Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്സ്

kerala-blasters-team-07

കൊച്ചി ∙ ആവേശത്തിന്റെ പഞ്ചമുദ്രയ്ക്കൊപ്പം മലയാളത്തനിമയും നിറഞ്ഞ അന്തരീക്ഷത്തിൽ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ് വീണ്ടും ഉദിച്ചുയർന്നു. മുന്നിൽ നിന്നു നയിക്കുന്ന ഊർജസ്വലനായ പരിശീലകൻ സ്റ്റീവ് കൊപ്പൽ, ടീമിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഉടമകളായ ചിരഞ്ജീവി, നാഗാർജുന, നിമ്മഗഡെ പ്രസാദ്, അല്ലു അരവിന്ദ്. എല്ലാത്തിനും മുകളിൽ സച്ചിൻ തെൻഡുൽക്കർ. പുതിയ സീസൺ ഐഎസ്എല്ലിനായി ബ്ലാസ്റ്റേഴ്സിനെ ഇവർ ഒന്നു ചേർന്നു മലയാളക്കരയിൽ അവതരിപ്പിച്ചു. ടീമിന്റെ പുതിയ ജഴ്സിയും പുറത്തിറക്കി.

മുണ്ടുടുത്താണു ടീം ഉടമകളായ സച്ചിൻ തെൻഡുൽക്കറും ചിരഞ്ജീവി, നാഗാർജുന, നിമ്മഗഡ്ഡ പ്രസാദ്, അല്ലു അരവിന്ദ് എന്നിവരും എത്തിയത്. മലയാളത്തിൽ നമസ്കാരം പറഞ്ഞു തുടങ്ങിയ സച്ചിൻ കേരളത്തിലെ ആരാധകരെക്കുറിച്ചാണ് സംസാരിച്ചത്. ആരാധകരുടെ സ്നേഹം വാക്കുകൾകൊണ്ട് വിവരിക്കാനാവില്ലെന്നു പറഞ്ഞ സച്ചിൻ അവരുടെ സ്നേഹം കഴിഞ്ഞ രണ്ടു സീസണിലും ഏറെ അനുഭവിച്ചതാണെന്നും പറഞ്ഞു. ഈ സീസണിലും ആരാധകരുടെ പിന്തുണ വേണമെന്നും സച്ചിൻ പറ‍ഞ്ഞു.

ടീം മാർക്വീ താരം ആരൺ ഹ്യൂസ്, കെവെൻസ് ബെൽഫോർട്ട്, ഡക്കൻസ് നസോൺ, മെഹ്താബ് ഹുസൈൻ, മുഹമ്മദ് റഫീഖ്, അസ്‌റക് മെഹ്മത്, ഗുർവിന്ദർ സിങ്, മലയാളി താരങ്ങളായ സി.കെ.വിനീത്, റിനോ ആന്റോ എന്നിവരൊഴികെയുള്ള താരങ്ങളെല്ലാം ടീം അവതരണത്തിൽ പങ്കെടുത്തു. ഇവർ തായ്‌ലൻഡിലെ പരിശീലന ക്യാംപിലേക്ക് നേരിട്ടെത്തും.

പുതിയ സീസണിനായി മികച്ച തയാറെടുപ്പാണു നടത്തുന്നതെന്നു മലയാളി താരം മുഹമ്മദ് റാഫി പറഞ്ഞു. ആരൺ ഹ്യൂസെന്ന അതികായന്റെയൊപ്പം പ്രതിരോധ നിരയിൽ കളിക്കാൻ കാത്തിരിക്കുകയാണെന്നായിരുന്നു സന്ദേശ് ജിങ്കാന്റെ പ്രതികരണം. കളിക്കളത്തിലിറങ്ങാൻ മാനസികമായും ശാരീരികമായും പൂർണമായും തയാറെടുത്തുകഴിഞ്ഞെന്നു മുന്നേറ്റ നിര താരം മൈക്കൽ ചോപ്രയും പറഞ്ഞു. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് തന്നെയാണു ടീമിന്റെ ടൈറ്റിൽ സ്പോൺസർ. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ തോമസ് മുത്തൂറ്റ്, ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റ് എന്നിവർ സച്ചിനൊപ്പം ടീമിന്റെ പുതിയ ജഴ്സി അവതരിപ്പിച്ചു.

ടീം അംഗങ്ങളെ പരിചയപ്പെടുത്തിയ ശേഷം എല്ലാവർക്കുമൊപ്പം ഓണസദ്യയും കഴിച്ചാണ് സച്ചിൻ മടങ്ങിയത്. ഇലയിട്ട് രണ്ടു കൂട്ടം പായസം സഹിതമുള്ള സദ്യയാണു സച്ചിൻ തെൻഡുൽക്കർക്കും ടീം അംഗങ്ങൾക്കുമായി ഒരുക്കിയിരുന്നത്. ഇന്നു പുലർച്ചയോടെ പരിശീലനത്തിനായി ടീം തായ്‌ലൻഡിലേക്കു പുറപ്പെട്ടു. തായ് പ്രീമിയർ ലീഗിലെയും ഫസ്റ്റ് ഡിവിഷൻ ലീഗിലെയും ഫുക്കറ്റിലെ നാഷനൽ ഫുട്ബോൾ ട്രെയിനിങ് സെന്ററിലെയും താരങ്ങൾക്കെതിരെ പരിശീലന മത്സരങ്ങളും ടീം കളിക്കും.

ഒക്ടോബർ ഒന്നിന് ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

നിവിൻ പോളി യൂത്ത് അംബാസഡർ

nivin-with-kerala-blasters-owners-06

കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് അംബാസഡറായി നടൻ നിവിൻ പോളി. ഇന്നലെ ടീം അവതരണത്തിനിടെയാണു നിവിൻ പോളിയെ യൂത്ത് അംബാസഡറായി പ്രഖ്യാപിച്ചത്. ടീം അവതരണത്തിൽ സച്ചിനൊപ്പം വേദിയിൽ നിവിൻ പോളിയും പങ്കെടുത്തു. എക്കാലത്തും സച്ചിന്റെ ആരാധകനായ തനിക്ക് സച്ചിനൊപ്പം ഒരു വേദിയിലെത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നു നിവിൻ പോളി പറഞ്ഞു.

ആക്രമണം ശൈലി: കൊപ്പൽ

കൊച്ചി ∙ അറുപതിനായിരത്തോളം വരുന്ന കാണികളുണ്ടാകുന്ന മത്സരത്തിനൊത്ത പ്രകടനം ഉറപ്പാക്കുക എന്ന ഉത്തരവാദിത്തമാണു തനിക്കുള്ളതെന്നു കേരള ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകൻ സ്റ്റീവ് കൊപ്പൽ. ആക്രമണോത്സുകരായി കളിക്കാനാണ് ടീം ഇഷ്ടപ്പെടുന്നത്. കഴിഞ്ഞ 10 ദിവസമായി തിരുവനന്തപുരത്തു മികച്ച മുന്നൊരുക്കമാണു നടത്തുന്നത്. ഇന്ത്യൻ താരങ്ങളെ രാജ്യാന്തര താരങ്ങൾക്കൊപ്പം ഒന്നുചേർന്നു കളിപ്പിക്കുകയാണ് ആദ്യ പടി. വിദേശത്തു നടക്കുന്ന പരിശീലനത്തിൽ ടീമിനു കൂടുതൽ ഒത്തൊരുമയുണ്ടാകും. വ്യത്യസ്തനായ കോമ്പിനേഷനുകളാണ് പരിശീലനത്തിൽ നടപ്പാക്കുന്നത്. ഇതു മത്സരത്തിനായി മികച്ച നിരയെ എത്തിക്കാൻ സഹായിക്കും. ഒഴിവുകഴിവുകൾ പറയാൻ ഇല്ലെന്നും മികച്ച പ്രകടനമാണു ലക്ഷ്യമെന്നും കൊപ്പൽ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് ടീം:

ഗോൾ കീപ്പർമാർ: ഗ്രഹാം സ്റ്റാക്ക് (അയർലൻഡ്), സന്ദീപ് നന്ദി, കുനാൽ സാവന്ത്, മുഹമ്മദ് മുനീറുസമാൻ അൻസാരി (ഇന്ത്യ).

പ്രതിരോധം: ആരൺ ഹ്യൂസ് (വടക്കൻ അയർലൻഡ്), സെഡ്രിക് ഹെങ്‌ബെർട്ട് (ഫ്രാൻസ്), എൽഹാദ്ജി എൻഡോയെ (സെനഗൽ), സന്ദേശ് ജിങ്കാൻ, റിനോ ആന്റോ, ഗുർവിന്ദർ സിങ്, പ്രത്വിക് ചൗധരി (ഇന്ത്യ).

മധ്യനിര: ദിദിയർ ബോറിസ് കാദിയോ (ഐവറി കോസ്റ്റ്), അസ്‌റക് മഹ്മത് (ചാഡ്), ഹോസു കുരിയാസ് പ്രീറ്റോ (സ്‌പെയിൻ), കെ. പ്രശാന്ത്, ഇഷ്ഫാഖ് അഹമ്മദ്, മെഹ്താബ് ഹുസൈൻ, വിനീത് റായ്, മുഹമ്മദ് റഫീഖ്, സി.കെ.വിനീത് (ഇന്ത്യ).

മുന്നേറ്റം: അന്റോണിയോ ജർമൻ, മൈക്കൽ ചോപ്ര (ഇംഗ്ലണ്ട്), കെവെൻസ് ബെൽഫോർട്ട്, ഡക്കൻസ് നസോൺ (ഹെയ്ത്തി), മുഹമ്മദ് റാഫി, ഫാറൂഖ് ചൗധരി, തോങ്കോസിം ഹോകിപ് (ഇന്ത്യ).

ഹെഡ് കോച്ച്: സ്റ്റീവ് കൊപ്പൽ, അസിസ്റ്റന്റ് കോച്ച്: വാൾട്ടർ ഡൗൺസ്, ഇഷ്ഫാഖ് അഹമ്മദ്. ഗോൾകീപ്പർ പരിശീലകൻ: ഗ്രഹാം സ്റ്റാക്ക്.

related stories
Your Rating: