Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെപ്പോക്കിലെ ആഘോഷം ചെങ്ങന്നൂരിൽ വരെ

karun-nair-alappuzha-home കരുൺ നായരുടെ ബാറ്റിങ് ചെങ്ങന്നൂരിലെ വീട്ടിൽ ടിവിയിൽ കാണുന്ന മാതൃ സഹോദരി ലത, അമ്മൂമ്മ തങ്കമണിയമ്മ, ലതയുടെ ഭർത്താവ് രാജീവ് ചന്ദ്രൻ, മകൾ ആർഷ രാജീവ്, കമലാക്ഷിയമ്മ എന്നിവർ.

ചെങ്ങന്നൂർ ∙ ചെന്നൈ ചിദംബരം സ്റ്റേഡിയത്തിന്റെ അതിരുകളെ വിറകൊള്ളിച്ചു പാഞ്ഞ പന്ത് കരുൺ നായർക്കു ട്രിപ്പിൾ സെഞ്ചുറി സമ്മാനിച്ചപ്പോൾ ചെങ്ങന്നൂരിലെ ‘രാജീവ’ത്തിന്റെ ചുവരുകളും കരഘോഷത്താൽ പ്രകമ്പനം കൊണ്ടു. കരുണിന്റെ അച്ഛനമ്മമാർ ചെന്നൈയിലായിരുന്നു.

അമ്മ പ്രേമയുടെ സഹോദരി ലതാ രാജീവിന്റെ വീട്ടിൽ അമ്മൂമ്മ തങ്കമണിയമ്മയും ലതയുടെ ഭർത്താവും റിട്ട. പഞ്ചായത്ത് സെക്രട്ടറിയുമായ രാജീവ് ചന്ദ്രനും മകൾ ആർഷ രാജീവും രാജീവിന്റെ അമ്മ കമലാക്ഷിയമ്മയുമൊക്കെ ഇന്നലെ രാവിലെ മുതൽ ടിവിക്കു മുന്നിൽ തന്നെയായിരുന്നു. കരുണിന്റെ ബാറ്റിൽനിന്നു പന്തു ബൗണ്ടറി കടക്കുമ്പോഴൊക്കെ ഇവരുടെ ആവേശവും കൊടുമുടി കയറി.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ മത്സരത്തിൽ കരുൺ സെഞ്ചുറി നേടിയപ്പോൾ ഉണ്ടായ സന്തോഷം മണിക്കൂറുകൾക്കുള്ളിൽ ഇരട്ട സെഞ്ചുറിയും ട്രിപ്പിൾ സെഞ്ചുറിയും നേടിയപ്പോൾ ആനന്ദം പതിൻമടങ്ങായി. ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരത്തിന്റെ നേട്ടമറിഞ്ഞ് അഭിനന്ദനം അറിയിക്കാനായി വീട്ടിലെത്തുന്നവരോടെല്ലാം തങ്ങളുടെ ‘ഉണ്ണി’യുടെ വിശേഷങ്ങൾ പറയാനേ നേരമുള്ളൂ എല്ലാവർക്കും.

ഇന്ത്യയ്ക്കു ടെസ്റ്റിലെ ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കാനായതു കരുണിന്റ ബാറ്റിങ് മികവിലാണെന്നതും ഈ വലംകയ്യൻ ബാറ്റ്സ്മാൻ നേടിയ ട്രിപ്പിൾ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 759 റൺസ് സ്വന്തമാക്കിയതും ചെങ്ങന്നൂരുകാരെമുഴുവൻ അഭിമാനത്തിലാഴ്ത്തി. ചെങ്ങന്നൂർ കീഴ്ചേരിമേൽ വാക്കയിൽ കുടുംബാംഗമാണു കരുണിന്റെ അമ്മ പ്രേമ. അച്ഛൻ കലാധരൻ നായർ മാലക്കര മാളിയേക്കൽ കുടുംബാംഗവും.

ഇക്കഴിഞ്ഞ ഓണത്തിനു കീഴ്ചേരിമേൽ പള്ളിയോടത്തിനു വള്ളസദ്യ വഴിപാടായി നടത്താൻ കരുൺ ചെങ്ങന്നൂരിൽ എത്തിയിരുന്നു. അവധി ആഘോഷിക്കാൻ മിക്കപ്പോഴും നാട്ടിലെത്താറുണ്ട്.

Your Rating: