Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവന്റെ ഉയിർപ്പ്; കേരളത്തിൽ ആദ്യമായി ഹൃദയവും ശ്വാസകോശവും ഒരുമിച്ചു മാറ്റിവയ്ക്കപ്പെട്ട പെൺകുട്ടിയുടെ ജീവിതം

JENISHA-WITH-PARENTS അച്ഛൻ വർഗീസിനും അമ്മ നിർമലയ്ക്കുമൊപ്പം ജനീഷ. ചിത്രം: ടോണി ഡൊമിനിക്

‘‘ഒരു കുന്നിൻപുറത്തായിരുന്നു എന്റെ വീട്. പക്ഷികളുടെ പറക്കലും കാറ്റും ആകാശവും മേഘങ്ങളും നിലാവും നക്ഷത്രങ്ങളുമൊക്കെ തൊട്ടടുത്തു കാണാം. പുലരാൻനേരം ജനാലയുടെ പുറത്തു മൃദുവായി ഒരു മുട്ടുകേൾക്കും. പാളി തുറന്നുനോക്കുമ്പോൾ സൂര്യൻ പുറത്തുനിന്നു ചിരിക്കുന്നുണ്ടാകും. നീയിത്ര നേരത്തേ വന്നോ എന്നു ചോദിച്ച് ഞാൻ കോട്ടുവായോടെ കണ്ണുകൾ തിരുമ്മും.

വേദന മാറിയോ ? സൂര്യൻ ചോദിക്കും. ഞാൻ ചിരിക്കും. കുറച്ചുനേരം ഞങ്ങൾ വർത്തമാനം പറഞ്ഞിരിക്കും. പിന്നീട് അയ്യോ നേരം പോയെന്നും പറഞ്ഞു സൂര്യൻ ചാടിയെണീക്കും. ഭൂമിക്കു വെളിച്ചം കൊടുക്കാൻ നേരമായത്രേ ! തിടുക്കം കൂട്ടുന്ന സൂര്യനെ ഞാൻ ടാറ്റാ പറഞ്ഞയയ്ക്കും. സൂര്യനു പിന്നാലെ അപ്പനും വീട്ടിൽ നിന്നിറങ്ങും. താഴ്‌വാരത്തെ ചന്തയിൽ അപ്പൻ വലിയ ചുമടുകളെടുക്കും. അമ്മ കിട്ടുന്ന പണിയൊക്കെ ചെയ്യും.

ചുമലു വേദനിക്കില്ലേ? എന്തിനാ ഇത്ര ഭാരമുള്ള ചാക്കെടുത്തു പൊക്കുന്നതെന്നു ഞാൻ അപ്പനോടു ചോദിക്കും. എന്റെ അടുത്തിരുന്ന് എനിക്കു കഥകളൊക്കെ പറഞ്ഞുതന്നുകൂടേയെന്ന് അമ്മയോടും ചോദിക്കും. ജോലി ചെയ്തു പൈസ കിട്ടിയാലല്ലേ മോളെ നല്ല ഡോക്ടറുടെയടുത്തു കൊണ്ടുപോകാൻ പറ്റൂ എന്ന് അപ്പൻ പറയും. അതു പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകും.

എനിക്കെന്താ അസുഖമെന്ന് ഞാൻ ചോദിക്കും. അതു കേൾക്കുമ്പോൾ എന്റെ മോളേയെന്നു വിളിച്ച് അമ്മ എന്നെ കെട്ടിപ്പിടിച്ചു കരയും. എത്ര ചോദിച്ചിട്ടും അസുഖമെന്താണെന്ന് ആരും പറഞ്ഞില്ല. കൂട്ടുകാരോടൊപ്പം പതിവായി സ്കൂളിൽ വിടാറില്ല. കൊച്ചേ, രണ്ടു സ്പൂൺ പഞ്ചസാര.. ചമ്മന്തിയരയ്ക്കാൻ ഒരു മുറി തേങ്ങ...രണ്ടു തീപ്പെട്ടിക്കൊള്ളി എന്നൊക്കെ ആവശ്യപ്പെട്ട് വീട്ടിലെത്തുന്ന കുഞ്ഞമ്മയാണ് ഏക കൂട്ട്. കടം വാങ്ങാനെത്തുന്ന ആളു വൈകുന്നേരം വരെ വീട്ടിലുണ്ടാകും.

അപ്പനോ അമ്മയോ വന്നാലേ പോകൂ. പിന്നീടാണു മനസ്സിലായത്, കുഞ്ഞമ്മ കടം ചോദിച്ചു വന്നതല്ലായിരുന്നുവെന്നും അസുഖക്കാരിയായ എനിക്കു കൂട്ടിരിക്കാനെത്തുന്നതാണെന്നും ! കുറച്ചു മുതിർന്നപ്പോൾ അസുഖത്തെക്കുറിച്ചു മനസ്സിലായി. എന്റെ ഹൃദയത്തിൽ മൂന്നു ദ്വാരങ്ങൾ. അതു കടുത്തു ശ്വാസകോശവും തകരാറിലായിരിക്കുന്നു.

