Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗഹൃദം തേടി...

sanjay-police കെ.എൻ. സഞ്ജയ്

സമൂഹമാധ്യമങ്ങളിൽ ഒന്നോ രണ്ടോ സെക്കൻഡുകൾകൊണ്ടു കാതങ്ങൾ കടന്നു സൗഹൃദങ്ങളെത്തുന്നകാലത്താണു 15 വർഷം മുൻപു നഷ്ടപ്പെട്ടുപോയ ചങ്ങാതി ചാൾസിനെ തേടി തഞ്ചാവൂരുകാരി ദുർഗ കണ്ണൂരിലെത്തിയത്. എങ്ങനെ തുടങ്ങണം എങ്ങനെ തിരയണം എന്നറിയാതെ നിന്ന അവള്‍ക്കു സഹായവുമായി കണ്ണൂർ ടൗൺ പൊലീസിലെ സിവിൽ പൊലീസ് ഓഫിസർ സഞ്ജയ്‌യും സുഹൃത്തുക്കളും നടത്തിയ അന്വേഷണം സൗഹൃദങ്ങൾക്കു വേണ്ടി ജീവിക്കുന്നവർക്കു പ്രചോദനമാണ്.

കണ്ണൂരിലെ അതിഥി

രാവിലെ 11.00ന് ആണു കണ്ണൂർ ടൗൺ സ്റ്റേഷനിൽ വിചിത്രമായ ഒരു ആവശ്യവുമായി ദുർഗ എന്ന മുപ്പത്തേഴുകാരി എത്തിയത്. പാതി മലയാളിയായ അവർ ദുബായിൽനിന്നു വരുന്നവഴിയാണ്. 15 വർഷം മുൻപ് എറണാകുളത്തു ജോലി ചെയ്തിരുന്നപ്പോൾ ചാൾസ് എന്നു പേരുള്ള കണ്ണൂർ സ്വദേശി സുഹൃത്തായുണ്ടായിരുന്നു.

അങ്ങനെയിരിക്കെ, പെട്ടെന്നൊരു ദിവസം ദുർഗയ്ക്കു ജോലി ഉപേക്ഷിച്ചു ജന്മനാടായ തഞ്ചാവൂരിലേക്കു മടങ്ങേണ്ടിവന്നു. അന്നു കൈമാറാൻ കഴിയാതിരുന്ന വളരെ വിലപ്പെട്ടതും അമൂല്യവുമായ ഒരു കാര്യം സുഹൃത്തിനെ തിരികെ ഏൽപിക്കണം. ഫെയ്സ്ബുക് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ അന്വേഷിക്കാൻ ഒട്ടേറെ തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ‘കടം’ നേരിട്ടു വീട്ടിയില്ലെങ്കിൽ ജീവിതത്തിൽ മുന്നോട്ടുപോകാൻ പ്രയാസമാണ്. ചാൾസിനെ കണ്ടെത്താൻ പൊലീസ് സഹായിക്കണം.

ഔദ്യോഗികമായി പരാതിയില്ല, കണ്ടെത്തേണ്ട ആളിന്റെ വിലാസമില്ല, വന്നയാളിന്റെ ഉദ്ദേശ്യം പോലും വ്യക്തമല്ല. പൊലീസ് ബുദ്ധിയിൽ കാര്യങ്ങൾ കൂട്ടിയും ഗുണിച്ചും ടൗൺ പൊലീസ് കൈമലർത്തി. തൽക്കാലം ‘സാധനം’ ഇവിടെ ഏൽപിച്ചു മടങ്ങിപ്പൊയ്ക്കോളൂ, ആളെ കണ്ടുകിട്ടിയാൽ അറിയിക്കാം. പൊലീസിന്റെ ആ ഓഫർ യുവതി സ്വീകരിച്ചില്ല.

ഒടുവിൽ അഡീഷനൽ എസ്ഐ ഷൈജു സിവിൽ പൊലീസ് ഓഫിസർ കെ.എൻ. സഞ്ജയിനെ കേസ് ഏൽപിച്ചു.

പിന്നീട് നടത്തിയ അന്വേഷണത്തിന്റെ കഥ സഞ്ജയ് പറയുന്നു...

അവിചാരിതമായി ഒരന്വേഷണം

ജില്ലാ പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുണ്ട്. ട്രഷറർ ആയതിനാൽ കണക്കവതരിപ്പിക്കണം. ഇതിനു പുറമേ സ്റ്റേഷനിലെ ചുമതലകളും ധാരാളം. ഇതിനിടയിൽ ഊരും പേരുമറിയാത്ത ചാൾസിനെ എവിടെപ്പോയി അന്വേഷിക്കാൻ? വന്ന സഹോദരിയോടു മാന്യമായി പറഞ്ഞു: ‘‘ നിങ്ങൾ അഡ്രസും ഫോൺ നമ്പറും തന്നിട്ടു പൊയ്ക്കോളൂ, വിവരം കിട്ടിയാൽ അറിയിക്കാം’’.

എന്നാൽ ദുർഗ ഉറച്ചുതന്നെയായിരുന്നു. വൈകിട്ടു മൂന്നുവരെ അവർ സ്റ്റേഷനിലെ കസേരയിൽ ഒരേ ഇരിപ്പ് ഇരുന്നു. ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചവരോടു നിസ്സഹകരിച്ചു. അതോടെ അന്വേഷണത്തിനു സഞ്ജയ് നിർബന്ധിതനായി.

തൽക്കാലം ടൗൺ സ്റ്റേഷനോടു ചേർന്ന ചെറിയ ലോഡ്ജിൽ മുറിയെടുത്തു നൽകി. എന്താണു കൈമാറാനുള്ളത് എന്നു ചോദിച്ചപ്പോഴൊക്കെ അവർ ഒരേ മറുപടി തന്നെ നൽകി. ‘‘വളരെ അമൂല്യമായ ഒരു കടം’’

കൊട്ടിയൂരമ്പലം വഴി കോഴിക്കോട്ടേക്ക്

ഔദ്യോഗിക പരാതിയില്ലാത്തതിനാൽ ഇതിന്റെയൊന്നും പുറകേ പോകേണ്ട എന്ന് ഉപദേശിക്കുന്നവരായിരുന്നു സ്റ്റേഷനിൽ കൂടുതലും. ചാൾസ്, കണ്ണൂർ എന്നീ രണ്ടു വാക്കല്ലാതെ മറ്റൊന്നും ദുർഗയ്ക്ക് അറിയില്ല എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഒടുവിൽ ചാൾസിനോടൊപ്പമുള്ള അന്നത്തെ കാലത്തെ കുറിച്ചു വിശദമായി ചോദിച്ചറിഞ്ഞു. അന്നത്തെ സൗഹൃദത്തിനിടയിൽ എപ്പോഴോ ചാൾസ് കൊട്ടിയൂർ അമ്പലത്തെക്കുറിച്ചു പറഞ്ഞതോർമയുണ്ട്. കൊട്ടിയൂരുള്ള ചാൾസുമാരെക്കുറിച്ച് അന്വേഷിക്കാൻ സഞ്ജയ് സുഹൃത്തുക്കളായ പൊലീസുകാരെ വിട്ടു. പലരും പല വഴിക്കു തിരിഞ്ഞ് അന്വേഷണം നടത്തിയെങ്കിലും ചാൾസിനെ കിട്ടിയില്ല.

പയ്യാമ്പലം എന്ന ഒരു വാക്ക് ചാൾസിൽനിന്നു കേട്ടതായി ദുർഗ പറഞ്ഞു. അതോടെ അന്വേഷണം പയ്യാമ്പലത്തെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും റസി‍ഡന്റ്സ് അസോസിയേഷനുകളിലേക്കും തിരിഞ്ഞു. അവിടെയും അന്വേഷിച്ചു മടുത്തിരിക്കുമ്പോഴാണു യാദൃച്ഛികമായി ദുർഗ മറ്റൊരു കാര്യം പറഞ്ഞത്. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് വിദൂര വിദ്യാഭ്യാസം വഴി ചാൾസ് സോഷ്യോളജി പഠിച്ചിട്ടുണ്ട്. പക്ഷേ വർഷം ഏതാണെന്ന് അറിയില്ല.

ആദ്യം നിരാശ

ഏതാനും വാക്കുകളുടെ നിഴൽ മാത്രമായിരുന്ന ചാൾസിനു പെട്ടെന്നൊരു രൂപം വന്നതുപോലെ തോന്നി. ഉടൻ കാലിക്കറ്റ് സർവകലാശാലയിലേക്കു വിളിച്ചു സഹായം അഭ്യർഥിച്ചു, സോഷ്യോളജി പഠിച്ച ചാൾസിന്റെ വിവരങ്ങൾ വേണം. വർഷം പോലും അറിയാതെ ഒരു വിദ്യാർഥിയുടെ വിവരങ്ങൾ അന്വേഷിച്ചുപോകുന്നകാര്യം നടക്കില്ലെന്നു സർവകലാശാലയിൽനിന്നു തീർത്തുപറഞ്ഞു. ആ വഴിക്കുള്ള അന്വേഷണത്തിന് അതോടെ അവസാനമായി.

ബിന്ദുവെന്ന ദുർഗ

ആദ്യദിവസത്തെ അന്വേഷണം വഴിമുട്ടിനിൽക്കുന്നതിനിടെയാണു പൊലീസുകാരിൽ ചിലർ ദുർഗയുടെ മാനസികാവസ്ഥയെ കുറിച്ചു സംശയം പ്രകടിപ്പിച്ചത്. ഇതേത്തുടർന്നു ദുർഗയെക്കുറിച്ചു രഹസ്യമായി അന്വേഷിക്കാൻ സഞ്ജയ് തീരുമാനിച്ചു. ഒരേസമയം ചാൾസിനെക്കുറിച്ചും ദുർഗയെക്കുറിച്ചും അന്വേഷണം. ദുർഗ നൽകിയ ഫോൺ നമ്പർ വഴി വിലാസം കണ്ടെത്തിയപ്പോൾ നേരത്തേ സ്റ്റേഷനിൽ നൽകിയ വിലാസവും സിംകാർഡ് രേഖയിലെ വിലാസവും രണ്ടാണെന്നു തെളിഞ്ഞു. ദുർഗ നൽകിയതു തഞ്ചാവൂർ വിലാസമാണെങ്കിൽ സിംകാർഡ് വിലാസം കേരളത്തിലേത്. 15 വർഷമായി കേരളത്തിൽ വരാത്ത ദുർഗയ്ക്കു മലയാളിവിലാസത്തിൽ സിംകാർഡ്!

പാസ്പോർട്ട് പരിശോധിച്ചപ്പോൾ പേര് ദുർഗ എന്നല്ല ബിന്ദു എന്നാണ്. ദുർഗ എന്നതു വിളിപ്പേരാണ്. കുറേക്കാലം ബംഗ്ലദേശിലായിരുന്നെന്നു കണ്ടെത്തി. അവിടെനിന്നു ദുബായിലേക്കു പോയി. ദുബായിൽനിന്ന് ഏതാനും ദിവസം മുൻപു കോയമ്പത്തൂർ വിമാനത്താവളം വഴി ഇന്ത്യയിലെത്തി. കണ്ണൂരെത്തുന്നതിനു മുൻപു നിലമ്പൂർ കേന്ദ്രീകരിച്ചു ദുർഗ ചില പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സംശയിക്കാൻ ഒട്ടേറെ.

തമിഴ്‌വേന്ദ്രന്റെ സാക്ഷ്യപത്രം

ദുർഗയുടെ ഭർത്താവ് ഡോക്ടർ തമിഴ്‌വേന്ദ്രന്റെ നമ്പർ സംഘടിപ്പിച്ച സഞ്ജയ്, ദുർഗ അറിയാതെ ഭർത്താവിനെ വിളിച്ചു. ദുർഗയ്ക്കു മാനസിക പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടോ എന്നാണ് ആദ്യം ചോദിച്ചത്. എന്നാൽ ഭർത്താവു പറഞ്ഞ മറുപടി അമ്പരപ്പിക്കുന്നതായിരുന്നു. 

‘‘നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്ന ഒരു കാര്യം ചെയ്തുതീർക്കാൻ എന്റെ പൂർണസമ്മതത്തോടെയാണ് അവൾ അവിടെ എത്തിയിരിക്കുന്നത്. ഡോക്ടറായ എനിക്കു ചില രോഗികളെ ഒഴിവാക്കാൻ കഴിയില്ല. അതുകൊണ്ടു മാത്രമാണ് അവൾക്കൊപ്പം വരാൻ കഴിയാതെപോയത്. ഞങ്ങളുടെ ഇളയമകൻ നാലു വയസ്സുകാരൻ അമ്മയെ കാണാതെ വലിയ വിഷമത്തിലാണ്. കഴിയുമെങ്കിൽ എത്രയും പെട്ടെന്നു ചാൾസിനെ കണ്ടെത്തി അവളെ തിരിച്ചുവിടാൻ വഴിയൊരുക്കണം.’’

ഭാര്യയുടെ ഫോൺവിളിപോലും സംശയിക്കുന്ന ഭർത്താക്കൻമാർക്കെതിരെ ദിവസവും പരാതികൾ പൊലീസ് സ്റ്റേഷനിൽ എത്താറുണ്ട്. വർഷങ്ങൾ പഴക്കമുള്ള സൗഹൃദം കണ്ടെത്താൻ ഭാര്യയെ തനിച്ചുവിട്ട ആ തമിഴ് ഡോക്ടറെ കുറിച്ചു ബഹുമാനം തോന്നിയെന്നു സഞ്ജയ് പറയുന്നു.

ഭർത്താവിനോടു സംസാരിച്ചതോടെ പാതിവഴിയിൽ നിലച്ച അന്വേഷണം വീണ്ടും മുന്നോട്ടുനീങ്ങി. അപരിചിതമായ ദേശത്ത്, കൂടെയാരും ഇല്ലാതിരുന്നിട്ടും ചാൾസിനെ കണ്ടെത്തുമെന്നുതന്നെ വിശ്വസിക്കുന്നുണ്ടായിരുന്നു ദുർഗ. 

അവരുടെ വിശ്വാസം കാണുമ്പോൾ സ്വന്തം നാടായിട്ടും കണ്ടെത്താൻ കഴിയില്ലെന്നു വിശ്വസിക്കുന്നതിൽ സഞ്ജയിനു ലജ്ജ തോന്നി.

ഒരിക്കൽക്കൂടി കാലിക്കറ്റ് സർവകലാശാലയുടെ വാതിലിൽ മുട്ടി. 2004 മുതൽ മാത്രമാണു രേഖകൾ കംപ്യൂട്ടറിലാക്കിയിട്ടുള്ളത്. അതിനു മുൻപുള്ള രേഖകളുടെ കൃത്യമായ വിവരം ശേഖരിക്കൽ പ്രയാസമാണെന്നായിരുന്നു അപ്പോഴും മറുപടി. 

സഞ്ജയിന്റെ സുഹൃത്തിന്റെ ഭാര്യ കാലിക്കറ്റ് സർവകലാശാലാ ജീവനക്കാരി നൂബി റഹ്മാൻ സഹായിക്കാമെന്നേറ്റു. കാലിക്കറ്റ് സർവകലാശാലയിലെ റജിസ്റ്ററുകൾ ഇളക്കിമറിച്ചു നൂബി റഹ്മാനാണ് സോഷ്യോളജി പഠിച്ച ചാൾസ് എന്ന വിദ്യാർഥിയെ കണ്ടുപിടിച്ചത്. ഭാഗ്യം!!!

ഒരു ചാൾസ് എം. ജോസ് മാത്രമാണു വിദൂര വിദ്യാഭ്യാസം വഴി കാലിക്കറ്റ് സർവകലാശാലയിൽനിന്നു സോഷ്യോളജി പഠിച്ചത്.

പതിനായിരത്തോളം വിദ്യാർഥികളുടെ പേരുവിവരങ്ങൾ പരിശോധിച്ച് ‘ചാൾസ് എം. ജോസ്, മുരിക്കുറ്റിയിൽ ഹൗസ്, കേളകം എന്ന വിലാസം സഞ്ജയിനെ തേടിയെത്തി. മൂന്നേ മൂന്നു വരി. അതിനപ്പുറത്തു പിന്നെയും ചാൾസ് മറഞ്ഞുനിന്നു.

വിലാസം തേടി വീണ്ടും അന്വേഷണം

കേളകത്തെ ചാൾസിന്റെ വിലാസം കണ്ടെത്തിയെങ്കിലും അതൊരു വാടകവീടായിരുന്നു. വീട്ടുടമയ്ക്കു ജോസ് എന്നു പേരുള്ള കേന്ദ്രസർക്കാർ ജീവനക്കാരൻ വർഷങ്ങൾക്കു മുൻപ് അവിടെ താമസിച്ചിരുന്നത് ഓർമയുണ്ട്. ഏതാനും മാസങ്ങൾ മാത്രം അവിടെ താമസിച്ച അയാളുടെ വീട്ടുപേര് മുരിക്കുറ്റിയിൽ എന്നാണെന്ന് അറിയാം. പക്ഷേ അയാൾക്കു ചാൾസ് എന്ന മകനുണ്ടോ എന്നറിയില്ല.

ഇതിനിടെ കണ്ണൂരിലെ പത്രങ്ങളിൽ ദുർഗ ചാൾസിനെ തേടുന്ന സംഭവം വാർത്തയായി വന്നു. വാർത്ത കണ്ട് ചാൾസിനെ അറിയാം, ഞാനാണ് ചാൾസ്, അവിടെ ഒരു ചാൾസുണ്ട് എന്നിങ്ങനെ വരുന്ന കോളുകൾ ഒട്ടേറെ.

 ചാൾസ് എന്നു പേരുള്ള ഒരു ഹോട്ടൽ ജീവനക്കാരൻ വാർത്ത വന്നതിനെ തുടർന്നു മുങ്ങിയെന്നുപോലും വിവരം കിട്ടി. 

ഈ ചാൾസുമാരെയൊക്കെ അന്വേഷിച്ചു കണ്ടെത്തി കുറേ സമയം പോയതല്ലാതെ അന്വേഷണം മുന്നോട്ടുനീങ്ങുന്നേയില്ല.

അപ്പോഴാണു ചാൾസിന്റെ അച്ഛനു പോസ്റ്റ് ഓഫിസുമായി എന്തോ ബന്ധമുള്ളതായി ദുർഗ സംശയം പറഞ്ഞത്. തപാൽ വകുപ്പിൽനിന്നു വിരമിച്ച കുറെപ്പേരെ വിളിച്ചെങ്കിലും ആർക്കും ജോസിനെ പരിചയമില്ല. 

വിളിച്ചുനോക്കുന്ന ഓരോരുത്തരും മറ്റാരുടെയെങ്കിലും നമ്പർ നൽകി, അല്ലെങ്കിൽ ചാൾസിലേക്കുള്ള എന്തെങ്കിലും സൂചനകൾ.. ആ ചങ്ങല അങ്ങനെ നീണ്ടുപോകവേ, അന്വേഷണം ജനാർദനൻ നമ്പ്യാർ എന്ന പെൻഷൻകാരനിലെത്തി. 

വർഷങ്ങൾക്കു മുൻപ് തപാൽവകുപ്പിന്റെ പരിപാടിക്കിടെ ജോസഫ് എന്ന ഒരാളെ പരിചയപ്പെട്ടിരുന്നു. അയാളുടെ വീട്ടുപേർ മുരിക്കുറ്റിയിൽ എന്നായിരുന്നു. പക്ഷേ എവിടെയാണ്, എന്താണ് എന്നൊന്നും ഓർമയില്ല.

അച്ഛനിൽനിന്ന് മകനിലേക്ക്

ചാൾസിനെ അന്വേഷിച്ചു കിട്ടിയില്ലെങ്കിലും ജോസഫ് മുരിക്കുറ്റിയിൽ എന്ന വിലാസത്തിൽ ഫെയ്സ്ബുക് ഐഡിയുണ്ടോ എന്നു പരിശോധിച്ചു. ‌‌ഊഹം തെറ്റിയില്ല. ചില പോസ്റ്റുകൾക്കു ചാൾസ് എന്നൊരാൾ ലൈക്ക് ചെയ്തിട്ടുണ്ട്. 

ആ ഫെയ്സ്ബുക്ക് ഐഡി കണ്ടപ്പോൾ സഞ്ജയ് ശരിക്കും ഞെട്ടി. ദുർഗ ടൗൺ സ്റ്റേഷനിലെത്തിയ ആദ്യ ദിവസം സോഷ്യൽമീഡിയ പരതിയപ്പോൾ കിട്ടിയ ആദ്യ ഫെയ്സ്ബുക്ക് ഐഡി!!!. വ്യക്തമായ ചിത്രങ്ങളോ വിവരങ്ങളോ ലഭ്യമല്ലാത്തതിനാൽ തിരിച്ചറിയപ്പെടാതെപോയ അതേ അക്കൗണ്ട്!!!

കൈയെത്തും ദൂരത്തുണ്ടായിരുന്ന ആ അക്കൗണ്ട് ഉടമയെ ആയിരുന്നു കഴിഞ്ഞ മൂന്നു ദിവസമായി നാടു മുഴുവൻ തിരഞ്ഞുകൊണ്ടിരുന്നത്.

ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്നു കോട്ടയത്തെ മീഡിയ വില്ലേജ് എന്ന സ്ഥാപനത്തിന്റെ ഫോൺ നമ്പർ കിട്ടി. അവിടെനിന്നു ചാൾസിന്റേതും. വ്യാഴാഴ്ച രാത്രി 11 മണിക്കാണു ചാൾസിന്റെ നമ്പർ കിട്ടുന്നത്. എത്ര വിളിച്ചിട്ടും ഫോൺ എടുക്കാത്ത ആ നമ്പറിലെ വാട്സാപ്പിലേക്കു സഞ്ജയ് നിരന്തരം വോയ്സ് മെസേജുകൾ അയച്ചു. ഒന്നിനും പ്രതികരണമില്ല. ഒടുവിൽ രാത്രി 12.10നു ചാൾസ് ആ മെസേജുകൾ തുറന്നുനോക്കിയെന്നു കണ്ടു. അതേസമയം സഞ്ജയിന്റെ ഫോണിലേക്കു വിളി വന്നു, അതു ചാൾസിന്റേതായിരുന്നില്ല, ദുർഗയുടേതായിരുന്നു.

അവർ സഞ്ജയ്‌യോടു പറഞ്ഞു, ‘‘സഞ്ജയ് നിങ്ങൾ ചാൾസിന്റെ അടുത്തെത്തി എന്നെനിക്കറിയാം. പിന്നെ എന്തുകൊണ്ടാണ് എനിക്കു നമ്പർ കൈമാറാത്തത്?’’

ചാൾസിന്റെ സമ്മതത്തോടെയല്ലാതെ ഒരിക്കലും നമ്പർ തരില്ലെന്നു പറഞ്ഞപ്പോൾ ആ പാതിരാത്രിയിൽ ദുർഗ ചില കാര്യങ്ങൾ പറഞ്ഞു.

ദുർഗ പറഞ്ഞത്

അന്നു ദുർഗയ്ക്ക് 23 വയസ്സ് പ്രായം. എറണാകുളത്ത് ഗാർമെന്റ്സ് ഫാക്ടറിയിൽ ഒരുമിച്ചു ജോലിചെയ്യുന്നതിനിടെയാണ് അതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ചാൾസിനെ പരിചയപ്പെടുന്നത്. ഒരേ ഇഷ്ടങ്ങളുള്ള, ഒരേ മനസ്സുള്ള രണ്ടു ചങ്ങാതിമാർ. പുസ്തകങ്ങൾ, യാത്രകൾ, ചർച്ചകൾ... അങ്ങനെ നല്ല സൗഹൃദം. ഒരു ദിവസം അപ്രതീക്ഷിതമായി ദുർഗയ്ക്കു സ്വന്തം നാടായ തഞ്ചാവൂരിലേക്കു മടങ്ങേണ്ടിവന്നു. അവിടെനിന്നു വിവാഹം കഴിഞ്ഞു ബംഗ്ലദേശിലേക്കും പിന്നെ ദുബായിലേക്കും. ഏതാനും നാളുകൾക്കുശേഷം ചാൾസുമായി ആശയവിനിമയത്തിനുള്ള സാധ്യതകളെല്ലാം നഷ്ടപ്പെട്ടു.

ഇടയ്ക്ക് ഓഷോ അനുയായിയായി മാറിയതോടെ ജീവിതവീക്ഷണത്തിലും വലിയ മാറ്റങ്ങളുണ്ടായി. ജീവിതത്തിന്റെ കുറേക്കൂടി വിശാലമായ ലക്ഷ്യത്തിലേക്കു യാത്രയാകാൻ ചാൾസിന്റെ ‘കടം’ വീട്ടണം. 

എന്താണ് കടം?

അതൊരു വസ്തുവോ, വിചാരമോ, പറയാൻ മറന്നുപോയ ഒരു വാക്കോ ആണ്. എന്തെങ്കിലും ഒരു ഉപകരണമോ വസ്തുവോ അല്ല. വാക്കുകൾക്കോ ചിലപ്പോൾ മൗനത്തിനു പോലുമോ ആ കടം വീട്ടാം. പക്ഷേ, അതിനു ആളെ നേരിൽ കണ്ടെ മതിയാവൂ. എന്തായാലും ഭർത്താവിന്റെ സാന്നിധ്യത്തിലേ ആ കടം വീട്ടുകയുള്ളു. അപ്പോൾ ഊഹിക്കാമല്ലോ അത് ഒരിക്കലും കളങ്കപ്പെട്ട ഒന്നല്ല എന്ന്. കഥ കേട്ടപ്പോൾ സഞ്ജയ്, ചാൾസിന്റെ നമ്പർ കൈമാറി. പക്ഷേ ദുർഗയ്ക്കു ചാൾസിനെ ഫോണിൽ കിട്ടിയില്ല.

നവംബർ 17 വെള്ളി

ശനിയാഴ്ച രാവിലെ ചാൾസ് സഞ്ജയിന്റെ ഫോണിലേക്കു വിളിച്ചു. ചാൾസിനെ അന്വേഷിച്ചു നാടുമുഴുവൻ നടന്ന കഥയൊന്നും സഞ്ജയ് പറഞ്ഞില്ല. ഒരാൾ അന്വേഷിച്ചുവന്നിട്ടുണ്ട് എന്നു പറഞ്ഞു. വിവരം പറഞ്ഞപ്പോൾ വളരെ നല്ല സുഹൃത്തുക്കളായിരുന്നെന്നു ചാൾസ് സമ്മതിച്ചു.  കണ്ണൂരിൽ ചാൾസിനെ അന്വേഷിച്ചു സഞ്ജയ്‌യും സുഹൃത്തുക്കളും ഓടിനടക്കുമ്പോൾ കോട്ടയത്ത് കുടുംബസമേതം ജീവിക്കുകയായിരുന്നു ചാൾസ്.

അൽപസമയത്തിനുശേഷം ദുർഗ ചാൾസിനെ വിളിച്ചു. പരിചയപ്പെടുത്തി. പിന്നാലെ ദുർഗയുടെ ഭർത്താവ് ദുബായിൽനിന്നു ചാൾസിന്റെ ഫോണിലേക്കു വിളിച്ചു. പരസ്പരം സംസാരിച്ചു.അന്ന് ഉച്ചയോടെ ദുർഗ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തി. നടക്കുമെന്ന് ഒരു ഉറപ്പുമില്ലാതിരുന്നിട്ടും, ഔദ്യോഗികമായി ഏറ്റെടുക്കേണ്ട ആവശ്യമില്ലാതിരുന്നിട്ടും തനിക്കുവേണ്ടി അധ്വാനിച്ച പൊലീസുകാർക്കു നന്ദി പറഞ്ഞു. ടൗൺ സ്റ്റേഷനിൽ കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു പിരിഞ്ഞു. ചാൾസിനെ കാണുന്നെങ്കിൽ അത് ഇരു കുടുംബത്തിന്റെയും സാന്നിധ്യത്തിൽ മാത്രമായിരിക്കുമെന്നു വ്യക്തമാക്കി ദുർഗ മടങ്ങി.കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശിയാണു സഞ്ജയ്. തൊണ്ടിമുതലും ദൃക്സാക്ഷിയും അടക്കം ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: രഹ്ന. മക്കൾ: അമ്രിഷ്, ദേവർഷ്.

ദുർഗയോട്  ഒരു ചോദ്യം

മടക്കയാത്രയ്ക്കു മുൻപ് ദുർഗയെന്ന ബിന്ദുവിനോടു ചോദിച്ചു, ‘ചാൾസിനെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ എന്തു ചെയ്തേനെ?

കണ്ടെത്താൻ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. പവിത്രവും നന്മനിറഞ്ഞതുമായ ഒരു കാര്യമായിരുന്നു ചാൾസിനെ ഏൽപിക്കാനുണ്ടായിരുന്നത്. അത് ഏൽപിച്ചുകഴിഞ്ഞു. ചങ്ങാതിയെ തേടിയുള്ള എന്റെ അന്വേഷണം ചിലർക്കൊക്കെ ഒരു മസാലക്കഥയായിരുന്നു. ബന്ധങ്ങളുടെ സത്യസന്ധതയും നന്മയും തിരിച്ചറിയുന്നവർക്ക് എന്റെ യാത്രയുടെ പരിശുദ്ധി മനസ്സിലാകും .