Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൗ ജീവിതം തേൻമധുരം

irom-with-hus

ഇത്തിരി മുൻപ് സിന്ദൂരം നുള്ളിയെടുത്തപോലെ ചുവന്നിരുന്നു ഇറോം ശർമിളയുടെ വിരൽത്തുമ്പുകൾ. മണിപ്പുരിലെ സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ ‘പല്ലും നഖവുമുപയോഗിച്ചു സമരം ചെയ്ത’ വനിത നഖംവെട്ടി ഉപയോഗിക്കില്ല. ഇടതുകയ്യിലെ വിരലുകളിലെ നെടുനീളൻ നഖങ്ങൾകൊണ്ട്, വലതു കയ്യിലെ നഖങ്ങൾ ഇടയ്ക്കിടെ നുള്ളിപ്പറിച്ചു വെടിപ്പാക്കും. കണ്ണാടിയിൽ മുഖം നോക്കാറില്ല, സൗന്ദര്യവർധക വസ്തുക്കൾ വേണ്ട. ആ കാൽവിരലുകളിലേക്കു ശ്രദ്ധ ക്ഷണിച്ചത് ഭർത്താവ് ഡെസ്മണ്ട് കുടിഞ്ഞോയാണ്. ഏതോ പ്രാചീനയുഗത്തിന്റെ സ്മരണയുണർത്തുന്ന, നീണ്ടുവളർന്ന നഖങ്ങൾ. പലതും പൊലീസ് ബൂട്ടിന്റെ ചവിട്ടേറ്റു പൊട്ടിപ്പൊളിഞ്ഞു.

മണിപ്പുർ വിട്ട് കൊടൈക്കനാലിലെ പച്ചപ്പിലും തണുപ്പിലും ചേക്കേറി, കവിതയും ജീവിതവും തിരിച്ചുപിടിച്ച്, അതിൽ ആവോളം പ്രണയം നിറച്ച്, ഡെസ്മണ്ടിന്റെ ഭാര്യയായി, കുടുംബിനിയായി ജീവിതം ആസ്വദിക്കുകയാണ് ഇപ്പോൾ. പതിനാറു വർഷം ആഹാരം തൊടാതിരുന്നയാൾ ഇപ്പോൾ അടുക്കളയിൽ കയറി പാചക പരീക്ഷണങ്ങൾ നടത്തുന്നു. അമ്മയാകാൻ മോഹം; പോരാട്ടങ്ങളുടെ കനലെരിയിച്ചു നിർത്താനുള്ള നിശ്ചയദാർഢ്യം; ഒപ്പം രാഷ്ട്രീയത്തിലേക്കു തിരികെയില്ലെന്ന തീരുമാനവും... കഴിഞ്ഞാഴ്ച കോട്ടയത്ത് എത്തിയ മണിപ്പുർ ഉരുക്കു വനിതയ്ക്കുള്ളതു ശുഭപ്രതീക്ഷകൾ മാത്രം.

∙ ജപ്പാൻ രാജകുമാരി മാകോ അകിഷിനോയെ പോലെയാണ് ഇറോം. പ്രണയവിവാഹം കഴിയുന്നതോടെ രാജപദവി നഷ്ടപ്പെടും. ഇറോമിനു മണിപ്പുരിന്റെ ഹൃദയത്തിലെ രാജകുമാരിപദവി നഷ്ടപ്പെട്ടു. 

ശരിയാണ്. ഞാനിപ്പോൾ അനഭിമതയാണ്. മണിപ്പുരിൽ സൈന്യത്തിന്റെ പ്രത്യേകാധികാര നിയമത്തിനെതിരെ (അഫ്സ്പ) 16 വർഷം നിരാഹാരം കിടന്നു. നിരാഹാരം നിർത്തിയതുകൊണ്ടും ഇപ്പോഴിതാ വിവാഹിതയായതുകൊണ്ടും മണിപ്പുരിലെ ജനങ്ങൾ ഏതാണ്ടു മുഴുവൻ എന്നോടു പിണക്കത്തിലാണ്.

∙ അതിൽ സങ്കടമുണ്ടോ?

ഇല്ല. എന്റെ ജീവിതംകൊണ്ട് ഞാനവർക്കു പ്രതിഫലം നൽകും. അഫ്സ്പ തിരിച്ചെടുക്കുംവരെ പോരാട്ടം തുടരും. നീതിക്കായുള്ള യുദ്ധം. ഞാനും ഒരു മനുഷ്യജീവിയാണ്. ഇപ്പോഴവർ എനിക്കെതിരാണ്. അന്തരീക്ഷം എനിക്ക് അനുകൂലമല്ല. ‌പക്ഷേ, നീതിക്കു വേണ്ടിയുള്ള പോരാട്ടം എന്റെ ജീവിതത്തിന്റെ ഭാഗമാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങൾ എന്നെ മനസ്സിലാക്കുന്നു, സ്നേഹിക്കുന്നു. അവർ എന്നെ ഒരു വ്യക്തിയായി അംഗീകരിക്കുന്നു. ഇവിടെ താമസിച്ച് ഞാൻ വീണ്ടും പോരാട്ടം തുടങ്ങും.

∙ ഡെസ്മണ്ട്, കോളറക്കാലത്തെ പ്രണയം പോലെ പ്രക്ഷുബ്ധമായിരുന്നല്ലോ നിങ്ങളുടെ പ്രണയം.

ഡെസ്മണ്ട് കുടിഞ്ഞോ: കോളറക്കാലത്തെ പ്രണയം! ശരിയാണ്. എത്ര മനോഹരമായ പുസ്തകമാണത്. വാർധക്യത്തിലേക്കും പടർന്നൊഴുകുന്ന പ്രണയം. ശർമിളയോടു തോന്നിയ പ്രണയം മനോഹരമായി സംഭവിച്ചുപോയതാണ്. ജീവചരിത്ര പുസ്തകം വായിച്ച് കത്തെഴുതിത്തുടങ്ങി. യുഎസിലും യൂറോപ്പിലുമൊക്കെയായി ഞാൻ സഞ്ചാരത്തിലായിരിക്കും. ആരോടെങ്കിലും കത്തെഴുതിച്ചോദിച്ച് വിവരങ്ങളറിയാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഞാൻ ബ്രിട്ടിഷ് പൗരനാണ്. വിദേശിയായതുകൊണ്ടു തന്നെ ആളുകൾ സംശയത്തോടെയാണു കണ്ടത്. ചാരനായിരിക്കുമെന്നുവരെ കരുതിയവരുമുണ്ട്. വിദേശത്തുനിന്ന് ശർമിളയ്ക്കു കത്തുകളും പുസ്തകങ്ങളും വരുന്നത് നിരീക്ഷിക്കപ്പെടുമെന്ന പ്രശ്നവും ഉണ്ടായിരുന്നു. എന്നിട്ടും ഞാൻ പിന്മാറിയില്ല. അറസ്റ്റിലായ ഒരുതവണ ഹൃദയാഘാതമുണ്ടായതാണ്. ഭാഗ്യംകൊണ്ടാണു ജയിലിൽ കിടന്നു മരിക്കാതിരുന്നത്. 

irom-full

∙ നിങ്ങൾ തമ്മിൽ ആദ്യമായി കണ്ടത്?

ഡെസ്മണ്ട്: 2011 ഫെബ്രുവരി ഒന്നിന്. ആ തീയതി ജീവിതത്തിൽ മറക്കില്ലെന്നു ശർമിള ഇടയ്ക്കിടെ പറയും.

∙ പിന്നിട്ട ദുരിതകാലത്തെക്കുറിച്ചെല്ലാം എഴുതിയിട്ടുണ്ടോ?

ഇല്ല. ആർക്കാണു താൽപര്യം ഇതെല്ലാമറിയാൻ! മണിപ്പുരിൽ ഇങ്ങനെയൊക്കെയാണ്.

∙ ഇറോമിന്റെ രക്ഷകനായി വന്നതാണു ഡെസ്മണ്ട് എന്നു  കരുതാൻ ഇഷ്ടപ്പെടുന്നവരുമുണ്ട്.

രക്ഷകൻ ആയിരിക്കാം. പക്ഷേ, അതിനു കൊടുക്കേണ്ടിവരുന്ന വിലയോ? എന്തു പ്രയോജനം എന്ന ചോദ്യവുമുണ്ട്.

? ഇറോം, അമ്മയുമായി ബന്ധം ഇപ്പോൾ എങ്ങനെ?

ഞങ്ങളുടെ വിവാഹദിവസം രാവിലെ ഞാൻ വിളിച്ചിരുന്നു. അമ്മ പറഞ്ഞു, അനുഗ്രഹമുണ്ടാകുമെന്ന്. വയസ്സായി. ഇപ്പോൾ തീരെ വയ്യ. മരിക്കും മുൻപ് അമ്മയ്ക്കെന്നെ കാണണമെന്നുണ്ട്. അതു സാധിക്കുമെന്നു ഞാൻ പറയും.

∙ സഹോദരങ്ങൾ?

എല്ലാവരും വിവാഹം കഴിച്ചു. ഒരു സഹോദരിയും സഹോദരനും എന്നോടൊപ്പം എന്റെ പോരാട്ടങ്ങളിൽ പങ്കു കൊണ്ടിരുന്നു, പണ്ട്. നിരാഹാരം നിർത്തിയതും കല്യാണം കഴിച്ചതുമൊന്നും അവർക്ക് ഇഷ്ടപ്പെട്ടില്ല. എന്റെ മൂത്ത സഹോദരിയോടാണ് ഞാനിപ്പോൾ സംസാരിക്കാറുള്ളതും കുടുംബകാര്യങ്ങൾ തിരക്കുന്നതും.

നിരാഹാരം തുടങ്ങിയപ്പോൾ എന്റെ മനസ്സിലുണ്ടായിരുന്നത് ഗാന്ധിജിയുടെ പോരാട്ടമായിരുന്നു. ബ്രിട്ടിഷ് ഭരണത്തിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കാനുള്ള ശ്രമം. ആ ലക്ഷ്യത്തിനായി അദ്ദേഹത്തെ പിന്തുടർന്നത് പതിനായിരക്കണക്കിനു ജനങ്ങളാണ്. നിരാഹാരം കിടന്നു ഞാൻ മരിച്ചാലും ജനങ്ങൾക്കായി വലിയൊരു കാര്യം നേടിയെടുത്തശേഷമായിരിക്കുമല്ലോ എന്നാണു ഞാൻ ചിന്തിച്ചത്. മനസ്സുനിറയെ പ്രതീക്ഷയായിരുന്നു. ദൈവത്തിനു സമർപ്പിച്ചിരിക്കുകയായിരുന്നു. എല്ലാ വർഷവും ഞാൻ മോചിതയാകുന്ന സമയം, ചില ഗൂഢശക്തികൾ എനിക്കുമേൽ നിരാഹാരം അവസാനിപ്പിക്കാൻ സമർദം ചെലുത്തിക്കൊണ്ടേയിരുന്നു. 

∙ ഒടുവിൽ, നിരാഹാരം അവസാനിപ്പിച്ചു നാവിൽത്തൊട്ട ആ തേൻതുള്ളിയുടെ മധുരം എങ്ങനെയുണ്ടായിരുന്നു?

കടുത്തത്! അതൊരു തുള്ളിയേ ഉണ്ടായിരുന്നുള്ളുവെങ്കിലും എന്റെ നാവിനു താങ്ങാൻ പറ്റിയില്ല. പതിനാറു വർഷം ഭക്ഷണമോ വെള്ളമോ രുചിക്കാത്ത വായ ഒരു തേൻതുള്ളിയിൽ പൊള്ളിപ്പോയി. അതു വല്ലാത്ത അനുഭവമായിരുന്നു. പിന്നെ, എന്റെ ചുറ്റും ആൾക്കൂട്ടം. കൈവെള്ളയിൽ ഒഴിച്ചതിൽ ഒരുതുള്ളി മാത്രം രുചിച്ചശേഷം തേൻമധുരത്തിന്റെ രൂക്ഷരുചിയിൽ ഞെട്ടിത്തരിച്ച ഞാ‍ൻ ബാക്കിവന്ന തേൻ കുപ്പിയുടെ വക്കിൽ തേച്ചു.

∙ ഭക്ഷണം കഴിച്ചുള്ള സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് എളുപ്പമായിരുന്നോ?

ഞാൻ വളരെ വേഗം പൊരുത്തപ്പെട്ടു. എല്ലാ രുചികളും ഞാൻ തിരിച്ചുപിടിക്കുകയായിരുന്നു. പാചകം ചെയ്യാനും തുടങ്ങി. ശുദ്ധ സസ്യഭുക്കാണ്.

∙ ഡെസ്മണ്ട്, ഇറോം സാധാരണ ജീവിതത്തിലേക്കു മടങ്ങിവന്നോ?

മെല്ലെ മെല്ലെ മടങ്ങിവരുന്നെന്നു പറയാം.

∙ ഇറോമിന്റെ കവിതയെഴുത്തോ?

ഡെസ്മണ്ട്: അതും. എഴുതാൻ തോന്നുന്നു, അൽപനേരം തനിച്ചിരുന്നോട്ടേയെന്ന് എന്നോടു ചോദിക്കും.

∙ ജീവിതമധുരമൂറുന്ന കവിതകളാണോ ഇപ്പോൾ എഴുതുന്നത്?

ഡെസ്മണ്ട്: ഗൃഹാതുരതയാണ് കൂടുതലും. ശർമിള എന്നെ കവിതകൾ കാണിക്കും. അർഥം ചോദിച്ചു വിവർത്തനം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, കടുകട്ടിയാണ്. കവിതകൾ നിറയെ മണിപ്പുരാണ്. ആ നാടിന്റെ ബിംബങ്ങളും പ്രതീകങ്ങളും. തികച്ചും വ്യക്തിപരമായ, മനോഹരമായ ബാല്യകാല സ്മരണകളാണു കവിതകളിലുള്ളത്. ജലാശയത്തിൽ നീന്തിത്തുടിക്കുന്ന കുട്ടിയായ ശർമിളയുടെ ചിത്രം സങ്കൽപിക്കൂ. ഇറോം എഴുതുന്നതു പരിഭാഷപ്പെടുത്താൻ നിങ്ങളും ഒരു കവിയായിരിക്കണം.

ഇറോം: കവിതയെഴുതുക എനിക്കു വളരെ പ്രയാസകരമാണ്. കവിയെന്ന് എന്നെ വിളിക്കാൻ വയ്യ. കവിത വരാൻ സമയവും ചുറ്റുപാടുകളും പ്രധാനമാണ്.

∙ ഇറോമിനെ സംബന്ധിച്ചിടത്തോളം നിരാഹാരസമരം തുടങ്ങിയതു പോലെ വഴിത്തിരിവാണ് പ്രണയവും വിവാഹവും. ഭർത്താവെന്ന നിലയിൽ അതൊരു വലിയ ഉത്തരവാദിത്തമല്ലേ?

ഡെസ്മണ്ട്: എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള കാലഘട്ടമാണിത്. എനിക്കതിൽ നന്ദിയേയുള്ളൂ. സത്യത്തിൽ ഞാൻ ഒരു നല്ല ഭർത്താവാണെന്നു പറയാൻ വയ്യ. ശർമിളയാണ് എന്നെ പൊന്നുപോലെ നോക്കുന്നത്. എനിക്ക് അച്ഛനും അമ്മയുമില്ല. മരിച്ചുപോയി. മറ്റു ബന്ധുക്കളുമായി അടുപ്പമില്ല. ശർമിളയാണ് എന്റെ ജീവിതം.

∙ രാഷ്ട്രീയത്തിലേക്കു തിരികെപ്പോകില്ലേ?

ഇറോം: തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രതിപക്ഷ പാർട്ടിക്കാരോടു പോലും ധൈര്യപൂർവം വോട്ടു ചോദിച്ചു. ഒരു നാണക്കേടും വിചാരിച്ചില്ല. എതിർ പാർട്ടിക്കാർക്കു പോലും എന്നെ ഇഷ്ടമായിരുന്നെന്നു തോന്നുന്നു. സംസാരിക്കാനായി അടുത്തുവിളിച്ചു. കൗതുകത്തോടെ അവരെന്നെ കേട്ടു.

ഡെസ്മണ്ട്: ബൈബിൾ പുതിയനിയമത്തിൽ വിവരിക്കുന്നില്ലേ, ഹെരോദാ രാജാവ് സ്നാപക യോഹന്നാന്റെ വചനം കേൾക്കുന്നതിനെപ്പറ്റി. അതുപോലെ.

∙ മണിപ്പുരിലെ തിരഞ്ഞെടുപ്പിൽ 90 വോട്ടുകൾ മാത്രം കിട്ടിയപ്പോൾ വിഷാദം തോന്നിയില്ലേ?

ഇല്ല, ഞാൻ വിഷാദത്തിന് അടിമപ്പെട്ടേയില്ല. എന്നോട് ജനങ്ങൾക്കുണ്ടായിരുന്ന സ്നേഹവും ആർദ്രതയും എനിക്കു നേരിട്ടറിയാം. എന്നെ ഇഷ്ടമാണെങ്കിലും വോട്ട് എതിർപാർട്ടിക്കാർക്കു വിറ്റുപോയെന്ന് കണ്ണുനീരോടെ ഒരു സ്ത്രീ പറഞ്ഞത് ഞാൻ ഒരിക്കലും മറക്കില്ല. മണിപ്പുരിലെ തിര‍ഞ്ഞെടുപ്പുകൾ പണംവച്ചുള്ള കളിയാണ്. 

∙ മ്യാൻമറിലെ അക്രമങ്ങളും മനസ്സുമടുപ്പിക്കുന്നില്ലേ?

ഇറോം: സത്യത്തിൽ മ്യാൻമറിൽ ഓങ് സാൻ സൂ ചിയുടെ ഇപ്പോഴത്തെ നിലപാടു കാണുമ്പോഴാണ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന തീരുമാനമെടുക്കുന്നതു നല്ലതാണെന്നു വീണ്ടും വീണ്ടും ബോധ്യപ്പെടുന്നത്. രോഹിൻഗ്യ മുസ്‌ലിംകൾ അവരെ സംബന്ധിച്ചിടത്തോളം ഒരു വിഷയമേയല്ല. മറിച്ച്, സൂ ചി അവരെ കുറ്റപ്പെടുത്തുകയുമാണ്. ജാതിയുടെ പേരിൽ മറ്റുള്ളവരെ വേർതിരിച്ചു കാണാൻ എനിക്കു പറ്റില്ല.

(നിരാഹാര സമരത്തെയും പൊതുജീവിതത്തെയും കുറിച്ചു പറഞ്ഞ് ഒരു ഘട്ടമെത്തിയപ്പോൾ ഇറോം നിശ്ശബ്ദയായി. ഗദ്ഗദത്തിനിടെ കണ്ണുനിറഞ്ഞു. കണ്ണീർത്തുള്ളികൾ അടർന്നു വീഴും മുൻപ് ഡെസ്മണ്ട് വാൽസല്യത്തോടെ ഇടപെട്ടു.)

ഡെസ്മണ്ട്: ഞാൻ പറയാറുണ്ട്– ഒരു തീരുമാനമെടുക്കൂ. പൊതുജീവിതം മടുത്തെങ്കിൽ അങ്ങനെയാകട്ടെ. ആക്ടിവിസ്റ്റ് എങ്ങനെയായിരിക്കണമെന്നതിന് ഇന്ത്യയിൽ ചില കാഴ്ചപ്പാടുകളുണ്ടെന്നു തോന്നുന്നു. മുന്നിൽ നടക്കാനും നയിക്കാനും ഒരാളെയാണ് അവർക്കു വേണ്ടത്. നമുക്കതു വിടാം. കൊടൈക്കനാലിൽ വീടു വാങ്ങാം. പൂന്തോട്ടവും പൂച്ചകളുമായി ശിഷ്ടജീവിതം ശാന്തമായി ചെലവഴിക്കാം. ലോകം എന്തുവേണമെങ്കിലും പറയട്ടെ. അമ്മയാകാൻ കഴിഞ്ഞാൽ അതും നല്ല മാറ്റമായിരിക്കും. ശർമിള വാൽസല്യനിധിയായ അമ്മയായിരിക്കുമെന്നതിൽ സംശയമില്ല.

ഇറോം: അതെന്റെ ഉയിർത്തെഴുന്നേൽപ്പായിരിക്കും!