Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിവീസിന്റെ നാട്ടിൽ

NewZealand

എവറസ്റ്റ് കൊടുമുടി ആദ്യം കീഴടക്കിയ എഡ്‌മണ്ട് ഹിലാരയുടെ ജന്മനാടാണു ന്യൂസീലൻഡ്. ന്യൂസീലൻഡ് അഞ്ചു ഡോളർ നോട്ടിൽ ഹിലരിയുടെ മുഖം കാണാം. ഈ പർവതദേശത്തു ജനിച്ച എഡ്മണ്ട് ഹിലരിക്കു ഹിമാലയത്തോട് അഭിനിവേശം തോന്നാതിരിക്കുന്നതെങ്ങനെ? ന്യൂസീലൻഡിലെ ഏറ്റവും പഴയ (1856) നഗരമായ ക്രൈസ്റ്റ്‌ചർച്ച് അന്റാർട്ടിക്കയിലേക്കുള്ള പ്രവേശന കവാടം കൂടിയാണ്. പുൽമേടുകളും നീലജലാശയങ്ങളും നിറഞ്ഞ കാന്റർബറി തടത്തിൽ ക്രൈസ്റ്റ്ചർച്ചിനു കിഴക്ക് പസിഫിക് സമുദ്രവും പടിഞ്ഞാറു മഞ്ഞുപർവതങ്ങളുടെ തെക്കൻ ആൽപ്‌സും. കാഴ്ചകൾ കാണാനുള്ള യാത്ര തുടങ്ങാൻ ഉചിതമായ സ്ഥലം ക്രൈസ്റ്റ്ചർച്ചാണ്.

2010–11 ലെ ഭൂകമ്പത്തിൽ കാര്യമായ നാശം സംഭവിച്ച ക്രൈസ്റ്റ്ചർച്ച് പൂർണമായും പുനർനിർമാണപാതയിലാണ്. നഗരമധ്യത്തിലെ 165 ഹെക്ടറിലുള്ള ബൊട്ടാനിക് ഗാർഡനാണ് മുഖ്യ ആകർഷണം. മരങ്ങൾ തിങ്ങിവളർന്ന ഉദ്യാനത്തിലൂടെ മതിവരുവോളം നടക്കാം. ഉദ്യാനനടുവിലൂടെയാണ് മൂന്നര കിലോമീറ്ററിൽ ഏവൻ നദിയൊഴുകുന്നത്. ഏവനിലൂടെയുള്ള വഞ്ചിയാത്ര മനോഹരമാണ്.

മഞ്ഞുമല കയറ്റം

വെസ്റ്റ് കോസ്റ്റിലെ പ്രധാന ആകർഷണങ്ങളിലൊന്നു മഞ്ഞുപർവതത്തിലെ ചുറ്റിനടത്തമാണ്. ഫ്രാൻസ് ജോസഫ് മഞ്ഞുപർവതത്തിലേക്കു ഹെലികോപ്ടറിലാണു പോകുക. ഹിലാരിക്കൊപ്പം എവറസ്റ്റ് കീഴടക്കിയ ടെൻസിങ്ങിന്റെ നാട്ടുകാരായ നേപ്പാളി ഷേർപ്പകൾ മഞ്ഞുമലകളിൽ സഞ്ചാരികൾക്കു വഴികാട്ടികളായുണ്ട്. പർവതതാഴ്‌വാരത്തു സമുദ്രതീരത്തോടു ചേർന്നുള്ള മേഖല വന്യജീവി സങ്കേതമാണ്. വംശനാശ ഭീഷണി നേരിടുന്ന രണ്ട് ഇനം കിവി പക്ഷികളുടെ പ്രജനന കേന്ദ്രം കൂടിയാണിത്.

പർവത തീവണ്ടി

ക്രൈസ്റ്റ് ചർച്ചിൽനിന്നു കാന്റർബറിയുടെ വിശാലമായ സമതലങ്ങളിലൂടെ പർവതങ്ങൾ ചുറ്റി താഴ്‌വാരത്തിലെ ഗ്രേ മൗത്ത് വരെ നീളുന്ന അഞ്ചുമണിക്കൂർ (223 കിലോമീറ്റർ) ട്രാൻസ് ആൽപൈൻ ട്രെയിൻ യാത്ര വിസ്മയകരമാണ്. രാജ്യാന്തര നിലവാരത്തിലുള്ള ട്രെയിനിൽ റസ്റ്ററന്റ് അടക്കമുള്ള സൗകര്യങ്ങളുമുണ്ട്. വസന്തകാലത്തെ (നവംബർ–ഫെബ്രുവരി) യാത്രയാകും ഏറ്റവും മനോഹരം. ഈ സമയം പർവതങ്ങളിലെല്ലാം മഞ്ഞപ്പൂക്കൾ മൂടിയിരിക്കും.

മരങ്ങളിൽ നടത്തം

വെസ്റ്റ്കോസ്റ്റിലെ മഴക്കാടുകളിൽ സ‍ഞ്ചാരികളെ കാത്തിരിക്കുന്നതു മരങ്ങൾക്കു മുകളിലെ നടത്തം (ട്രീടോപ് വാക്കിങ്). 20 മീറ്റർ ഉയരത്തിൽ സ്ഥാപിച്ചിട്ടുളള സ്റ്റീൽ പ്ലാറ്റ്ഫോമിലൂടെയാണു നടത്തം. ഇതിനു നടുവിലായി 47 മീറ്റർ ഉയരമുള്ള ഗോപുരമുണ്ട്. ടവറിനു മുകളിൽ കയറിയാൽ മഴക്കാടുകളുടെയും തടാകങ്ങളുടെയും ആകാശദൃശ്യം കാണാം. പക്ഷിസങ്കേതം കൂടിയായ കാടിനുള്ളിലൂടെ സ്വച്ഛമായ നടത്തത്തിനു വഴികളുണ്ട്.

സെൻട്രൽ ഒട്ടാഗോയിൽ എത്തിയാൽ മലയോരങ്ങളിലൂടെ കിലോമീറ്ററുകളോളം സൈക്കിൾപാതയുണ്ട്. പഴയകാല തുരങ്കങ്ങളും പാലങ്ങളും കടന്നുള്ള സൈക്കിൾ സവാരിയിൽ ന്യൂസീലൻഡിന്റെ ഗ്രാമീണദൃശ്യങ്ങളാണു നാം കാണുക. പീറ്റർ ജാക്‌സന്റെ വിഖ്യാതമായ ഹോളിവുഡ് സിനിമ ‘ലോഡ് ഓഫ് ദ് റിങ്സ്’സിനിമ ചിത്രീകരിച്ചത് ന്യൂസീലൻഡിലെ പർവത വന മേഖലകളിലാണ്. സിനിമ ചിത്രീകരിച്ച വനമേഖലയുടെ കവാടം സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. ചൈനക്കാരാണ് ഇപ്പോൾ സഞ്ചാരികളിലേറെയും. ഇക്കാരണത്താൽ അടയാള ബോർഡുകൾ ഇംഗ്ലിഷിനു പുറമേ ചൈനീസ് ഭാഷയിലും കാണാം.

സംരക്ഷിതദേശം

ന്യൂസീലൻഡിലെ മൂന്നിലൊന്നു ഭൂപ്രദേശവും സംരക്ഷിത പ്രദേശമാണ്. ന്യൂസിലൻഡിലേക്കു ജീവജാലങ്ങളെയോ സസ്യങ്ങളെയോ കൊണ്ടുവരുന്നതിനു കർശന നിയന്ത്രണമുണ്ട്. ഭക്ഷണപദാർഥങ്ങളും പ്രവേശിപ്പിക്കില്ല. ചെളിയുള്ള ബൂട്ട് കഴുകി വൃത്തിയാക്കിയാലേ വിമാനത്താവളത്തിനു പുറത്തേക്കു വിടൂ.

ന്യൂസീലൻഡ് പാഠങ്ങൾ

വൃത്തി: ആയിരക്കണക്കിനു വിനോദസഞ്ചാരികൾ പ്രതിദിനം എത്തിയിട്ടും അഴുക്കു പുരളാത്ത നാട്. പൊതുസ്ഥലത്തെ വൃത്തി എന്തെന്ന് അറിയാൻ വിനോദസഞ്ചാരികൾ നിറഞ്ഞ തെരുവുകളും പട്ടണങ്ങളും ചുറ്റിസഞ്ചരിച്ചാൽ മതി. ഇടവഴികളിൽപോലും ഒരു തുണ്ടുകടലാസോ ഒഴിഞ്ഞ കുപ്പികളോ പോലും കാണാനില്ല. തടാകങ്ങളിലെ വെള്ളം ശുദ്ധമാണ്. അതാണു കുടിവെള്ളവും. നാട്ടുകാരുടെ ഈ വൃത്തിബോധം സഞ്ചാരികൾക്കും പകരുന്നുവെന്നതാണു ന്യൂസീലൻഡ് നൽകുന്ന നല്ല അനുഭവങ്ങളിലൊന്ന്.

സൗഹൃദം: കലർപ്പില്ലാത്ത സൗഹൃദമാണു ന്യൂസീലൻഡിലെ ജനങ്ങളുടെ പ്രത്യേകത. സത്യസന്ധമായ ഇടപെടലുകൾ സഞ്ചാരികൾക്ക് ആത്മവിശ്വാസം പകരുന്നു. ടൂറിസം മുഖ്യവരുമാനമാർഗമായ ഒരു രാജ്യത്തിനു ഇതാണു വിജയമാർഗം. ന്യൂസീലൻഡുകാർ ശീലിച്ചിട്ടുള്ള സത്യസന്ധതയുടെ ഉദാഹരണമാണു വിജനമായ വഴിയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സത്യക്കടകൾ. ‘ഓണസ്റ്റി ബോക്സ് ’എന്നു വിളിക്കുന്ന ഇവ ഒറ്റനോട്ടത്തിൽ നമ്മുടെ പെട്ടിക്കട പോലെയാണ്. എന്നാൽ കടക്കാരനില്ല. വിൽക്കാനുള്ള തേനോ മറ്റു കാർഷികോൽപന്നങ്ങളോ വച്ചിട്ടുണ്ടാകും. അതിന്റെ വിലയും പ്രദർശിപ്പിച്ചിട്ടുണ്ടാകും. ആവശ്യക്കാർക്ക് പണം വച്ചിട്ട് സാധനം എടുത്തുപോകാം. മോഷണമോ പറ്റിക്കലോ ഇല്ല.

മര്യാദയുള്ള ഡ്രൈവിങ്: നാട്ടിൻപുറത്തായാലും നഗരങ്ങളിലായും അച്ചടക്കമുള്ള ഡ്രൈവിങ് ആണു ന്യൂസീലൻഡിലെ റോഡുകളിൽ നാം കാണുക. അമിതവേഗമോ ഓവർടേക്കിങ്ങോ ഇല്ല. പട്ടണങ്ങളിലെ ചെറിയ ഗതാഗതക്കുരുക്കുകളിൽ പോലും ആരും അക്ഷമരാകുന്നില്ല. ഹോണടിക്കുന്നില്ല. വഴി മുറിച്ചു കടക്കുന്നവരോടും മറ്റു വാഹനങ്ങളോടും ഡ്രൈവർ പ്രകടിപ്പിക്കുന്ന സന്മനസ്സും സൗഹൃദവും നമ്മെ അമ്പരിപ്പിക്കും. വാഹനമോടിക്കുന്നയാൾ മാത്രമല്ല എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്യാനുമാകില്ല.

Oparara-Arches-Lana-Young

ശുദ്ധജലം: അന്തരീഷ മലിനീകരണം നന്നേ കുറഞ്ഞ, മലിനജലഭീതിയില്ലാത്ത ഈ നാട്ടിലെ തടാകങ്ങളിലെയും അരുവികളിലെയും വെള്ളം കോരിക്കുടിക്കാം. അത്രയ്ക്കു തെളിനീരാണത്. തടാകങ്ങൾ മലിനമാകാതെ സൂക്ഷിക്കുന്നതിൽ അതീവ സൂക്ഷ്മത.

പരിസ്ഥിതി സംരക്ഷണം: കാടുകളും ജലാശയങ്ങളും ഭൂപ്രദേശങ്ങളും കരുതലോടെ കൊണ്ടുനടക്കുന്നവരാണു ന്യൂസീലൻഡുകാർ. പരിസ്ഥിതി നാശമുണ്ടാക്കുന്ന വികസനപ്രവൃത്തികൾക്കു കർശന നിയന്ത്രണം. സഞ്ചാരികൾ ഏറെയെത്തുന്ന ക്വീൻസ്‌ടൗൺ ഉദാഹരണം. നടപ്പാതയിലെല്ലാം ആളുകൾ തിങ്ങിക്കൂടി നിന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. എന്നാൽ ഒരിടത്തും ഒരു തുണ്ടു കടലാസ് പോലും വീണുകിടക്കുന്നില്ല. ക്വീൻസ്‌ടൗണിലെ തടാകവും നന്നായി പരിപാലിക്കുന്നു.

നിശബ്ദത: കുഞ്ഞുപട്ടണങ്ങളുടെയും ഗ്രാമങ്ങളുടെയും നാട്. പാതിമയക്കത്തിലെന്നപോലെയാണ് ഈ പട്ടണങ്ങൾ. ജനസംഖ്യ കുറവായതിനാൽ തെരുവുകളിൾ ആരെയെങ്കിലും കാണാൻ പ്രയാസം. വാഹനങ്ങൾ ഇടയ്ക്കിടെ മാത്രം. മനുഷ്യരുടെയും യന്ത്രങ്ങളുടെയും ഒച്ച ഉയർന്നുകേൾക്കുന്നില്ലെന്നത് എന്തൊരു അദ്ഭുതമാണ്.

കാലാവസ്ഥ

ഭിന്നകാലാവസ്ഥകൾക്ക് ശ്രദ്ധേയം; ഈസ്റ്റ്കോസ്റ്റിൽ നല്ല വെയിലും പ്രസന്നവുമായ കാലാവസ്ഥയാണെങ്കിൽ വെസ്റ്റ് കോസ്റ്റിൽ എപ്പോൾ വേണമെങ്കിലും മഴ പെയ്യാം. ഒറ്റ ദിവസം തന്നെ നാലുതരം കാലാവസ്ഥകളും അനുഭവപ്പെടുന്നതും അപൂർവമല്ല. വേനൽക്കാലം താപനില 20–30 ഡിഗ്രിക്കുമിടയിൽ, മഞ്ഞുകാലത്ത് 10–15നുമിടയിൽ. സഞ്ചാരികൾക്ക് നവംബർ മുതൽ ഏപ്രിൽ വരെ ഏറ്റവും ഉചിതം

കിവി

‘കിവി’ എന്ന വാക്കാണ് ന്യൂസീലൻഡിൽ ഏറ്റവും കേൾക്കുക. ഇതു പ്രധാനമായും തദ്ദേശീയമായ പറക്കാത്ത ഇനം പക്ഷിയാണ്. അഞ്ചുതരം കിവി പക്ഷികളാണുള്ളത്. കിവിപ്പഴവും ഉണ്ട്. ന്യൂസീലൻഡുകാരെ പൊതുവേ വിളിക്കുന്ന പേരും കിവി എന്നു തന്നെ.

യാത്രാസമയം (വിമാനം)

കൊച്ചിയിൽനിന്നു 17 മണിക്കൂർ

ലൊസാഞ്ചലസിൽനിന്നു 13 മണിക്കൂർ

ഓസ്ട്രേലിയയിൽനിന്നു മൂന്നു മണിക്കൂർ