ADVERTISEMENT

ക്രിക്കറ്റിലെ ഒരേ ഒരു ദാദയാണ് സൗരവ് ഗാംഗുലി.ഹരിയാനയിലെ കൊടുങ്കാറ്റാണ് കപിൽദേവ്. ഫിറ്റ്നസിന്റെ പരകോടിയിൽ നിന്നിരുന്ന ഈ രണ്ടു കായികതാരങ്ങൾക്ക് ഹൃദയാഘാതം വരുമ്പോൾ നമ്മൾ എത്ര സൂക്ഷിക്കണം?

ഹോ, എന്തൊക്കെ ബഹളമായിരുന്നു –ഫിറ്റ്നസോടു ഫിറ്റ്നസ്, ദുശ്ശീലമില്ല, ഭയങ്കര ഡയറ്റ് – ഇപ്പോ ദേ പവനായി ശവമായി. ഈ വ്യായാമത്തിലും ഫുഡിലുമൊന്നും ഒരു കാര്യവുമില്ലെന്നേ – സിഗരറ്റ് പുകയ്ക്കൊപ്പം ഈ വാചകവും പുകച്ചു തള്ളിയ ഒരു കക്ഷിയെ കണ്ടപ്പോൾ കാര്യം തിരക്കി. എന്താണിഷ്ടാ, അച്ചടക്കമുള്ള ജീവിതം വേണ്ടെന്ന് ഒരേ ഒരു പിടിവാശി? കണ്ടില്ലേ, കപിൽ ദേവിനും സൗരവ് ഗാംഗുലിക്കുമൊക്കെ ഹാർട്ട് പ്രശ്നം വന്നു.

സിക്സറടിച്ചാൽ ഗ്രൗണ്ടിനു പുറത്തേക്കു പായിക്കുന്ന സനത് ജയസൂര്യക്കും വന്നു അറ്റാക്ക്. അവരൊക്കെ വലിയ ഫിറ്റ്നസ്കാരല്ലേ, എന്നിട്ടെന്തായി എന്നായി കക്ഷിയുടെ മറുചോദ്യം. ഈ ചോദ്യം പലരും വലിയ സ്റ്റൈലായി തട്ടിവിടുന്നുണ്ടാകും – പ്രത്യേകിച്ച് – അത്യാവശ്യം പുകവലിയും മദ്യപാനവും ജങ്ക് ഫൂഡ് ക്രേസും വ്യായാമം ചെയ്യാൻ മടിയും ഒക്കെയുള്ളവർ. ഇവരുടെ വാദത്തിൽ ശരിയുണ്ടോ? ഒരു അന്വേഷണം.

ഓർക്കുക, ജീവിതശൈലീ രോഗങ്ങളെ മറികടക്കാം
(ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ, കാർഡിയാക് സർജറി മേധാവി, ലിസി ഹോസ്പിറ്റൽ, കൊച്ചി)

Jose-Chacko-Periyappuram
ഡോ.ജോസ് ചാക്കോ പെരിയപ്പുറം

പലരും ഗാംഗുലിയുടെയും കപിലിന്റെയും കാര്യം പറയുന്നു. ചെറുപ്രായത്തിൽ ഉണ്ടാകാമായിരുന്ന ഹൃദയപ്രശ്നങ്ങളാകാം അവർ വ്യായാമത്തിലൂടെയും ജീവിതശൈലി ക്രമീകരണത്തിലൂടെയും ഇത്രയും നീട്ടിയെടുത്തതെന്ന മറുവശം കൂടി പരിഗണിക്കണം. പാരമ്പര്യമായി ഉണ്ടാകാവുന്ന ഹൃദയപ്രശ്നങ്ങൾ പൂർണമായി ഒഴിവാക്കാനാകില്ല. അതേസമയം, ജീവിതശൈലി പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്നവയെ വ്യായാമത്തിലൂടെയും ഡയറ്റ് ക്രമീകരണത്തിലൂടെയും മറികടക്കുകയും ചെയ്യാം.

ഏത് ഇന്ത്യക്കാർക്കും ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത എത്രയാണോ അതു തന്നെയാണു ഗാംഗുലിക്കും കപിൽ ദേവിനും. അവർ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതു കൊണ്ട് ആ സാധ്യതയിൽ കുറവുണ്ടു താനും. കേരളത്തിൽ ദിവസം നൂറുകണക്കിനു പേർക്കാണു ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. നന്നായി അധ്വാനിച്ചു ജീവിക്കുന്ന കൃഷിക്കാരനു ഹാർട്ട് അറ്റാക്ക് വന്നല്ലോ, അതെന്താണെന്നു ചിലർ ചോദിക്കും.

പാരമ്പര്യഘടകങ്ങളാണു മിക്കപ്പോഴും ഇതിനു കാരണം. കുടുംബത്തിൽ ആർക്കെങ്കിലും ഹൃദ്രോഗമുണ്ടെങ്കിൽ മറ്റുള്ളവരെല്ലാം ഇടയ്ക്കു ഹൃദയപരിശോധന നടത്തുകയും കൊളസ്ട്രോൾ ഉൾപ്പെടെയുള്ളവയുടെ തോത് നിയന്ത്രിച്ചു നിർത്തുകയും വേണം. ധമനികളിലോ ഹൃദയമിടിപ്പിലോ കൊളസ്ട്രോൾ നിക്ഷേപിക്കപ്പെടുന്നതിന്റെ തോതിലോ ഒക്കെ പാരമ്പര്യത്തിന് അനുസരിച്ചു വ്യതിയാനമുണ്ടാകാം.

ഗാംഗുലിയുടെ കുടുംബത്തിനു ഹൃദ്രോഗപാരമ്പര്യമുണ്ടെന്ന റിപ്പോർട്ടുകൾ നാം വായിച്ചു. കപിൽ ദേവിനാകട്ടെ, പ്രമേഹസംബന്ധമായ ഒട്ടേറെ സങ്കീർണതകളുമുണ്ടായിരുന്നു. അവയെ അതിജീവിക്കാനും ആരോഗ്യം കൂടുതൽ മോശമാകാതിരിക്കാനും അവരുടെ വ്യായാമവും ജീവിതശൈലി ക്രമീകരണവും സഹായിച്ചിട്ടുണ്ട്. 10 കൊല്ലം മുൻപ് ഉണ്ടാകേണ്ടിയിരുന്ന പ്രശ്നങ്ങളാകാം ഇപ്പോൾ സംഭവിച്ചത്.

ഉയർന്ന രക്തസമ്മർദം, പ്രമേഹം, പുകവലി, കുടുംബപാരമ്പര്യം, അമിതവണ്ണം, വ്യായാമമില്ലായ്മ, ഉയർന്ന കൊളസ്ട്രോൾ എന്നിങ്ങനെ 7 റിസ്ക് ഫാക്ടറുകളാണ് ഹൃദ്രോഗകാരണമായി പറയുന്നത്. പിന്നെയുള്ളത് പ്രായം കൂടുന്നതാണ് (ഏജിങ്). പ്രായം കൂടുന്നതിന്റെ പ്രശ്നങ്ങൾ നമുക്കു നിയന്ത്രിക്കാവുന്നതിന് അപ്പുറത്താണ്. സ്ട്രെസ് അഥവാ മാനസിക പിരിമുറുക്കമാണ് അടുത്തത്.

സമ്മർദക്കൂടുതലുള്ള ജോലി ചെയ്യുന്നവർ, മാനസിക വിഷമം അനുഭവിക്കുന്നവർ എന്നിവർക്ക് ഹൃദയമിടിപ്പ് കൂടാം, രക്തസമ്മർദമുയരാം, പ്രമേഹമുണ്ടെങ്കിൽ അതു നിയന്ത്രിക്കാൻ പ്രയാസമുണ്ടാകാം – ഇവയെല്ലാം ഹൃദ്രോഗത്തിലേക്കു നയിക്കാം.

കായികതാരങ്ങളിൽ ബാഡ്മിന്റൻ, ഫുട്ബോൾ തുടങ്ങി ഏറെ അധ്വാനം വേണ്ട കളികളിൽ ഏർപ്പെടുന്നവർ ഹൃദയാരോഗ്യം വളരെ ശ്രദ്ധിക്കേണ്ടതാണ്. ആദ്യമായി വ്യായാമം തുടങ്ങുന്നവർ ചാടിക്കയറി ഓരോന്നു ചെയ്യാതെ ശരീരത്തെ ആദ്യം പാകപ്പെടുത്തിയ ശേഷം പതുക്കെ മുന്നേറുക.


ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ലത് മോഡറേറ്റ് എയ്റോബിക്സ്
(ഡോ. നിജിൽ ക്ലീറ്റസ്, ചീഫ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ്, ഇന്ദിരാഗാന്ധി കോ–ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, കൊച്ചി)

dr-nigil-cletus
ഡോ.നിജിൽ ക്ലീറ്റസ്

നന്നായി ഫിറ്റ്നസ് കൂത്തുസൂക്ഷിക്കുന്നവരും ഇടയ്ക്ക് മെഡിക്കൽ പരിശോധനകൾ നടത്തി ഹൃദയമുൾപ്പെടെയുള്ള അവയവങ്ങളുടെ ആരോഗ്യം നിരീക്ഷിക്കേണ്ടതാണ്. പ്രത്യേകിച്ച് 40 വയസ്സ് കഴിഞ്ഞവർ വിവിധ രക്തപരിശോധനകളും ഇസിജി ഉൾപ്പെയുള്ളവയും ചെയ്ത് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നു കണ്ടെത്തണം. ജനിതകമായ രോഗങ്ങളോ, ഹൃദ്രോഗത്തിന്റെ കുടുംബപാരമ്പര്യമുള്ളവരും കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തണം.

45 മിനിറ്റ് മോഡറേറ്റ് എയ്റോബിക് വ്യായാമാണു ഹൃദയത്തിന് ഏറ്റവും മികച്ചത് – അതായത് മിതമായ തോതിലുളള എയ്റോബിക് വ്യായാമങ്ങൾ. ഒപ്പം ആഴ്ചയിൽ‍ 3 ദിവസമെങ്കിലും പേശീബലം കൂട്ടുന്ന മസിൽ സ്ട്രെങ്‌തനിങ്ങും (മിതമായ വെയ്റ്റ് ഉപയോഗിച്ച് ) ആണു വിദഗ്ധർ ശുപാർശ ചെയ്യുന്നത്. തീവ്രവ്യായാമങ്ങൾ കൊണ്ട് ഹൃദയാരോഗ്യം കൂടുതൽ മെച്ചപ്പെടില്ലെന്നുമറിയുക. പവർ ലിഫ്റ്ററിനോ മാരത്തൺ ഓട്ടക്കാരനോ അതിന്റെ പേരിൽ പ്രത്യേകിച്ച് ഹൃദയത്തിനു ഗുണം ലഭിക്കില്ല.

45 മിനിറ്റ് ദ്രുതനടത്തം (ബ്രിസ്ക് വോക്കിങ്) പൊതുവെ എല്ലാവർക്കും ചെയ്യാവുന്നതാണ്. നടക്കുന്നതിനിടെ സംസാരിക്കുമ്പോൾ ഒരു വാചകം പൂർത്തിയാക്കാൻ പറ്റരുത് – ആ രീതിയിൽ നടക്കണം. അതാണു നമുക്കു വേണ്ട നടപ്പിന്റെ വേഗവും ശക്തിയും. ഇത് എല്ലാവർക്കും ചെയ്യാമെങ്കിലും ഏതു വ്യായാമവും ആദ്യമായി തുടങ്ങുന്നതിനു മുൻപ് ഹൃദയപരിശോധനകൾ ഉൾപ്പെടെ നടത്തുന്നതാണു നല്ലത്.

പ്രായമായവരാണ് ഇതു കൂടുതൽ ശ്രദ്ധിക്കേണ്ടത്. വ്യായാമം ചെയ്തു തുടങ്ങുമ്പോൾ പതിയെപ്പതിയെ തീവ്രത കൂട്ടിയാൽ മതി. ആദ്യഘട്ടത്തിൽ ശരീരം വ്യായാമത്തിനായി തയാറെടുക്കട്ടെ. പേശികൾ വഴങ്ങിത്തുടങ്ങുമ്പോൾ അടുത്തഘട്ടം വ്യായാമത്തിലേക്കു കടക്കാം. ചെക്കപ്പുകളിലൂടെ മറ്റു പ്രശ്നങ്ങൾ കണ്ടെത്തുന്നില്ലെങ്കിൽ തുടരാം. എന്തെങ്കിലും പ്രശ്നം കണ്ടത്തിയാൽ അതനുസരിച്ചുള്ള വ്യായാമം വിദഗ്ധ മേൽനോട്ടത്തിൽ തിരഞ്ഞെടുക്കാം.

ഹാർട്ട് അറ്റാക്കോ മറ്റു ഹൃദ്രോഗങ്ങളോ വന്നവരോ ശസ്ത്രക്രിയയ്ക്കുൾപ്പെടെ വിധേയരാകുകയോ ചെയ്തവരാണെങ്കിൽ പൂർണമായും ഹൃദ്രോഗവിദഗ്ധന്റെ നിർദേശപ്രകാരം മാത്രമേ വ്യായാമങ്ങളിലേക്കു ഘട്ടം ഘട്ടമായി കടക്കാവൂ. അറ്റാക്ക് വന്നവരാണെങ്കിൽ സുഖപ്പെട്ടു കഴിഞ്ഞാൽ ആദ്യം ബെഡിൽ ഇരുത്തി നോക്കും. പിന്നീടു മുറിയിൽ സാവധാനം നടത്തി നോക്കും.

ആൻജിയോപ്ലാസ്റ്റി കഴിഞ്ഞവരാണെങ്കിൽ ആദ്യ ആഴ്ച വളരെ സാവധാനത്തിൽ 10 മിനിറ്റ് നടത്തി നോക്കും. പിന്നീടു ഘട്ടം ഘട്ടമായാണു 45 മിനിറ്റ് വരെയൊക്കെ എത്തിക്കുക. ഇതിനിടെ ആവശ്യമുള്ളവർക്കു സബ് മാക്സിമൽ ട്രെഡ്മിൽ ടെസ്റ്റ് നടത്തി നോക്കും. അതായത്, ഫുൾ ലെവലിൽ ഉള്ള ടിഎംടി അല്ല. ടാർഗറ്റ് ഹാർട്ട് റേറ്റിന്റെ (220– വയസ്സ് അതായത് 220ൽ നിന്നു വയസ്സു കുറച്ചാൽ കിട്ടുന്ന സംഖ്യ) 70% ഹാർട്ട് റേറ്റ് കിട്ടുന്ന രീതിയിലേ ഹാർട്ട് അറ്റാക്ക് കഴിഞ്ഞവരിൽ ടിഎംടി നോക്കുകയുള്ളൂ.

ഹൃദയത്തിന്റെ പമ്പിങ് കുറവുള്ളവർക്ക് അതിനനുസരിച്ചുള്ള വ്യായാമമാണു നിർദേശിക്കുക. കാർഡിയാക് റീഹാബിലിറ്റേഷൻ എന്ന പ്രോഗ്രാമിലൂടെ വേണം സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്താൻ. ആൻജിയോപ്ലാസ്റ്റിയും ബൈപാസുമെല്ലാം കഴിഞ്ഞവർ ഇത്തരം മാർഗനിർദേശങ്ങളിലൂടെ പൂർണമായും സജീവമായ ജീവിതശൈലിയിലേക്കു തിരികെയെത്തുന്നുണ്ട്.

തനി അലമ്പനായിട്ടും അയാൾക്കൊന്നും പറ്റിയില്ലല്ലോ എന്ന് പറയല്ലേ
(വിബിൻ സേവ്യർ, സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ – മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ ഉൾപ്പെടെയുള്ളവരുടെ ഫിറ്റ്നസ് ട്രെയിനർ, ഫിറ്റ്നസ് ഫോർഎവർ എന്ന സ്ഥാപനത്തിന്റെ ചെയർമാൻ)

vibin-xavier
വിബിന്‍ സേവ്യർ

ഒരു വണ്ടി 10,000 കിലോമീറ്റർ ഓടുമ്പോൾ സർവീസ് ചെയ്യണമെന്ന വയ്ക്കുക. ഒരാൾ പറയുകയാണ്, എന്റെ വണ്ടി 25,000 കിലോമീറ്റർ ആയിട്ടും സർവീസ് ചെയ്തിട്ട് എന്നിട്ടും ഒരു കുഴപ്പവുമില്ല എന്ന്. ഇതുകേട്ട്, അത്തരം വണ്ടി ഉപയോഗിക്കുന്നവരെല്ലാം അയാളുടെ മാതൃക പിന്തുടർന്നാൽ എങ്ങനെയിരിക്കും? ഒറ്റപ്പെട്ട ചില സംഭവങ്ങളെ സാമാന്യവൽക്കരിച്ചാൽ നമുക്കു തന്നെ പണികിട്ടും.

അതുപോലെയാണ് ഫിറ്റ്നസ്, ഡയറ്റ് എന്നിവയെക്കുറിച്ചുള്ള വാദവും. ശുദ്ധവായു ശ്വസിച്ച്, ശുദ്ധഭക്ഷണം കഴിച്ച്, ദുശ്ശീലങ്ങളില്ലാതെ, നന്നായി അധ്വാനിച്ചു ജീവിച്ചയാൾ ചെറുപ്രായത്തിൽ മരിച്ചു പോയെന്നും എന്നാൽ, കള്ളുംകുടിച്ച് സിഗരറ്റും വലിച്ച് അലസജീവിതം നയിച്ചയാൾ 100 വയസ്സുവരെ ജീവിച്ചെന്നും പറയുന്നവരോട് ഒന്നു ചോദിക്കട്ടെ – മികച്ച ശാരീരിക, മാനസിക അച്ചടക്കത്തിലൂടെ, ജീവിതശൈലി മാറ്റങ്ങളിലൂടെ, രോഗങ്ങളെയും പ്രായത്തിന്റെ പ്രശ്നങ്ങളെയും അതിജീവിക്കുന്ന ആയിരക്കണക്കിനു പേരെ നിങ്ങൾ കാണാത്തതാണോ കണ്ടില്ലെന്നു നടിക്കുന്നതാണോ?

എല്ലാറ്റിനെയും നെഗറ്റീവായി എടുക്കാനുള്ള പ്രവണത മാറ്റിവച്ച് നല്ല ശരീരവും മനസ്സും വാർത്തെടുക്കാൻ ശാസ്ത്രീയമായി ശ്രമിക്കുക. ശാസ്ത്രീയം എന്നു പറയാൻ കാരണമുണ്ട്. ഒറ്റയിരിപ്പിനു വണ്ണം കുറയ്ക്കും എന്ന മട്ടിൽ അശാസ്ത്രീയ മാർഗങ്ങൾ പലതും പ്രചരിക്കുന്ന കാലമായതിനാലാണിത്.

കൃത്യവും ശാസ്ത്രീയവുമായ വ്യായാമം, ജീവിതശൈലി ക്രമീകരണം എന്നിവ ശരീരത്തിനും മനസ്സിനും ഏറെ ഗുണം ചെയ്യും. ഓരോരുത്തർക്കും അനുയോജ്യമായ വ്യായാമമുറകൾ ശ്രദ്ധയോടെ തിരഞ്ഞെടുക്കണം. അതു വിഗദ്ധ മേൽനോട്ടത്തിൽ ചെയ്യുമ്പോൾ ഉദ്ദേശിക്കുന്ന ഫലം കിട്ടും. ഒപ്പം ആഹാരവും ഉറക്കവുമുൾപ്പെടെ ജീവിതശൈലി ചിട്ടപ്പെടുത്തുകയും വേണം. ഇല്ലെങ്കിൽ എന്തു ചെയ്തിട്ടും നോ റിസൽറ്റ്.

ഉയർന്ന ശാരീരികക്ഷമത വേണ്ട കായിക താരങ്ങൾ ചെയ്യുന്ന വ്യയാമമല്ല, സാധാരണ ജീവിതം നയിക്കേണ്ടവർ ചെയ്യേണ്ടത്. യൂട്യൂബും മറ്റും നോക്കി വ്യായാമം പഠിക്കുന്നവർ വിദഗ്ധരുടെ മാർഗനിർദേശം തേടണമെന്നു പറയുന്നത് അതുകൊണ്ടാണ്. ഇല്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

അമിതാവേശം കാട്ടി മരുന്നുകൾ ഉൾപ്പെടെയുള്ളവ കഴിച്ച് മസിൽ പെരുപ്പിക്കുന്നവർക്കു ഭാവിയിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകും. രക്തസമ്മർദം, പൊതുവെയുള്ള ആരോഗ്യം, ശാരീരിക ക്ഷമതയുടെ നില എന്നിവ ഉൾപ്പെടെയുള്ളവ പരിഗണിച്ചാണു നിശ്ചിത വ്യയാമങ്ങൾ തിരഞ്ഞെടുക്കേണ്ടത്.

Content Highlights: Sourav Ganguly, heart attack, BCCI president, Kapil Dev, Health, Excercise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com