Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭഗവതിയിൽനിന്നു മനുഷ്യനിലേക്ക്; പകർന്നാട്ടത്തിന്റെ നാൾവഴി

theyyam-6 നടയിൽ ഭഗവതിയായി പകർന്നാടിയപ്പോൾ.

പെരുമഴ പെയ്തു കുതിർന്ന മണ്ണിലൂടെ അയാൾ തിരികെ നടന്നു... വേഷവും ചമയവും അഴിച്ച മനസ്സുമായി. നിമിഷങ്ങൾക്കു മുൻപുവരെ താൻ മന്ന‍ൻപുറത്തു കാവിൽ കെട്ടിയാടിയ ‘നടയിൽ ഭഗവതി’യായിരുന്നു. ഇപ്പോൾ ഇതാ മനുഷ്യൻ എന്ന യാഥാർഥ്യത്തിലേക്കു വീണ്ടും തിരികെ. 

തെയ്യങ്ങൾ ഓരോ ഉത്തരമലബാറുകാരന്റെയും ശ്വാസം തുളുമ്പുന്ന കലയാണ്. തലേന്നു വരെ ചേർന്നുനടന്നിരുന്ന ഉറ്റവരും സുഹൃത്തുക്കളും പോലും തെയ്യാട്ടത്തിന്റെയന്നു തെയ്യക്കാരനു ഭക്തശതങ്ങളിൽ ഒരാൾ മാത്രം. മണിക്കൂറുകളുടെ പകർന്നാട്ടം കഴിഞ്ഞു വേഷം അഴിക്കുമ്പോഴും ആ മനസ്സ് കലങ്ങുന്നുണ്ടാവും.

വ്രതാനുഷ്ഠാനകാലം മുതൽ തെയ്യം കഴിയുന്നതു വരെയുള്ള കോലധാരിയുടെ യാത്ര പള്ളിക്കര പ്രസാദ് കർണമൂർത്തിയെന്ന തെയ്യം കലാകാരനിലൂടെ...

theyyam-1 വ്രതക്കാലം തെയ്യങ്ങളുടെ മൂലമന്ത്രം ഗ്രഹിക്കുന്ന നിമിഷങ്ങളാണ്. എങ്കിലും തെയ്യത്തെ കുറിച്ചുള്ള അറിവ് കൂടുതലും പൂർവികരിൽ നിന്നു കണ്ടും കേട്ടും അനുഭവിച്ചുമാണു പഠിക്കുന്നത്. മറ്റു വിനോദങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് മനസ്സ് ദേവിക്കർപ്പിക്കണം.
theyyam-2 പുലർച്ചെ കാവിൽ ദർശനം നടത്തണം. സ്വന്തം തറവാട്ടിൽ നിന്നു മാത്രം ഭക്ഷണം. മുതിര, പയർ, കടല ഉൾപ്പെടെയുള്ള പോഷകാഹാരമാണ് ഭക്ഷണക്രമത്തിൽ. മാംസാഹാരം പാടില്ല. കുളി കഴിഞ്ഞു കുറി വരച്ചു നിലത്തു പായ വിരിച്ചിരുന്നു തൂശനിലയിൽ വേണം ഉണ്ണാൻ.
theyyam-3 തെയ്യം ശിരസ്സിലേറ്റുന്ന ‘തിരുമുടി’ തയാറാക്കുകയാണ് അടുത്ത പടി. ഓരോ തെയ്യത്തിന്റെയും മുടി വ്യത്യസ്തമാണ്. മുള, കവുങ്ങ്, പട്ടുതുണി തുടങ്ങിയവ ചേർത്തു കെട്ടിയാണു നിർമാണം. മുടിക്ക് ആവശ്യമായ അലങ്കാരങ്ങളും മറ്റും സ്വന്തമായാണു നിർമിക്കുന്നത്.
theyyam-4 തെയ്യംകെട്ടിനുള്ള അനുഗ്രഹത്തിനായി നാട്ടിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന പകലുകൾ. വ്രതക്കാലത്തു കാൽനടയായി മാത്രമേ സഞ്ചാരം പാടുള്ളൂ. വ്രതം തുടങ്ങിയാൽ തെയ്യം നടക്കുന്ന സ്ഥലത്തേക്കും കൂടെയുള്ള തെയ്യക്കാരുടെ മുടിയൊരുക്കാൻ സഹായിക്കാനും മാത്രമേ പുറത്തുപോകാൻ പാടുള്ളൂ. മുടിയൊരുക്കിയ ശേഷം തിരികെ മടങ്ങുന്നു. വിശ്രമവേളകളിൽ ആൽത്തറയിലിരുന്നു ചർച്ചകൾ. തെയ്യത്തെക്കുറിച്ചുള്ള കാര്യങ്ങൾ തന്നെയാണു കൂടുതലും സംഭാഷണത്തിൽ വരിക; ക്ഷേത്രപാലകൻ കോലം ധരിക്കുന്ന രാജീവൻ നേണിക്കത്തിനൊപ്പം.
theyyam-5 തെയ്യത്തിന്റെ തലേന്നാൾ അവസാനവട്ട ഒരുക്കമാണ്. അണിയലങ്ങൾ (ആഭരണങ്ങൾ) ക്രമപ്പെടുത്തി കാവിലേക്കു കൊണ്ടുപോകാൻ തയാറാക്കിവയ്ക്കുന്നു. ഓരോ തെയ്യം കഴിയുമ്പോഴും ആഭരണങ്ങൾ തേച്ചുമിനുക്കി പ്രത്യേകം സഞ്ചികളിലാക്കി വയ്ക്കും.
theyyam-7 എല്ലാം കഴിഞ്ഞു തിരക്കിനിടയിലൂടെ വീട്ടിലേക്ക്... തെയ്യത്തറകൾ വിജനമാകുന്നതോടൊപ്പം കോലധാരികളുടെ ജീവിതവും കാർമേഘ നിഴലിലാകും. മേളങ്ങളോ ചമയങ്ങളോ ഇല്ലാത്ത നാളുകൾ പെയ്യും, അടുത്തൊരു തെയ്യക്കാലം വരെ.