെ ഭാഗമായി ആദരിച്ച വാർത്ത പത്രത്തിൽ കണ്ടപ്പോൾ വർഗീസ് മനസ്സിൽ ഇങ്ങനെ ആലോചിച്ചു, ഈ സമയം മാതാപിതാക്കൾ ആരെങ്കിലും ജീവിച്ചിരുന്നെങ്കിൽ വീട്ടിലും ഈ ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയേനെ എന്ന്.

മാതാവ് ശോശാമ്മ മരിക്കുന്നതിന് തലേവർഷം വരെ വീട്ടിൽ നാവികസേനാ ഉദ്യോഗസ്ഥർ ഇടയ്ക്ക് സന്ദർശനം നടത്തുന്ന കാര്യവും വർഗീസ് ഓർക്കുന്നു. സംഭവം കഴിഞ്ഞ് അര നൂറ്റാണ്ടായിട്ടും കുഞ്ഞിന്റെ പേരിൽ ജന്മനാട്ടിൽ സ്മാരകം ഇല്ലെന്നത് വളരെ ഖേദകരമാണ്.  കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം, മാതാപിതാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന കുന്നം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ, പള്ളിയോട്  ചേർന്ന് കുഞ്ഞിന്റെ ചിത്രമുള്ള ഒരു സ്‌തൂപം സ്ഥാപിച്ചിട്ടുണ്ടെന്നല്ലാതെ മറ്റൊന്നും തന്നെ നാട്ടിൽ ഇല്ല. മാവേലിക്കര തഴക്കര ഗ്രാമ പഞ്ചായത്തിലെ അഞ്ചാമത്തെ വാർഡിലാണ് കുഞ്ഞിന്റെ കുടുംബവീട്. വീടിനു മുന്നിലെ റോഡിന്റെ പേര് പണ്ട് പഴയ റോഡ് എന്നായിരുന്നു പിന്നീട് സെന്റ് ജെറോം റോഡ് എന്ന് അറിയപ്പെട്ടു.

വീടിനു സമീപമായി സെന്റ് ജെറോം എന്ന പേരിൽ ഒരു ആശുപത്രിയുണ്ടായിരുന്നതാണീ പേരു വരാൻ കാരണം. ഇന്ന് ആ ആശുപത്രി സജീവമായി അവിടെ പ്രവർത്തിക്കുന്നുമില്ല. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച കുഞ്ഞിന്റെ പേര് ഈ റോഡിനു നൽകി അദ്ദേഹത്തെ ആദരിക്കാനുള്ള ശ്രമങ്ങളാണ് അധികാരികൾ നടത്തേണ്ടത്. ‘ഖുക്രി ഈശോ ജോൺ റോഡ്’  എന്നറിയപ്പെടട്ടെ ഇനി മുതൽ, ഈ  റോഡ്. അടുത്ത വർഷം  ഡിസംബറിൽ ഖുക്രി അപകടം നടന്നിട്ട് 50 വർഷം തികയും. 1971 ഡിസംബർ ഒൻപതിന് ഐഎൻഎസ് ഖുക്രിയിൽ നാടിനു വേണ്ടി വീരചരമം പ്രാപിച്ച നാവികരുടെ ഓർമകൾക്ക് മുൻപിൽ ആദരാഞ്ജലികളോടെ...

English Summary : Remembering INS Khukri, Indian Naval Ship Lost during I971 Indo-Pak War and Isho John

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com