ADVERTISEMENT

കൊച്ചി ∙ ദക്ഷിണേന്ത്യയിലെ ഏറ്റവും മനോഹരമായ റെയിൽ റൂട്ടുകളിലൊന്നാണു കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന കൊല്ലം– ചെങ്കോട്ട പാതയിലെ പുനലൂർ–ചെങ്കോട്ട ഗാട്ട് സെക്‌ഷൻ. പശ്ചിമഘട്ടത്തിലെ വനങ്ങളും വെള്ളച്ചാട്ടങ്ങളും അരുവികളും തുരങ്കങ്ങളും കടന്നു ട്രെയിൻ എത്തുക പാതയ്ക്ക് ഇരുവശവും നോക്കെത്താദൂരം പച്ച വിരിച്ചു കിടക്കുന്ന തമിഴ്നാട്ടിലെ ഭഗവതിപുരം സ്റ്റേഷനിലേക്കാണ്.

വഴിയിൽ പാതയിലെ സൂപ്പർ സ്റ്റാറായ 13 കണ്ണറ പാലവുമുണ്ട്. പാലരുവി, കുറ്റാലം വെള്ളച്ചാട്ടങ്ങൾ, തെൻമല ഡാം, ഇക്കോ ടൂറിസം സെന്റർ തുടങ്ങി ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സാമീപ്യവും പാതയ്ക്കുണ്ട്. വളരെയധികം ടൂറിസം സാധ്യതകളും കേരളത്തിൽനിന്നു ചെന്നൈയിലേക്കു ഏറ്റവും ദൂരം കുറഞ്ഞ പാതയും ആണെങ്കിലും വികസനം ഇവിടെ നാരോ ഗേജിലാണ്. 

മീറ്റർഗേജ് പാത 2010ൽ ആണ് ബ്രോഡ്ഗേജാക്കാനായി അടച്ചത്. ചെങ്കോട്ട–ന്യൂ ആര്യങ്കാവ് സെക്‌ഷൻ (20 കി.മീ), പുനലൂർ–ഇടമൺ (8 കിമീ) എന്നിവ 2017 മാർച്ച് 31നും ന്യൂ ആര്യങ്കാവ്– ഇടമൺ സെക്‌ഷൻ (21 കിമീ) 2018 മാർച്ച് 31നും ഗേജ് മാറ്റം പൂർത്തിയാക്കി കമ്മിഷൻ ചെയ്തു. 2018 ജൂൺ ഒൻ‍പതിനാണു ബ്രോഡ്ഗേജ് പാതയുടെ ഒൗദ്യോഗിക ഉദ്ഘാടനം നടന്നത്.

bhagavaathipuram-train
ഭഗവതിപുരം. ചിത്രത്തിന് കടപ്പാട്: ദക്ഷിണ റെയിൽവെ

390 കോടി രൂപ ചെലവിട്ടു േഗജ് മാറ്റം നടത്തിയ പാതയിൽ ഇപ്പോൾ സർവീസ് നടത്തുന്നതു തിരുനെൽവേലി–പാലക്കാട് പാലരുവി, കൊല്ലം–ചെന്നൈ മെയിൽ എന്നീ 2 ട്രെയിനുകളാണ്. കോവിഡിനു മുൻപു പേരിനു ഒരു പാസഞ്ചർകൂടി ഉണ്ടായിരുന്നു. കടുത്ത അവഗണനയാണ് ഈ പാത നേരിടുന്നത്.

മീറ്റർഗേജ് കാലത്തു 12 ട്രെയിനുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 2 ട്രെയിൻ സർവീസ് നടത്തുന്നത്. പാതയിലെ വേഗം 40ൽ നിന്നു മണിക്കൂറിൽ 30 ആയി കുറയുകയും ചെയ്തു. കൊല്ലം–ചെങ്കോട്ട പാത ബ്രോഡ്ഗേജായി 3 വർഷമായിട്ടും ട്രെയിനുകളിലെ കോച്ചുകൾ കൂട്ടാൻ ഇനിയും നടപടിയില്ല.

13SR-railway
13 കണ്ണറ പാലം. ചിത്രത്തിന് കടപ്പാട്: ദക്ഷിണ റെയിൽവെ

ഇപ്പോഴും 14 കോച്ചുകളാണു ഇൗ സെക്‌ഷനിലോടുന്ന ട്രെയിനുകൾക്കുള്ളത്. ഗാട്ട് െസക്‌ഷനായ പുനലൂർ മുതൽ ചെങ്കോട്ട വരെ സുരക്ഷയ്ക്കായി ട്രെയിനിന്റെ പുറകിലും ഒരു എൻജിൻ (ബങ്കർ ലോക്കോ) പിടിപ്പിച്ചാണു സർവീസ്. ഗുരുവായൂർ–പുനലൂർ, മധുര–പുനലൂർ എക്സ്പ്രസുകൾ ചെങ്കോട്ടയിലേക്കു നീട്ടാൻ കഴിയാത്തതിനൊപ്പം ഏറ്റവും തിരക്കുള്ള തിരുനെൽവേലി–പാലക്കാട് പാലരുവി എക്സ്പ്രസിലും കൊല്ലം–ചെന്നൈ മെയിലിലും കോച്ചുകൾ കൂട്ടാൻ കഴിയാത്ത സ്ഥിതിയാണ്.

14 കോച്ചുകളിൽ തിങ്ങി നിറഞ്ഞാണു പാലരുവിയുടെ കേരളത്തിലൂടെയുള്ള യാത്ര. പുനലൂർ–ചെങ്കോട്ട പാതയിൽ പുനലൂർ മുതൽ തമിഴ്നാട് അതിർത്തിയായ ഭഗവതിപുരം വരെ മണിക്കൂറിൽ 30 കിലോമീറ്റർ വേഗവും ഭഗവതിപുരം മുതൽ ചെങ്കോട്ട വരെ 60 കിലോമീറ്ററുമാണ് അനുവദനീയമായ പരമാവധി വേഗം.

എന്നാൽ ശക്തി കൂടിയ എൻജിനുപയോഗിച്ചാൽ കോച്ചുകളുടെ എണ്ണം കൂട്ടാൻ കഴിയുമെങ്കിലും ദക്ഷിണ റെയിൽവേ അതിനു തയാറാകുന്നില്ല. 3100 എച്ച്പി (കുതിരശക്തിയുള്ള) ഡബ്ല്യുഡിജി 3 എ എന്ന എൻജിനാണ് ഈ സെക്‌ഷനിൽ ഉപയോഗിക്കുന്നത്. 4000 എച്ച്പിയുള്ള ഡബ്ല്യുഡിപി 4, 4500 എച്ച്പിയുള്ള ഡബ്ല്യുഡിപി 4 ഡി എന്നിവ ഉപയോഗിച്ചാൽ കോച്ചുകൾ കൂട്ടാൻ കഴിയുമെങ്കിലും മധുര ഡിവിഷനും ദക്ഷിണ റെയിൽവേയും തയാറാകുന്നില്ല.

പാത കമ്മിഷൻ ചെയ്യുന്നതിനു മുന്നോടിയായുള്ള റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധനാ റിപ്പോർട്ടിൽ പറയുന്നത് എൻജിനുകളുടെ ശക്തി അനുസരിച്ചു കോച്ചുകളുടെ എണ്ണം നിർണയിക്കാമെന്നാണ്. ഡീസൽ എൻജിൻ ഒാടിക്കാൻ മടിയാണെങ്കിൽ എത്രയും വേഗം പാത വൈദ്യുതീകരിക്കാൻ റെയിൽവേ തയാറാകണമെന്നു കൊല്ലം–ചെങ്കോട്ട  റെയിൽ പാസഞ്ചർ അസോസിയേഷൻ സെക്രട്ടറി ദിപു രവി പറയുന്നു. 

പാത വൈദ്യുതീകരണം ഇതുവരെ 

കൊല്ലം–പുനലൂർ (44 കിമീ), പുനലൂർ–ചെങ്കോട്ട (49 കിമീ), ചെങ്കോട്ട–വിരുദനഗർ (130 കിമീ)

കൊല്ലം മുതൽ പുനലൂർ വരെ പാത വൈദ്യുതീകരണത്തിനു അനുമതി ലഭിച്ചിട്ടു മാസങ്ങളായെങ്കിലും പണി ഇഴയുകയാണ്. എന്നാൽ പുനലൂർ മുതൽ ചെങ്കോട്ട വരെ വൈദ്യുതീകരണത്തിന് ഇനിയും ടെൻഡർ വിളിച്ചിട്ടില്ല. ഈ 49 കിലോമീറ്റർ പാത വൈദ്യുതീകരിക്കാതെ കൊല്ലം–പുനലൂർ പാത വൈദ്യുതീകരിക്കുന്നതു കൊണ്ടു കാര്യമായ ഗുണമില്ല.

madurai-tejas-train
മധുര–ചെന്നൈ തേജസ് എക്സ്പ്രസ് . ചിത്രത്തിന് കടപ്പാട്: ദക്ഷിണ റെയിൽവെ

ചെങ്കോട്ട വഴി പോകേണ്ട ട്രെയിനുകൾ കൊല്ലത്തുനിന്നുതന്നെ ഡീസൽ എ‍ൻജിനിൽ ഒാടേണ്ടി വരും. ചെങ്കോട്ട മുതൽ വിരുദനഗർ വരെ വൈദ്യുതീകരണത്തിന്റെ കരാർ എൽ ആൻഡ് ടിക്കാണ്. 2022 ജൂണിൽ വൈദ്യുതീകരണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. 

അവിടെ പറ്റും, ഇവിടെ നടക്കില്ലേ?

