ADVERTISEMENT

കൊച്ചി ∙ പ്രതിദിന നഷ്ടം 85 ലക്ഷം രൂപ, വാർഷിക നഷ്ടം 310 കോടി– ആലുവ മുതൽ പേട്ട വരെ ഒന്നാംഘട്ടം പൂർത്തിയാക്കുമ്പോൾ കൊച്ചിയുടെ ജീവനാഡിയാവുമെന്നു പറഞ്ഞ കൊച്ചി മെട്രോ ഇക്കണക്കിനു പോയാൽ കേരളത്തിന്റെ ‘മുടിയനായ പുത്രൻ’ ആവുമോയെന്നു സംശയം. യാത്രക്കാർ കയറിയില്ലെങ്കിലും തിങ്ങിനിറഞ്ഞു കയറിയാലും മെട്രോ ഓടിച്ചേ പറ്റൂ.

പതിവു യാത്രക്കാരെപ്പോലും ആകർഷിക്കാൻ പദ്ധതികളൊന്നുമില്ല. ലോക്ഡൗണിനു മുൻപു പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി 65000 ആയിരുന്നത് ഇപ്പോൾ 24000 എത്തിനിൽക്കുന്നു. യാത്രക്കാർ തിങ്ങിനിറഞ്ഞു കയറിയാലും മെട്രോയുടെ നഷ്ടം നികത്താനാവില്ല. പക്ഷേ, കുറയ്ക്കാനാവും. 

∙ എന്തുകൊണ്ട് ആളില്ല

മെട്രോയുടെ സൗകര്യവും ശുചിത്വവും കൃത്യതയാർന്ന സർവീസും മാത്രം പോരാ ആളുകളെ ആകർഷിക്കാൻ. വീട്ടിൽനിന്നിറങ്ങുന്ന ഒരാൾ മെട്രോയിൽ യാത്രചെയ്യാൻ മാത്രം ഒാട്ടോയിലും ബസിലും കയറി മെട്രോ സ്റ്റേഷനിലെത്തണമെന്നില്ല. ലാസ്റ്റ് മൈൽ കണക്ടിവിറ്റിയെന്ന മെട്രോയുടെ പ്രഖ്യാപനത്തിലേക്ക് ഏറെ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ആളുകൾ പൂർണമായി ഉൾക്കൊണ്ടിട്ടില്ല.

വീടിനു മുന്നിൽനിന്നാൽ, യാത്രക്കാരനു പോകേണ്ട സ്ഥലത്തേക്കു നേരിട്ടുള്ള ബസ് ലഭിക്കുമെങ്കിൽ പിന്നെന്തിനാണു മെട്രോ സ്റ്റേഷനിലേക്കു പോകുന്നത്? ബസിനും മെട്രോയ്ക്കും ഒരേ ടിക്കറ്റ് നിരക്കാണെങ്കിൽ ആളുകൾ മെച്ചപ്പെട്ട മെട്രോ യാത്ര തിരഞ്ഞെടുക്കും.

ടിക്കറ്റ് നിരക്ക് കുറയ്ക്കുകയോ സ്ഥിരം യാത്രക്കാർക്ക് ഇളവു പ്രഖ്യാപിക്കുകയോ മാത്രമാണു മെട്രോ ഉപേക്ഷിച്ചുപോയ പതിവുകാരെ തിരിച്ചു കൊണ്ടുവരാനുള്ള വഴി. ടിക്കറ്റ് നിരക്കു കുറച്ച അവസരത്തിലൊന്നും വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ മാറ്റമില്ലായിരുന്നുവെന്നു കെഎംആർഎൽ ഇതിനു മറുവാദം ഉന്നയിക്കുന്നു. ടിക്കറ്റ് നിരക്ക് പകുതിയായി കുറച്ചാൽപോലും മൂന്നിരട്ടി ആളു കയറിയാലെ വരുമാനത്തിൽ വർധനയുണ്ടാകൂ. 

∙ മറ്റു മെട്രോകളിലെ ഇളവുകൾ  

ചെന്നൈ മെട്രോ 30% ഇളവുകൾ പ്രഖ്യാപിക്കാനൊരുങ്ങുന്നു. ഹൈദരാബാദ് മെട്രോ 50% ചാലഞ്ച് പ്രഖ്യാപിച്ചു. 100 രൂപയ്ക്കു യാത്ര ചെയ്താൽ 50 രൂപ യാത്രാകാർഡിലേക്കു തിരിച്ചു കൊടുക്കും. ജയ്പുർ മെട്രോയിൽ വൈകിട്ട് 5നു ശേഷം 50% ഡിസ്കൗണ്ട് ലഭിക്കും.

സ്വപ്നപഥങ്ങളിലൂടെ: കൊച്ചി മെട്രോയുടെ പുതിയ െലെനിലൂടെയുള്ള ഉദ്ഘാടന യാത്ര തൃപ്പൂണിത്തുറ പേട്ടയിൽനിന്ന് ആരംഭിച്ചപ്പോൾ.                 ചിത്രം: ഇ.വി. ശ്രീകുമാർ ∙മനോരമ
സ്വപ്നപഥങ്ങളിലൂടെ: കൊച്ചി മെട്രോയുടെ പുതിയ െലെനിലൂടെയുള്ള ഉദ്ഘാടന യാത്ര തൃപ്പൂണിത്തുറ പേട്ടയിൽനിന്ന് ആരംഭിച്ചപ്പോൾ. ചിത്രം: ഇ.വി. ശ്രീകുമാർ ∙മനോരമ

∙ അടിസ്ഥാനപരമായ മാറ്റം വേണം

പതിവു യാത്രക്കാരെ എത്തിക്കാൻ അടിസ്ഥാനപരമായ മാറ്റം തന്നെ വേണം. കഴിഞ്ഞ വർഷം ജനുവരി ഒന്നിനാണു കൊച്ചി മെട്രോയിൽ ഏറ്റവും അധികം യാത്രക്കാർ കയറിയത്. ഒന്നേകാൽ ലക്ഷം. അതിനു മൂന്നു കാരണങ്ങളുണ്ടായിരുന്നു. റിട്ടേൺ ടിക്കറ്റ് ഫ്രീ. അതായതു ടിക്കറ്റിൽ 50% ഇളവ്. പാർക്കിങ് ഫ്രീ. സർവീസ് തീരുന്നതു രാത്രി 10 എന്നത് 11 വരെയാക്കി. ഇത്രയും ചെയ്തിട്ടും മെട്രോയിൽ കയറിയത് ഒന്നേകാൽ ലക്ഷം പേരെങ്കിൽ മെട്രോയിൽ യാത്രചെയ്യുന്ന പരമാവധി ആളുകളുടെ എണ്ണം 65000 എന്നു കരുതിയാൽ മതി.  ലോക്ഡൗണിനു മുൻപു ശരാശരി ഇത്രയും യാത്രക്കാർ കൊച്ചി മെട്രോയ്ക്ക് ഉണ്ടായിരുന്നു.

ടിക്കറ്റ് നിരക്കു കുറച്ചാലും മറ്റ് ഇളവുകൾ പ്രഖ്യാപിച്ചാലും നഗരത്തിനുള്ളിൽ യാത്ര ചെയ്യുന്ന കൂടുതൽ ആളുകളെ ആകർഷിക്കുക മാത്രമാണു മെട്രോയുടെ നിലനിൽപ്പിന് ആവശ്യം. സമയം നിശ്ചയിച്ചു തെക്കു–വടക്ക് വണ്ടിയോടിച്ചതു കൊണ്ടായില്ല, പുതിയ ‘ഫെയർ പ്രോഡക്ട്സ്‌’ ഡിസൈൻ ചെയ്താൽ മാത്രമേ മെട്രോയിലേക്ക് ആളുകളെത്തൂ. മെട്രോയുടെ സൗകര്യങ്ങളും നിയന്ത്രണങ്ങളും ആഡംബരങ്ങളും കണ്ടു പകച്ചു നിൽക്കുന്ന, ഇപ്പോഴും അതിൽ പതിവായി യാത്ര ചെയ്യാൻ ആലോചിക്കാത്ത ഒട്ടേറെ ആളുകൾ കൊച്ചിയിലുണ്ട്. അവരെക്കൂടി കയറ്റാനുള്ള വഴികളാലോചിക്കണം.‌

∙ നഷ്ടം സർക്കാരിനു മാത്രം

കോവിഡ് നിയന്ത്രണം മൂലം തിങ്ങിനിറഞ്ഞ് ആളുകളെ കയറ്റാൻ ഉദ്ദേശിക്കുന്നില്ല എന്ന കെഎംആർഎല്ലിന്റെ വാദം അധികകാലം ഉന്നയിക്കാനാവില്ല. ആളില്ലാതെ മെട്രോ ഒാടുമ്പോൾ നഷ്ടം പെരുകുകയാണ്. മെട്രോയിൽ ആളു നിറഞ്ഞാലും കുറഞ്ഞാലും നടത്തിപ്പു ചെലവിൽ കുറവില്ല. ആളു കൂടിയാൽ കിട്ടുന്നത്രയും അധിക വരുമാനം. മെട്രോയുടെ നഷ്ടം സംസ്ഥാന സർക്കാരിന്റെ മാത്രം നഷ്ടമാണ്. ഒരു രൂപപോലും കേന്ദ്ര സർക്കാർ വഹിക്കില്ല. അതിനാൽ സംസ്ഥാന സർക്കാരിന് ഇതിൽ ഉത്തരവാദിത്തമുണ്ട്. 