വളരുന്തോറും ഹൃദയത്തിലെ ദ്വാരവും വലുതാകുന്നു. ഒരിക്കൽ കുഞ്ഞമ്മയോടു ചോദിച്ചു, പിറന്നാളൊന്നും വേണ്ട, പിറന്നാൾ വരാതിരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ? വലിയ പെൺകുട്ടിയായപ്പോൾ അമ്മയോടും ചോദിച്ചു, അപ്പനുമമ്മയും ചോര നീരാക്കിയല്ലേ എന്റെ ചികിത്സയ്ക്കു വേണ്ടി കഷ്ടപ്പെടുന്നത്? ഞാൻ മരിച്ചാൽ നിങ്ങളുടെ കഷ്ടപ്പാടുകളൊഴിയുമല്ലോ. ഞാൻ മരിക്കാനായി പ്രാർഥിക്കുമോ അമ്മേ..?

അമ്മ കരഞ്ഞില്ല, പായയിൽ നിന്നു താങ്ങിയെടുത്തു. ദൈവം ഒരു വഴി കാണിച്ചുതരാതിരിക്കില്ല. രോഗമൊക്കെ മാറി എന്റെ മോള് ഒരു സാധാരണ പെൺകുട്ടിയെപ്പോലെ ജീവിക്കും’’

– പുതിയൊരു ജീവിതത്തിലേക്ക് ഇരുപത്തിയാറാം വയസ്സിൽ ഉയിർത്തെഴുന്നേറ്റ ജനീഷയുടെ അനുഭവമാണിത്. ഒരു സാധാരണ പെൺകുട്ടിയായി തങ്ങളുടെ മകൾ മാറുന്നതിനാണ് അവളുടെ മാതാപിതാക്കൾ പ്രാർഥിച്ചത്. സഹനത്തിന്റെയും പ്രത്യാശയുടെയും ആ കാത്തിരിപ്പിന് 26 വർഷങ്ങളുടെ പഴക്കമുണ്ടെന്ന് ജനീഷയ്ക്ക് നന്നായി അറിയാം.

jENISHA

ആരാണ് ജനീഷ?

കോതമംഗലം കുട്ടമ്പുഴ അമ്പാടൻ എ.സി. വർഗീസിന്റെയും നിർമലയുടെയും മകൾ ജനീഷയ്ക്കാണു കേരളത്തിലാദ്യമായി ഹൃദയവും ശ്വാസകോശവും ഒരുമിച്ചു മാറ്റിവച്ചത്. ജനുവരിയിൽ എറണാകുളം ലിസി ആശുപത്രിയിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണു അപൂർവമായ ശസ്ത്രക്രിയ നടന്നത്.

അത്യപൂർവമായ ‘ഐസൻമെങ്ങർ’ രോഗം ബാധിച്ചു ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം താറുമാറായിരുന്ന ജനീഷയ്ക്കു കരുനാഗപ്പള്ളി പുതുമംഗലത്തു കിഴക്കേതിൽ നിഥിന്റെ (20) ഹൃദയവും ശ്വാസകോശവുമാണു മാറ്റിവച്ചത്. ബൈക്കപകടത്തെ തുടർന്നാണു നിഥിന്റെ ജീവൻ നഷ്ടമായത്.

ജനുവരി ആറിനു നടന്ന ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും ശേഷം ജനീഷ സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ്. ഒന്നിടവിട്ട ആഴ്ചകളിൽ പരിശോധനയുള്ളതിനാൽ ആശുപത്രിക്കടുത്തുള്ള വാടകവീട്ടിലാണ് ഇപ്പോൾ താമസം. ഈസ്റ്ററിനു ശേഷം കുട്ടമ്പുഴയിലെ നൂറേക്കർ കുന്നുംപുറത്തെ കൊച്ചുവീട്ടിലെത്തും. ഒരു വർഷം കഴിയുന്നതോടെ മരുന്നുകൾ കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ.

ജന്മനാ തന്നെ ഹൃദയ അറകൾക്കുള്ളിൽ ദ്വാരമുണ്ടാവുകയും അതിനു ശരിയായ ചികിത്സ ലഭിക്കാതെ വരികയും ചെയ്യുന്നതുമൂലമാണ് ഐസൻമെങ്ങർ രോഗമുണ്ടാകുന്നത്. കുഞ്ഞുന്നാൾ മുതൽ വർഷങ്ങളോളം ആശുപത്രികൾ പലതു കയറിയിറങ്ങിയെങ്കിലും ഹൃദയത്തെയും ശ്വാസകോശത്തെയും തകർക്കുന്ന രോഗമാണ് അവസാനഘട്ടത്തിലേക്കു കടന്നിരിക്കുന്നതെന്നു തിരിച്ചറിഞ്ഞത് ഒന്നര വർഷം മുമ്പാണ്.

ഹൃദയത്തിലെ ദ്വാരങ്ങൾ അടയ്ക്കാതിരുന്നതിനെത്തുടർന്നു ശുദ്ധരക്തവും അശുദ്ധരക്തവും തമ്മിൽ കലരുകയും ഇതു കൂടിയ അളവിൽ കടന്നുപോകുന്നതുമൂലം ശ്വാസകോശം പ്രവർത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഐസൻമെങ്ങർ.

കണ്ണീരിനു വിട

ശ്വാസംമുട്ടലും ക്ഷീണവും തളർത്തിയ ബാല്യവും കൗമാരവുമായിരുന്നു ജനീഷയുടേത്. ചുമയും ശ്വാസതടസ്സവും മൂലം കിടക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥ. ഒരിക്കൽ ഒരു ഡോക്ടർ അപ്പനോടു പറഞ്ഞു, ഇനി അധികം നാളില്ല. അവളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുക്കണം.

കണ്ണീരും മരുന്നും മാത്രമായിരുന്നു കൂട്ട്. മനസ്സു തുറന്ന് ഒരു ചിരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഇതിനിടയിലും എസ്എസ്എൽസി വരെ പഠിച്ചു. പ്ലസ് ടുവിനു ചേരണമെന്നുണ്ടായിരുന്നെങ്കിലും ആരോഗ്യം അപ്പോഴേക്കും വഷളായിരുന്നു.

‘മരിച്ചിരുന്നെങ്കിൽ എന്നു പലവട്ടം ഞാൻ ആശിച്ചിട്ടുണ്ട്. അപ്പന്റെയും അമ്മയുടെയും കണ്ണീരും ബുദ്ധിമുട്ടും കണ്ടായിരുന്നു ഇത്. എനിക്കു വേണ്ടിയാണ് അവരത്രയും കഷ്ടപ്പെട്ടിരുന്നത്. ഏക സഹോദരനും എനിക്കുവേണ്ടി ജോലിക്കു പോകാൻ തുടങ്ങി. ഞാൻ മരിച്ചാൽ അവർക്കു ബുദ്ധിമുട്ടേണ്ടി വരില്ലല്ലോ. ആദ്യമൊക്കെ കുറച്ചു സങ്കടം തോന്നും. പിന്നെ സാധാരണ മനുഷ്യരെപ്പോലെ എല്ലാം മറക്കുമല്ലോ’.... ജനീഷയുടെ വാക്കുകൾ.

‘കുഞ്ഞിന്റെ വിഷമങ്ങൾ കണ്ടുനിൽക്കാൻ പറ്റില്ലായിരുന്നു. ഞാനൊരമ്മയല്ലേ? ഒരമ്മയ്ക്കും ഈ സ്ഥിതി സഹിക്കാനാവില്ല. തുണി മാറാനും കുളിപ്പിക്കാനും ഉണ്ണാനും വെള്ളം കൊടുക്കാനുമൊക്കെ ഞാൻ തന്നെ വേണമായിരുന്നു. അവളെ കുളിപ്പിച്ച് എല്ലാം ഒരുക്കിവച്ച് അനിയത്തിയെ ഏൽപ്പിച്ചാണ് ഞാൻ കൂലിപ്പണിക്കു പോയിരുന്നത്’- അമ്മ നിർമലയുടെ വാക്കുകൾ.

സഹായവുമായി നാട്ടുകാർ

ജനീഷയുടെ ജീവൻ നിലനിർത്താൻ ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കാതെ നിർവാഹമില്ലെന്നു വന്നതോടെ നിർധന കുടുംബം ഒന്നുകൂടി പരുങ്ങലിലായി. ശസ്ത്രക്രിയയ്ക്കു വേണ്ടിവരുന്ന ഭാരിച്ച തുക എങ്ങനെ കണ്ടെത്തുമെന്നായിരുന്നു ആശങ്ക. 

വർഗീസിന്റെയും നിർമലയുടെയും സങ്കടം കുട്ടമ്പുഴയെന്ന നാട്ടിലെ നല്ലവരായ നാട്ടുകാർ ഏറ്റെടുക്കുകയായിരുന്നു. അവയവ മാറ്റത്തിനുള്ള പണം കണ്ടെത്താനുള്ള ശ്രമം നാട്ടുകാർ ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ കേരള നെറ്റ്‌വക്ക് ഓഫ് ഓർഗൻ ഷെയറിങ്ങിൽ (കെഎൻഒഎസ്) ഇതിനകം ജനീഷയുടെ പേരു റജിസ്റ്റർ ചെയ്തിരുന്നു.

ജനുവരി അഞ്ചിനു കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ച നിഥിന്റെ ഹൃദയവും ശ്വാസകോശവും ജനീഷയ്ക്കു ചേരുമെന്നു കണ്ടെത്തി. നിഥിന്റെ അച്ഛനമ്മമാരായ കെ. മോഹനനും ലളിതയും അവയവദാനത്തിനു സമ്മതമറിയിച്ചു.

അഞ്ചിനു വൈകിട്ട് ജനീഷയുടെ വീട്ടിലേക്ക് ഡോ. ജോസ് ചാക്കോ പെരിയപ്പുറം വിളിച്ച് എത്രയും വേഗം ആശുപത്രിയിലെത്തണമെന്ന് ആവശ്യപ്പെട്ടു. നിർമല മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. നാട്ടുകാർ അവൾക്കുവേണ്ടി പണം പിരിക്കുന്നുണ്ട്. ‘ഞങ്ങളുടെ കൈയിൽ ഒരു രൂപ പോലുമില്ല. ഈ അവസ്ഥയിൽ എങ്ങനെ വരും സാറേ...’ എന്ന ചോദ്യത്തിന് ‘ഞാൻ അവളെ കൊണ്ടുവരണമെന്നു മാത്രമല്ലേ ആവശ്യപ്പെട്ടത്’ എന്നായിരുന്നു ഡോക്ടറുടെ മറുപടി.

കുട്ടമ്പുഴയിൽ നിന്ന് ആംബുലൻസിൽ ഒരു മണിക്കൂറിനുള്ളിൽ ജനീഷയെ ആശുപത്രിയിലെത്തിച്ചു. നിഥിന്റെ അവയവങ്ങൾ മെഡിക്കൽ സംഘം പൊലീസ് ഒരുക്കിയ ഗ്രീൻ കോറിഡോർ സംവിധാനത്തിലൂടെ പത്തു മിനിറ്റുകൊണ്ട് ലിസി ആശുപത്രിയിൽ കൊണ്ടുവന്നു. നിഥിന്റെ കരളും പാൻക്രിയാസും വൃക്കകളും കൂടി ഇതോടൊപ്പം ദാനം ചെയ്തിരുന്നു.

രാത്രി 11.30ന് ആരംഭിച്ച ശസ്ത്രക്രിയ ഏഴുമണിക്കൂർ നീണ്ടുനിന്നു. അടുത്ത മൂന്നുദിവസങ്ങളിൽ ജനീഷയുടെ ജീവിതം യന്ത്രസഹായത്തോടെയായിരുന്നു. നാലാം ദിവസം മുതൽ ഹൃദയം മിടിച്ചുതുടങ്ങി. 

‘ദൈവം തന്ന ആയുസ്സിന് ആത്മവിശ്വാസം പകർന്നുനൽകിയത് ഡോക്ടറാണ്. എനിക്ക് അച്ഛനെപ്പോലെയാണ് അദ്ദേഹം. ഞാനദ്ദേഹത്തെ ‘പപ്പാ’യെന്നാണു വിളിക്കുന്നത്.’– ജനീഷയുടെ വാക്കുകൾ.

‘‘യാത്ര ചെയ്യാനായാൽ ആദ്യം പോയി നിഥിന്റെ അച്ഛനെയും അമ്മയെയും കാണണം. അവരുടെ കാൽ തൊട്ടു തൊഴണം. നന്ദി പറയണം. അവരുടെ കനിവാണ് എന്റെ ഈ രണ്ടാം ജീവിതം...’’

പ്രാർഥനയിൽ നിറഞ്ഞ്

പുനരുത്ഥാനത്തിന്റെ ഈ ദിവസത്തിൽ ജനീഷയുടെ പ്രാർഥനകളിൽ നിറഞ്ഞുനിൽക്കുന്ന ഒരുപാടു മുഖങ്ങളുണ്ട്. ഹൃദയത്തിൽ എന്നും അവർക്കായി ഒരിടമുണ്ടാകും, മറക്കില്ലൊരിക്കലും. ചിരിച്ചുല്ലസിച്ച് ടാറ്റാ പറയാൻ നേരം മനസ്സിലെ മറ്റു ചില മോഹങ്ങൾ കൂടി അവൾ പറഞ്ഞു: ‘‘വീട്ടിലേക്കുള്ള കുന്നു നടന്നുകയറണം, പ്ലസ് ടുവിനു ചേരണം, വിജയ് അഭിനയിച്ച തമിഴ്പടങ്ങൾ കാണണം.’’

Your Rating: