Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതിച്ചോറിന്റെ മണമുള്ള ടാൻസനിയ

tansaniya-class-room

ജനിച്ചുവീണ നാടു വിട്ടുപോന്നിട്ട് അരനൂറ്റാണ്ട്. മറവിയിൽ മുങ്ങിയ ഭൂപടത്തിൽ ആ നാടും, വീടും

അതേപടി നിലനിൽക്കുന്നുണ്ടെന്നറിഞ്ഞാൽ നിങ്ങളെന്തുചെയ്യും? നിങ്ങളെന്നെങ്കിലും തിരിച്ചെത്തുമെന്നു കരുതി ആ വീടിന്റെ ചുവരുകൾ എഴുത്തുകൾ പോലും മായ്ക്കാതെ കാത്തിരിക്കുന്നുണ്ടെങ്കിലോ?

90-viajya-tan-family-4col ഗോകുൽ–മീര ദമ്പതികളോടൊപ്പം ജി. വിജയരാഘവനും ഭാര്യ രമയും ടാൻസനിയയിൽ.

ഞാൻ ടാൻസനിയയിലേക്കു 46 വർഷങ്ങൾക്കുശേഷം വീണ്ടും യാത്ര തിരിച്ചപ്പോൾ മനസിലുണ്ടായിരുന്നത് ഈ ചോദ്യങ്ങളാണ്. ആറു പതിറ്റാണ്ടു മുൻപ് ആഫ്രിക്കയിൽ അധ്യാപകനായിരുന്ന അച്ഛനാണ് ജന്മംകൊണ്ടെന്നെ ടാൻസനിയക്കാരനാക്കിയത്. അവ്യക്തമായ ചില ഓർമകൾ ചേർത്തുവച്ചൊരു നിധി തേടലായിരുന്നു ഈ യാത്ര.

ടാൻസനിയയിലല്ല, ടാൻഗനിക്കയാണ് എന്റെ മേൽവിലാസം, കാരണം 1957ൽ ഞാൻ ജനിക്കുമ്പോൾ ടാൻസനിയയില്ല. ബ്രിട്ടിഷ് കോളനിയായിരുന്ന ടാൻഗനിക്കയ്ക്ക് സ്വാതന്ത്യം ലഭിക്കുന്നത് 1961ലാണ്. മൂന്നു വർഷം കൂടി കഴിഞ്ഞ് ഒമാൻ സുൽത്താന്റെ ഭരണത്തിനു കീഴിലുള്ള സാൻസിബാറും ടാൻഗനിക്കയും കൂടിച്ചേർന്നാണ് ടാൻസനിയയുണ്ടാകുന്നത്.

തിരുവനന്തപുരം ടെക്നോപാർക്കിലെ ഉത്തരവാദിത്തങ്ങൾക്കുശേഷം ലോക ബാങ്കിന്റെ ചില ചുമതലകളുമായി ഇത്യോപ്യയിൽ ചെന്നപ്പോഴും ഞാൻ അധികാരികളോട് അന്വേഷിച്ചത് ടാൻസനിയയിൽ പോകാൻ അവസരമുണ്ടോ എന്നായിരുന്നു.

90-vijaya-class-3col ജി. വിജയരാഘവൻ ദാറസ്സലാമിലെ ഷബാൻ റോബട്ട് സ്കൂളിലെ ക്ലാസ് റൂമിൽ.

50 വർഷം മുൻപ്, ആഫ്രിക്കയിൽ ഞങ്ങളൊരു കൊച്ചുകേരളം നിർമിച്ചിരുന്നു, കവലയിൽ നീലം സോപ്പ് വിൽക്കുന്നയാളും കൈലിയുടുത്ത തെങ്ങുകയറ്റക്കാരനും ടാൻസനിയയിലെ പ്രച്ഛന്നവേഷമത്സരത്തിലെ വേഷങ്ങളായിരുന്നുവെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? മൂന്നു വർഷം കൂടുമ്പോൾ ലഭിക്കുന്ന രണ്ടു മാസക്കാലത്തെ അവധികഴിഞ്ഞ് തിരികെ പോകുമ്പോൾ നാടിന്റെ ഓർമകളെ ഒരു പൊതിപ്പാത്രത്തിലെന്ന പോലെയാണ് അടച്ചുഭദ്രമാക്കിക്കൊണ്ടുപോയിരുന്നത്.

