Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളത്തിന്റെ ഹിന്ദിത്തിളക്കം

somanathan-nair കെ.എസ്. സോമനാഥൻ നായർ. ചിത്രം: ജിബിൻ ചെമ്പോല

തൊണ്ണൂറുകളിൽ എന്‍എസ്എസ് ഹിന്ദു കോളജിൽ അധ്യാപകനായിരിക്കെ കെ.എസ്. സോമനാഥൻ നായർക്ക് ഒരു അനുഭവമുണ്ടായി. ഇന്നോളമുള്ള ജീവിതത്തിലെ ഏറ്റവും തിളക്കമേറിയ അനുഭവം. അദ്ദേഹം അതു പറയുന്നതിങ്ങനെ: അന്നു കോളജിൽ ഹിന്ദിവിഭാഗം അധ്യക്ഷ പ്രഫ. എം.കെ. ലീലയാണ്. എന്നെ ബിഎയ്ക്കു പഠിപ്പിച്ച അധ്യാപിക കൂടിയാണ് ലീല. ഞാൻ എഴുതിയ ‘അഭിശപ്ത് മാതായേം’ എന്ന നാടകം പ്രീഡിഗ്രി സിലബസിൽ തിരഞ്ഞെടുത്തു. അക്കാലത്ത് ഒരു ഡിപ്പാർട്മെന്റ് അധ്യക്ഷ പ്രീഡിഗ്രി ക്ലാസിൽ പോകുന്നതൊക്കെ വിരളമാണ്. എന്നിട്ടും എന്റെ നാടകം പഠിപ്പിക്കണമെന്നു പറഞ്ഞ് അവർ പ്രീഡിഗ്രി ക്ലാസ്സുകളിലൊന്നിൽ കയറിച്ചെന്നു. തിരികെ സ്റ്റാഫ്റൂമിലേക്കു വന്നത് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി. എന്താണു ടീച്ചറേ കരയുന്നതെന്നു മറ്റുള്ള അധ്യാപകർ ചോദിച്ചു.

‘‘സോമന്റെ നാടകത്തിലെ ‘കുന്തി’ എന്ന ഭാഗം ഞാൻ ക്ലാസ്സിൽ പഠിപ്പിച്ചപ്പോൾ അറിയാതെ കരഞ്ഞുപോയതാണ്. അത്രയ്ക്കു ഹൃദയസ്പർശിയായ നാടകം.’’ സോമനാഥൻ നായർ എന്ന അധ്യാപകനും അതിലുപരി കേരളത്തിലെ എണ്ണം പറഞ്ഞ ഹിന്ദി നാടകകൃത്തിനും ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി അത്. ഒരിക്കലും മറക്കാത്ത അംഗീകാരം. ഹിന്ദിയിലുള്ള എഴുത്തുകാർ കുറവായ കേരളത്തിൽ ആ ഭാഷയിൽ സങ്കീർണമായ നാടകങ്ങളെഴുതാൻ മിനക്കെട്ട സോമനാഥൻ നായർ ഇന്ന് എഴുപത്തിയഞ്ചിന്റെ നിറവിലാണ് 

ഹിന്ദിയോടു പ്രണയം

കോട്ടയം ജില്ലയിൽ ചാന്നാന്നിക്കാട് എന്ന ഗ്രാമത്തിൽ കണ്ണൻകുളത്തു വീട്ടിൽ ശങ്കരപ്പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും ഇളയമകനായി 1942ലാണു സോമനാഥൻ നായരുടെ ജനനം. അന്നു ദക്ഷിണമേഖല മുഴുവൻ ‘ഹിന്ദിയില്ലാത്ത പ്രദേശം’ എന്നു സർക്കാർ കൂട്ടിയിരുന്ന കാലം. മലയാളികളിൽ വലിയൊരു വിഭാഗത്തിനും ഈ ഭാഷയോടു വലിയ പ്രതിപത്തിയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ സോമനാഥൻ നായർക്കു ഹിന്ദിയോടുള്ള പ്രണയം കടുത്തതായിരുന്നു. 1964ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് അദ്ദേഹം എംഎ എടുത്തു. അതേവർഷം തന്നെ മട്ടന്നൂർ എൻഎസ്എസ് കോളജിൽ അധ്യാപകനുമായി. നീണ്ട അധ്യാപനകാലം സർഗസൃഷ്ടിയിലും അദ്ദേഹത്തെ സഹായിച്ചു.

1994ൽ ഒറ്റപ്പാലം എൻഎസ്‌എസ് കോളജിൽ പ്രിൻസിപ്പലായി നിയമിതനായ അദ്ദേഹം 1998ൽ തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിൽ സ്പെഷൽഗ്രേഡ് പ്രിൻസിപ്പലായിരിക്കേ വിരമിച്ചു. ഹിന്ദിയോടുള്ള ഈ പ്രണയം അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലും പ്രതിഫലിച്ചിട്ടുണ്ട്. ചങ്ങനാശേരി എൻഎസ്എസ് കോളജ് ഹിന്ദി ബിരുദാനന്തരബിരുദ വിഭാഗം മേധാവിയായിരുന്ന എം.പി. തങ്കമണിയാണ് ഭാര്യ. കുറച്ചു പുസ്തകങ്ങളുടെ വിവർത്തനം തങ്കമണിയും നടത്തിയിട്ടുണ്ട്. മക്കൾ കിരണും കിഷോറും. 

അഭിശപ്ത് മാതായേം

ഒരുപക്ഷേ, സോമനാഥൻ നായ‌രുടെ കൃതികളിൽ മാസ്റ്റർപീസ് എന്നു കണക്കാക്കാവുന്ന ശ്രദ്ധേയമായ കൃതിയാണ് അഭിശപ്ത് മാതായേം. രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങളായ കുന്തി, താര, കൈകേയി, സീത, രേണുക എന്നിവർ ജീവിതത്തിൽ നേരിടുന്ന ചോദ്യം ചെയ്യലുകളും തൽഫലമായുള്ള മാനസികസംഘർഷങ്ങളുമാണു നാടകത്തിന്റെ പ്രമേയം. ദേശീയതലത്തിൽ ശ്രദ്ധേയമായ നാടകത്തിന്, 1984ൽ കേന്ദ്രസർക്കാരിന്റെ ഹിന്ദി ഇതര സംസ്ഥാനങ്ങളിലെ എഴുത്തുകാർക്കുള്ള അവാർഡ്, 1991ൽ കേരള ഹിന്ദി സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. മഹാത്മഗാന്ധി സർവകലാശാലയിലെ പാഠപുസ്തകമായും ഇതു തിരഞ്ഞെടുക്കപ്പെട്ടു.

somanathan-nair-and-wife കെ.എസ്. സോമനാഥൻ നായർ ഭാര്യ തങ്കമണിയോടൊപ്പം

ആഹുതി, ഇതിശ്രീ, ഈഹാമൃഗ്, ഊധൗ മൻ നാഹിം ദസ് ബീസ് എന്നീ കൃതികളും പ്രശസ്തമാണ്. ഈഹാമൃഗ് എന്ന നാടകം മദ്രാസ് സർവകലാശാലയിൽ പാഠപുസ്തകമാണ്. ഒട്ടേറെ പുരസ്കാരങ്ങളും കൃതികളിലൂടെ സോമനാഥൻ നായരെ തേടിവന്നു. ഹിന്ദി നാടകമേഖലയ്ക്കു നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് 2004ൽ പ്രശസ്തമായ ഓതേഴ്സ് ഗിൽ‌ഡ് പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു. 

പുസ്തകങ്ങളിലേക്ക് ഒരു ഗവേഷണം

സോമനാഥൻ നായരുടെ ഹിന്ദി നാടകങ്ങൾ പശ്ചാത്തലമാക്കി കമലാ നാഥ് എന്ന വിദ്യാർഥിനി ഡോക്ടറൽ ഗവേഷണം നടത്തിയതു വാർത്തയായിരുന്നു. തിരുവനന്തപുരം വനിതാകോളജ് ഹിന്ദി വിഭാഗം മുൻ മേധാവിയും പ്രശസ്ത ഹിന്ദി വിദുഷിയുമായ ഡോ. പി. ലതയുടെ കീഴിലാണു കമല ഗവേഷണം പൂർത്തിയാക്കിയത്. ഹിന്ദി നാടകകൃത്തുക്കളിൽ കേരളത്തിലെ ഏറ്റവും മികച്ച സ്ഥാനം അദ്ദേഹത്തിന് അവകാശപ്പെടാമെന്നു ലത പറയുന്നു. പൗരാണികത, ആധുനികത, ഉത്തരാധുനികത തുടങ്ങിയവയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന നാടകങ്ങളാണ് അദ്ദേഹത്തിന്റേതെന്നു ലത പറയുന്നു. ചങ്ങനാശേരി പെരുന്നയിലുള്ള കണ്ണന്‍കുളത്തെ വീട്ടിൽ ഭാര്യയോടൊപ്പം വിശ്രമജീവിതത്തിലാണ് പ്രഫ. സോമനാഥൻ നായർ. പുതിയ നാടകത്തിന്റെ പണി ഉടൻ തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.