45ൽ അധികം ഗാട്ട് സെക്‌ഷനുകൾ ഇന്ത്യൻ റെയിൽവേയിലുണ്ട്. പുനലൂർ–ചെങ്കോട്ടയേക്കാൾ ബുദ്ധിമുട്ടേറിയ സെക്‌ഷനുകളായ കജ്‌രത്ത് ലോണാവാല (മഹാരാഷ്ട്ര), കസാറ–ഇഗ്താപുരി (മഹാരാഷ്ട്ര), ചിഞ്ചോട–ടീഗോൺ (മധ്യപ്രദേശ്) എന്നീ സെക്‌ഷനുകളിലെല്ലാം പരമ്പരാഗത ഐസിഎഫ് കോച്ചുകളാണെങ്കിൽ, 24 കോച്ചുകളും 22 എൽഎച്ച്ബി കോച്ചുകളും ട്രെയിനുകൾ ഉപയോഗിക്കാൻ തടസ്സമില്ല. 

പാത വൈദ്യുതീകരിച്ചാലുള്ള നേട്ടങ്ങൾ 

∙ പാസഞ്ചർ ട്രെയിനുകൾ മെമു സർവീസാക്കി മാറ്റം. കൊല്ലത്തെ എൻജിൻ മാറ്റവും അതുമൂലമുളള സമയനഷ്ടവും ഒഴിവാകും. തിരുവനന്തപുരം ഡിവിഷനിലെ മെമു ഹബ് കൊല്ലമായതിനാൽ കൊല്ലത്ത് അവസാനിപ്പിക്കുന്ന ചില സർവീസുകൾ പുനലൂർ വഴി ചെങ്കോട്ടവരെ നീട്ടാം.

∙ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 14ൽ നിന്ന് 18, അല്ലെങ്കിൽ 20 ആയി കൂട്ടാൻ കഴിയും.

∙ കോച്ചുകൾ കൂടുതലുള്ളതിനാൽ പുനലൂരിൽനിന്നു ചെങ്കോട്ടയിലേക്ക് ഇപ്പോൾ നീട്ടാൻ കഴിയാത്ത ഗുരുവായൂർ–പുനലൂർ എക്സ്പ്രസ് മധുരയിലേക്കു നീട്ടാം. മധുര–പുനലൂർ എക്സ്പ്രസ് (തിരുവനന്തപുരം, നാഗർകോവിൽ വഴി വരുന്നത്) സർക്കുലർ സർവീസാക്കി ചെങ്കോട്ട, രാജപാളയം, ശിവകാശി വഴി മധുരയിലേക്കു നീട്ടാം. 

∙ചെങ്കോട്ടയിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകളിൽ ചിലതു കൊല്ലത്തേക്കോ തിരുവനന്തപുരത്തേക്കോ നീട്ടാം. 

കണക്‌ഷൻ ട്രെയിൻ ഒാടിച്ചാൽ മധുര–ചെന്നൈ തേജസ് എക്സ്പ്രസിൽ ചെന്നൈയ്ക്കു പോകാം. (6.15 മണിക്കൂർ കൊണ്ടു മധുരയിൽനിന്നു ചെന്നൈയിലെത്താം) മധുര–ചെന്നൈ തേജസ് എക്സ്പ്രസിനു കൊല്ലം– മധുര സെക്ടറിൽ കണക്‌ഷൻ ട്രെയിൻ ഒാടിച്ചാൽ ഏറ്റവും എളുപ്പം ചെന്നൈയിൽ എത്താൻ കഴിയും.

ചെന്നൈ–മധുര തേജസ് രാവിലെ 6.00ന് പുറപ്പെട്ടു ഉച്ചയ്ക്കു 12.15ന് മധുരയിലെത്തും. മധുരയിൽനിന്ന് ഉച്ചയ്ക്കു 3നു പുറപ്പെട്ടു രാത്രി 9.15ന് ചെന്നൈയിലെത്തും. കണക്‌ഷൻ ട്രെയിൻ ലഭിച്ചാൽ കൊല്ലത്തുനിന്നു 13 മണിക്കൂർ (759 കിമീ) കൊണ്ടു ചെന്നൈയിലെത്താൻ കഴിയും.

∙മറ്റു ട്രെയിനുകൾ എടുക്കുന്ന സമയം

1.കൊല്ലം–ചെന്നൈ മെയിൽ–15.05 മണിക്കൂർ 

2.കൊല്ലം–ചെന്നൈ അനന്തപുരി–17.05 മണിക്കൂർ 

3.തിരുവനന്തപുരം–ചെന്നൈ മെയിലിൽ കൊല്ലം–ചെന്നൈ– 15.37 മണിക്കൂർ 

4.തിരുവനന്തപുരം–ചെന്നൈ സൂപ്പറിൽ കൊല്ലം– ചെന്നൈ–15.42 മണിക്കൂർ  

∙പുതിയ ട്രെയിനുകൾ വേണ്ടത്

1.തിരുവനന്തപുരം–ഊട്ടി (ചെങ്കോട്ട, മധുര, കൊടൈക്കനാൽ റോഡ്, ഡിണ്ടിഗൽ, പഴനി, പൊള്ളാച്ചി, കോയമ്പത്തൂർ വഴി മേട്ടുപ്പാളയം) 

2.മുൻപു പ്രഖ്യാപിച്ച എറണാകുളം വേളാങ്കണ്ണി (കോട്ടയം, കൊല്ലം വഴി) സർവീസ് ആരംഭിക്കുക.

Content Highlights: Punalur to Shenkottai, Indian Railway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com