അങ്കിൾ സ്ഥാനം നൽകിയിരുന്ന മാധവൻ, ഭാസി, ചന്ദ്രൻ, ആർകെഎസ്, സക്കറിയ തോമസ്, മധുസൂദനൻ നായർ, ജിപി നായർ, കെഎൻസി പിള്ള... ഇവരൊക്കെയായിരുന്നു ഞങ്ങളുടെ അയൽക്കാർ. ടാൻസനിയയുടെ എല്ലാമുക്കിലും ഞങ്ങൾ കേരളം പറിച്ചുനട്ടു. വീണ്ടുമിവിടെയെത്തുമ്പോൾ അന്നു കൊണ്ടുപോയ പൊതിപ്പാത്രത്തിന്റെ ചൂടാറിയിട്ടുണ്ടാകുമോ എന്നായിരുന്നു ചിന്ത മുഴുവൻ.

90-vijaya-school-4col വിജയരാഘവൻ ഉപ്പാങ്ങ പ്രൈമറി സ്കൂളിനു മുൻപിൽ.

ടാൻസനിയയുടെ വാണിജ്യതലസ്ഥാനമായ ദാറസ്സലാമിലാണ് ഞങ്ങളെത്തിയത്. അക്കാലത്ത് ഇതായിരുന്നു രാജ്യതലസ്ഥാനം. ഇന്നത്തെ തലസ്ഥാനം ഡേഡോമയാണ്. ഈസ്റ്റ് ആഫ്രിക്കൻ മലയാളി മക്കൾ എന്ന ഇ–ഗ്രൂപ്പിലൂടെ പരിചയപ്പെട്ട മീര-ഗോകുൽ ദമ്പതികളാണ് അവിടെ ഞങ്ങളുടെ സഹായത്തിനുണ്ടായിരുന്നത്.

എട്ടാം ക്ലാസ് മുതൽ പഠിച്ച സ്കൂൾ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടായില്ല, പക്ഷേ, ഉപ്പാങ്ങയിലെ എന്റെ പ്രൈമറി സ്കൂളിനെക്കുറിച്ച് കാര്യമായ സൂചനയുമുണ്ടായിരുന്നില്ല. വിമാനമിറങ്ങി ഗോകുലിനും മീരയ്ക്കുമൊപ്പം ഹോട്ടലിലേക്കു പോകുമ്പോൾ അച്ഛൻ പഠിപ്പിച്ചിരുന്ന ട്രെയിനിങ് കോളജ് കണ്ടു, പേരിൽ മാത്രം ചെറിയൊരു മാറ്റം, ബാക്കിയെല്ലാം പണ്ടത്തേതുപോലെ തന്നെ! എന്തൊക്കെയോ തിരിച്ചുകിട്ടിയതു പോലൊരു തോന്നൽ.

ഞങ്ങൾ ചെല്ലുന്നതിനു ദിവസങ്ങൾക്കു മുൻപു തന്നെ ഗോകുലും മീരയും ഞാൻ പഠിച്ച ഷബാൻ റോബട്ട് സ്കൂളിൽ ചെന്നു കാര്യങ്ങളൊക്കെ അന്വേഷിച്ചിരുന്നു. അവധിക്കാലമായിട്ടും സ്കൂൾ അധികൃതർ സഹകരണം ഉറപ്പുതന്നു. രാവിലെ 8.45 ന് സ്കൂളിലെത്തുംവരെ ആകാംക്ഷയായിരുന്നു.

ഞാൻ പഠിച്ച എട്ടാം ക്ലാസ്റൂം ഇപ്പോൾ കംപ്യൂട്ടർ ലാബാണ്. കളിസ്ഥലം ഇപ്പോൾ ഓഡിറ്റോറിയമാക്കി. ഞങ്ങളുടെ ബാഡ്മിന്റൻ കോർട്ട്, ഗേറ്റ്, വരാന്ത അങ്ങനെ എന്റെ ഓർമയിലുള്ളതെല്ലാം ഞാൻ ഒരു കൊച്ചുകുട്ടിയെപ്പോല ചോദിക്കാൻ തുടങ്ങി. എല്ലാം അവിടെത്തന്നെ ഉണ്ടെന്നുറപ്പാക്കിയപ്പോൾ മനസിൽ വല്ലാത്തൊരു തൃപ്തി.

സ്കൂളിനു തൊട്ടടുത്തുള്ള ഭൂമി പച്ചപ്പുള്ള ഒരോർമയാണ്. ടാൻസനിയയുടെ ആദ്യ പ്രസിഡന്റായ ജൂലിയസ് നൈരേരെ തന്റെ സോഷ്യലിസ്റ്റ് സങ്കൽപങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഞങ്ങൾ വിദ്യാർഥികൾക്ക് ഒരു തുണ്ട് ഭൂമി തന്നിരുന്നു. അവിടെ ഞങ്ങൾക്കു പച്ചക്കറിക്കൃഷി നടത്താം. വിളവൊക്കെ ഞങ്ങൾക്കു വീട്ടിൽ കൊണ്ടുപോകാമായിരുന്നു.

വർഷങ്ങൾക്കു മുൻപ് പച്ചമണ്ണിൽ തൂമ്പാകൊണ്ടു ചില കുഞ്ഞിക്കൈകൾ കിളയ്ക്കുന്ന ശബ്ദം മനസിൽ അലയടിച്ചു. ഇങ്ങനെ കൃഷി ചെയ്തിരുന്ന ഒരു കാലത്തെക്കുറിച്ചു കേട്ടറിവു മാത്രമാണെന്നും ഇപ്പോൾ ആ രീതി തുടരുന്നില്ലെന്നുമാണു സ്കൂൾ അധികൃതർക്കു പറയാനുണ്ടായിരുന്നത്.

അടച്ചിട്ടിരുന്ന ഒരു ക്ലാസ് റൂം ഞങ്ങൾക്കായി തുറന്നു തന്നു. എല്ലാം മാറിയിട്ടുണ്ടാകുമെന്നു കരുതിയ എനിക്കു തെറ്റി. ആ പഴയ മണം പോലും അവിടെത്തന്നെ. ഞങ്ങളുടെ സ്റ്റീൽ കസേരയും ഡെസ്കും. 50 വർഷമായിട്ടും ഇതൊന്നും അവർ മാറ്റിയിട്ടില്ല. നമ്മൾ ചിരിച്ചും കളിച്ചും നടന്ന വഴികളിൽ വർഷങ്ങൾക്കു ശേഷം നടക്കുമ്പോൾ ഒറ്റപ്പെട്ടുവെന്നു തോന്നാം, പക്ഷേ ഇല്ല, വായുവിൽ അവരെല്ലാം ചുറ്റുമുണ്ട്. ഒരു പ്രതിധ്വനിയായി അന്നത്തെ ശബ്ദങ്ങൾ കേൾക്കാനാവുന്നുണ്ട്. ക്ലാസ്മുറിയിലെ ഡസ്റ്റ്ബിൻ പോലും എനിക്കു വലിയ ഓർമയാണ്.

അക്കാലത്ത് ക്ലാസ്റൂമുകൾ വൃത്തിയാക്കുന്നതും വിദ്യാർഥികളുടെ കടമയായിരുന്നു. രണ്ടു പേർക്കു വീതം ഡ്യൂട്ടി മാറിമാറി വരും. ക്ലാസ് കഴിയുമ്പോൾ എല്ലാം തൂത്തുവാരി ഒരു ഡസ്റ്റ് ബിന്നിലാക്കി പുറത്തുകൊണ്ടുവയ്ക്കുകയാണ് രീതി. ഈ രീതി ഇന്നു തുടരുന്നുവെന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. മലയാളികളും ഗുജറാത്തികളും ചേർന്നാണ് അക്കാലത്ത് അവിടെ ഈ സ്കൂൾ നടത്തിയിരുന്നതെന്നു ഞാൻ പറഞ്ഞപ്പോൾ കൂടെയുള്ളവർക്ക് അദ്ഭുതം.

90-vijaya-thengu-3col സ്കൂളിലെ പ്രച്ഛന്ന വേഷ മത്സരത്തിൽ ജി.വിജയരാഘവൻ.

പ്രിൻസിപ്പൽ വരെ മലയാളിയായിരുന്നു. ഇപ്പോൾ മലയാളികളായി സ്കൂളിന്റെ ചുമതല വഹിക്കുന്നവരില്ല. അന്നു പഠിച്ചവരോ, പഠിപ്പിച്ചവരോ ആരും ഈ പരിസരത്തില്ല. ഞങ്ങളു‌ടെ മലയാളി അസോസിയേഷനായ കേരള കലാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾ പലതും ഈ രണ്ടു സ്കൂളുകളുമായി ബന്ധപ്പെട്ടായിരുന്നു. കുട്ടിയായിരുന്നപ്പോൾ പ്രച്ഛന്നവേഷം അവതരിപ്പിച്ച അതേ പശ്ചാത്തലത്തിൽ നിന്ന് ചിത്രമെടുക്കാനും മറന്നില്ല.

പ്രൈമറി സ്കൂളിനെക്കുറിച്ചുള്ള അന്വേഷണത്തിൽ സഹായിച്ചത് ഗോകുൽ തന്നെയാണ്. അന്നത്തെ സ്കൂൾ അതേപടി നിലനിർത്തിയിട്ടുണ്ട്. അക്കാലത്ത് ഇതിന്റെ പേര് സെന്റ് ജോസഫ്സ് പ്രൈമറി സ്കൂളെന്നായിരുന്നു. കന്യാസ്ത്രീകളായിരുന്നു ഇത് നടത്തിയിരുന്നത്.

പിന്നീട് പോയത് ടെക്നിക്കൾ കോളജിലേക്ക്, അച്ഛൻ ‌ട്രെയിനിങ് കോളജിൽ ജോലി ചെയ്തിരുന്ന സമയത്ത് ഒരു ബ്രിട്ടിഷുകാരനായിരുന്നു പ്രിൻസിപ്പൽ. കോളജ് ബ്രിട്ടിഷുകാർ സ്ഥാപിച്ചതാണെന്നറിയാനായി ഒരു ലോഹത്തകിടിൽ അദ്ദേഹം ഈ വിവരം കൊത്തിവച്ചിരുന്നു. പെയിന്റ് കൊണ്ടെഴുതിയാൽ പോരേയെന്നു പലരും ചോദിച്ചപ്പോൾ, പിന്നീടു വരുന്ന ആരെങ്കിലും അതു മായിക്കുമെന്നായിരുന്നു മറുപടി. ബ്രിട്ടിഷ് സ്വാധീനം ആഫ്രിക്കയിൽ ഇല്ലാതാകുന്ന ഒരു കാലത്തെക്കുറിച്ച് അയാൾ അന്നേ പേടിച്ചിട്ടുണ്ടാകണം.

അരനൂറ്റാണ്ടിനു ശേഷം ഞാൻ തിരികെയെത്തുമ്പോൾ ടാൻസനിയ അടിമുടി മാറിയാലും ആ ബോർഡ് അവിടെത്തന്നെ ഉണ്ടായിരിക്കുമെന്ന് ഉറപ്പായിരുന്നു. കോളജിലെത്തിയ ഉടൻ ഈ ബോർഡിനായി ഞാൻ പരതി. അതിരുന്ന സ്ഥലത്തിനു മാറ്റമൊന്നുമില്ലെങ്കിലും ബോർഡ് അവിടെയില്ല! ചോദിച്ചപ്പോൾ, ഇപ്പോഴത്തെ അധികൃതർക്കും അദ്ഭുതം. ബോർഡിരുന്ന സ്ഥലത്തിനൊരു ചെറിയമാറ്റം മാത്രം. ചരിത്രം നിർമിക്കുന്നത് ഇങ്ങനെയൊക്കെയാണല്ലോ.

കോളജിൽ നിന്നിറങ്ങിയപ്പോൾ പണ്ടത്തെ കോ–ഓപ്പറേറ്റീവ് സൊസൈറ്റി കണ്ടു. അക്കാലത്ത് സ്കൗട്ടിങ് ഡേയിൽ മാത്രമാണ് കോള കുടിക്കാൻ അനുവാദമുണ്ടായിരുന്നത് (മൂന്നു വർഷം മുൻപ് ഞാൻ കോള കുടിക്കുന്നത് അവസാനിപ്പിച്ചു). ഇവിടെനിന്നാണ് അച്ഛൻ കോള വാങ്ങിയിരുന്നത്. അതേ മൂലയിൽ ഇപ്പോഴും കോളക്കുപ്പികളിരിപ്പുണ്ടെന്നറിയുമ്പോൾ നുരയുന്ന കൗതുകം ഞാനെങ്ങനെ പറഞ്ഞറിയിക്കും?

അടുത്ത ലക്ഷ്യം വീടായിരുന്നു. കണ്ടെത്തുമെന്നു യാതൊരു ഉറപ്പുമില്ലായിരുന്നു. മണിക്കൂറുകൾ കാറിൽ അലഞ്ഞു. അന്നത്തെക്കാലത്ത് തെരുവിനു പേരുകൾ ഉണ്ടായിരുന്നില്ല. ഒടുവിലെങ്ങനെയോ വീടുണ്ടായിരുന്ന പ്രദേശത്തെത്തി. 

'സമാനാ മൻസിൽ' എന്നു പേരുള്ള രണ്ടു നിലയുള്ള ഒരു കെട്ടിടം, അതുമാത്രമായിരുന്നു ആകെയുള്ള ഓർമ. രണ്ടാം നിലയിലായിരുന്നു താമസം. പക്ഷേ, എത്തിപ്പെട്ടത് മൂന്നു നിലയുള്ള ഒരു കെട്ടിടത്തിനു മുന്നിൽ. വീടിന്റെ പേരും കാണാനില്ല, നിരാശനായി തിരികെ പോകാൻ നേരത്താണ് മൂന്നാം നില പുതിയ നിർമാണമാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. അങ്ങനെയാണ് രണ്ടാം നിലയുടെ മുകളിലുണ്ടായിരുന്ന പേരും എടുത്തുമാറ്റപ്പെട്ടത്. ആ ഒരു നിമിഷത്തെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.

ആവേശത്തോടെ രണ്ടാം നിലയിൽ പോയി കോളിങ് ബെല്ലടിച്ചു. കതകു തുറന്നു പുറത്തുവന്നത് പ്രായമായ ഒരു സ്ത്രീ. 17 വർഷമായി അവരവിടെ താമസിക്കുന്നു. വലിയ സന്തോഷത്തോടെ ഞാനെന്റെ കഥ പറഞ്ഞു. ഉള്ളിൽ കയറി കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പിന്നീടു വേണ്ടെന്നു വച്ചു. ആ നിമിഷം മുതൽ ഓർമകൾ കൂടുതൽ വ്യക്തതയോടെ തിരികെയെത്തിത്തുടങ്ങി. 

അന്നത്തെ മെറ്റാലിക് ഷട്ടറിനു പോലും മാറ്റമില്ല. ഞങ്ങൾ സ്ഥിരം ഇരുന്നിരുന്ന സ്ഥലം, ബാഡ്മിന്റൻ കളിച്ച ഭാഗം, കറിക്കരിയാനായി എന്റെ അമ്മയും അയലത്തെ ആന്റിമാരായ ജയയും കോമളവും ഇരുന്ന സ്ഥലം.... അങ്ങനെ ഓരോന്നും ഞാൻ കണ്ടെത്തി. അന്നത്തെക്കാലത്ത് വീടൊക്കെ സ്വകാര്യ വ്യക്തികളുടേതായിരുന്നെങ്കിൽ ഇന്നവയൊക്ക നാഷനൽ ഹൗസിങ് സ്കീമിന്റെ ഭാഗമായി സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്.

വക്കീലായിരുന്ന ഒരു അങ്കിൾ പിള്ളയുടെ വീടുണ്ടായിരുന്നു, അവിടെയായിരുന്നു ഞങ്ങളുടെ കലാമണ്ഡലത്തിന്റെ ലൈബ്രറി. കലാമണ്ഡലത്തിൽ അവതരിപ്പിക്കുന്നുള്ള നാടകത്തിലേക്കു ഗായിക കെഎസ് ചിത്രയുടെ അച്ഛൻ കൃഷ്ണൻനായർ പാടിയ ചില പാട്ടുകൾ ഞങ്ങൾ അവധിക്കു നാട്ടിൽ പോയപ്പോൾ ടേപ്പ് റെക്കോഡറിലാക്കി ടാൻസനിയയിലെത്തിച്ച കഥ ഓർമ വന്നു. അന്ന് ചിത്രയുടെ വല്യച്ഛൻ എം.ജി.നായർ ഇവിടെ ആസാനിയ സ്കൂളിലാണ് ജോലി ചെയ്തിരുന്നത്.

കാറിൽ മുന്നോട്ടു നീങ്ങിയപ്പോഴാണ് ഹൈക്കോടതി സമുച്ചയം കാണുന്നത്. അക്കാലത്തെ ടാൻസനിയൻ പ്രസിഡന്റിനെ അട്ടിമറിക്കാനായി ചിലർ നടത്തിയ ശ്രമവുമായി ബന്ധപ്പെട്ടു നടന്ന വിസ്താരം കേൾക്കാനായി ഞാനും പോയിരുന്നു. കെആർകെ തമ്പി എന്ന മലയാളിയായിരുന്നു അന്ന് അവിടത്തെ സർക്കാരിന്റെ അഭിഭാഷകൻ.

ഒരു ദിവസംകൊണ്ട് കേരളത്തനിമയെന്ന പൊതിച്ചോറിന്റെ മണവും രുചിയും അനുഭവിച്ചാണ് ഞാൻ മടങ്ങിയത്. കാണാൻ ഒന്നും ബാക്കിവച്ചതിന്റെ പരിഭവങ്ങളില്ല. നഗരവൽക്കരണത്തിന്റെ ഭാഗമായി ഇവയെല്ലാം മാറിമറിഞ്ഞിരുന്നെങ്കിൽ ഈ കാഴ്ചകളെല്ലാം എനിക്കു നഷ്ടമായേനേ. മാറ്റമില്ലാതെ തുടരുന്ന മാറ്റങ്ങളാണ് ടാൻസനിയയ്ക്കുള്ളത്.

അക്കാലത്ത് ഒരുവന് കാശുണ്ടായാൽ ആദ്യമൊരു കൂളിങ് ഗ്ലാസും രണ്ടാമതൊരു കോട്ടും വാങ്ങുന്നതായിരുന്നു ശൈലി. ഇത്തവണയും കൂളിങ് ഗ്ലാസ് ധാരികളെ ഒരുപാട് കണ്ടു. തിരിക പോരുമ്പോഴും അന്നു ഞങ്ങളവിടെ നിർമിച്ച കേരളം തന്നെയായിരുന്നു മനസിൽ. ഇത്രയും പറഞ്ഞതിനിടയ്ക്കു തന്നെ എത്രയോ മലയാളികളുടെ പേരുകൾ പരാമർശിച്ചുകഴിഞ്ഞു. അന്ന് 100 മലയാളി കുടുംബങ്ങളാണെങ്കിൽ ഇന്ന് ദാറസ്സലാമിൽ മാത്രം മുന്നൂറിലധികമുണ്ട്. 

പൊതിച്ചോറിന്റെ ചൂടാറിയിട്ടില്ല, ചൂടേറിയിട്ടേയുള്ളൂ.