Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിരീടക്കനവുകളുമായി വീണ്ടും ചെന്നൈയിൻ

കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ രണ്ടാമൂഴത്തിലെ സൂപ്പർ ടീംതന്നെയായിരുന്നു ചെന്നൈയിൻ. ഗോളിൽ കവചം തീർത്ത അപൗല എദൽ, മധ്യനിരയിൽ മാന്ത്രികരായ എലാനോയും പെല്ലിസാറിയും, മുൻനിരയിൽ ഗോൾവർഷമായി മെൻഡോസ...തമിഴക ടീമിന്റെ കരുത്തും കാതലുമായിരുന്നത് ഈ കാഴ്ചകളാണ്. ഇവർ കളംനിറഞ്ഞാടിയപ്പോൾ കന്നിക്കിരീടവും നെഞ്ചിലേറ്റിയായിരുന്നു ചെന്നൈയിന്റെ മടക്കം. ഇക്കുറി ആ നേട്ടം ആവർത്തിക്കാനുള്ള പടപ്പുറപ്പാടിൽ ടീമിനു വെല്ലുവിളി തീർക്കുന്നതും ഈ പേരുകൾതന്നെ. എഡലും എലാനോയും മെൻഡോസയും പെല്ലിസാറിയുമില്ലാത്ത സംഘമാണു മൂന്നാം വരവിൽ ചെന്നൈയിൻ എഫ്സി. വിജയക്കൂട്ടായ്മയെന്നു വിശേഷിപ്പിക്കപ്പെട്ട താരപ്പടയിൽ വൻമാറ്റങ്ങളുണ്ടായെങ്കിലും കരുത്തിൽ കാര്യമായ ചോർച്ചയില്ല. അഴിച്ചുപണിയുടെ ചിന്ന ചിന്ന ആശങ്കകളുണ്ടുതാനും. ടീമിന്റെ തലയെടുപ്പായി മാറിയ എലാനോ ബ്ലൂമറിനൊത്ത മാർക്വീ താരത്തെത്തന്നെ കണ്ടെത്തിയിട്ടുണ്ട് ധോണിയുടെയും അഭിഷേക് ബച്ചന്റെയും സംഘം. നോർവേയുടെ, ലിവർപൂളിന്റെ ഇതിഹാസം ജോൺ ആർനെ റീസാണു പുതിയ മാർക്വീ. പോയ സീസണിൽ ഡൽഹിക്കു കളിച്ച റീസ് പരിചയസമ്പത്തിന്റെ കാര്യത്തിൽ എലാനോയ്ക്കൊപ്പം നിൽക്കും. സെറ്റ്പീസ് വൈദഗ്ധ്യത്തിന്റെ കാര്യത്തിൽ ലിവർപൂളിന്റെ മുൻ വിശ്വസ്ത താരം എലാനോ മാജിക് മുഖ്യമായും മൈതാനമധ്യത്തിലാണെങ്കിൽ റീസ് ബോക്സ് ടു ബോക്സ് പോരാട്ടത്തിന്റെ ആളാണ്. മാർക്കോ മറ്റെരാസിയുടെ ഇറ്റാലിയൻ തന്ത്രത്തിൽ വീണ്ടും വിശ്വാസമർപ്പിച്ചിട്ടുള്ള ചെന്നൈയ്ക്കു പ്രതിരോധംതന്നെയാണു കരുത്ത്. ഫ്രഞ്ച് താരം ബെർണാഡ് മെൻഡിയും ബ്രസീൽ താരം ഏഡറും സാന്റോസ് താരമായിരുന്ന സാബിയയും ഉൾപ്പെടുന്ന പിൻനിരയിൽ നിലവാരമുള്ള ഇന്ത്യൻ സാന്നിധ്യങ്ങളും എത്തുന്നതോടെ മാർക്വീ താരം റീസിനു മധ്യത്തിലേക്കു മാറിക്കളിക്കാനും അവസരമൊരുങ്ങും. പ്രതിരോധിക്കാൻതന്നെയാണു റീസിന്റെ തീരുമാനമെങ്കിൽ ചെന്നൈയുടെ ലെഫ്റ്റ് – റൈറ്റ് ബാക്ക് സഖ്യം ഇത്തവണ വിങ്ങുകളിൽ തരംഗം തീർക്കും. റൈറ്റ് ബാക്കായെത്തുന്ന പാരീസ് സെന്റ് ജർമെയ്ന്റെ മുൻ താരം മെൻ‍ഡിയും പാർശ്വത്തിലൂടെ പറന്നു ഗോൾ തേടുന്ന സ്വഭാവക്കാരനാണ്. ഇന്ത്യൻ താരം ധനചന്ദ്ര സിങ്ങും പോയവർഷം കൊൽക്കത്തയ്ക്കു കളിച്ച നല്ലപ്പൻ മോഹൻരാജും ഇന്ത്യൻ ജൂനിയർ താരംകൂടിയായ ബഗാന്റെ അഭിഷേക് ദാസും വെറ്ററൻ സാന്നിധ്യം മെഹ്റാജുദീൻ വാഡൂവും ചേരുന്നതാണ് ഇന്ത്യൻ പ്രതിരോധപ്പൂട്ട്. മധ്യനിരയിൽ എലാനോയുടെയും പെല്ലിസാറിയുടെയും വിടവ് നികത്താനും ഡൽഹി ഡൈനാമോസിൽനിന്നാണു ചെന്നൈ ആളെ എത്തിച്ചത്. രണ്ടു സീസണുകളിലും അധ്വാനിച്ചു കളിച്ച ഡച്ച് താരം ഹൻസ് മൾഡറാണ് ആ താരം. കളി മെനയാൻ മിടുക്കനായ മൾഡർക്കു ബ്രസീൽ ക്ലബ് ഫ്ലൂമിനെൻസിന്റെ താരമായ റഫേൽ അഗസ്റ്റോയും മുൻ ഇറ്റാലിയൻ താരം മാനുവൽ ബ്ലാസിയുമാണു വിദേശ കൂട്ടാളികൾ. പോയ സീസണിൽ തിളങ്ങിയ ഇവർക്കൊപ്പം ഗോളവസരം തുറക്കാൻ മിടുക്കുള്ള ഹർമൻജ്യോത് ഖബ്രയും പറന്നു കളിക്കുന്ന തോയ് സിങ്ങും പോലുള്ള ഉശിരൻ ഇന്ത്യൻ മിഡ്ഫീൽഡർമാരും ചെന്നൈയിനുണ്ട്. ഇന്ത്യൻ യുവതാരങ്ങളായ ധൻപാൽ ഗണേഷും ബെംഗളൂരു എഫ്സിയുടെ സിയാം ഹംഗലും മലയാളി താരം എം.പി.സക്കീറും കൗമാരവിസ്മയം ഡാനിയൽ ലാൽലിംപൂയിയയുംകൂടി ഉൾപ്പെടുന്ന വിശാലമധ്യനിരയിൽ ചാംപ്യൻമാർക്കു പെരിയ പ്രതീക്ഷ വയ്ക്കാം. കൊളംബിയക്കാരൻ മെൻഡോസ കൊടുങ്കാറ്റു വിതച്ച ചെന്നൈയിൻ ആക്രമണത്തിൽ ഇക്കുറി പഴയ ശൗര്യം കാണാനില്ല. സീരി ബി ലീഗിൽനിന്നു വരുന്ന ഡേവി‍ഡ് സൂസിയും സീരി ഡി കളിച്ചെത്തുന്ന മൗറീഷ്യോ പെലൂസോയും ചേരുന്ന ഇറ്റാലിയൻ ജോടിയാണു മുന്നേറ്റത്തിന്റെ മുന്നിൽ. എഫ്സി ഗോവ വിട്ടെത്തുന്ന നൈജീരിയക്കാരൻ ഡു‍ഡുവും ഒപ്പമുണ്ട്. ഇന്ത്യൻ ടീമിലെ സ്ഥിരക്കാരനായി മാറിയ ജെജെ ലാൽപെഖൂലയും ജയേഷ് റാണയും യൂത്ത് സെൻസേഷൻ ഉത്തം റായിയും അത്‌ലറ്റിക്കോ വിട്ടെത്തുന്ന ബൽജിത് സാഹ്നിയുമാണു മുന്നേറ്റത്തിലെ ഇന്ത്യൻ അണികൾ. ഗോൾ വലയ്ക്കു മുന്നിൽ എദലിന്റെ വിശ്വസ്തകരങ്ങൾക്കു പകരക്കാരനായെത്തുന്നതു ജമൈക്കൻ രാജ്യാന്തര താരം ഡ്വെയ്ൻ കെർ ആണ്. ആറടി അഞ്ചിഞ്ച് ഉയരമുള്ള കെറിനു കൂട്ടായുള്ളത് ഇന്ത്യൻ ഗോൾവല കാത്ത കരൺജിത് സിങ്ങും ബെംഗളൂരു എഫ്സിയുടെ പവൻകുമാറും. ∙∙∙∙ മാർക്വീ സ്റ്റാർ ജോൺ ആർനെ റീസ് പ്ലേയിങ് റോൾ: ലെഫ്റ്റ് ബാക്ക് / സെൻട്രൽ മിഡ്ഫീൽഡർ രാജ്യം: നോർവേ രാജ്യാന്തര മൽസരം: 110 പ്രധാന ക്ലബ്ബുകൾ: ലിവർപൂൾ, ഫുൾഹാം

Your Rating: