Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലാസ

varghese-angamaly വർഗീസ് അങ്കമാലി

ലിഫ്റ്റിന്റെ കവാടത്തിനു മുകളിൽ അഞ്ച് എന്ന അക്ഷരം തെളിഞ്ഞപ്പോൾ മകൻ അമ്മയുടെ കൈപിടിച്ച് പുറത്തിറങ്ങാൻ ഒരുങ്ങി. രണ്ടു സ്ത്രീകൾ അവർക്കു കുറുകെ ചാടിയിറങ്ങി. വരാന്തയിലെ ബഹളം കൺപാർത്ത് അമ്മ മകനെ പിൻതുടർന്നു. പ്ലാസയോടു ചേർന്ന മാളിന്റെ അഞ്ചാംനില മുഴുവൻ കളിയിടങ്ങളും ഫുഡ്കോർട്ടുകളുമാണ്. ഒരു ചിൽഡ്രൻസ് പാർക്കിന്റെ പ്രതീതി. പ്രധാന സഞ്ചാരപാതയോടു ചേർന്ന ഇരിപ്പിടം ചൂണ്ടിക്കാണിച്ച് മകൻ പറഞ്ഞു.
‘‘അമ്മയ്ക്ക് ഇവിടെ നേരമ്പോക്കുണ്ടാകും. കടകളിൽ ചുറ്റിയടിച്ചും എന്തെങ്കിലുമൊക്കെ പർച്ചേസ് ചെയ്തും നേരം കളയാം. ഉച്ചയ്ക്ക് ഇവിടെ എവിടന്നെങ്കിലും ഭക്ഷണം കഴിച്ചോളൂ. ദാ അവിടെ ഫിഷ്കറി മീൽസ് കിട്ടും’’.ഒരു ഫുഡ് കോർട്ട് ചൂണ്ടിക്കാട്ടി മകൻ നടന്നുനീങ്ങി.
രണ്ടുദിവസം വീട് ഏകാന്തതയിൽ വിലയം കൊള്ളുന്നു. മകന്റെ ഭാര്യയും മകളും സ്ഥലത്തുണ്ടാവില്ല. പേരക്കുട്ടിക്ക് ഓസ്ട്രേലിയയിലേക്കു പോകാനുള്ള വിസയ്ക്കുവേണ്ട മെഡിക്കൽ ചെക്കപ്പ് തിരുവനന്തപുരത്താണ് നടക്കുന്നത്. തലേന്ന് അവിടെ ചെന്നുപറ്റിയാലേ രാവിലെ ടെസ്റ്റുകൾ നടത്താനാവൂ. രണ്ടു ദിവസത്തേക്ക് ഹോട്ടലിൽ മുറി ബുക്കു ചെയ്തിരുന്നു. ബാങ്കിൽനിന്നു മകന് ലീവ് എടുക്കാൻ കഴിഞ്ഞില്ല.
‘‘ഒറ്റയ്ക്ക് വീട്ടിലിരിക്കുന്നതെങ്ങനെ...അതും വില്ലകളുടെ നിരയിൽ വെട്ടവും ആൾപ്പാർപ്പുമുള്ള ഒന്ന് നമ്മുടെ വീടാണ്. ഞാനൊരു സൂത്രം പറയാം. നീ എന്നെ മാളിലാക്കിയാ മതി. ആറുമണിക്കു പിക്കപ്പ് ചെയ്യാലോ’’
മകനും അതിനോടു യോജിച്ചു. അവൻ പോകും മുമ്പേ പറഞ്ഞു..‘‘അമ്മ ഫോൺ ഓഫ് ചെയ്തേക്കരുത്... ഞാൻ ഇടയ്ക്കു വിളിക്കും’’
സർക്കസിലെ സവാരി വണ്ടിപോലെയുള്ള ലിഫ്റ്റിൽ കയറാവുന്നതിൽ കൂടുതൽ പേർ പുറത്ത് കാത്തുനിൽക്കുന്നുണ്ട്. ഗോവണി തൊട്ടടുത്തു തന്നെയുണ്ട്. പക്ഷേ, ആരും അതുപയോഗിക്കുന്നില്ലെന്ന് തിരിച്ചറിയാം.

sunday-story-illustration വര: മുനാസ് സിദ്ധിഖ്

പ്ലാസയിൽനിന്നു മാളിനുനേർക്ക് നടന്നടുക്കുന്ന ആളെ അമ്മ കൗതുകപൂർവം നോക്കിനിന്നു. ജാലകക്കാഴ്ച പ്ലാസയിലേക്കാണ്. അത് അവസാനിക്കുന്നിടത്ത് പനമരങ്ങൾ അതിരിട്ട കവാടം കടന്നാൽ മാള്. ബെഞ്ചിലിരുന്നാൽ മെട്രോ വണ്ടി തലങ്ങും വിലങ്ങും കടന്നുപോകുന്നതു കാണാം. റെയിലിനെ താങ്ങി നിർത്തുന്ന ഭീമാകാരമായ തൂണുകൾ ഭൂമിയിൽനിന്നു മുളച്ചുവന്നതുപോലെ. തൂണുകൾക്കിടയിൽ പൊളിച്ചിട്ടതുപോലെ കല്ലും കട്ടയും മാലിന്യങ്ങളും. താഴത്തെ നിലയിലെ ആൾക്കൂട്ടത്തെ ശ്രദ്ധിച്ചു. ഏതോ നടിയാണ് മൊബൈൽ ഫോൺ ലോഞ്ചു ചെയ്യുന്ന ചടങ്ങ് നിർവഹിക്കുന്നത്. ഒരേ മട്ടിലുള്ള കറുത്ത ടീ ഷർട്ട് ധരിച്ച ഒറ്റക്കാതിൽ കമ്മലിട്ട കുറെ ആൺകുട്ടികൾ നടിക്കു ചുറ്റുമുണ്ട്. കാതടിപ്പിക്കുന്ന സംഗീതംകൊണ്ട് മാളാകെ വിറയ്ക്കുന്നുണ്ടായിരുന്നു. കയ്യടിയും കൂകിവിളിയും.
ഏഴുമണി കഴിഞ്ഞപ്പോഴാണ് മകൻ വന്നത്. അവൻ ഇരിക്കാൻ ചൂണ്ടിക്കാണിച്ച ഇടത്തുതന്നെ അമ്മയെ കണ്ടെത്തി. മുന്നിലെത്തിയപ്പോൾ പരിഭവത്തോടെ ‘‘എന്താ അമ്മ ഫോൺ ഓഫ് ചെയ്തിട്ടത്’’എന്നു ചോദിച്ചു.
‘‘ഞാനൊരു സിനിമയ്ക്കു കയറി. അപ്പോൾ ഓഫ് ചെയ്യേണ്ടിവന്നു’’.
കാറ് പ്രധാന നിരത്തിൽനിന്നു ദശാസന്ധി പിന്നിടുമ്പോൾ മകൻ ആകാംക്ഷപൂണ്ടു.
‘‘ഏത് സിനിമ’’
‘‘പറവ. പിന്നെ ഒരു ഇംഗ്ലീഷ് പടം’’. അമ്മ ശബ്ദം താഴ്ത്തി പറഞ്ഞു.
‘‘ഉച്ചയൂണ് ഞാൻ കാണിച്ചു തന്നിടത്തു നിന്നല്ലേ കഴിച്ചത്’’.
‘‘ഏയ്...പാരഗണിൽ നിന്നു മട്ടൻ ബിരിയാണി കഴിച്ചു. വൈകിട്ടു സമോസയും കാപ്പിയും കഴിച്ചു’’
വാതിൽ തുറന്ന് അകത്തേക്കു കയറുമ്പോൾ രാത്രി കഴിക്കാനുള്ള പാർസൽ നീട്ടി മകൻ പറഞ്ഞു.
‘‘സത്യത്തിൽ അമ്മ ആഘോഷിച്ചു’’.
അമ്മ ചിരിച്ചു. നിഷ്കളങ്കമായി അമ്മ പറഞ്ഞു.
‘‘കുറെ നാളുകൾക്കു ശേഷം ചിറകുമുളച്ചപോലെ തോന്നിപ്പോയി’’.
മരുമകളുമായി മകൻ ഫോണിൽ സംസാരിക്കുന്നതു ശ്രദ്ധിച്ചു. പിറ്റേന്ന് റിസൽറ്റും വാങ്ങി വരുമ്പോൾ സന്ധ്യയാവും. മദ്രാസ് മെയിൽ എത്തുമ്പോൾ നോർത്തിൽ ഉണ്ടാവാമെന്നു വാക്കുകൊടുത്ത് ഫോൺ കട്ട് ചെയ്തു.
പിറ്റേന്ന് അഞ്ചാം നിലയിൽ ലിഫ്റ്റിറങ്ങി. പ്ലാസയോട് ചേർന്ന നിലയിൽ മൂലയിൽ സ്ഥാപിച്ച ഇരിപ്പിടത്തിൽ അമ്മ ഇരുന്നു.
‘‘ഇന്നെന്താണ് പ്ലാൻ’’. മുന്നിലേക്കു നടന്നടുക്കുമ്പോൾ ആഗതൻ ചോദിച്ചു.
‘‘രണ്ടു സിനിമ... പിന്നെ നെയ്ച്ചോറ്, കല്ലുമ്മക്കായ, മസാലദോശ...’’
അമ്മ അയാൾക്കു പിന്നിൽ നിഴലായി. ലിഫ്റ്റിറങ്ങുമ്പോൾ അയാൾ പറഞ്ഞു.
‘‘എനിക്കു മക്കളുണ്ടായില്ല. ക്യാൻസറിനോട് പോരാടി പത്തുവർഷം മുൻപ് ഭാര്യയും മരിച്ചു. നിന്നെ മകൻ പൊന്നുപോലെ നോക്കുന്നുണ്ടല്ലോ. അന്നതു നടക്കാഞ്ഞത് നന്നായി. എന്തു പുകിലായിരുന്നു’’.
അയാളുടെ വിവശമായ മുഖത്ത് ദുഃഖത്തിന്റെ ഇതളുകൾ വിരിയുന്നത് വേദനയോടെ അമ്മ നോക്കിനിന്നു.
ആറുമണിക്ക് മുമ്പേ മകനെത്തി. ഏഴരയ്ക്കാണ് മദ്രാസ് മെയിൽ നോർത്തിൽ എത്തുന്നത്. എല്ലാവരുംകൂടി ഹോട്ടലിൽ നിന്നു പാർസൽ വാങ്ങി വീട്ടിലേക്ക് പോകാമെന്ന് മകൻ പറഞ്ഞു.
പ്ലാസയുടെ ഓരംചേർന്ന് നിരത്തിലേക്കു കടക്കുമ്പോൾ പനമരങ്ങൾക്കിടയിലൂടെ നടന്നുപോകുന്നതാരെന്ന് അമ്മ തിരിച്ചറിഞ്ഞു. കാറിന്റെ മുൻസീറ്റിലിരിക്കുന്ന അമ്മയുടെ മുഖത്തു പ്രകാശം തട്ടിയപ്പോൾ മകൻ ചോദിച്ചു.
‘‘ബോറടിച്ചോ...എങ്ങനെ സമയം കഴിച്ചുകൂട്ടി’’.
‘‘ഇന്നു രണ്ടു സിനിമ. രണ്ടും സമയംകൊല്ലികൾ. പിന്നെ നെയ്ച്ചോറ്, കല്ലുമ്മക്കായ, മസാലദോശ...’’
‘‘ഈ അമ്മയ്ക്കെന്തു പറ്റി. ഇത് അത്ഭുതം തന്നെയാണല്ലോ. റിട്ടയർ ചെയ്തപ്പോഴാണ് അമ്മയ്ക്ക് ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാനാവുന്നത്’’.
മകൻ വാചാലനായി. സിഗ്നലിൽ വണ്ടി നിർത്തിയപ്പോൾ മകൻ അമ്മയുടെ മുഖത്തു തറപ്പിച്ചു നോക്കി.
‘‘ഞാൻ ഒറ്റയ്ക്കല്ലായിരുന്നു... എനിക്കൊരു കൂട്ടുണ്ടായിരുന്നു’’.
‘‘അത് അമ്മ എപ്പോഴും പറയാറുള്ളതാണല്ലോ. ഈശ്വരൻ കൂടെയുണ്ടെന്ന്’’. മൗനം നിറഞ്ഞ വാഹനത്തിനുള്ളിൽ എസിയുടെ ശബ്ദം ഇരമ്പി. ആരാണ് കൂടെ ഉണ്ടായിരുന്നതെന്നോ എങ്ങനെ സമയം കഴിച്ചുകൂട്ടിയെന്നോ പിന്നീട് ആരും ചോദിച്ചില്ല, അമ്മ പറഞ്ഞതുമില്ല.