ADVERTISEMENT

തിരഞ്ഞെട‍ുപ്പു ഫലവുമായി ബന്ധപ്പെട്ട് എൽഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്ന അവകാശ വാദങ്ങൾ വസ്തുതകൾക്കു നിരക്കുന്നതല്ലെന്ന് മുൻ നക്സൽ നേതാവും രാഷ്ട്രീയ നിരൂപകനുമായ ഫിലിപ് എം. പ്രസാദ്.  തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ കേരള രാഷ്ട്രീയത്തെപ്പറ്റി മനോരമ ഓൺലൈനിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നന്ദിയുടെ നാണയം

ഈ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ ചെലവഴിക്കാൻ ശ്രമിച്ചത് നന്ദിയുടെ നാണയമാണ്. എന്തു നൽകുമെന്നതല്ല എന്തു നൽകിയെന്നതാണ് ജനമനസ്സുകളിലേക്ക് എത്തിക്കാൻ ശ്രമിച്ചത്. ഇക്കാര്യത്തിൽ ആരും മോശമായിരുന്നില്ല. സംസ്ഥാന സർക്കാരിന്റെ പേരിൽ എൽഡിഎഫ് അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ ഇതെല്ലാം കേന്ദ്ര സർക്കാർ നൽകിയതാണെന്ന വാദവുമായി ബിജെപി രംഗത്തുവന്നു. ഇതിനെക്കാളൊക്കെ കൂടുതൽ ചെയ്തിട്ടുണ്ടെന്നതായിരുന്നു യുഡിഎഫിന്റെയും കോൺഗ്രസിന്റെയും വാദം. മൈക്ക് കെട്ടി വിളിച്ചു പറഞ്ഞതാണിതെല്ലാം. ഞങ്ങൾ ഇതൊക്കെ ചെയ്തതിനു നന്ദി വേണമെന്നാണ് പറഞ്ഞുവച്ചതിന്റെ ചുരുക്കം. ഒടുവിൽ രാഷ്ട്രീയമൊക്കെ മാറ്റിവച്ച് എന്തു കിട്ടിയെന്നതു കണക്കാക്കി ജനം വോട്ടു ചെയ്തു. 

ഇതിനിടയിൽ രാഷ്ട്രീയ പാർട്ടികളെക്കാൾ കൂടുതൽ വാരിക്കോരി നൽകിയ ഒരു വിഭാഗം അഞ്ച് പഞ്ചായത്തുകളിൽ നേട്ടമുണ്ടാക്കി. ഇവിടെ പ്രവർത്തിച്ചത് തമിഴ്നാട്ടിൽ ജയലളിത പരീക്ഷിച്ച അതേ രാഷ്ട്രീയമാണ്. അവർ ജനങ്ങൾക്കു സൗജന്യങ്ങൾ വാരിക്കോരി നൽകി. ‘അമ്മ ഞങ്ങൾക്ക് ടിവി തന്നു, സൈക്കിൾ തന്നു, പാഠപുസ്തകം തന്നു, ലാപ്ടോപ് തന്നു’ ഇത്തരം വായ്ത്താരികളാണവിടത്തെ തിരഞ്ഞെടുപ്പിന്റെ അജൻഡ ഇപ്പോഴും നിശ്ചയിക്കുന്നത് . ഇത് ജനാധിപത്യത്തിനു ഗുണം ചെയ്യുമോയെന്ന് പരിശോധിച്ചാൽ ആശയാടിസ്ഥാനത്തിൽ ചിന്തിക്കുന്നവർക്ക് നിരാശ നൽകിയേക്കാം.

philip-m-prasad-2

കണക്കുകൾ എൽഡിഎഫിന് അനുകൂലമല്ല

ഈ തിരഞ്ഞെടുപ്പു ഫലം കൂലങ്കഷമായി പരിശോധിച്ചാൽ ഒരുതരത്തിലുള്ള രാഷ്ട്രീയ മാറ്റവും എൽഡിഎഫിന് അനുകൂലമായി ഉണ്ടായിട്ടില്ല. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വോട്ടു വ്യത്യാസം പരമാവധി 5 ലക്ഷം മാത്രമാണ്. സപിഎം 56 ലക്ഷം, കോൺഗ്രസ് 51 ലക്ഷം, ബിജെപി 31 ലക്ഷം ഇങ്ങനെയാണ് ലഭിച്ച വോട്ടുകളുടെ കണക്ക്. കേരളത്തിലെ ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോൾ അഞ്ചു ലക്ഷമെന്നത് വളരെ നേരിയ വ്യത്യാസമാണ്. ഓരോ നിയമസഭാ മണ്ഡലത്തിലും ശരാശരി 5000 വോട്ടുകളുടെ വ്യത്യാസം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇതു മാറാൻ അധിക സമയം വേണ്ടിവരില്ല. ഇതിനിടയിൽ ബിജെപി കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. അവർക്ക് 31 ലക്ഷം വോട്ട് സമാഹരിക്കാനായി. അത് സിപിഎം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് ബിജെപിയുടെ നേട്ടം ഗൗരവമായി കാണണമെന്ന പാർട്ടി ലൈൻ പുറത്തു വന്നത്. ഇതിനിടയിൽ മറ്റൊരു ധ്രുവീകരണവുമുണ്ടായി. അത് ക്രിസ്ത്യൻ, മുസ്‍ലിം വോട്ടുകളുടെ കാര്യത്തിലാണ്. ജോസ് കെ. മാണിയിലൂടെ ക്രിസ്ത്യൻ വോട്ട് എൽഡിഎഫിലേക്കു പോയിട്ടുണ്ട്. മുസ്‌ലിം സമുദായത്തിലും ഇതു സംഭവിച്ചു. ലീഗിന്റെയും വെൽഫെയർ പാർട്ടിയുടെയുമൊക്കെ സ്ഥാനാർഥികൾ ജയിക്കുമെന്ന് ഉറപ്പില്ലാത്ത മണ്ഡലങ്ങളിൽ മുസ്‍‌ലിം സമുദായം വോട്ട് ചെയ്തത് എൽഡിഎഫിനാണ്. ബിജെപിയുടെ മുന്നേറ്റത്തെ തടഞ്ഞു നിർത്തുകയായിരുന്നു അവരുടെ ലക്ഷ്യം. ഇതുകാരണം സിപിഎമ്മിലുണ്ടായ വോട്ടു ചോർച്ചയുടെ കണക്ക് പുറത്തുവന്നിട്ടില്ല.

കെ.മുരളീധരൻ എന്ന സാധ്യത

ഈ തിരഞ്ഞെടുപ്പുഫലം കോൺഗ്രസിനു വലിയ തിരിച്ചടിയായെന്നോ അവർ തകർന്നുപോയെന്നോ ഒക്കെയുള്ള വാദങ്ങൾ ശരിയല്ല. 51 ലക്ഷം വോട്ട് ഇപ്പോഴും അവർക്കുണ്ട്. 5 ലക്ഷം വോട്ടിന്റെ വ്യത്യാസം മാത്രമേ അവർക്കും സപിഎമ്മിനുമിടയ്ക്കുള്ളൂ. എന്നാൽ ദേശീയതലത്തിലും സംസ്ഥാനതലത്തിലും കോൺഗ്രസ് ഇപ്പോൾ ദുർബലമാണ്. അധികാരവും പണവും അവർക്കു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കോൺഗ്രസിന് കേന്ദ്രഭരണം കിട്ടുമെന്ന സ്ഥിതി വന്നാൽ ഈ നില മാറും. ന്യൂനപക്ഷ വോട്ടുകൾ ഉറപ്പായി അവർക്ക് അനുകൂലമാകും. അതിന് മമത ബാനർജിയുൾപ്പെടെയുള്ളവരെ തിരികെക്കൊണ്ടുവരാനുള്ള ശ്രമം ദേശീയതലത്തിൽ വേണം. കേരളത്തിലും ആളില്ലാ ദൈവങ്ങൾ മാറണം. കെ. മുരളീധരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു വന്നാൽ അതിന്റെ ആവേശം വളരെപ്പെട്ടെന്നുതന്നെ പ്രതിഫലിക്കും. കെ. കരുണാകരന്റെ മകനായതുകൊണ്ട് എനിക്ക് മുരളീധരനോടു പ്രത്യേക സ്നേഹമോ ആദരവോ ഇല്ല. എന്നാൽ രാഷ്ട്രീയത്തിലെ ചില വസ്തുതകൾ കാണാതിരിക്കാനാവില്ല.

ഫിലിപ് എം. പ്രസാദ്
ഫിലിപ് എം. പ്രസാദ്

ബിജെപിയുടെ രാഷ്ട്രീയം

ബിജെപി കേരളത്തിൽ ഒരു അവസരത്തിനു കാത്തിരിക്കുകയാണ്. അവർക്കിവിടെ സ്വന്തം വീടു വൃത്തിയാക്കാനുണ്ട്. പെട്ടെന്ന് അധികാരത്തിലെത്താനാകുമെന്ന് അവരുടെ ഉന്നത നേതൃത്വം കരുതുന്നില്ല, അവർ ലക്ഷ്യമിടുന്നത് കോൺഗ്രസിന്റെ തകർച്ചയും സിപിഎമ്മിന്റെ ജീർണതയുമാണ്. കോൺഗ്രസ്– മുസ്‌ലിം ലീഗ് ശക്തികളുടെ കൈയിൽ അധികാരമെത്തുന്നതിനെക്കാൾ നല്ലത് കേരളത്തിൽ മാത്രം ശക്തിയുള്ള എൽഡിഎഫ് അധികാരത്തിൽ തുടരുന്നതാണ് എന്നതായിരിക്കണം അവരുടെ കണക്കു കൂട്ടൽ. ഭരണത്തുടർച്ചയുണ്ടായാൽ കോൺഗ്രസ് പ്രതിരോധത്തിലാവുമെന്നും ആന്തരിക ജീർണതകൾ കാരണം സിപിഎം തകരുമെന്നും അവർ കണക്കു കൂട്ടുന്നു. ആ ശൂന്യത മുതലെടുത്ത് അധികാരത്തിലെത്തുകയാണ് അവരുടെ തന്ത്രം. ഒരു സംസ്ഥാനത്തെയും ഭരണം കോൺഗ്രസിനു കിട്ടരുതെന്നാണ് അവർ ആഗ്രഹിക്കുന്നത്.

മാവോയിസ്റ്റുകൾ ആസ്വദിക്കുന്നത് ജനാധിപത്യത്തിന്റെ ആഡംബരം

ഇന്ത്യയിൽ നക്സലുകൾ അതിവേഗം പിളരുകയാണ്. അവരുടെ സാമ്പത്തിക സ്രോതസ്സുകൾ അടഞ്ഞുതുടങ്ങിയിരിക്കുന്നു. ഇതിനെ തന്ത്രപരമായി കൈകാര്യം ചെയ്യാനാണ് കേന്ദ്ര സർക്കാരിന്റെയും ഇന്റലിജൻസ് ഏജൻസികളുടെയും ശ്രമമെന്നു തോന്നുന്നു. കേരളത്തിൽ മാവോയിസ്റ്റുകൾക്ക് കാര്യമായ സ്വാധീനമില്ല. വേരുകൾ നഷ്ടപ്പെട്ട ആദിവാസി വിഭാഗത്തെ വീണ്ടും ഒരു പ്രത്യയ ശാസ്ത്ര പരീക്ഷണത്തിന് ഉപയോഗിക്കാനാണവർ ശ്രമിക്കുന്നത്. എന്നാൽ അവർക്ക് ആദിവാസികൾക്കിടയിൽപോലും ദുർബലമായ പിന്തുണയേയുള്ളൂ. അവരുടെ ദേശീയ നേതൃത്വം കാത്തിരിക്കാൻ പഠിച്ചവരാണ്. എല്ലായിടത്തും ബദൽ താവളങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണവർ. ഇതിനെപ്പറ്റി കൃത്യമായി അറിയാൻ കഴിയുന്ന ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഇന്റലിജൻസ് വിഭാഗത്തിനുണ്ട്. ഞങ്ങളൊക്കെ നക്സൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കാലത്ത് ഒരു പൊലീസ് സ്റ്റേഷൻ ആക്രമണത്തെപ്പറ്റി ഭരണകൂടത്തിന് ചിന്തിക്കാനോ സങ്കൽപിക്കുവാനോ കഴിയുമായിരുന്നില്ല. തലശേരി പൊലീസ് സ്റ്റേഷൻ ആക്രമിച്ചതോടെയാണ് അതിന്റെ സാധ്യതയെപ്പറ്റിപ്പോലും പൊലീസ് തന്നെ ആലോചിച്ചു തുടങ്ങിയത്. അതാണ് വ്യത്യാസം. 

എന്നാൽ ലോകത്തെവിടെയും ഇനി ഒരു വംശഹത്യക്കു സർക്കാരുകൾ തയാറാവുമെന്നു തോന്നുന്നില്ല. പൊതുജനാഭിപ്രായവും അതിന് അനുകൂലമാവില്ല. അതുകൊണ്ടുതന്നെയായിരിക്കണം സർക്കാർ ഏജൻസികൾ ഈ വിഷയത്തിൽ കരുതലോടെ നീങ്ങുന്നത്. ജനാധിപത്യത്തിന്റെ ഇത്തരം ആഡംബരങ്ങളെ ആസ്വദിക്കുകയാണ് മാവോയിസ്റ്റുകൾ. 1946 മുതൽ 52 വരെ കമ്യൂണിസ്റ്റുകാർ പരീക്ഷിച്ചതാണ് സായുധ വിപ്ലവം. തെലുങ്കാനയിലും നാഗാലാൻഡ് മേഖലയിലും ആ പരീക്ഷണം നടന്നു. സായുധ സമരത്തിന് ഇറങ്ങുന്നവർക്ക് അതിന്റെ വില കൊടുക്കേണ്ടി വരും. ജനാധിപത്യം എത്ര ജീർണിച്ചതാണെന്നു തോന്നിയാലും ഏകാധിപത്യം കൊണ്ട് ചൈന നേടിയതിനെക്കാൾ സാമ്പത്തിക വളർച്ച ഇന്ത്യക്കു കൈവരിക്കാനായിട്ടുണ്ട്.

philip-m-prasad-new

പുതിയ തലമുറ നൽകുന്ന പ്രതീക്ഷ

പുതിയ തലമുറ എല്ലാ ജീവജാലങ്ങളും പുഴകളും പർവതങ്ങളും ഏകമാണെന്ന ബോധ്യത്തോടെയാണു വളർന്നു വരുന്നത്. പരിസ്ഥിതി, സ്ത്രീകളോടും കുട്ടികളോടുമുള്ള സമീപനം തുടങ്ങിയവയിലെല്ലാം ആഴത്തിലുള്ള മൂല്യബോധം അവരിലുണ്ട്. നമ്മുടെ പ്രാഥമിക വിദ്യാഭ്യാസം പോലും മൂല്യങ്ങളെ ആഴത്തിൽ എത്തിക്കുന്നു. രാഷ്ട്രീയത്തിലും ഭരണത്തിലും നേതൃത്വം ലഭിച്ചാൽ അവർക്ക് അദ്ഭുതം സൃഷ്ടിക്കാനാകും.

English Summary: Philip M Prasad on Local Elections Kerala 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT