Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് വിമാനം പറപ്പിക്കാൻ ജോഗ്ലേക്കർ മാറിക്കയറി; ഡാനിയേലിനെ മരണവും വെറുതെവിട്ടു

plane-drawing വര: അജിൻ കെ. കെ.

മരണമാണ് ഡ്യൂട്ടി വച്ചുമാറിയത്. കെ.എം.ഡാനിയലിനു പകരം ജോഗ്ലേക്കറെ കൂട്ടിക്കൊണ്ടുപോകാൻ. അല്ലെങ്കിൽ ഡാനിയലെന്ന പൈലറ്റ് ആൽപ്സ് നിരകളിലെ മോബ്ലാ മഞ്ഞുമലകളിൽ അവസാനിച്ചേനെ. മോബ്ലാ മലകളിൽ എയർ ഇന്ത്യയുടെ കാഞ്ചൻജംഗ ബോയിങ് വിമാനത്തിനൊപ്പം വീണുടയേണ്ടതായിരുന്നു ഡാനിയലിന്റെ ജീവൻ. ആ വിമാനം പറത്തേണ്ടത് അദ്ദേഹമായിരുന്നു; ജോഗ്ലേക്കർ എന്ന വൈമാനികൻ ആ ഡ്യൂട്ടി ചോദിച്ചു വാങ്ങിയിരുന്നില്ലെങ്കി‍ൽ. അപ്പോൾ ജോഗ്ലേക്കറല്ല, മരണം തന്നെയാണ് മാറിപ്പറന്നത്.‌ ഉയരങ്ങളിൽ പലതവണ മരണം കെ. എം.ഡാനിയലിനെ കാത്തിരുന്നിട്ടുണ്ട്. അപ്പോഴൊക്കെ ഏതോ രക്ഷാകവചം കാത്തിട്ടുമുണ്ട്. വീണപ്പോൾ താങ്ങി. ചിലപ്പോൾ വീഴാതെ നോക്കി. ആപത്ത് വിഷമായും വീഴ്ചയായും വന്നു. അപ്പോഴൊന്നും മരണം തീണ്ടിയില്ല.

പത്തനംതിട്ട കുമ്പളാംപൊയ്ക കൊളഞ്ഞിക്കൊമ്പിൽ മാത്യൂസ് ഡാനിയൽ എന്ന കെ.എം.ഡാനിയലിന്റെ ജീവിതം ഇങ്ങനെ അദ്ഭുതകരമായ രക്ഷപ്പെടലുകളുടെ സമാഹാരമായിരുന്നു. പത്തൊൻപതു വർഷം മുൻപ് മരിക്കുന്നതുവരെ അധികമാരോടും പങ്കുവയ്ക്കാത്ത, കൗതുകം കാണിച്ചവരോടു മാത്രം പറഞ്ഞ ആകാശകഥകൾ. മൗണ്ട് ബാറ്റൻ പ്രഭുവിന്റെയും ജവാഹർലാൽ നെഹ്റുവിന്റെയും അടുപ്പക്കാരനായിരുന്നു ഡാനിയൽ. വ്യോമസേനയിൽ പൈലറ്റായ ഏഴാമത്തെ ഇന്ത്യക്കാരൻ. ലോകമഹായുദ്ധത്തിലെ ചില ചരിത്രമുഹൂർത്തങ്ങളിലേക്കു പറന്നുചെന്ന വൈമാനികൻ. കുടുംബാംഗങ്ങളോടുപോലും ഏറെയൊന്നും വിവരിക്കാത്ത ഓർമകൾ അദ്ദേഹം ഒരിക്കൽമാത്രം എഴുതിയിട്ടുണ്ട്. ഒരു സ്മരണികയിൽ. സുഹൃത്തായ ജയ്മോഹനോടും മറ്റും പറഞ്ഞിട്ടുമുണ്ട്.

മഞ്ഞുമലകളിൽനിന്നു തെന്നിമാറിയത്

ഇന്ത്യൻ അറ്റോമിക് എനർജി കമ്മിഷൻ ചെയർമാൻ ഡോ. ഹോമി ജഹാംഗിർ ഭാഭയും 11 മലയാളികളും ഉൾപ്പെടെ 117 പേർ മരിച്ച അപകടം 1966 ജനുവരി 24ന് ആയിരുന്നു. മുംബൈയിൽനിന്നു ലണ്ടനിലേക്കു പോയതാണ് എയർ ഇന്ത്യയുടെ കാഞ്ചൻജംഗ ബോയിങ് 707. ബെയ്റൂട്ടിലും ഇറങ്ങിയശേഷം ജനീവയിലേക്കു പറക്കുന്നതിനിടയിൽ ആൽപ്സ് പർവതനിരകളിലെ മോബ്ലാ മഞ്ഞുമലകളിൽ തകർന്നു വീണു. അടുത്തിടെ വിമാനത്തിന്റെ ചില അവശിഷ്ടങ്ങളും യാത്രക്കാരുടെ ശരീരഭാഗങ്ങളും മണ്ണിനടിയിൽ കണ്ടെത്തി. കാഞ്ചൻജംഗ പറപ്പിക്കേണ്ടിയിരുന്നത് ഡാനിയലായിരുന്നു. ജോഗ്ലേക്കർ, ഓസ്ട്രേലിയയിലെ മെൽബണിലേക്കുള്ള വിമാനവും. യൂറോപ്പിൽ പോയിട്ട് എന്തോ അത്യാവശ്യമുണ്ടായിരുന്ന ജോഗ്ലേക്കർ മെൽബൺ വിമാനം ഡാനിയലുമായി വച്ചുമാറി.

ഡാനിയൽ തന്റെ കുറിപ്പിൽ അതേപ്പറ്റി പറയുന്നു: ജനുവരി 23നു രാത്രി 11.30ന് ആണ് കാഞ്ചൻജംഗ പുറപ്പെടേണ്ടത്. മെൽബണിലേക്കുള്ള വിമാനവും അതേ രാത്രി തന്നെ. ഡ്യൂട്ടി വച്ചുമാറാമോ എന്നു ജോഗ്ലേക്കർ സ്നേഹപൂർവം ചോദിച്ചു. അങ്ങനെ ഞാൻ മെൽബണിലേക്കും ജോഗ്ലേക്കർ ലണ്ടനിലേക്കും വിമാനം പറത്തി.പിറ്റേന്നു പ്രഭാതത്തിൽ കാഞ്ചൻജംഗ മോബ്ലാ മലനിരകളിൽ തകർന്നു വീണു. മെൽബണിലിരുന്ന് ആ വാർത്ത ഞാൻ റേഡിയോയിലൂടെ കേട്ടു. മരണത്തിൽനിന്നുള്ള എന്റെ അദ്ഭുതകരമായ വിടുതൽ!

daniel ഡാനിയൽ

‘പറക്കമുറ്റുന്നു’

ആലുവ യുസി കോളജിൽനിന്നു ബിരുദമെടുത്ത് കുമ്പളാംപൊയ്ക സിഎംഎസ് പ്രൈമറി സ്കൂളിൽ ചെറിയ കാലം അധ്യാപകനായ ശേഷം കോട്ടയത്തു വൈദിക വിദ്യാർഥിയായിരിക്കുമ്പോഴാണ് ഒന്നാം ലോക മഹായുദ്ധം പ്രഖ്യാപിച്ചത്. വീടിനടുത്തുള്ള തോട്ടങ്ങളിലെ ഉദ്യോഗസ്ഥരായ ചില യൂറോപ്യൻമാരുമായി ഡാനിയൽ ടെന്നിസ് കളിയിലൂടെ കൂട്ടുകൂടിയിരുന്നു. പൈലറ്റായി യുദ്ധസേവനം നടത്താൻ അവരായിരുന്നു പ്രേരണ. വർഷം 1939.

മാത്യൂസ് ഡാനിയൽ കുറിച്ചു: സ്വന്തം കൈപ്പടയിൽ സൈനിക മേധാവിക്ക് അപേക്ഷ അയച്ചെന്നല്ലാതെ എനിക്കൊന്നും അറിയില്ലായിരുന്നു. ചെന്നൈ സെന്റ് ജോർജ് കോട്ടയിലെ സൈനിക സ്ഥാപനത്തിലെത്താൻ ക്ഷണം കിട്ടി. രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നായി എത്തിയ 120 ഉദ്യോഗാർഥികൾ. പല പരീക്ഷകൾക്കൊടുവിൽ അഞ്ചുപേരായി ചുരുങ്ങി. സിംലയിലായിരുന്നു അവസാന റൗണ്ട്. ജയിച്ചു കയറിയത് ഞാൻ മാത്രം. ഇംഗ്ലണ്ടിലെ സാൻഡ്ഹെഴ്സ്റ്റ് സൈനിക അക്കാദമിയിൽ പരിശീലനം. നാലു വർഷം പരിശീലനത്തിനൊപ്പം യുദ്ധസേവനവും.

മരണത്തിന്റെ ആദ്യ വീഴ്ത്തൽ ശ്രമം

പരിശീലനത്തിന്റെ തുടക്കത്തിൽ ഒരിക്കൽ 500 അടി ഉയരത്തിൽനിന്നു ഡാനിയലിനെയും ബ്രിട്ടീഷുകാരനായ പരിശീലകനെയുംകൊണ്ടു വിമാനം വീണു. പരിശീലകൻ മരിച്ചു. ഡാനിയൽ രക്ഷപ്പെട്ടു. രണ്ടു കാലും രണ്ടു കയ്യും തോളെല്ലും ഒടിഞ്ഞു. തലയിൽ മുറിവുകൾ. നാലുമാസം ചികിത്സ കഴിഞ്ഞാണു പരിശീലനം തുടർന്നത്.

മരണത്തിനും കടലിനും നടുവിൽ – 1940

രണ്ടാം ലോകമഹായുദ്ധത്തിലെ ഡൺകിർക്ക് പോരാട്ടം. ജർമൻ സൈന്യം സഖ്യസേനയെ മുഴുവൻ തുരത്തിക്കഴിഞ്ഞപ്പോൾ ഡൺകിർക്കിൽ അകപ്പെട്ടവരുടെ കൂട്ടത്തിൽ ഡാനിയലും ഉണ്ടായിരുന്നു. മൂന്നുവശവും ജർമനിയുടെ നിയന്ത്രണത്തിലുള്ള കരഭാഗം, പടിഞ്ഞാറ് ഇംഗ്ലിഷ് ചാനൽ. രക്ഷപ്പെടാൻ കടൽ മാത്രമാണു വഴി. അതിനു ശ്രമിച്ച ഒട്ടേറെപ്പേർ ഇംഗ്ലിഷ് ചാനലിൽ വച്ചു കൊല്ലപ്പെട്ടു. ഡാനിയലും പുറപ്പെട്ടത് ആ വഴിക്കായിരുന്നു. ചെറിയൊരു ബോട്ടിൽ, മൂന്നു വെള്ളക്കാർക്കൊപ്പം. നാൽപതു കിലോമീറ്ററോളം കടലിൽ സഞ്ചരിച്ച് അവർ ഇംഗ്ലണ്ടിന്റെ കിഴക്കേ തീരത്തെത്തി. ആകാശത്തിനു പിന്നാലെ കടലിലും മരണം തോറ്റു.

കോബ്ര മാത്യൂസ്

വർഷം 1944. ജപ്പാനെതിരായ പ്രതിരോധത്തിനു നിയോഗിച്ച വ്യോമ നിരീക്ഷണ സംഘത്തിലായിരുന്നു ഡാനിയൽ. ഒരു വൈമാനികൻ വീതമുള്ള മൂന്നു വിമാനങ്ങളിലൊന്നിന്റെ ചുമതല. അക്യാബ് എന്ന സ്ഥലത്തുനിന്നു പറക്കുകയാണ്. രാത്രിയിൽ വിമാനത്തിൽ കയറിപ്പറ്റിയ മൂർഖൻ മധ്യാകാശത്തു വച്ചു കോക്പിറ്റിൽ കയറി! പാമ്പ് ഫണം വിടർത്തി നിൽപാണ്. കണ്ണിന് ആറിഞ്ചിലേറെ അകലത്തല്ല. മുഖത്തു കൊത്തുന്ന ഇനമാണ്.

ഡാനിയലിന്റെ കുറിപ്പ്: ഹെൽമെറ്റും ഗോഗിൾസും ഗ്ലൗസും ഫ്ലൈയിങ് സ്യൂട്ടും ധരിച്ച ഞാൻ അനങ്ങാതിരുന്നു. നിർദോഷിയായ എന്തോ വസ്തു എന്നു കരുതിയാവണം കുറച്ചു കഴിഞ്ഞു പാമ്പ് ഇഴഞ്ഞു പോയി. ഞാൻ കൺട്രോൾ ടെന്റിൽ വിവരമറിയിച്ചു. വിമാനം ഇറങ്ങിയപ്പോൾ എൻജിൻ പാനൽ തുറന്ന് ഗ്രൗണ്ട് സ്റ്റാഫ് പാമ്പിനെ കൊന്നു. അതോടെ സേനയിൽ എനിക്കു കോബ്ര മാത്യൂസ് എന്നൊരു പേരു കിട്ടി. ഈ സംഭവം ഇപ്പോഴും വ്യോമസേനയുടെ രേഖകളിലുണ്ട്. പിന്നെയും ഈ സംഭവം ട്രെയിനികൾക്കു പരീക്ഷയായി അവതരിപ്പിച്ചിരുന്നു പോലും. ഇത്തരം സന്ദർഭങ്ങളിൽ എന്തുചെയ്യും എന്ന ചോദ്യവുമായി.

മൈനുകൾക്കു നടുവിലേക്ക്, ‌ഒപ്പം മൗണ്ട്ബാറ്റൻ

ഹിരോഷിമ, നാഗസാക്കി ബോംബാക്രമണത്തിനു പിന്നാലെ ജപ്പാൻ അടിയറവു പറഞ്ഞു. 1945 സെപ്റ്റംബർ 12ന് സിംഗപ്പൂരിൽ നടന്ന കീഴടങ്ങൽ ചടങ്ങിൽ കരാർ ഒപ്പുവയ്ക്കേണ്ടത് മൗണ്ട്ബാറ്റൻ പ്രഭു. അദ്ദേഹമാണ് സഖ്യസൈന്യത്തിന്റെ തെക്കു കിഴക്ക് ഏഷ്യ സുപ്രീം കമാൻഡർ. കീഴടങ്ങൽ ചടങ്ങിലെ അനിവാര്യ സാന്നിധ്യം. പറന്നിറങ്ങേണ്ടത് സെലിറ്റർ എയർ ഫീൽഡിലാണ്. അവിടെ ജപ്പാൻ സൈന്യം സ്ഥാപിച്ച മൈനുകൾ മുഴുവൻ നീക്കിയിരുന്നില്ല. അപകട സാധ്യത കാരണം മൗണ്ട്ബാറ്റന്റെ യാത്ര പലതവണ മാറ്റിയിരുന്നെന്നു ഡാനിയൽ എഴുതിയിട്ടുണ്ട്. വെള്ളക്കാരായ പൈലറ്റുമാർ പലരും സെലിറ്ററിൽ വിമാനമിറക്കാൻ മടിച്ചു. മരണത്തിനെതിരെ പലതവണ പറന്ന ഡാനിയലിനെ മൗണ്ട്ബാറ്റൻ സ്പെഷൽ പൈലറ്റായി നിയോഗിച്ചു. അദ്ദേഹം മൗണ്ട് ബാറ്റനെയും കൊണ്ട് സെലിറ്ററിൽ ഇറങ്ങി. പത്തു മിനിറ്റ് മാത്രം നീണ്ട ചടങ്ങ് കൃത്യസമയത്തു നടന്നു.

മൗണ്ട് ബാറ്റന്റെയും നെഹ്റുവിന്റെയും വൈമാനികൻ

മൗണ്ട് ബാറ്റന്റെ മകളുടെ വിവാഹം ഇംഗ്ലണ്ടിൽ നടന്നപ്പോൾ ഇന്ത്യയിൽനിന്നു മൂന്നുപേർക്കേ ക്ഷണമുണ്ടായിരുന്നുള്ളു പോലും: ജവഹർലാൽ നെഹ്റുവിനും ഫീൽഡ് മാർഷൽ മനേക്‌ഷായ്ക്കും ഡാനിയലിനും. മൗണ്ട്ബാറ്റനുമായുള്ള അടുപ്പമറിയാൻ ഇത്രയും മതി. മൗണ്ട്ബാറ്റന്റെ ലണ്ടനിലെ വസതിയിൽ ഡാനിയൽ താമസിച്ചിട്ടുണ്ട്. നെഹ്റുവിനെയുംകൊണ്ട് എഴുപതിലേറെ തവണ ഡാനിയൽ പറന്നിട്ടുണ്ട്. നെഹ്റുവും പ്രൈവറ്റ് സെക്രട്ടറി എം.ഒ.മത്തായിയും സോവിയറ്റ് യൂണിയൻ പ്രസിഡന്റായിരുന്ന ക്രൂഷ്ചേവിനെ സന്ദർശിക്കാൻ പോയപ്പോൾ ഉൾപ്പെടെ. നെഹ്റുവിന്റെയും മൗണ്ട്ബാറ്റന്റെയും വ്യക്തിജീവിതത്തിലെ പല കാര്യങ്ങളും അദ്ദേഹം അടുപ്പക്കാരോടു പറഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിലായിരുന്നപ്പോൾ കേംബ്രിജ് സർവകലാശാലയിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ 96% മാർക്കോടെ മാത്യൂസ് ഡാനിയേൽ എംഎ ബിരുദം നേടി. അദ്ദേഹത്തിന്റെ ഇംഗ്ലിഷ് പ്രാവീണ്യത്തെ മൗണ്ട്ബാറ്റനും നെഹ്റുവും പ്രശംസിച്ച സന്ദർഭങ്ങളും കുറിപ്പിലുണ്ട്.

drawing

എംപറർ അശോകയുടെ പതനം

മുംബൈയിൽനിന്നു പറന്നുയർന്ന് മിനിറ്റുകൾക്കകം എയർ ഇന്ത്യയുടെ എംപറർ അശോക എന്ന ബോയിങ് വിമാനം കടലിൽ തകർന്നു വീണത് 1978 ജനുവരി ഒന്നിനാണ്. അതിലുണ്ടായിരുന്ന 213 പേരും മരിച്ചു. ആ വിമാനത്തിലുമുണ്ടായിരുന്നു ഡാനിയലിന്റെ സ്പർശം. ബോയിങ്, ജംബോ ജെറ്റ് വിമാനങ്ങൾ പറപ്പിക്കാനുള്ള പരിശീലനത്തിന് ഇന്ത്യയിൽനിന്ന് ആദ്യമായി അമേരിക്കയിലേക്ക് അയച്ച നാലു പൈലറ്റുമാരിൽ ഒരാളായിരുന്നു അദ്ദേഹം. മറ്റു മൂന്നുപേർക്കും പരിശീലനത്തിൽ യോഗ്യത നേടാനായില്ല. ഉന്നത വിജയം നേടിയ ഡാനിയലാണ് 1971ൽ എംപറർ അശോക പറത്തിക്കൊണ്ടുവന്നത്. ബോയിങ് 747 വിഭാഗത്തിൽ എയർ ഇന്ത്യയുടെ ആദ്യ വിമാനമായിരുന്നു അത്.

ഒപ്പം ചേർന്നവരും...

റോയൽ എയർ ഫോഴ്സിനോട് 1946ൽ വിട പറഞ്ഞു ഡാനിയലും മറ്റു നാലു പൈലറ്റുമാരും ടാറ്റ എയർലൈൻസിൽ (പിന്നീട് എയർ ഇന്ത്യയായി) ചേർന്നു. അവരിൽ മൂന്നുപേർ വിമാനാപകടങ്ങളിൽ മരിച്ചു! കൊച്ചി എയർ ഇന്ത്യ ഓഫിസിലായിരുന്നു 1957 മുതൽ 1961 വരെ. വിരമിച്ച ശേഷം ആധ്യാത്മിക പാതയിലായിരുന്നു. കുട്ടികളെ ബൈബിളും ഇംഗ്ലിഷും പഠിപ്പിച്ചു. ഭാര്യ മാമിക്കുട്ടി 1997ൽ മരിച്ചു. അഞ്ചു മക്കളുണ്ട്. 1998 ജൂലൈ 19ന്, 81–ാം വയസ്സിൽ കെ.എം.ഡാനിയലിന്റെ ജീവിതമെന്ന അദ്ഭുതപ്പറക്കൽ അവസാനിച്ചു.