Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓ...മലബാർ!

malabar-fish-bird മലബാർ ഡാനിയോ, മലബാർ ട്രോഗൺ.

മലബാർ എവിടെയൊക്കെ? മലബാർ എന്നാൽ എന്തൊക്കെ? മലബാറിനെ തിരഞ്ഞ് ഒരു ലോകസഞ്ചാരം...

മലബാർ ടൗൺ എവിടെയാണ്?
കാസർകോട് മുതൽ പാലക്കാട് വരെ നീളുന്ന പ്രദേശത്തെ മലബാർ എന്നു വിളിച്ചു പരിചയമുള്ളവർ, പരിചിതമായ സ്‌ഥലങ്ങൾക്കിടയിൽ നിന്ന് ആ പട്ടണം കണ്ടുപിടിക്കാൻ ശ്രമിക്കും. പക്ഷേ, മലബാർ ടൗൺ അമേരിക്കയിലെ ഫ്ലോറിഡ സ്‌റ്റേറ്റിലാണ്. മൗണ്ട് മലബാർ എവിടെയാണ്? കേരളത്തിന്റെ വടക്കൻ പകുതിക്ക് മലബാർ എന്നാണു പേരെന്നു കരുതി അതും വടക്കൻ കേരളത്തിലെവിടെയോ ആണെന്നു കരുതരുത്. ഇന്തൊനീഷ്യയിലെ ഉറങ്ങുന്ന അഗ്നിപർവതമാണത്. ഇനിയുമുണ്ട് പർവതങ്ങളും സമതലങ്ങളും പക്ഷികളും പൂക്കളും പുസ്‌തകശാലകളും. കപ്പലും ട്രെയിനും ബസുമുണ്ട്. സൈനികാഭ്യാസമുണ്ട്, ബിരിയാണി പോലുമുണ്ട് മലബാർ എന്ന പേരിൽ!

മലപ്പുറം താനൂർ അയ്യായ മാഞ്ചപ്പറത്ത് മുഹമ്മദ് ശരീഫാണ് ലോകമാകെ മലബാറിനെ അന്വേഷിച്ചുനടക്കുന്നത്. പരന്നുകിടക്കുന്ന മലബാറുകളെ കണ്ടെത്താൻ, അവയെ തമ്മിൽ കൂട്ടിക്കെട്ടുന്നത് ഏതു നൂലാണെന്നു മനസ്സിലാക്കാൻ. പത്താം ക്ലാസിൽ പഠനം നിലച്ചെങ്കിലും മലബാറിനെ കുറിച്ച് അന്വേഷിക്കാൻ, പടിപടിയായി പഠിച്ച് ഇപ്പോൾ ഹോസ്‌പിറ്റൽ മാനേജ്‌മെന്റിൽ എംബിഎ ചെയ്യുന്ന ശരീഫ് പിന്നീട് പേരൊന്നു മാറ്റി; ശരീഫ് മലബാർ.

ചരിത്രവിദഗ്‌ധരുടെയും പഠിതാക്കളുടെയും പിന്തുണകൂടി വേണം ശരീഫിന്, ലഭിച്ച വിവരങ്ങൾ ഒരാവർത്തികൂടി ഉറപ്പിക്കാൻ, അവയെല്ലാം ഒരു ആധികാരിക രേഖയാക്കാൻ.
സിറോ മലബാർ കാത്തലിക് സഭയുടെ മലബാർ അല്ല ഡച്ചുകാരുടെ മലബാർ. അവരുടെ മലബാറല്ല ബ്രിട്ടിഷുകാരുടെ മലബാർ.

കേരളത്തിലെ മലബാറിനു തന്നെ ഇങ്ങനെ പല രൂപങ്ങൾ. മലബാറിനെക്കുറിച്ച് പഠനങ്ങളേറെ നടന്നിട്ടുണ്ടെങ്കിലും അവ കേരളത്തിൽ ഒതുങ്ങിയെന്ന് ശരീഫ് കരുതുന്നു. ഭൂഖണ്ഡങ്ങൾ തമ്മിലുള്ള ഈർച്ചവാൾ ചേർച്ച പോലെ മലബാർ എന്ന് പേരുള്ള ഭൂപ്രദേശങ്ങളും സ്‌ഥാപനങ്ങളും ജീവിവർഗങ്ങളും പൊതുവായി പങ്കിടുന്ന കുടുംബവേര് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

ഒരുത്തരം തുറന്ന വഴി

ദുബായിലെ ഒരു ട്രാവൽസിൽ ജോലി ചെയ്യവേ, ഒരിക്കൽ കുറച്ച് ടൂറിസ്‌റ്റുകൾക്കൊപ്പം സഹായിയായി പോയി. അവർ ദക്ഷിണാഫ്രിക്കയിലെ പോർട്ട് മലബാറിൽനിന്നാണെന്നു പറഞ്ഞു. മലബാർ എന്നു കേട്ടപ്പോൾ കൗതുക. വിശദമായി ചോദിച്ചപ്പോൾ പോർട്ട് എലിസബത്ത് പഴയ പോർട്ട് എലിസബത്ത് മലബാറാണെന്നും അതിന്റെ ചുരുക്കമാണ് പോർട്ട് മലബാറെന്നും അറിയുന്നത്. മറ്റൊരിക്കൽ അറബികൾതന്നെ മലബാറിലേക്കു ടൂർ പാക്കേജുണ്ടോ എന്നു ചോദിച്ചു. മലബാർ ഐലൻഡ് എന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് ആയിരുന്നു അത്. അങ്ങനെയാണ് ‘മലബാറുകളെ കണ്ടെത്തലി’നു തുടക്കമിട്ടത്.

32 രാജ്യങ്ങളിൽ മലബാർ!

സ്‌ഥിരീകരിച്ച വിവരം അനുസരിച്ച് 32 രാജ്യങ്ങളിൽ മലബാർ എന്ന പേരിൽ സ്‌ഥലങ്ങളുണ്ട്. മറ്റു രാജ്യങ്ങളിലും കേട്ടറിവുണ്ടെങ്കിലും ഉറപ്പിക്കാറായിട്ടില്ല. മല (പർവതം), ബാർ (നിര) എന്നീ വാക്കുകളിൽനിന്നാണ് മലബാറുണ്ടായതെന്നാണ് പൊതുവേ കരുതുന്നത്. മാൽ (സമ്പത്ത്), ബാർ (സ്‌ഥലം) എന്നീ വാക്കുകളിൽ നിന്ന് അറബികളുണ്ടാക്കിയ പേരാണ് മലബാർ എന്നു വിശ്വസിക്കാനാണ് ശരീഫിന് ഇഷ്‌ടം.

പത്തേമാരികളുടെ പഴയ കാലത്ത് മലബാർ എന്ന മനോഹരതീരത്തിന്റെ പേര് മറ്റിടങ്ങളിലേക്ക് പകർന്നതായിരിക്കണം. പക്ഷേ, അതിനു മുൻപും മലബാറുമായി ഒരു ബന്ധവമില്ലാത്ത സ്‌ഥലങ്ങളിൽ ‘മലബാറു’കൾ ഉണ്ടായിരുന്നത് ആശ്‌ചര്യമുണ്ടാക്കുന്നു. അന്വേഷണം തുടങ്ങിയപ്പോൾ പക്ഷികളും പഴങ്ങളും മത്സ്യങ്ങളും മനുഷ്യരുമെല്ലാം ശരീഫിന്റെ പട്ടികയിൽ വന്നുകയറി.

malabar-map-2

പഴക്കമെത്ര? അറിയില്ല

എഡി 970ൽ ജീവിച്ചിരുന്ന അൽ ബറൂനി എന്ന സഞ്ചാരിയാണ് മലബാർ എന്ന വാക്ക് ആദ്യം രേഖപ്പെടുത്തിയതെന്നാണ് കരുതുന്നത്. ആറാം നൂറ്റാണ്ടിൽ ഈജിപ്‌ഷ്യൻ കച്ചവടക്കാർ കേരളതീരത്തെ മാലി എന്നു വിളിച്ചിരുന്നതായി പറയുന്നു. അറബ് കച്ചവടക്കാർ ആയിരിക്കണം മലബാർ എന്ന വാക്ക് പരക്കെ ഉപയോഗിച്ചത്.

ദക്ഷിണേന്ത്യയ്‌ക്കും ശ്രീലങ്കയ്‌ക്കും പൊതുവിലുള്ള പേരായും പല വിദേശരാജ്യങ്ങളും മലബാർ എന്ന് ഉപയോഗിച്ചു പോന്നു. അറബ് നാടുകളിലെത്തുന്ന ഇന്ത്യക്കാരെ ബഹുമാനപൂർവം ‘മലബാറി’ എന്ന് വിളിച്ചുപോന്നു. മലയാളികളെയാകെ മലബാറികൾ എന്നു വിളിക്കാനാണ് അറബികൾക്ക് ഇന്നും ഇഷ്‌ടം.

മലബാറുകളുടെ മലബാർ

കേരളത്തിലെ മലബാറിനെപ്പറ്റി പൊതുവായി ലഭ്യമായ വിവരങ്ങൾ ഇങ്ങനെയെന്ന് ശരീഫ്: കോഴിക്കോട്ടെ നാട്ടുരാജ്യങ്ങളുടെ കാലത്തേ മലബാർ എന്നൊരു വിളിപ്പേര് കേട്ടുതുടങ്ങിയിരുന്നു. 1661ൽ കൊച്ചി ആസ്‌ഥാനമാക്കി ഡച്ച് മലബാർ സ്‌ഥാപിക്കപ്പെട്ടു.

1777ൽ കേരളത്തിന്റെ വടക്കൻ ജില്ലകളും കർണാടക തീരവും ഉൾപ്പെടുത്തി ബ്രിട്ടിഷ് ഈസ്‌റ്റ് ഇന്ത്യ കമ്പനി മലബാർ ജില്ലയ്‌ക്ക് രൂപംനൽകി. മൈസൂർ യുദ്ധത്തോടെ കൂടുതൽ പ്രദേശങ്ങൾ മലബാറിലേക്കു വന്നു. 1957ൽ കേരളം പിറന്നപ്പോൾ കാസർകോട് മുതൽ പാലക്കാട് വരെയുള്ള ഭാഗങ്ങൾ സംസ്‌ഥാനത്തിന്റെ ഭാഗമായി. ഇപ്പോഴും തെക്കൻ കേരളത്തിന്റെ മറുപാതി വടക്കൻ കേരളം അല്ല, ‘മലബാർ’ ആണ്.

കപ്പൽ കയറിയ മലബാർ

1931 ഏപ്രിൽ രണ്ടിന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽനിന്ന് അകലെ എംവി മലബാർ എന്ന കപ്പൽ കടൽച്ചുഴിയിൽപ്പെട്ടു. നിയന്ത്രണംവിട്ട കപ്പൽ ന്യൂ സൗത്ത് വെയിൽസിൽനിന്ന് അകലെയുള്ള ദ്വീപിൽ ചെന്നുപെട്ടു. ബ്രാൻഡ് എന്നും ലോങ് ബേ എന്നുമൊക്കെ ഓസ്‌ട്രേലിയക്കാർ വിളിച്ചിരുന്ന ദ്വീപ്. ലോങ് ബേ ദുർഗുണപരിഹാര കേന്ദ്രത്തിന്റെ പേരിനോട് അനുബന്ധിച്ച് അറിയപ്പെടുന്നത് അവസാനിപ്പിക്കാൻ ദ്വീപിന് മലബാർ എന്നു പേരിടണമെന്ന് ദ്വീപ്‌നിവാസികൾ ആവശ്യപ്പെട്ടു.

1933ൽ ആ പേര് സർക്കാർ വിജ്‌ഞാപനം ചെയ്‌തു. രണ്ടാം ലോകമഹായുദ്ധകാലത്ത് മലബാർ ഹെഡ്‌ലാൻഡ് സൈനികത്താവളമായി. 1968–1988 കാലത്ത് വ്യവസായ മാലിന്യങ്ങൾ തള്ളാനുള്ള സ്‌ഥലമായി. പിന്നീട് ദ്വീപ് പാട്ടത്തിനു വച്ചു. ഗോൾഫ് ക്ലബ്ബുകളും റൈഫിൾ സംഘടനകളും കുതിരപ്പന്തികളും വന്നു. 2010ൽ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു.

ആമ ദ്വീപും മലബാർ വംശവും

ഇന്ത്യൻ മഹാസമുദ്രത്തിലെ സെയ്‌ഷെൽസ് ദ്വീപ് സമൂഹത്തിലെ ദ്വീപുകളിലൊന്നിന് പേര് മലബാർ ഐലൻഡ്. അൽഡാബ്ര എന്നും പറയും. മനുഷ്യവാസമില്ലാത്ത ദ്വീപിന് മലബാർ എന്നു പേരു വന്നതിനെക്കുറിച്ച് കാര്യമായ കഥകളൊന്നുമില്ല. ‘രാക്ഷസ ആമ’കളിൽ നല്ലൊരു പങ്കും ഇവിടെയാണ്. വംശനാശഭീഷണി നേരിടുന്ന പക്ഷിവർഗങ്ങളുമുണ്ട്. 1982ൽ യുനെസ്‌കോ പൈതൃകകേന്ദ്രമായി. മൂന്നുമാസത്തിലൊരിക്കലുള്ള കപ്പലിൽ സർവീസിൽ ദ്വീപിലേക്കു പോകാം; ഗവേഷകർക്കു മാത്രം.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കുകിഴക്കൻ മേഖലയിൽ ഫ്രഞ്ച് അധീനതയിലായിരുന്ന റിയൂണിയൻ ദ്വീപിലെ 1.8 ലക്ഷം പേരുടെ വംശപരമ്പരയെ വിളിക്കുന്നത് മലബാർസ് എന്നാണ്. 17–ാം നൂറ്റാണ്ടിൽ തെക്കേ ഇന്ത്യയിൽ നിന്നു പോയവരാണ് അവരെന്നു കരുതുന്നു. ദ്വീപിനും മലബാർ എന്നുതന്നെ പേരുവന്നു. 1848ൽ സ്വാതന്ത്യ്രം നേടി. തമിഴ്, തെലുങ്ക് ഭാഷ സംസാരിക്കുന്നവരാണു കൂടുതലും.

ട്രിനിഡാഡ് ആൻഡ് ടുബാഗോയിൽ 1970 വരെ എത്തിച്ചേർന്ന കുടിയേറ്റക്കാർക്കായി ട്രിനിഡാഡ് സർക്കാർ തുടങ്ങിയ ഫാം ഹൗസ് പദ്ധതിയുടെ പേര് മലബാർ ഫാം ഹൗസ് പ്രോജക്‌ട് എന്നാണ്. അവിടെയുള്ള സ്‌കൂളിന്റെ പേര് മലബാർ പ്രൈമറി സ്‌കൂൾ.

അമേരിക്കയിലെ മലബാറുകൾ

അമേരിക്കയിൽ കലിഫോർണിയയിലെ ലോസ് ആഞ്ചലസ് പബ്ലിക് ലൈബ്രറിയുടെ അനുബന്ധ ലൈബ്രറിയാണ് ബോയ്‌ൽ ഹൈറ്റ്‌സിലെ മലബാർ ബ്രാഞ്ച് ലൈബ്രറി. ഒഹായോ സ്‌റ്റേറ്റിലെ മനോഹരമായ ഉദ്യാനത്തിന്റെ പേരാകട്ടെ മലബാർ സ്‌റ്റേറ്റ് ഫാം പാർക്ക്. പുലിറ്റ്‌സർ സമ്മാനജേതാവ് ലൂയി ബ്രോംഫീൽഡ് 1939ൽ സ്‌ഥാപിച്ചു. അകത്തെ ഭക്ഷണശാലയ്‌ക്ക് മലബാർ ഫാം ഇൻ എന്നും പ്രധാന ചടങ്ങിനു മലബാർ ഇവന്റ് എന്നുമാണ് പേര്.

മലബാർ റേഡിയോ

ഇന്തൊനീഷ്യയിലെ ഗുണാങ് മലബാർ എന്ന ഉറങ്ങുന്ന അഗ്നിപർവതം ഇപ്പോൾ വിനോദസഞ്ചാര കേന്ദ്രമാണ്. ഇന്തൊനീഷ്യയിൽ 1923ൽ ഡച്ചുകാർ സ്‌ഥാപിച്ച വയർലെസ് കേന്ദ്രത്തിനു പേര് മലബാർ റേഡിയോ സ്‌റ്റോർ എന്നായിരുന്നു. പിന്നീട് അത് മലബാർ റേഡിയോ സ്‌റ്റേഷനായി. മലബാർ മുസ്‌ലിം മസ്‌ജിദ് സിംഗപ്പൂരിലെ വിക്‌ടോറിയ സ്‌ട്രീറ്റിലാണ്.

malabar-ship-man എംവി മലബാർ കപ്പൽ, മുഹമ്മദ് ശരീഫ്.

നാവികാഭ്യാസം, അകത്തും പുറത്തും

എക്‌സർസൈസ് മലബാർ എന്നത് ഇന്ത്യയും അമേരിക്കയും ചേർന്നു 1992ൽ തുടക്കമിട്ട നാവികസേനാ അഭ്യാസപ്രകടനമാണ്. ജപ്പാൻ പിന്നീട് മൂന്നാംപങ്കാളിയായി. ഓസ്‌ട്രേലിയ, സിംഗപ്പൂർ എന്നിവയും പങ്കാളികളായി. 1998ൽ ഇന്ത്യ അണുപരീക്ഷണം നടത്തിയപ്പോൾ നിർത്തിവച്ചെങ്കിലും സെപ്‌റ്റംബർ 11 ആക്രമണത്തെ തുടർന്നുണ്ടായ സുരക്ഷാ സാഹചര്യം പരിഗണിച്ച് പുനരാരംഭിച്ചു. സ്വാതന്ത്യ്രസമരം അടിച്ചമർത്താൻ മലപ്പുറത്ത് ബ്രിട്ടിഷുകാർ തുടങ്ങിയ മലബാർ സ്‌പെഷൽ പൊലീസ് (എംഎസ്‌പി) സംസ്‌ഥാനപ്പിറവിയോടെ കേരള പൊലീസിന്റെ ഭാഗമായി.

കുരുമുളക്, മരുന്ന്, ചീര

പശ്‌ചിമഘട്ട മലനിരകളുടെ സമ്പന്നമായ ജൈവവൈവിധ്യത്തിൽ പലതിനെയും ശാസ്‌ത്രലോകം മലബാർ എന്നു ചേർത്തുവിളിച്ചു. മലബാർ ബ്ലാക്ക് – കുരുമുളക്, മലബാർ ചെസ്‌റ്റ് നട്‌സ് – അണ്ടിവർഗത്തിൽപ്പെട്ട സസ്യം, മലബാർപത്രം (മലബാത്തം, തമലപത്രം) – കറുവാപ്പട്ട കുടുംബത്തിൽപ്പെട്ട മരം, മലബാർ ചീര (വെള്ളിച്ചീര) – ഇലച്ചെടി എന്നിവയാണ് അറിയപ്പെടുന്ന ‘മലബാറി’ സസ്യങ്ങൾ. കേരളത്തിലെ സസ്യലതാദികളെപ്പറ്റി ഹെൻറിക് റീഡർ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിലുമുണ്ട് മലബാർ; ഹോർത്തൂസ് മലബാറിക്കസ്.

മീനായി, കിളിയായി മലബാർ

ശ്രീലങ്കയിലും ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിലും കാണുന്ന മൽസ്യമാണ് മലബാർ ഡാമിയോ. പശ്‌ചിമഘട്ട താഴ്‌വരയിൽ കാണുന്ന കുയിൽ വിഭാഗത്തിൽപ്പെട്ട പക്ഷിയാണ് മലബാർ വിസ്‌ലിങ് ത്രഷ്. മനുഷ്യന്റെ ചൂളമടിയോടു സാമ്യമുള്ള ശബ്‌ദം പുറപ്പെടുവിക്കുന്ന ഇവയെ മലബാർ വാനമ്പാടി എന്നും വിളിക്കാറുണ്ട്. ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന നീണ്ടവാലുള്ള പക്ഷിയാണ് മലബാർ ട്രോഗൺ.

പശ്‌ചിമഘട്ടത്തിൽ, കാണുന്ന കുരുവി ഇനത്തിനു പേര് മലബാർ ബാർബെറ്റ്. മലബാർ ഗ്രേ ഹോൺബിൽ, മലബാർ പൈഡ് ഹോൺബിൽ എന്നിവ കേരളത്തിന്റെ സ്വന്തം വേഴാമ്പൽ ഇനങ്ങളാണ്. മലബാർ വെരുക്, മലബാർ സ്‌പൈനി ഡോർമൗസ് (ചുണ്ടെലി) എന്നിവയാണ് മറ്റു പ്രധാന ജീവികൾ. പടിഞ്ഞാറൻ പസിഫിക് തീരങ്ങളിലും ആഫ്രിക്കൻ തീരങ്ങളിലും ചെങ്കടൽ ഭാഗങ്ങളിലും കാണുന്ന മൽസ്യമാണ് മലബാർ ഗ്രൂപ്പർ.

മലബാരിയും മലബാർ സിങ്ങും

ഗുജറാത്തിലെ എഴുത്തുകാരനും ബഹുഭാഷാ വിദഗ്‌ധനും സാമൂഹിക പരിഷ്‌കർത്താവുമൊക്കെയായ പ്രശസ്‌തന്റെ പേര് ബെഹ്‌റംജി മെർവാൻജി മലബാരി എന്നായിരുന്നു. ഇടക്കാലത്ത് തന്നെ സംരക്ഷിച്ച വ്യാപാരിയോടുള്ള സ്‌നേഹപ്രകടനമായി ബെഹ്‌റംജി പേരിനൊപ്പം മലബാറിനു സ്‌ഥാനം നൽകുകയായിരുന്നത്രേ. നേപ്പാളിലെ രാഷ്‌ട്രീയ ജനമുഖി പാർട്ടിയുടെ നേതാവിന്റെ പേരാകട്ടെ, മലബാർ സിങ് ഥാപ്പ എന്നാണ്.

കടൽ, റെയിൽ, റോഡ്

1800കളിൽ ചരക്കുകടത്തിന് ഉപയോഗിച്ചിരുന്ന വൻകിട കപ്പലുകളിലൊന്നായിരുന്നു എച്ച്‌എംഎസ് മലബാർ. എട്ടു വർഷമെടുത്തായിരുന്നു നിർമാണം. 1804ൽ കടലിലിറക്കി. മലബാറിനെ തെക്കൻ കേരളവുമായി ബന്ധിപ്പിച്ച് ഇപ്പോഴുമോടുന്ന മലബാർ എക്‌സ്‌പ്രസ് വർഷങ്ങളുടെ പഴക്കമുള്ള ട്രെയിൻ സർവീസാണ്. കെഎസ്‌ആർടിസി വടക്കൻ കേരളത്തിൽ ഓടിക്കുന്ന ടിടി ബസുകൾക്കും പേര് മലബാർ.

ഹിൽസ്, കോളജ്, സിനിമ

മുംബൈയിലെ വിഐപി താമസ – ഓഫിസ് മേഖലയാണ് മലബാർ ഹിൽസ്. മലബാർ ഹിൽ സ്‌പോർട്‌സ് ക്ലബ്ബും അവിടെയാണ്. മലബാർ ക്രിസ്‌ത്യൻ കോളജ് ആകട്ടെ, കോഴിക്കോട്ട് 1905ൽ സ്‌ഥാപിതമായ ആർട്‌സ് ആൻഡ് സയൻസ് കോളജ് ആണ്. മലബാർ പ്രിൻസസ് 2004ൽ ഇറങ്ങിയ ഫ്രഞ്ച് ചലച്ചിത്രമാണെങ്കിൽ, ബ്രിട്ടിഷ് സൈന്യാധിപൻ റൊണാൾഡ് സ്‌റ്റീഫൻ എഴുതിയ നോവലാണ് ദ് ജൂവൽ ഓഫ് മലബാർ.