ADVERTISEMENT

കോവിഡ് കാലത്തു വീട്ടിലിരുന്നവരിൽ ഇപ്പോഴും കരകയറാൻ പാടുപെടുന്നവരാണു കലാകാരന്മാർ. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുണ്ടായതോടെ ഉത്സവങ്ങളും പരിപാടികളും നിയന്ത്രണങ്ങൾക്കു വിധേയമായി നടത്താമെന്നു സർക്കാർ നിർദേശം വന്നത് ആശ്വാസമായിരുന്നു. എന്നാൽ യുകെ വകഭേദം കോവിഡ് സംസ്ഥാനത്തും കണ്ടെത്തിയതോടെ വീണ്ടും നിയന്ത്രണങ്ങൾ കടുക്കുകയാണ്.

രണ്ടു പ്രളയവും ലോക്ഡൗണും കൊണ്ടുതന്നെ സംസ്ഥാനത്തെ ഉത്സവങ്ങളും കലാപരിപാടികളും പകുതിയോളമായി കുറഞ്ഞിരുന്നു. വിവിധ സംഘടനകളുടെ സമ്മേളനങ്ങളും വാർഷികങ്ങളുമൊക്കെ കോവിഡ് കാരണം ഓൺലൈനായും സൂം പോലെയുള്ള ആപ്ലിക്കേഷനുകളിലൂടെയുമായി. സമ്മേളനങ്ങളുടെ ഭാഗമായി നടന്നിരുന്ന കലാപരിപാടികൾ ഓൺലൈനായി അവതരിപ്പിക്കുന്നതോടെ പ്രതിഫലവും നാമമാത്രമായി. ഇതിനൊപ്പം വരുമാനം നഷ്ടമായ ആരുമറിയാത്ത കുറേപ്പേരുണ്ട്. പരിപാടികളുടെ പശ്ചാത്തലത്തിലുള്ള ചില ജീവിതങ്ങൾ. അതിലൊരു മേഖലയുടെ നഷ്ടക്കണക്കാണിത്.

∙ പാളിപ്പോകുന്ന പാളക്കാലം

അടയ്‌ക്കയ്‌ക്കു വില കുറയുമ്പോൾ കണ്ണീർ വാർക്കുന്ന മിക്കവർക്കും അറിയില്ല, കവുങ്ങിന്റെ പച്ചപ്പാളയുടെ വില. ഉണങ്ങിവീഴുന്ന പാള പ്ലേറ്റാക്കുന്ന കച്ചവടം ചിലയിടത്തെങ്കിലും ഉണ്ട്. എന്നാൽ മധ്യകേരളത്തിൽ ലക്ഷങ്ങൾ കൊയ്യുന്ന കച്ചവടമാണു പച്ചപ്പാളയുടെ ഇടപാട്. മധ്യകേരളത്തിന്റെ തനത് അനുഷ്‌ഠാന കലയായ പടയണിക്കു പാളക്കോലങ്ങൾ ഒരുക്കാൻ വേണ്ടിയാണു പച്ചപ്പാള ആവശ്യം.

തെയ്യമോ മറ്റു കലാരൂപങ്ങളോ പോലെ സ്ഥിരം ചമയങ്ങൾ പടയണിക്ക് ഇല്ല. ഓരോ കോലവും പുതുതായി നിർമിക്കുക തന്നെ വേണം. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള കാലമാണ് ഉത്സവ സീസൺ. ഇതിനു പുറമെയാണു കേരള ഫോക്‌ലോർ അക്കാദമി അടക്കമുള്ള വിവിധ സംഘടനകളും മറ്റും ഒരുക്കുന്ന പരിപാടികൾ.

പച്ചപ്പാളയുടെ പുറം ചെത്തിയൊരുക്കി വെട്ടിരൂപപ്പെടുത്തി അതിൽ പ്രകൃതി ദത്തമായ വർണങ്ങളുപയോഗിച്ചാണു പടയണിയിൽ കോലങ്ങളൊരുക്കുന്നത്. ഒരു പാളമുതൽ ആയിരത്തൊന്നു പാളകൾ വരെ ഉപയോഗിക്കുന്ന കോലങ്ങളുണ്ട്. ഒരു പാളയ്‌ക്കു ശരാശരി 80 രൂപയാണു നാട്ടിൻപുറങ്ങളിൽ പാളയെടുപ്പുകാർ വാങ്ങുന്നത്. തിരക്കേറിയകാലത്ത് ഇത് 100 രൂപ വരെയാകും. 5 വർഷം മുൻപ് 50 രൂപയായിരുന്നതാണ് ഇപ്പോൾ 80 രൂപയിലേക്കെത്തിയത്.

Padayani
പടയണി കോലം ഉണ്ടാക്കുന്നു

∙ ഓർമയിലൊതുങ്ങുന്ന വരുമാനക്കാലം

ഒരു ഉത്സവകാലത്ത് ഏറ്റവുമധികം കോലങ്ങളെത്തുന്നത് ആലപ്പുഴ ഹരിപ്പാട് കാഞ്ഞൂർ ദുർഗാക്ഷേത്രത്തിലെ ഉത്സവത്തിനാണ്. രണ്ട് ദിവസം കൊണ്ടുമാത്രം അറൂനൂറോളം വലിയ കോലങ്ങളാണെത്തുക. കുറഞ്ഞത് 50 പാളയെങ്കിലും വേണ്ടവയാണു വലിയ കോലങ്ങൾ. ഇതിനായി മാത്രം വേണ്ടിവരുന്നത് ഏകദേശം 30,000 പാളയാണ്. പല മേഖലകളിൽനിന്നുള്ള പടയണി സംഘങ്ങളെയാണു ക്ഷേത്രഭാരവാഹികളും കോലം വഴിപാടായി നേരുന്ന വീട്ടുകാരും നിയോഗിക്കുക.

ഇതുവഴി ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെയും സമീപപ്രദേശങ്ങളിലെയും പാളയെടുപ്പുകാർക്ക് ഈ ദിവസങ്ങളിൽ ലഭിക്കുന്നത് 24 ലക്ഷത്തോളം രൂപ! പിന്നീട് ഒരു ദിവസം തന്നെ ഏറ്റവുമധികം കോലങ്ങളെത്തുന്നതു പത്തനംതിട്ട താഴൂർ ഭഗവതി ക്ഷേത്രത്തിലാണ്. ഇവിടെ നാൽപതോളം വലിയ കോലങ്ങൾക്കായി ഏകദേശം ഒന്നരലക്ഷം രൂപയുടെ പാള വേണം.

ഇലന്തൂർ ഭഗവതിക്കുന്ന് ക്ഷേത്രത്തിലെ പടയണിക്ക് ഒരു സീസണിൽ ഒരുലക്ഷത്തോളം രൂപയുടെ പാള വേണം. ഓതറ പുതുക്കുളങ്ങര ക്ഷേത്രത്തിലെ വലിയ പടയണിക്ക് 1001 പാളയിൽ തീർക്കുന്ന വലിയ ഭൈരവിക്കോലമാണ് കളത്തിലെത്തുന്നത്. ഇതിനു മാത്രം ഒരുലക്ഷത്തോളം രൂപ പാളയെടുപ്പുകാർക്കു കിട്ടുമായിരുന്നു. ഇതിനും പുറമെയാണു ചെറിയ കോലങ്ങൾക്കുള്ള പച്ചപ്പാളകൾ.

മധ്യകേരളത്തിലെ മുപ്പതോളം പടയണിക്കരകളിലായി ഒരു കോടിയിലധികം രൂപയുടെ പച്ചപ്പാളയാണു വേണ്ടിവരിക. ഇതിനു പുറമേ വിവിധ പടയണി സംഘങ്ങൾ മറ്റുക്ഷേത്രങ്ങളിലെ പടയണിക്കായി വാങ്ങുന്ന പാള വേറെയും. കേരളത്തിലെ വിവിധ സ്‌ഥലങ്ങളിലായി നടത്തുന്ന പടയണി അവതരണങ്ങൾ ഇതിനു പുറമേയാണ്.

മുൻവർഷങ്ങളിൽ വിവിധ ക്ഷേത്രങ്ങളിലെ പടയണി അവതരണത്തിനായി ഒരുലക്ഷത്തോളം രൂപയുടെ പാള വാങ്ങേണ്ടി വന്നിരുന്നുവെന്നു പന്തളം കുരമ്പാല ഗോത്രകല ഇന്റർനാഷനൽ പടയണി ഫൗണ്ടേഷൻ ഭാരവാഹികൾ പറയുന്നു. പല സ്‌ഥലത്തും അതതു ക്ഷേത്രങ്ങളോ വഴിപാടു നൽകുന്ന വീട്ടുകാരോ ആണു പാള നൽകുക.

ഇതു കൂടി കണക്കിലെടുത്താൽ അറുപതിനായിരം രൂപയോളമാണ് പച്ചപ്പാളയ്‌ക്കു വേണ്ടി മാത്രം ചെലവാകുന്നത്. ഇത് ഒരു പടയണി സംഘത്തിന്റെ മാത്രം കണക്ക്. കടമ്മനിട്ടയിലും ഇലന്തൂരുമൊക്കെയായി നാല്‍പതോളം പടയണി കളരികളും സംഘങ്ങളുമുണ്ട്.

ഇത്തവണ ആൾക്കൂട്ടം ഒഴിവാക്കി പടയണി നടത്താനാണു പല ക്ഷേത്രങ്ങളും ഒരുങ്ങുന്നത്. കോവിഡും ലോക്‌ഡൗണും ആളുകളുടെ സാമ്പത്തികത്തിലും പിടിമുറുക്കിയതിനാൽ വഴിപാടു കോലങ്ങൾ ഇത്തവണ കുറയാനാണു സാധ്യതയെന്നു കടമ്മനിട്ട ഭഗവതിക്ഷേത്രം സെക്രട്ടറി കടമ്മനിട്ട രഘുകുമാർ പറയുന്നു. ചെറിയ കോലങ്ങൾ വഴിപാടായി ധാരാളം എത്തുന്ന ക്ഷേത്രങ്ങളുണ്ട്. ആളുകൾ കുറയുന്നതോടെ ഇതിലും കുറവുണ്ടാകും. ഇതും പാളയെടുപ്പുകാരെയാണു ബാധിക്കുക.

മിക്ക ക്ഷേത്രങ്ങളുമായും ബന്ധപ്പെട്ടു പാളയെടുക്കുന്ന ഒന്നോരണ്ടോ സംഘങ്ങളുണ്ടാകും. മറ്റുജോലികളും ചെയ്യുമെങ്കിലും പടയണിക്കാലത്തുള്ള ഈ വരുമാനമായിരുന്നു മിക്കവരുടെയും കരുതൽ ധനം. ഉത്സവകാലത്ത് മാത്രം പാളയെടുപ്പിന് 80,000 രൂപയോളം ലഭിക്കുമായിരുന്നുവെന്നു പാളയെടുക്കുന്നതിൽ വിദഗ്ധനായ ഹരിപ്പാട് പുതുവേലി തെക്കതിൽ ശിവരാമൻ പറയുന്നു.

വിവിധ ക്ഷേത്രങ്ങൾക്കും പടയണി സംഘങ്ങൾക്കും സ്ഥിരമായി പാള എത്തിക്കുന്നയാളാണു ശിവരാമൻ. ഇതിനൊപ്പം സ്റ്റേജ് ഡെക്കറേഷൻ ജോലികൾക്കും പോകുമായിരുന്നു. കോവിഡ് വന്നതോടെ ഇതെല്ലാം അടഞ്ഞു. ഇത്തവണ ഇതുവരെ ഒരു അന്വേഷണം പോലും വന്നിട്ടില്ല.

വിവിധ സംഘടനകൾക്കും കേരളത്തിലെ മറ്റുജില്ലകളിലെ സാംസ്കാരിക പരിപാടികൾക്കുമായി വിവിധ പടയണി സംഘങ്ങൾ വർഷം മുഴുവൻ പാളയുടെ ആവശ്യക്കാരാണ്. കുറഞ്ഞത് 5000 രൂപയാണ് ഓരോ പരിപാടിക്കും പാളയ്ക്കുമാത്രമായി ചെലവാകുന്നത്. കോവിഡെത്തിയതോടെ ഇതും ഇല്ലാതെയായി.

∙ കവുങ്ങിനു ദോഷമില്ല, കർഷകർക്കും വരുമാനം

ഒരു കവുങ്ങിൽനിന്ന് ഒരു പാളമാത്രമേ എടുക്കാറുള്ളു. പൂക്കുലയുള്ള കവുങ്ങിൽനിന്നു പാളയെടുക്കില്ല. കവുങ്ങിനു ദോഷമല്ലാത്തതിനാൽ കർഷകർക്കും എതിർപ്പില്ല. കർഷകന് ഒരു പാളയ്‌ക്ക് പത്തു മുതൽ 20 രൂപവരെ കിട്ടും. പാള ഇളക്കിയെടുത്ത് പൊട്ടലോ പോറലോ ഇല്ലാതെ താഴെയെത്തിക്കണം. കവുങ്ങിൽ കയറി പാളയെടുക്കാനറിയാവുന്നവർക്കു പൊന്നുംവിലയാണു പത്തനംതിട്ട ജില്ലയിൽ.

എന്നാൽ ചെലവ് എത്ര ഏറിയാലും, പടയണിയുടെ അടിസ്ഥാനം തന്നെ പാളയായതിനാൽ കോലങ്ങളൊരുക്കാൻ പാള വിട്ട് പേപ്പർ പോലെയുള്ള സംവിധാനങ്ങളിലേക്കു പോകാനാവില്ല. നാടൻകലകളോടു മലയാളിക്കു താൽപര്യമേറിയതിനാൽ പ്രളയകാലത്തുപോലും പരിപാടികൾ അത്യാവശ്യം ലഭിച്ചിരുന്നു.

എന്നാൽ കോവിഡ് വന്നതോടെ കലാകാരൻമാരും പാളയെടുപ്പുകാരും അനാഥാവസ്ഥയിലായെന്നു പടയണി പരിശീലന കേന്ദ്രമായ പന്തളം കുരമ്പാല ഗോത്രകല പടയണി ഫൗണ്ടേഷൻ പ്രസിഡന്‍റ് കിരണ്‍ കുരമ്പാല പറയുന്നു.

Content Highlights: Covid 19, Coronavirus, Padayani, Festivals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT