ADVERTISEMENT

ഇന്ത്യയിൽ കണ്ടെത്തിയ വൈറസ് വകഭേദങ്ങളുമായുള്ള താരതമ്യത്തിൽ ബ്രിട്ടനിൽ നിന്നെത്തിയ വകഭേദം കൂടുതൽ അപകടകാരിയെന്നതിനു ശാസ്ത്രീയ തെളിവില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി(ഐജിഐബി) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വിനോദ് സ്കറിയ. പുതിയ വൈറസ് വകഭേദത്തെക്കുറിച്ചുള്ള സംശയങ്ങൾക്ക് അദ്ദേഹത്തിന്റെ മറുപടികൾ ഇങ്ങനെ:

∙ പുതിയ വൈറസ് വകഭേദത്തെ എത്രമാത്രം കരുതിയിരിക്കണം?

ഇക്കാര്യത്തിൽ ആശങ്കയുടെ കാര്യമില്ല. കോവിഡ് ബാധയുടെ തീവ്രത വർധിപ്പിക്കുക, ആശുപത്രിയിൽ കഴിയേണ്ട അവസ്ഥ കൂട്ടുക, മരണനിരക്കു വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ നേരത്തെയുള്ളതിനെക്കാൾ കൂടുതൽ വെല്ലുവിളി ബ്രിട്ടനിൽ കണ്ടെത്തിയ വൈറസ് വകഭേദത്തിന് ഇല്ലെന്നാണ് ഏറ്റവും പുതിയ വിവരം. അതേസമയം, ജാഗ്രത കൈവിടാനും പാടില്ല.

∙ അതീവ വ്യാപന ശേഷിയുള്ളതാണെന്ന റിപ്പോർട്ടുകൾ ശരിയാണോ?

കൂടുതൽ പേരിലേക്ക് എത്താൻ ശേഷിയുണ്ടെന്നും പെട്ടെന്നു വൈറസ് പടരുമെന്നുമെല്ലാം ചില അനുമാനങ്ങളുണ്ട്. ഇക്കാര്യങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത.

∙ ഈ വൈറസ് വകഭേദം അപകടകാരിയാകുന്നത് എങ്ങനെയാണ്?

കൊറോണ വൈറസിനെ മനുഷ്യകോശത്തിലേക്കു നുഴഞ്ഞുകയറാൻ സഹായിക്കുന്നത് സ്പൈക്ക് പ്രോട്ടീനാണ്. പുതിയ വകഭേദത്തിലെ പ്രധാന മാറ്റങ്ങൾ ഈ സ്പൈക്ക് പ്രോട്ടീനിലാണ്. ഈ മാറ്റം വൈറസിന് കൂടുതൽ പേരിൽ അനായാസം എത്തിപ്പെടാൻ സഹായിക്കുമോയെന്ന ആശങ്കയ്ക്ക് ഇതു കാരണമാകുന്നു. അതിനാലാണ് ഇപ്പോഴത്തെ ജാഗ്രത.

coronavirus-covid-19
(Photo by Sajjad HUSSAIN / AFP)

∙ ബ്രിട്ടനിൽ കേസുകളിൽ പെട്ടെന്നുണ്ടായ വർധന ഇതുമൂലമെന്ന് ഉറപ്പിക്കാനാകുമോ?

ഓണത്തിനു ശേഷം കേരളത്തിൽ കേസുകൾ കൂടി, അതേസമയം അവിടെ ഒരു വൈറസ് വകഭേദം കണ്ടെത്തിയിരുന്നെങ്കിൽ അതായിരുന്നു കാരണമെന്നു നാം പറയുംപോലെയാണത്. വൈറസ് വകഭേദം മാത്രമായിരിക്കും കേസുകൾ കൂടാൻ കാരണമെന്നു മാത്രം പറയാനാകില്ല.

∙ ഇന്ത്യയിൽ കേസുകൾ കാര്യമായി വർധിച്ചതും ഏതെങ്കിലും വൈറസ് വകഭേദം വഴിയായിരിക്കുമോ?

വൈറസ് വ്യാപനമുണ്ടാകുന്നതു പ്രധാനമായും മനുഷ്യ ഇടപെടലുകളിലെ ജാഗ്രതക്കുറവു കൊണ്ടാണ്. മുൻകരുതലുകൾ ഇല്ലാതെ കൂട്ടംകൂടുന്നതും മറ്റും കൊണ്ട്. അതേസമയം, ജനിതക വ്യതിയാനം കൊണ്ടുമാകാം. അതിനെ മറികടക്കാൻ പോലും സാമൂഹിക അകലം പോലുള്ളവ കൊണ്ടു കഴിയും.

∙ ബ്രിട്ടനിലെ വകഭേദം ഇന്ത്യയിയിൽ വ്യാപകമാകാനുള്ള സാധ്യതയുണ്ടോ?

ഇക്കാര്യത്തിൽ ഇന്ത്യയ്ക്കുള്ള നേട്ടം അവിടെ നിന്നു വന്നവരിൽ മാത്രമാണ് ഇതുവരെ വൈറസ് കണ്ടെത്തിയത് എന്നതാണ്. അവർക്കു കർശനമായ ഐസലേഷനുണ്ട്. അവർ പുറത്തിറങ്ങി ഒട്ടേറെ പേർക്ക് ഈ വൈറസ് നൽകിയിട്ടില്ലെന്നതു കൊണ്ടു തന്നെ വ്യാപിക്കാനുള്ള സാധ്യത കുറവ്.

Covid-19-Corona-Virus
(Photo: ShutterStock)

∙ നിലവിലെ കോവിഡ് പ്രതിരോധ രീതിയിൽ മാറ്റം വേണ്ടതുണ്ടോ?

വൈറസിനെ നേരിടുമ്പോൾ ജനിതക ശ്രേണീകരണം പരമപ്രധാനമാണ്. ഇത് ഊർജിതമാക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങിക്കഴിഞ്ഞു. കേരളം ഇക്കാര്യത്തിൽ തുടക്കം മുതൽ ജാഗ്രത കാട്ടി. വളരെ നേരത്തെ തന്നെ ജനിതക ശ്രേണീകരണം ആസൂത്രണം ചെയ്യുകയും അതിനുള്ള നടപടികൾക്കു തുടക്കമിടുകയും ചെയ്തതു ഗുണം ചെയ്യും.

∙ സാധാരണക്കാരനെടുക്കേണ്ട മുൻകരുതൽ ?

നേരത്തെ കൊറോണ വൈറസിനെതിരെ നാമെന്തെല്ലാം ചെയ്തോ അത് കുറച്ചു കൂടി ജാഗ്രതയോടെ ചെയ്യുകയെന്നതു മാത്രമാണ് പരിഹാരം. കൈ ഇടവിട്ടു കഴുക, മാസ്ക്ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ മാത്രമാണ് പോംവഴി.

English Summary: New Covid-19 strain from UK: no scientific reason for panic says Dr Vinod Scaria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com