Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നിനുമല്ലെങ്കിലും ഓർത്തിരിക്കാനെങ്കിലും

mathew-k-mathew മാത്യു കെ. മാത്യു

വൈകുന്നേരങ്ങളിൽ മക്കളാരെങ്കിലും വിളിച്ചാൽ, സുഖമാണെന്നു പറയാൻ മാത്രമായി എടുത്തിരുന്ന ഫോൺ, അന്നവൾ പതിവിനു വിപരീതമായി, ഏതോ ഒരുൾപ്രേരണയാൽ രാവിലെ തന്നെ എടുത്തു. ആ വീട്ടിൽ വല്ലപ്പോഴുമെങ്കിലും സംസാരിച്ചിരുന്നവർ മൂന്നു പേരായിരുന്നു. അവളും ഭർത്താവും പിന്നെ വൈകുന്നേരങ്ങളിൽ ജീവൻ വച്ച് ഒച്ചവയ്ക്കുന്ന മൊബൈൽ ഫോണും. വാട്സാപ്, ഫെയ്സ് ബുക്, ഇന്റർനെറ്റ്, ഇൻസ്റ്റഗ്രാം, യൂട്യൂബ് ഒക്കെയുള്ള വിലകൂടിയ ഫോൺ മൂത്ത മകളുടെ സംഭാവനയാണ്. ആദ്യത്തെ പൂതിക്ക് അവയൊക്കെ ഓപ്പൺ ചെയ്ത്, ഓപ്പറേറ്റു ചെയ്തു നോക്കി. പിന്നെ താൽപര്യമറ്റ് അവയൊക്കെ പൊടിയും മാറാലയും പിടിച്ച വീടു പോലെ തന്നെയായി.

ആ പ്രഭാതത്തിൽ വാട്സാപ് തുറക്കുമ്പോൾ അവൾക്കുതന്നെ അദ്ഭുതമായിരുന്നു: എന്തിനാണ്...!!! ഒരുത്തരത്തിന്റെ റിങ്ടോൺ അവളുടെ ഉള്ളിൽ മുഴങ്ങും മുമ്പേ അവളുടെ കൺമുന്നിൽ സ്ക്രീൻ തെളിഞ്ഞു.

ആരൊക്കെയോ എന്തൊക്കെയോ മെസ്സേജ് ചെയ്തിരിക്കുന്നു. സ്ക്രോൾ ചെയ്ത് സ്ക്രോൾ ചെയ്ത് പതിയെ താഴേക്കു പോയപ്പോൾ, ഓർമയിൽ പൊടി തുടച്ചുമാറ്റി കാലങ്ങളോളം കാത്തുവച്ചിരുന്ന ഒരു മുഖം തെളിഞ്ഞു. തെല്ലു ധൃതിയിൽ അവിടെ പരതിയപ്പോൾ കണ്ടത് ഒരു ഓഡിയോ ക്ലിപ്. ധൃതിയിൽ അതു ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിച്ചെങ്കിലും നെറ്റ് സ്‍ലോ ആയതുകൊണ്ട് മനസ്സെത്തുന്നിടത്ത് മൊബൈൽപെട്ടി എത്താത്ത ആകുലതയിൽ നെഞ്ചിടിപ്പോടെ കാത്തുനിന്നു. പച്ച തെളിഞ്ഞു വൃത്തം പൂർത്തിയായപ്പോൾ സന്തോഷത്തോടെ ഓപ്പൺ ചെയ്ത്, ഓഡിയോ കേട്ടു.

മരണമെത്തുന്ന നേരത്ത് നീയെന്റെ

അരികിൽ

ഇത്തിരി നേരം ഇരിക്കണേ...

കനലുകൾ കോരി മരവിച്ച വിരലുകൾ

ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ...

ഒടുവിലായി അകത്തേക്കെടുക്കും

ശ്വാസകണികയിൽ

നിന്റെ ഗന്ധമുണ്ടാകുവാൻ...

പാട്ടിന്റെ പല്ലവി കേട്ടുകഴിഞ്ഞപ്പോൾത്തന്നെ മനസ്സൊരു വല്ലാത്ത ചുഴിയിലായിപ്പോയി. വർഷങ്ങൾക്കപ്പുറത്തുനിന്ന് ഓർമകൾ ഒരടുക്കും ചിട്ടയുമില്ലാതെ പാറിവന്നു. കോളജിന്റെ പടികളിറങ്ങുമ്പോൾ കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ അദ്ദേഹം കാണാതിരിക്കാൻ മുഖംകുനിച്ചാണിറങ്ങിയത്. ഓർമകളുടെ പുസ്തകത്തിൽ അവസാന അധ്യായമായിരുന്നു അത്. മനസ്സിന്റെ എത്താമൂലയിൽ ഒരിടം ഒഴിച്ചിട്ട് ഒർമകളെ അവിടെ കുടിയിരുത്തി. ഒരിക്കലും പുറത്തുവരാതിരിക്കാൻ ഏറുസാക്ഷയുമിട്ടു.

ഓന്നോർത്തു നോക്കിക്കേ... മനസ്സു പറഞ്ഞുകൊണ്ടിരുന്നു. ഇല്ല ഇനിയൊരിക്കലുമില്ല. പിന്നെ എന്തുണ്ടായി? എന്തായി? പരസ്പരം അറിഞ്ഞില്ല. തിരക്കിയില്ല. അറിയാൻ ആഗ്രഹിച്ചില്ല.

കാലം പ്രായത്തിന്റെ ചിത്രങ്ങൾ കോറിയിട്ട ആ മുഖത്തേക്കു തന്നെ നോക്കിയിരുന്നു. പണ്ടത്തേതുപോലെ തന്നെ. ഒന്നും മിണ്ടുന്നില്ല. ഒന്നു മിണ്ടിയിരുന്നെങ്കിൽ... അന്നത്തെപ്പോലെ ഇന്നും ആഗ്രഹിച്ചു.

പെട്ടെന്ന് ചുണ്ടുകൾ ചലിച്ചതുപോലെ

മിണ്ടിയല്ലോ

എന്ത്! ഞാൻ കേട്ടില്ലല്ലോ?

ഓഡിയോയിൽ ഉണ്ടല്ലോ

അതല്ല

വീടൊക്കെ പരതി കാണായ്കയാൽ, കാഴ്ചയുടെ തെളിമയറ്റ കണ്ണുമായി ഭർത്താവ്, വലിയ വീടിന്റെ മറ്റൊരു കോണിൽ നിന്ന് ഉറക്കെ വിളിച്ചു ചോദിച്ചു:

‘‘ഇതെവിടാണ്?’’

‘‘ഇവിടാ?’’

‘‘മരുന്നു കഴിച്ചോ?’’

‘‘ഇല്ല’’

ഞാനും

‘‘ഇങ്ങോട്ടു വാ. എടുത്തു തരാം’’

പെട്ടെന്ന് ബാല്യത്തിലേക്കും, കൗമാരത്തിലേക്കും കുതിച്ച മനസ്സ് വേപഥു പൂണ്ടു.

അദ്ദേഹം കണ്ടാലോ...

എന്ത്...?

ഈ ഫോട്ടോ.

പിന്നെ മനസ്സു തന്നെ തിരുത്തി. ഓ! വാർധക്യത്തിൽ എന്തു മറയ്ക്കാനാണ്? ദമ്പതികൾ മനസ്സു തുറക്കുന്നതു തന്നെ വാർധക്യത്തിലല്ലേ?

മുറിയിലെത്തിയ അദ്ദേഹം ചോദിച്ചു. ‘‘ഇന്നെന്ത്യേ രാവിലെ മൊബൈലുമായി. മക്കളാരാ വിളിച്ചേ...?’’

‘‘ആരും വിളിച്ചില്ല.’’

അദ്ദേഹത്തെക്കൂടി ആ പാട്ട് കേൾപ്പിക്കണമെന്ന് ആദ്യം ഓർത്തു. പിന്നെ വേണ്ടെന്നുവച്ചു. ഇതെന്റെ സ്വകാര്യ സ്വത്താണ്.

വാർധക്യത്തിൽ എന്തെങ്കിലും ഒരു സ്വകാര്യ സ്വത്തുണ്ടായിരിക്കണം. മക്കൾ വിട്ടുപോകും. ബന്ധുക്കൾ... കൂടപ്പിറപ്പുകൾ... ചിലപ്പോൾ സ്വന്തം ഭർത്താവുപോലും. അപ്പോൾ ജീവിതം മുന്നോട്ടു പോകാൻ ഒരു സ്വകാര്യ സ്വത്ത്.

image-1 വര: മുനാസ് സിദ്ദിഖ്

എടുത്തു കൊടുത്ത മരുന്നു കഴിച്ചിട്ട് ‘‘ഒന്നുറങ്ങട്ടെ’’ എന്നു പറഞ്ഞ് ഭർത്താവ് അയാളുടെ കട്ടിലിലേക്ക് പോയി.

അപ്പോൾ വീണ്ടും വാട്സാപ്പിലെ ഫോട്ടോയിലേക്കു നോക്കി.

ഒന്നു പറഞ്ഞിരുന്നെങ്കിൽ... അന്നു ഞാൻ എത്ര കാത്തിരുന്നു.

എന്ത്യേ പറയാഞ്ഞെ...?

അന്നു പറഞ്ഞിരുന്നെങ്കിൽ ഇന്നിതു പറയാനാകില്ലല്ലോ

ഒരു മാറ്റവുമില്ല. വർത്തമാനം അന്നത്തേതുപോലെ തന്നെ

എന്തോ ചോദിക്കാനായി വീണ്ടും മൊബൈലിലേക്കു നോക്കിയപ്പോൾ ചാർജു തീർന്നു പോയതുകൊണ്ട് ഓഫോയിപ്പോയ മൊബൈലിൽ ഒന്നുമില്ല. എല്ലാം ശൂന്യമായിരുന്നു. പക്ഷേ, മനസ്സു നിറയെ എന്തൊക്കെയോ ഉണ്ടായിരുന്നു. 

കോളജ്... മെട്രോപ്പൊലിറ്റൻ പള്ളി... കോളജിനു മുന്നിലെ ബാസ്കറ്റ് ബോൾ കോർട്ട്... ഹൈദരാബാദിലേക്കുള്ള സ്റ്റഡി ടൂർ... പലവട്ടം കുത്തിക്കുറിച്ചിട്ടും കൊടുക്കാനാകാതെ കാത്തുവച്ച കുറെ മോഹങ്ങളുടെ കൂമ്പാരങ്ങൾ... ഗദ്സെമനിയിലെ പള്ളി, ആൺകുട്ടികളുടെ മൂന്നാം നിരയിലെ രണ്ടാമത്തെ ഇരിപ്പിടത്തിലേക്ക് പെൺകുട്ടികളുടെ രണ്ടാം നിരയിലെ മൂന്നാമത്തെ ഇരിപ്പിടത്തിൽ നിന്നു പറന്നു ചെന്നിരുന്ന ചിരികൾ, നോട്ടങ്ങൾ, മറുചിരികൾ, നോട്ടങ്ങൾ... കൂട്ടുകാർക്കിടയിലെ കുശുകുശുപ്പുകൾ...

അന്നുച്ചയ്ക്ക് അവൾക്കുറക്കം വന്നില്ല. മനസ്സ് ഓർമകളെ ഉദ്ഖനനം ചെയ്തുകൊണ്ടിരുന്നു. ഉറക്കമുണർ‌ന്ന ഭർത്താവ് ചോദിച്ചു: ‘‘ഉറങ്ങിയില്ലേ?.’’

‘‘ഉറങ്ങിയില്ല. സ്വകാര്യസ്വത്തിനെക്കുറിച്ചോർക്കുകയായിരുന്നു.’’

‘‘അതിനു നമുക്കിനി ഒന്നുമില്ലല്ലോ. എല്ലാം മക്കൾക്കു കൊടുത്തില്ലേ.’’

എന്നാലും... അതു പറയണമെന്നോർത്തെങ്കിലും ഒന്നും പറഞ്ഞില്ല.

വൈകുന്നേരം രണ്ടാമത്തെ മകൾ ഫോൺ വിളിച്ചപ്പോൾ എടുക്കാൻ വൈകുന്നതുകണ്ട് ഭർത്താവ് പറഞ്ഞു: ‘‘എടോ ഫോൺ...’’

‘‘എടുത്തോ...’’

പതിവു സംഭാഷണങ്ങൾക്കുശേഷം മടങ്ങിയെത്തിയ അദ്ദേഹം ചോദിച്ചു: ‘‘ഇന്ന് ആകപ്പാടെ വല്ലാത്തൊരുന്മേഷത്തിലാണല്ലോ... എന്താ?’’

‘‘സ്വകാര്യസ്വത്ത്’’

‘‘അതിനു തന്റെ കയ്യിൽ ഒന്നുമില്ലല്ലോ.’’

അതിനവൾ മറുപടിയൊന്നും പറഞ്ഞില്ല.

വാർധക്യം എല്ലാവരെയും തമ്മിലകറ്റുന്ന കോമാളിയാകയാൽ അവരും രണ്ട് കട്ടിലിലാണ് ഉറങ്ങിയിരുന്നത്. ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന്, അവൾ പറഞ്ഞു:

‘‘ഒന്നെഴുന്നേറ്റെ.’’

ധൃതിപിടിച്ചെഴുന്നേറ്റാൽ തലചുറ്റലുണ്ടാകുമെന്ന ഡോക്ടറുടെ മുന്നറിയിപ്പുകൾ അവഗണിച്ച്, അയാൾ തിടുക്കത്തിൽ എഴുന്നേറ്റു.

‘‘എന്നാ...?’’

‘‘എനിക്കൊന്നു പുറത്തുപോകണം.’’

‘‘ഈ പാതിരാത്രിയോ...?’’

‘‘വേണം.’’

‘‘എവിടേക്കാ...?’’

‘‘പട്ടണത്തിലെ ആശുപത്രിയിൽ.’’

‘‘ആരു വണ്ടി ഓടിക്കും, ഈ അസമയത്ത് ഏതു ഡ്രൈവറെ കിട്ടാനാ...?’’

‘‘ഞാൻ വണ്ടിയോടിക്കും.’’

‘‘വിറബാധിച്ച നിന്റെ കൈകൾകൊണ്ട്, നീ വണ്ടി ഓടീര് നിർത്തിയിട്ട്, എത്രയോ വർഷങ്ങളായി. കാഴ്ചയറ്റുകൊണ്ടിരിക്കുന്ന എനിക്കു വണ്ടി ഓടിക്കാനാവില്ല.’’

‘‘ഇന്നു ഞാൻ വണ്ടി ഓടിക്കും, കൂടെവരുമോ...?’’

‘‘ഇല്ല, ഞാൻ വരില്ല.’’

ധരിച്ചിരുന്ന നിശാവസ്ത്രം പോലും മാറാതെ അവൾ കാറിന്റെ താക്കോൽ തിരഞ്ഞു. അതു കണ്ട് അയാൾ പറഞ്ഞു: ‘‘ഞാനും വരാം.’’

ഒരു ചെറുപ്പക്കാരിയുടെ വൈദഗ്ധ്യത്തോടെ വണ്ടി ഓടിച്ച് പട്ടണത്തിലെ പ്രസിദ്ധ ആശുപത്രിയുടെ പോർച്ചിൽ വണ്ടിയൊതുക്കുമ്പോൾ അദ്ഭുതപ്പെട്ടിരുന്ന അയാളോട് അവൾ പറഞ്ഞു: ‘‘ഇറങ്ങണ്ട, ഞാൻ പോയിവരാം.’’

ഒരു സ്വപ്നാടകയെപ്പോലെ അവൾ ഐസിയുവിലേക്കു കയറുമ്പോൾ ഡ്യൂട്ടി ഡോക്ടർ പറഞ്ഞു: ‘‘പ്രവേശനമില്ല.’’

‘‘എനിക്കു കാണണം.’’

‘‘നിങ്ങൾ ആരാണ്?.’’

‘‘ഞാൻ... അദ്ദേഹത്തിന്റെ...’’ പെട്ടെന്നവൾ നിർത്തിയിട്ട് പറഞ്ഞു: ‘‘അത് അദ്ദേഹത്തോടു ചോദിക്ക്.’’ തടസ്സവാദവുമായി വന്ന ഡോക്ടറെ തട്ടിമാറ്റി, അവൾ ഐസിയുവിൽ കയറി.

കട്ടിലിൽ വിടവാങ്ങലിന്റെ മൗനത്തിൽ കണ്ണുകൾ അടച്ചു കിടന്നിരുന്ന അദ്ദേഹം പെട്ടെന്ന് കണ്ണുകൾ തുറന്നു. അതു കണ്ട് അടുത്തു നിന്നിരുന്ന ഭാര്യയെന്നു തോന്നിക്കുന്ന സ്ത്രീ ഉറക്കെ വിളിച്ചു പറഞ്ഞു: ‘‘ദേ കണ്ണുതുറന്നു.’’ ആ കണ്ണികളിലേക്കു നോക്കാനായി ആ സ്ത്രീ അടുത്തേക്കു നീങ്ങിയപ്പോൾ, എതിർദിശയിലേക്കു തലതിരിച്ച് അദ്ദേഹം, അവൾ ഐസിയുവിന്റെ വാതിലു കടന്നു വരുന്നതു കണ്ടു.

ആ കണ്ണുകൾ വിടർന്നു. മുഖം തെളിഞ്ഞു. വിടർന്ന കണ്ണുകൾ ഈറനണിഞ്ഞു.

അടുത്തുകിടന്ന കസേര നീക്കിയിട്ട്, അതിൽ ഇരുന്ന് ചൂടറ്റുകൊണ്ടിരുന്ന കൈവിരലുകളിൽ അവൾ തൊട്ടു. അവളുടെ ശരീരത്തിലെ ചൂട് ഒരിത്തിരി അദ്ദേഹത്തിലേക്ക് പടരുന്നതവളറിഞ്ഞു. 

അദ്ദേഹത്തിന്റെ അപ്പോൾ വിടർന്ന മൂക്കുകൾ, ഒടുവിലായി അകത്തേക്കെടുക്കുന്ന ശ്വാസകണികയിൽ, അവളുടെ ഗന്ധം നിറഞ്ഞ് അടഞ്ഞു.

അപ്പോൾ പ്രണയത്തിലേക്കു നടക്കാൻ കൊതിച്ചിരുന്ന അദ്ദേഹത്തിന്റെ പാദങ്ങൾ അവളിലെ ചൂട് മറന്ന് മെല്ലെ തണുക്കുവാൻ തുടങ്ങി...