Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി തീരത്തോടു ചെയ്തത്...

sea-boat

നവംബർ 30 വ്യാഴാഴ്ച ഉച്ചയോടെ കേട്ട വാർത്തയിതാണ്; ഓഖി ചുഴലിക്കാറ്റ് കേരളത്തിന്റെ തെക്കൻ ജില്ലകൾക്കും ലക്ഷദ്വീപിനും ഇടയിലൂടെ വടക്കുപടിഞ്ഞാറ് ദിശയിലേക്കു നീങ്ങുന്നു. നാലുമീറ്ററോളം ഉയരത്തിൽ തിരയടിക്കാനും സാധ്യതയുണ്ട്. 

poonthura

തോരാത്ത മഴ. മൂന്നു മണിയോടെ പൂന്തുറയിൽനിന്നു മലയാള മനോരമ തിരുവനന്തപുരം ഓഫിസിലേക്ക് ഒരു ഫോൺ സന്ദേശം. ബുധനാഴ്ച മീൻപിടിക്കാൻ പോയ 28 ബോട്ടുകൾ മടങ്ങിയെത്തിയിട്ടില്ല. വൈകിട്ട് നാലോടെ ലേഖകൻ ജിക്കു വർഗീസ് ജേക്കബിനൊപ്പം പൂന്തുറയിലേക്കു പുറപ്പെട്ടു. ശംഖുമുഖത്ത് 10 മീറ്ററിലേറെ കടൽ കയറിക്കഴിഞ്ഞു. കാറ്റും പെരുമഴയും. ‘പടയൊരുക്കം’ സമാപനസമ്മേളന വേദി ആടിയുലയുന്നു. വലിയതുറ കടൽപാലം കാണാനാകാത്ത വിധം തിരകൾ ആഞ്ഞടിക്കുന്നു. പൂന്തുറ സെന്റ് തോമസ് പള്ളിക്കു മുന്നിലെ കരിങ്കൽക്കെട്ടുകൾ തകർത്ത് കടൽ ഇരച്ചുകയറുന്നു. 600 മീറ്റർ അകലെ ചേരായമുട്ടം കടപ്പുറത്താണു നാട്ടുകാർ കൂടിയിരിക്കുന്നതെന്നറിഞ്ഞു. അവിടുന്നാണ് പൂന്തുറക്കാർ മൽസ്യബന്ധനത്തിനു പുറപ്പെടുന്നതും മടങ്ങിയെത്തുന്നതും. 

Okhi Cyclone.

കടപ്പുറത്താകെ ജനക്കൂട്ടം. വ്യാഴാഴ്ച പുലർച്ചെ തിരിച്ചെത്തേണ്ട ഇരുപത്തെട്ടോളം വള്ളങ്ങളിൽ ഒരെണ്ണമേ എത്തിയിട്ടുള്ളു. മൽസ്യത്തൊഴിലാളികൾക്കൊപ്പം പള്ളി വികാരി ഫാ. ജസ്റ്റിൻ ജൂഡിൻ മാധ്യമപ്രവർത്തകരോടു രക്ഷാപ്രവർത്തനങ്ങളെപ്പറ്റി ആരായുന്നു. മുൻ എംഎൽഎ ടി.എൻ.പ്രതാപനും സ്ഥലം എംഎൽഎ വി.എസ്.ശിവകുമാറും അവരോടൊപ്പം കൂടി. അഞ്ചോളം പൊലീസ് ഉദ്യോഗസ്ഥരും ജനക്കൂട്ടത്തിനിടയിലുണ്ട്. അപ്പോഴേക്കും ചേട്ടായിയേ എന്നൊരു വിളി.

poonthura

തിരിഞ്ഞു നോക്കുമ്പോൾ പുറംകടലിൽനിന്ന് ഉച്ചയോടെ എത്തിയ കുഞ്ഞുമോനും സംഘവും. ഓഖിയുടെ പിടിയിൽനിന്നു രക്ഷപ്പെട്ട സാഹസികത വിവരിച്ചു. ഒരമ്മ വാവിട്ടു കരയുന്നതു കുഞ്ഞുമോൻ കാട്ടിത്തന്നു. പൊളിഞ്ഞുതുടങ്ങിയ കുടയും പിടിച്ചു ഹൃദയഭേദകമായി നിലവിളിക്കുന്ന അമ്മ. കടലിൽപോയാൽ രാവിലെ ഏഴിനു മുൻപേ വീട്ടിലെത്താറുള്ള സൂസാനമ്മയുടെ കൊച്ചുമകൻ വിനേശൻ ഇതുവരെ എത്തിയില്ല. ഓഖി ഉറഞ്ഞുതുള്ളി രണ്ടാംനാൾ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ നാവികസേനയുടെ ‘സീകിങ്’ ഹെലികോപ്റ്റർ രക്ഷപ്പെടുത്തിയ പതിനഞ്ചോളം പേരെ എത്തിച്ചു. മൂന്നാം നാൾ അഞ്ചു മൃതശരീരങ്ങളും. 

Ockhi

അഞ്ചാം നാൾ വിഴിഞ്ഞം തുറമുഖത്തെത്തുമ്പോൾ ആകെപ്പാടെ മൂകത. ഇനിയും മടങ്ങിവരാത്ത 28 പേരെപ്പറ്റി മൽസ്യത്തൊഴിലാളികൾ വിതുമ്പലോടെ സംസാരിക്കുന്നു. കടപ്പുറത്തെ സെന്റ് മേരീസ് പള്ളിക്കുള്ളിൽ ഇനിയും മടങ്ങിയെത്താത്ത ജോണിന്റെയും ഫ്രാൻസിസിന്റെയും ആൽബിയുടെയും വട്ടവിള സേവ്യറിന്റെയും കുടുംബാംഗങ്ങൾ നിറകണ്ണുകളോടെ പ്രാർഥിക്കുന്നു. നാലുനാൾ ഔദ്യോഗിക രക്ഷാപ്രവർത്തനത്തെ ആശ്രയിച്ചിരുന്ന മൽസ്യത്തൊഴിലാളികൾ അഞ്ചാംനാൾ കടലിലിറങ്ങി കോട്ടപ്പുറം സ്വദേശി ജെയിനിന്റെ മൃതശരീരവുമായി മടങ്ങി. 

ജീവൻ മറന്നു പ്രതികരിക്കാനും ജീവൻനൽകി സ്നേഹിക്കാനും മാത്രമറിയാവുന്ന മത്സ്യത്തൊഴിലാളികൾ കടപ്പുറത്തു പ്രാർഥനയിലാണ്. കാണാതായവർ എത്രയും പെട്ടെന്നു തിരിച്ചെത്തണമേയെന്നുള്ള പ്രാർഥന.