Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ്എൽ കേളികൊട്ടിന് വടക്കുകിഴക്ക് ഒരുങ്ങി

kerala-blasters-training ഐഎസ്എല്ലിനായി കേരള ബ്ലാസ്റ്റേഴ്സ് ഗുവാഹത്തിയിൽ പരിശീലനത്തിൽ

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മൽസരത്തിന്റെ മൂന്നാംപതിപ്പിനു നാളെ ഗുവാഹത്തിയിൽ തുടക്കം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഫുട്‌ബോളിനോടുള്ള ആദരസൂചകമായിട്ടാണു രാജ്യത്തെ ഏറ്റവും വലിയ ഫുട്‌ബോൾ മാമാങ്കത്തിനു സംഘാടകർ അസം തലസ്ഥാനം തിരഞ്ഞെടുത്തത്. ദേശീയ ഗെയിംസിനോടനുബന്ധിച്ച് ഒരുക്കിയ മനോഹരമായ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തിലെ ഉദ്ഘാടനമൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ആതിഥേയരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഏറ്റുമുട്ടും. ഗുവാഹത്തിയിലെത്തിയ ബ്ലാസ്റ്റേഴ്സ് അവസാനഘട്ട പരിശീലനത്തിലാണ്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കലാരൂപങ്ങൾ അണിനിരക്കുന്ന ഉദ്ഘാടനച്ചടങ്ങിനു ഗ്ലാമർ പകരാൻ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, ജാക്വിലിൻ ഫെർണാണ്ടസ്, വരുൺ ധവാൻ എന്നിവർ എത്തും. വൈകിട്ട് അഞ്ചരയോടെ ഉദ്ഘാടനച്ചടങ്ങുകൾക്കു തുടക്കമാകും. സ്റ്റാർ സ്‌പോർട്‌സും ഏഷ്യാനെറ്റ് മൂവീസ് ഉൾപ്പെടെയുള്ള സ്റ്റാറിന്റെ അനുബന്ധ ചാനലുകളും ഉദ്ഘാടനച്ചടങ്ങും മൽസരങ്ങളും സംപ്രേഷണം ചെയ്യും. ഏഴുമണിക്കാണു മാച്ച് ആരംഭിക്കുക.

കഴിഞ്ഞ സീസണിലെ പരാജയത്തിനു തിരിച്ചടി നൽകാനുള്ള തയാറെടുപ്പിലാണു കേരള ബ്ലാസ്റ്റേഴ്‌സ്. തിങ്കളാഴ്ച മുതൽ ഗുവാഹത്തിയിൽ പരിശീലനം നടത്തുന്ന ടീമിൽ പ്രതീക്ഷയുണ്ടെന്ന് കോച്ച് സ്റ്റീവ് കോപ്പൽ മനോരമയോടു പറഞ്ഞു. പരിശീലന മൽസരങ്ങളിൽ ടീം നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഓരോദിവസം കഴിയുംതോറും മികവു കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജയത്തിനൊപ്പം സ്ഥിരതയുള്ള പ്രകടനവുമാണു ടീമിന്റെ ലക്ഷ്യം. മറ്റു ടീമുകളുടെ നിലവാരം കളിച്ചു മാത്രമേ അറിയാനാകൂ. അതുകൊണ്ടുതന്നെ അവകാശവാദത്തിനില്ലെന്നും കോപ്പൽ പറഞ്ഞു.

ടീം മാർക്വീ താരം ആരോൺ ഹ്യൂസ്, മൈക്കൽ ചോപ്ര എന്നിവർ ഉൾപ്പെടെയുള്ളവർ ഫോമിലാണ്. ടീമിലെ നാലു മലയാളിതാരങ്ങളിൽ റിനോ ആന്റോയും സി.കെ.വിനീതും ഉദ്ഘാടന മൽസരത്തിനെത്തിയിട്ടില്ല. ബാംഗ്ലൂർ എഫ് സിയുമായുള്ള മുൻകരാറിന്റെ അടിസ്ഥാനത്തിൽ വിദേശത്തു മൽസരത്തിലാണ് ഇവർ. മറ്റു രണ്ടു മലയാളി താരങ്ങളായ മുഹമ്മദ് റാഫിയും പ്രശാന്തും പ്രാക്ടീസ് ആരംഭിച്ചിട്ടുണ്ട്. വിദേശമണ്ണിലെ പരിശീലനവും സന്നാഹമൽസരങ്ങളിലെ മികച്ച പ്രകടനവും നൽകുന്ന ആത്മവിശ്വാസത്തിലാണു കേരള ബ്ലാസ്റ്റേഴ്‌സ്.

related stories
Your Rating: