ADVERTISEMENT

അനിൽ ചോദിച്ചു, എന്താ പേര്? പേരു പറഞ്ഞിട്ട് മായ ചോദിച്ചു, എന്താ പേര്? നിങ്ങൾ മായയല്ലേ, ഞാൻ സത്യം! അനിൽ പനച്ചൂരാനും മായയും തമ്മിലുള്ള ആദ്യ സംഭാഷണം  ഇതായിരുന്നു.

തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു മുന്നിൽ ഒരുമിച്ചു ചേരുകയും മറ്റം മഹാദേവ ക്ഷേത്രത്തിനരികെ ഒറ്റയ്ക്ക് അവസാനിക്കുകയും ചെയ്ത മായയുടെ ജീവൻ – അനിൽ പനച്ചൂരാൻ. എഴുത്തിനു ശേഷം എണീറ്റു മുണ്ടൊന്നു മുറുക്കിയുടുത്ത് മുറിയിൽനിന്നു പുഞ്ചിരിയോടെ വരുന്ന അനിൽ, ഇനിയൊരിക്കലും വരില്ലെന്നറിയാം മായയ്ക്ക്.

നിവർത്തിയ കടലാസും തുറന്ന തൂലികയും കാത്തിരിപ്പുണ്ട് കവിയെ. സംവിധാനം ചെയ്യാൻ തീരുമാനിച്ച ‘കാട്’ സിനിമയുടേത് ഉൾപ്പെടെ 5 തിരക്കഥകൾ മേശപ്പുറത്ത്. ജനുവരി മൂന്നിനു തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു പോകുമ്പോൾ ആംബുലൻസിൽ വച്ച് അനിൽ മായയുടെ വലംകൈ ചേർത്തുപിടിച്ചിരുന്നു. ആശുപത്രി വരാന്തയിൽ വച്ച് കൈവിടുവിച്ചു പോകുമ്പോൾ മായ ആശ്വസിപ്പിച്ചു, ‘അനിലേട്ടാ, ഒന്നും സംഭവിക്കില്ല.’ സ്ട്രെച്ചറിൽ കിടക്കുമ്പോഴും ചിരിച്ച ആ മുഖം മായയ്ക്കു വാക്കുകൊടുത്തു, ‘തിരികെ ഞാൻ വരും.’ പക്ഷേ, ഡോക്ടർമാരോടു രോഗവിവരങ്ങൾ വിശദീകരിച്ചുകൊണ്ടിരിക്കെ രാത്രി 8.10നു നിലച്ചു, ആ വാക്കും ഹൃദയവും.

ശ്രീചിത്ര ആശുപത്രിയിൽ ജോലി ചെയ്യുന്ന അമ്മയുടെ സൗകര്യാർഥം തിരുവനന്തപുരം കുമാരപുരത്തായിരുന്നു മായയുടെ കുടുംബം. നാട് മാവേലിക്കരയിലും. പത്താം ക്ലാസിൽ പഠിക്കുമ്പോൾ, 1995ൽ മായ നാട്ടിലൊരു വിവാഹച്ചടങ്ങിൽ പങ്കെടുത്തു. പിറ്റേന്ന് ഒഴിഞ്ഞ പന്തലിലിരുന്ന് അയൽവാസിയായ സാബു കവിത ചൊല്ലി. കായംകുളം സ്വദേശിയായ കവിയെക്കുറിച്ച് സാബു വാതോരാതെ സംസാരിക്കുകയാണു ചുറ്റുമുള്ളവരോട്. അന്നേ മായയുടെ ഉള്ളിൽ ആ പേരു പതിഞ്ഞു – അനിൽ പനച്ചൂരാൻ.

തിരുവനന്തപുരം വിമൻസ് കോളജിൽ സൈക്കോളജി പഠിക്കുന്ന സമയത്തു മായ സുഹൃത്തുമായി ഫോണിൽ സംസാരിക്കവേ പശ്ചാത്തലത്തിൽ കവിത കേട്ടു. ആശ്ചര്യത്തോടെ കവിയെക്കുറിച്ചു ചോദിച്ചു. ലോ അക്കാദമിയിൽ ഈവനിങ് ബാച്ചിലെ വിദ്യാർഥിയായ പനച്ചൂരാന്റെ വരികൾ. മായയുടെ സുഹൃത്തും പനച്ചൂരാനും താമസം സ്റ്റാച്യുവിലെ ലോഡ്ജിൽ. പിന്നെ ആ സുഹൃത്തു വിളിക്കുമ്പോഴെല്ലാം വർത്തമാനം പനച്ചൂരാനെക്കുറിച്ചു മാത്രമായിരുന്നു.

ഡിഗ്രി രണ്ടാം വർഷമായപ്പോൾ ഒരിക്കൽ രാത്രി എട്ടിനു വീട്ടിലേക്കൊരു ഫോൺ കോൾ. സുഹൃത്താണ് അങ്ങേത്തലയ്ക്കൽ. നിമിഷങ്ങൾക്കു ശേഷം അയാൾ ചോദിച്ചു, ‘ഞാൻ ഒരാൾക്കു ഫോൺ കൊടുക്കാം.’ മായയ്ക്കു മനസ്സിലായില്ല. അപ്പുറത്തുനിന്ന് അൽപം കനമുള്ള ചോദ്യം, ‘എന്താ പേര്?’ സ്വന്തം പേരു പറഞ്ഞതിനൊപ്പം മായ ചോദിച്ചു, ‘എന്താ പേര്?’ ‘ഞാൻ സത്യം’. അർഥമറിയാതെ നിന്ന മായയോട് അയാൾ പറഞ്ഞു, ‘നിങ്ങൾ മായയല്ലേ? ഞാൻ സത്യവും.’

anil-family
ഭാര്യ മായ, മക്കളായ മൈത്രേയി, അരുൾ എന്നിവർക്കൊപ്പം അനിൽ പനച്ചൂരാൻ.

ഏതാ ഈ ജാഡക്കക്ഷിയെന്നു സ്വയം ചോദിക്കവേ അയാൾ വെളിപ്പെടുത്തി, ‘ഞാൻ അനിൽ പനച്ചൂരാൻ.’ അദ്ഭുതത്തോടെ മായ അലറിവിളിച്ചു, ‘പനച്ചൂരാൻ ചേട്ടാ...’ അമ്മയും അനുജത്തി വിനയയും എന്താണെന്നറിയാതെ നോക്കുകയായിരുന്നു അപ്പോൾ. മായ അനിലിനെ ആദ്യമായി കാണുന്നതു ചാനൽ ചർച്ചയിൽ. ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിൽ പലർക്കിടയിൽ ഒരാളായിരുന്നു പനച്ചൂരാൻ.

ഒരു വർഷത്തിനു ശേഷം അനിൽ മായയെ വിളിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ വിളി മുടങ്ങിയിട്ടില്ല.

ഒരു ഞായറാഴ്ച പരസ്പരം കാണാൻ അവർ തീരുമാനിച്ചു. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ പോകാനായി പാറ്റൂരിൽ മായ എത്തും. അവിടെ അനിൽ എത്തിയാൽ ക്ഷേത്രം വരെ ഒരുമിച്ചു നടക്കാം. രാവിലെ എട്ടിനു കസവുസാരിയുടുത്ത്, ഹൈ ഹീൽഡ് ചെരുപ്പിട്ടു മായ എത്തിയപ്പോൾ അകലെ നിന്നൊരാൾ. നെഞ്ചുമറയ്ക്കുന്ന താടി, നീണ്ട ചുരുൾമുടി, താടിയിൽ വീണുകിടക്കുന്ന മുറുക്കാന്റെ ചെങ്കുമിളകൾ. ഇസ്തിരിയെ പരിചയപ്പെട്ടിട്ടില്ലാത്ത ജൂബയിൽ നാലാൾക്കു കൂടി കേറിനിൽക്കാം. ബ്ലേഡ് പോലെ തേഞ്ഞ, ഏതു നിമിഷവും കാലുകളെ ഉപേക്ഷിക്കാവുന്ന ചെരിപ്പുകൾ.

അയ്യോ! മനസ്സിൽ കരുതിയതുപോലൊന്നുമല്ല അനിൽ. ഒളിച്ചുനിൽക്കാമെന്നു കരുതിയെങ്കിലും അവധിദിനമായതിനാൽ കാത്തിരിപ്പുകേന്ദ്രത്തിൽ ആൾക്കൂട്ടമില്ല. ഓട്ടോ പിടിച്ചു സ്ഥലംവിട്ടാലോ? അപ്പോഴേക്കും മായയുടെ അടുത്തേക്ക് അനിൽ എത്തിയിരുന്നു.

ഒരുമിച്ചു നടന്നപ്പോൾ, കാഴ്ചപ്പാടുകൾ പങ്കുവച്ചപ്പോൾ, വഴിമരങ്ങളിൽനിന്നു മായയുടെ ശിരസ്സിൽ വീണ പൂക്കളെടുത്തു വിരലിൽ വച്ചശേഷം നോക്കിയപ്പോൾ... മായ മനസ്സിൽ കുറിച്ചു, കാഴ്ച മാത്രമല്ല ഈ മനുഷ്യൻ. എട്ടാം ക്ലാസ് മുതൽ വീട്ടുകാര്യങ്ങൾ നോക്കുന്ന, മുരുകനെ ഉപാസിക്കുന്ന, വേദവും മന്ത്രങ്ങളും ജ്യോതിഷവും ലോകവും പഠിച്ച എഴുത്തുകാരൻ. ഇരുവരും ശ്രീകണ്ഠേശ്വരനെ ഒരുമിച്ചു വന്ദിച്ചു.

ക്ഷേത്രനടയിൽ വച്ച് അനിൽ മായയെ ഓർമിപ്പിച്ചു, ‘എൽഎൽബി കഴിയാൻ ഒരു വർഷം കൂടിയുണ്ട്. ഇവിടുന്നു പോകുമ്പോൾ നീയും കൂടെ ഉണ്ടാകും.’ മായ ചിരിച്ചതേയുള്ളൂ. വൈകുന്നതുവരെ, ഉച്ചഭക്ഷണം ഉപേക്ഷിച്ച് അവർ നഗരത്തിലൂടെ നടന്നു.

മായയുടെ വീട്ടിൽ സമുദായഭേദങ്ങൾ ഇല്ലാത്തതിനാൽ വെല്ലുവിളികൾ ഉണ്ടാകില്ല. ശ്രീകണ്ഠേശ്വരം ക്ഷേത്രമുറ്റത്തുവച്ച് അനിൽ അമ്മയെ കണ്ടു. പക്ഷേ, അച്ഛൻ സമ്മതിക്കണം. അനിൽ മടങ്ങിപ്പോയ ശേഷം അമ്മ ചോദിച്ചു, ‘മായേ, നിനക്കു കണ്ണില്ലേടീ? ഇങ്ങനെ നടക്കുന്നയാളെയാണോ നീ കല്യാണം കഴിക്കുന്നത്?’

മകളുടെ പഠനവും ജോലിയുമൊക്കെയായിരുന്നു അച്ഛന്റെ ഉത്കണ്ഠകൾ. മായയെ തുടർന്നും പഠിപ്പിക്കാമെന്ന് അനിൽ ഉറപ്പുകൊടുത്തു. അനിലിന്റെ വീടുകാണലായിരുന്നു അടുത്ത ചടങ്ങ്. കായംകുളം ദേവികുളങ്ങര ഗോവിന്ദമുട്ടം ഗ്രാമത്തിലെത്തിയ വാഹനത്തിനടുത്തേക്ക് ഒരു യുവാവ് ഓടിവന്നു. ഷർട്ടില്ല. ഉടുത്തിരിക്കുന്നതു മുഷിഞ്ഞ മുണ്ട്. അയാൾ സ്വയം പരിചയപ്പെടുത്തി, ‘ഞാനാണ് അനിൽ’. അപ്പോഴേ ബന്ധുക്കൾക്കു സംശയം ആരംഭിച്ചു. കഴുകിയ ശേഷം പൂമുഖത്തിണ്ണയിൽ ചരിച്ചുവച്ചിരിക്കുന്ന നിലവിളക്കുകൾ. കൂറ്റൻ മരങ്ങൾ. വീടോ, ആശ്രമമോ? അനിലിന്റെ മുറിയിൽ കയറിയ മായയുടെ അമ്മാവനും വല്യച്ഛനും വിശ്വസിക്കാനായില്ല. നിയമം പഠിക്കുന്ന യുവാവിന്റെ മുറിയിൽ വേദപുസ്തകങ്ങളും ദൈവങ്ങളുടെ ചിത്രങ്ങളും മാത്രം. അനിലിന്റെ വീട്ടുകാർ ചോദിച്ചു, ‘ഞങ്ങൾ എന്നാണ് അങ്ങോട്ടു വരേണ്ടത്?’

anil-maya
അനിൽ പനച്ചൂരാനും മായയും

മായയുടെ ഒരു ബന്ധു അച്ഛൻ മണിക്കുട്ടന്റെ കയ്യിൽ നുള്ളിയിട്ടു രഹസ്യമായി പറഞ്ഞു,‘ഞങ്ങൾ ആലോചിച്ചിട്ട് അറിയിക്കാമെന്നു പറയൂ.’ മടങ്ങിയെത്തിയ ബന്ധുക്കൾ അമ്മയോടു പറഞ്ഞു, ‘ഇതിൽ എന്തോ ഒരു ചതിയുണ്ട്. മായയ്ക്ക് എന്തോ കൊടുത്തു മയക്കിയതാകാം. അല്ലാതെ ഇങ്ങനെ സംഭവിക്കില്ല.’ മായയെ വിളിപ്പിച്ച് അവർ ചോദിച്ചു, ‘അവൻ പൊടിയോ ഭസ്മമോ നിനക്കു നൽകിയിട്ടുണ്ടോ? പായസം വാങ്ങി കുടിച്ചോ? ഓർത്തുനോക്ക്.’ വിവാഹം നടക്കില്ലെന്ന് അച്ഛനും അമ്മയും ബന്ധുക്കളും പ്രഖ്യാപിച്ചു. ഫോൺ കട്ട് ചെയ്തു. അയലത്തെ വീട്ടിൽ പോയും അനിലിനെ വിളിക്കാനാവില്ല.

മായയെ അനിൽ മയക്കിയ മന്ത്രങ്ങളുടെ ശക്തി ഇല്ലാതാക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. അതിൽ ഫലമില്ലാതെ വന്നപ്പോൾ കൗൺസലിങ് ആരംഭിച്ചു. ബന്ധുക്കളാകെ പരാജയപ്പെട്ടപ്പോൾ വിവാഹമാകട്ടെയെന്നു തീരുമാനം. അനിൽ വീട്ടിൽ വന്നു. അച്ഛൻ വിവാഹത്തിൽ പങ്കെടുക്കില്ല. വിവാഹം നടക്കുന്ന സ്ഥലത്തു മായയെ എത്തിക്കാമെന്നല്ലാതെ വിവാഹത്തിന്റെ ചെലവുകളൊന്നും ചെയ്യില്ലെന്ന് അമ്മ. അച്ഛന്റെയും അമ്മയുടെയും വിവാഹം നടന്ന കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ താലികെട്ടാൻ മായ മോഹിച്ചെങ്കിലും അവിടെ തിരക്ക്. ചവറയിലെ തെക്കൻ ഗുരുവായൂർ ക്ഷേത്രത്തിൽ ബുക്ക് ചെയ്തു, 2002 ഫെബ്രുവരി 6ന്. മുഹൂർത്തം 8.15.

അന്നു ഹർത്താലായിരുന്നു. പുലർച്ചെ നാലിനു മായയും അമ്മയും അനുജത്തിയും രണ്ടു ബന്ധുക്കളും ക്ഷേത്രത്തിലെത്തി. അവിടെ വിവാഹം ബുക്ക് ചെയ്തിട്ടില്ലെന്നു പൂജാരിയും ജീവനക്കാരനും ഉറപ്പിച്ചു പറഞ്ഞു. വഞ്ചന തന്നെ, ബന്ധുക്കൾക്കു സംശയമുണ്ടായിരുന്നില്ല. അനിൽ ബുക്ക് ചെയ്തിരുന്നെങ്കിലും ക്ഷേത്രം പ്രസിഡന്റ് പറഞ്ഞിരുന്നില്ലെന്നു മറ്റുള്ളവർ മനസ്സിലാക്കുന്നത് ഏഴു മണിക്കു ശേഷം. വൈകാതെ അനിലും ബന്ധുക്കളും വന്നു. വരനെ ഹാരമിട്ടു സ്വീകരിക്കാൻ മായയുടെ കൂട്ടത്തിലാരും വന്നില്ല. ക്ഷേത്രത്തിൽ വന്ന ഒരു യുവാവ് സഹോദരനായി ഹാരമിട്ട് കാൽകഴുകി അനിലിനെ സ്വീകരിച്ചു. ആ യുവാവിനെ ഇരുവരും പിന്നീടു കണ്ടിട്ടില്ല! കൈപിടിച്ചു കൊടുക്കാൻ വല്യച്ഛൻ ആദ്യം തയാറായില്ല. നിർബന്ധത്തിനൊടുവിൽ മുഖം എങ്ങോട്ടോ തിരിച്ചുവച്ച് കൈകൾ ചേർത്തുവച്ചു. പിന്നീട് ആ ഫോട്ടോ കാണുമ്പോഴൊക്കെ ഊറിച്ചിരിക്കാറുണ്ടായിരുന്നു അനിൽ.

കവിതാ കസെറ്റും കവിയരങ്ങും മാത്രമേ വരുമാനമായിട്ടുള്ളൂ. അതു ബാങ്കിലിട്ടു കുറച്ചുവീതം എടുക്കും. എഴുത്തിലൂടെ നല്ലൊരു ജീവിതം വരുമെന്ന ഉറപ്പായിരുന്നു മായയുടെയും അനിലിന്റെയും കൈമുതൽ. ‘അറബിക്കഥ’യിലെ ഗാനങ്ങളാണ് അവരുടെ ജീവിതവഴിയിൽ തണലായത്.

കോവിഡ് കാലമായപ്പോൾ തിരക്കഥാരചനയിലായിരുന്നു അനിലിന്റെ ശ്രദ്ധയാകെ. ജനുവരി 3നു രാവിലെ ഒരു സുഹൃത്ത് അനിലിനെ കാണാൻ വന്നു. പ്ലസ്ടു കഴിഞ്ഞ മകൾ മൈത്രേയി കൊണ്ടുവന്ന ചായ വാങ്ങിയ അനിൽ അതു സുഹൃത്തിനു നൽകി. ഏഴാം ക്ലാസുകാരൻ മകൻ അരുളിനോടും മായയോടും ഇപ്പോൾ വരാമെന്നു പറഞ്ഞ് അനിൽ ‘പനച്ചൂർ’ വീട്ടിൽനിന്നിറങ്ങി സുഹൃത്തിനൊപ്പം. ആ യാത്ര മാവേലിക്കര മറ്റം മഹാദേവ ക്ഷേത്രത്തിലേക്കായിരുന്നു. പക്ഷേ, നടയിലെത്തുന്നതിനു മുൻപുതന്നെ അനിലിന് അനങ്ങാൻ വയ്യ. സ്വകാര്യ ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ ഇസിജിയിൽ വ്യതിയാനം. കൂടാതെ കോവിഡും. ഓടിയെത്തിയ മായയും കയറി ആംബുലൻസിൽ. മായയുടെ കൈകൾ നെഞ്ചോടു ചേർത്തുവച്ച് അനിൽ സംസാരിച്ചുകൊണ്ടിരുന്നു. മണിക്കൂറുകൾക്കകം വിധിയുടെ വലയിൽ വീണു മായയുടെ പനച്ചൂരാൻ, 51–ാം വയസ്സിൽ.

ജോലിയില്ല മായയ്ക്ക്. മുന്നിൽ മക്കളുടെ സ്വപ്നങ്ങൾ. അനിലിന്റെ സ്മരണയുടെ കരുത്തു മാത്രമേ കൂട്ടിനുള്ളൂ. അനിലിന്റെ കവിതയായ ‘വാനമ്പാടി’യോടായിരുന്നു മായയ്ക്ക് ആദ്യകാലത്ത് ഇഷ്ടം. ഈയിടെയായി ‘പാർവതി’യോടാണു പ്രണയം. മായ ഓർക്കുന്നു, ‘ചോദിക്കാതെ, താളം ചോരാതെ അനിലേട്ടൻ ചൊല്ലിത്തരും ആ കവിതയാകെ. പറയുന്നതെല്ലാം കവിതയിൽ. പരിഭവിക്കുമ്പോഴും അതുതന്നെ. മുറ്റത്തെ മരങ്ങളോടും കിളികളോടും കവിത നിറഞ്ഞ വാക്കുകളിൽ സംസാരിക്കും. വീട്ടുനിലവറയിലെ തേനീച്ച പോലും ആ താളത്തിനൊത്താണോ മൂളുന്നതെന്നു തോന്നും ചിലപ്പോൾ!’

‘പാർവതി’യിലെ ശിവവാക്യങ്ങൾ:

‘എന്റെ ജീവിതം പങ്കിടാൻ വന്നിടും പൂങ്കനിവിന്റെ പാൽക്കിണ്ണമാണു നീ...’

Content Highlights: Anil Panachooran and wife Maya

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com