kochi-metro-service-resume

∙ പുതിയ ബസ് റൂട്ട് വരട്ടെ 

തൃപ്പൂണിത്തുറയിൽനിന്ന് ആലുവയ്ക്ക് ബസ് ഒാടുന്ന അതേ റൂട്ടിലാണു മെട്രോയും ഒാടുന്നത്. രണ്ടു സർവീസിനും ആളില്ല. സമാന്തരമായി ഒാടിക്കൊണ്ടിരുന്നാൽ രണ്ടും നഷ്ടത്തിന്റെ പടുകുഴിയിലാവും. മെട്രോയുടെ റൂട്ട് മാറ്റാൻ നിർവാഹമില്ല. ബസുകൾ തിരിച്ചുവിടാം. തെക്കു വടക്കു മെട്രോ ഒാടുമ്പോൾ കിഴക്കു പടിഞ്ഞാറായി ബസ് റൂട്ട് നിശ്ചയിക്കണം. മെട്രോ ഓടിത്തുടങ്ങുമ്പോഴേക്കും ബസ് റൂട്ട് ക്രമീകരണം ആലോചിച്ചിരുന്നതാണ്. അത് ഉടൻ പൂർത്തിയാക്കണം.

വൈപ്പിൻ ബസുകളെ നഗരത്തിലേക്കു പ്രവേശിപ്പിക്കാൻ ഇതൊരു അവസരമാക്കാം. നഗരത്തിൽ‌തന്നെ ബസ് റൂട്ടില്ലാത്ത സുഭാഷ് ചന്ദ്രബോസ് റോഡ്, തമ്മനം–പുല്ലേപ്പടി റോഡ് എന്നിവയെ കണക്ട് ചെയ്തു ബസ് റൂട്ടുകൾ ആവാം. ഫോർട്ടുകൊച്ചിയിൽനിന്നു കുണ്ടന്നൂർ–വൈറ്റില–പാലാരിവട്ടം റൂട്ട് ആലോചിക്കാം. ഫോർട്ട്കൊച്ചി – കുണ്ടന്നൂർ– തൃപ്പൂണിത്തുറ റൂട്ട് നടപ്പാക്കാം. 

വൈപ്പിൻ ബസുകൾക്ക് ആലോചിക്കാവുന്ന റൂട്ടുകൾ: വൈപ്പിൻ– കളമശേരി– കാക്കനാട്, വൈപ്പിൻ –ഹൈക്കോടതി–വൈറ്റില, മുനമ്പം– ഹൈക്കോടതി–കാക്കനാട്. ഈ റൂട്ടുകൾ ആരംഭിച്ചാൽ മെട്രോയും ബസും സമാന്തരമായി ഒാടുന്നത് ഒഴിവാക്കാം. മെട്രോ റൂട്ടിനു കുറുകെ ബസുകൾ ഒാടുമ്പോൾ രണ്ടു സർവീസിലേക്കും കൂടുതൽ യാത്രക്കാരെത്തും.

∙ നഷ്ടം 310 കോടി രൂപ

2019– 20 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ട് അനുസരിച്ചു കൊച്ചി മെട്രോയുടെ നഷ്ടം 310 കോടി രൂപയാണ്. ലോക്ഡൗൺ മൂലം 5 മാസം പൂർണമായും സ‍ർവീസ് ഇല്ലാതിരുന്ന ഈ വർഷത്തെ കണക്കു വരാനിരിക്കുന്നതേയുള്ളൂ. ലോക്ഡൗണിലെ 21 ദിവസം മാത്രമേ കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിലുള്ളൂ.

2018–19 വർഷത്തേക്കാൾ നഷ്ടം 25 കോടി കൂടി. ടിക്കറ്റ് ഇതര വരുമാനം 2019നേക്കാൾ 2020ൽ വർധനയുണ്ടായി. 104.48 കോടിയെന്നത് 134.95 കോടിയായി. ടിക്കറ്റ്  വരുമാനവും കൂടി, 56.93 കോടി. ലോക്ഡൗൺ കാലത്തെ ശരാശരി പ്രതിമാസ വരുമാനം 2.41 കോടി രൂപ. ചെലവ് 9.96 കോടി. എഎഫ്ഡി വായ്പ 1260 കോടി. കാനറ ബാങ്കിൽനിന്നുള്ള വായ്പ 1170 കോടി.

English Summary: Kochi Metro’s loss shot up to Rs 310 crore in 2019-20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com