Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡേവിസ് കപ്പ്: ഇന്ത്യൻ ജയം 4–1ന്

TENNIS-DAVIS-IND-KOR ഡേവിസ് കപ്പിൽ വിജയിച്ച ഇന്ത്യൻ ടീം ആഹ്ലാദത്തിൽ.

ചണ്ഡിഗഡ് ∙ ദക്ഷിണ കൊറിയയ്ക്കെതിരായ ഡേവിസ് കപ്പ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് 4–1ന്റെ വിജയം. അവസാന മൽസരത്തിൽ യോങ് ക്യു ലീം കൊറിയയ്ക്ക് ആശ്വാസമേകി. നേരത്തേ ആദ്യ മൂന്നു മൽസരങ്ങളും വിജയിച്ച ഇന്ത്യ ലോക ഗ്രൂപ്പ് പ്ലേ ഓഫിൽ കടന്നിരുന്നു. റിവേഴ്സ് സിഗിൾസ് മൽസരങ്ങളിൽ ഓരോന്നു വീതം ഇന്ത്യയും കൊറിയയും ജയിച്ചതോടെയാണ് പോരാട്ടം 4–1ൽ സമാപിച്ചത്. ഏറെക്കാലത്തിനുശേഷം ഡേവിസ് കപ്പിൽ സിംഗിൾസ് മൽസരത്തിനു റാക്കറ്റെടുത്ത രോഹൻ ബൊപ്പണ്ണ എതിരാളി ഹോങ് ചുങ്ങിനെ 3–6, 6–4, 6–4 തോൽപ്പിച്ചു. എന്നാൽ രാംകുമാർ രാമനാഥൻ 3–6, 6–4, 6–7ന് ലീമിനോടു തോറ്റു.

വെള്ളിയാഴ്ച നടന്ന കടുത്ത മൽസരത്തെത്തുടർന്നുള്ള ക്ഷീണത്തിൽനിന്നു മുക്തനായി വരുന്ന സാകേത് മൈനെനിക്കു പകരമായാണ് ബൊപ്പണ്ണ സിംഗിൾസിലിറങ്ങിയത്. 2012ൽ ഉസ്ബക്കിസ്ഥാനെതിരെയാണ് ബൊപ്പണ്ണ അവസാനം സിംഗിൾസ് കളിച്ചത്. 4–1നു തോറ്റെങ്കിലും മൽസരങ്ങളിലെല്ലാം മികച്ച പോരാട്ടം നടത്തിയശേഷമായിരുന്നു കൊറിയൻ താരങ്ങൾ കീഴടങ്ങിയത്. തീർത്തും പരിചിതമായ സാഹചര്യങ്ങളിൽ കളിച്ച അവർ ഇന്ത്യൻ താരങ്ങൾക്ക് അനായാസ വിജയത്തിന് അവസരം നൽകിയില്ല.

മൽസരത്തിനുശേഷം ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തം ചെയ്ത് ഇന്ത്യൻ താരങ്ങൾ കാണികളെ രസിപ്പിക്കുകയും ചെയ്തു. വിജയത്തോടെ ലോക ഗ്രൂപ്പ് പ്ലേ ഓഫിൽ കടന്ന ഇന്ത്യയ്ക്ക് ഇതോടെ 16 രാജ്യ ലോക ഗ്രൂപ്പിലേക്കുള്ള പ്രവേശനത്തിനു പോരാടാം. സെപ്റ്റംബറിൽ നടക്കുന്ന പ്ലേ ഓഫിനുള്ള എതിരാളികളെ തീരുമാനിച്ചിട്ടില്ല.

2011ലാണ് ഇന്ത്യ അവസാനമായി ലോകഗ്രൂപ്പിൽ കളിച്ചത്. അവിടെ ആദ്യറൗണ്ടിൽ സെർബിയയോടു തോൽക്കുകയായിരുന്നു. പിന്നീട് രണ്ടുവട്ടം പ്ലേ ഓഫിൽ കളിച്ചെങ്കിലും ഇന്ത്യയ്ക്കു വിജയം കണ്ടെത്താനായില്ല. 2014ൽ ബെംഗളൂരുവിൽ സെർബിയയോടും കഴിഞ്ഞ വർഷം ന്യൂഡൽഹിയിൽ ചെക്ക് റിപ്പബ്ലിക്കിനോടുമായിരുന്നു ഇന്ത്യൻ തോൽവി.

related stories
Your Rating: