Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരും... വരാതിരിക്കില്ല

flowers ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ അടക്കിയിരിക്കുന്ന വിഴിഞ്ഞം സെന്റ് മേരീസ് പഴയപള്ളി.

ഈ സങ്കടക്കടലുമായി താരതമ്യം ചെയ്യുമ്പോൾ അറബിക്കടലൊക്കെ നിസ്സാരം. അത്രയേറെ കണ്ണീർപ്പുഴകൾ ഒഴുകിച്ചേർന്നാണ് ഈ ആഴിപ്പരപ്പ്് ആർത്തലയ്ക്കുന്നത്. കണ്ണീരിനും കടൽവെള്ളത്തിനും ഉപ്പുരസമായത് യാദൃശ്ചികമായിരിക്കില്ല. ചുഴലിക്കാറ്റ് ആഞ്ഞടിച്ച ദിവസം മത്സ്യത്തൊഴിലാളികൾ കടലിൽ അകപ്പെട്ടെന്ന വാർത്ത വന്നപ്പോൾ, അവരെല്ലാം തിരിച്ചെത്തുമെന്നു കരുതി. കാരണം, മിക്കപ്പോഴും കലിതുള്ളുന്ന കടലിനോടു പോരാടി ജയിക്കാറുണ്ടല്ലോ അവർ.

Technical-Area

രണ്ടാംദിവസമായപ്പോഴേക്കും അപകടത്തിന്റെ തീക്ഷ്ണത കരയിലേക്ക് എത്തിത്തുടങ്ങി. അപ്പോഴും പ്രതീക്ഷ ആ പോരാട്ട വീര്യത്തിൽ തന്നെ. തീരദേശത്തെ ആരാധനാലയങ്ങളിൽ പ്രാർഥനയുടെ കൊടുങ്കാറ്റടിച്ചു. അതിനിടെ, ആശ്വാസത്തിരിനാളവുമായി ചിലർ രക്ഷപ്പെട്ടെത്തി.

Okhi Cyclone.

അന്നു പൂന്തുറയിലെത്തിയ മൂന്നുപേരിലൊരാളായ ആൽബർട്ടിനെ കാണാൻ ഞങ്ങളെത്തി. ചുഴലിക്കാറ്റിന്റെ ഭീകരത അദ്ദേഹം വിവരിക്കുന്നതിനിടെ മകൾ നൽകിയ ആ ചക്കരയുമ്മ... മറക്കാനാകില്ല ആ കാഴ്ച. 

കടലിൽ കാണാതായ ആ പതിനാറുകാരൻ വിനേഷായിരുന്നു ഒരു രാത്രി മുഴുവൻ മനസ്സിൽ. കുഞ്ഞുപ്രായത്തിൽ കടലിനോട് പോരടിക്കുന്നത് അവ്യക്ത ദൃശ്യങ്ങളായി മിന്നിമറഞ്ഞു. ചിലരെ തെർമോകോളിന്റെ ചെറുകഷണങ്ങളും മരത്തടിയുമൊക്കെ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവന്നു. അപ്പോഴും മനസ്സ്് നീറിപ്പുകയുന്നതു നീന്തിത്തളർന്നു കൈകൾ കുഴയുന്നവരെയോർത്താണ്. നീലവെളിച്ചം അലിഞ്ഞലിഞ്ഞ് കറുപ്പിലേക്ക് ഇല്ലാതാവുന്നപോലെ. 

police

വിഴിഞ്ഞത്തുനിന്നു തിരച്ചിലിനിറങ്ങിയവരുടെ വാക്കുകൾ കേട്ടാലറിയാം ദുരന്തത്തിന്റെ തീക്ഷ്ണത. "മരണത്തെ ഞങ്ങൾക്ക് പേടിയില്ല. ഇതെല്ലാം പ്രതീക്ഷിച്ചാണു ഞങ്ങളിപ്പണിക്കു പോകുന്നത്. പക്ഷേ, തിരച്ചിലിനു പോയി ഉറ്റവരുടെ ചലനമറ്റ ശരീരവുമായി തിരിച്ചെത്തുമ്പോഴേക്കും ഞങ്ങൾ മാനസികമായി തളരുന്നു.”