Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമല്ല മുഖ്യൻ!!

EMS-ARYA ഇഎംഎസ് ഭാര്യ ആര്യാ അന്തർജനത്തിനൊപ്പം. ഫയൽചിത്രം: ബി. ജയചന്ദ്രൻ

കാലം ചിലതൊക്കെ നമ്മെ ഓർമപ്പെടുത്തും, ചരിത്രവും. 1967 ൽ കേരള നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പും സപ്തകക്ഷി മുന്നണിയുടെ വൻ വിജയവുമൊക്കെ ആരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇ.എം.എസിന്റെയും എ.കെ.ജിയുടെയുമൊക്കെ വാക്കും പ്രവൃത്തിയും കേട്ടും കണ്ടും മലയാള മനസ്സ് അവരോടു ചാഞ്ഞുനിന്നു. മാർക്സിസ്റ്റ് പാർട്ടിക്ക് 54 സീറ്റും കോൺഗ്രസിന് വെറും ഒൻപതു സീറ്റും ലഭിച്ചു.

ഇതൊക്കെ കണക്ക്. മറ്റൊരു കൗതുകകരമായ സംഭവമുണ്ടായി. ഒരു നാളുകളൊന്നിൽ സിപിഎം നേതൃത്വം ഇ.എം.എസിനെ മുഖ്യമന്ത്രിയാക്കാൻ നിശ്ചയിച്ചു. കമ്മിറ്റിയിൽ ഇക്കാര്യം തീരുമാനമായപ്പോൾ ഇ.എം.എസിന്റെ മുഖത്തെന്തോ നേരിയൊരു പ്രതിസന്ധി. പക്ഷെ, അതാരും ശ്രദ്ധിച്ചില്ല. വലിയൊരു രാഷ്ട്രീയ വിജയത്തിന്റെ തിമിർപ്പിലായിരുന്നു ഓരോ സഖാവും.

സന്ധ്യയ്ക്ക് ഇ.എം.എസ് വീട്ടിലെത്തി. ആര്യാ അന്തർജനത്തോട് തന്നെ മുഖ്യമന്ത്രിയാക്കാൻ‌ പാർട്ടി തീരുമാനിച്ച കാര്യം പറഞ്ഞു. അന്തർജനത്തിന് ഇ.എം.എസ്. മുഖ്യമന്ത്രിയാകുന്നതിനോടു യോജിപ്പില്ലായിരുന്നു. കാരണം, വളരെ ലളിതം. 1957ൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ ക്ലിഫ് ഹൗസിൽ സദാ പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. കാക്കിധാരികൾ വർഷങ്ങൾക്കു മുമ്പ് ഇരവിലും പകലിലും ഇ.എം.എസിനെ അന്വേഷിച്ച് വീട്ടിലെത്തിയതും, അവരുടെ ധാർഷ്ട്യം കലർന്ന പെരുമാറ്റവുമൊക്കെ ആര്യാ അന്തർജനത്തെ അലോസരപ്പെടുത്തിയിരുന്നു. ഇ.എം.എസ് മുഖ്യമന്ത്രിയായപ്പോഴും കാവൽ നിന്ന പൊലീസുകാർ ആര്യാ അന്തർജനത്തിൽ അസ്വസ്ഥതയുണ്ടാക്കി. അതുകൊണ്ടാണ് ഭർത്താവ് ഒരിക്കൽകൂടി മുഖ്യമന്ത്രിയാകുന്നതിനോട് ആര്യാ അന്തർജനം വിയോജിച്ചത്.

പാർട്ടി നേതൃത്വത്തോട് ആര്യാ അന്തർജനത്തിന്റെ സമ്മതമില്ലാതെ മുഖ്യമന്ത്രിപദം സ്വീകരിക്കാൻ കഴിയാത്തതിലുള്ള ഖേദം ഇ.എം.എസ്. പ്രകടിപ്പിച്ചു. സംഗതി ആകെ സംഘർ‌ഷഭരിതമായി. പാർട്ടി ഈ പ്രതിസന്ധി പരിഹരിക്കാൻ ഏൽപിച്ചത് സാക്ഷാൽ എ.കെ.ജിയെ. അഭിപ്രായം ഇരുമ്പുലക്കയല്ലെന്നൊക്കെ പറയുമെങ്കിലും പാർട്ടി തീരുമാനം ഇന്നത്തെപ്പോലെ അന്നും ഇരുമ്പുലക്ക തന്നെയായിരുന്നു.

എ.കെ.ജി. ഇ.എം.എസിന്റെ വീട്ടിലെത്തി. പാർട്ടി ഇ.എം.എസിനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചു എന്നു കേട്ടപാടേ ആര്യാ അന്തർജനം തനിക്കത് വേണ്ടെന്നാ തോന്നുന്നതെന്ന് വ്യക്തമാക്കി. എന്തിനും ഏതിനും അടവുനയങ്ങൾകൊണ്ട് അണമുറിക്കുകയും അണപൊട്ടിക്കുകയും ചെയ്യുന്ന ഇ.എം.എസിന്റെ പ്രതിസന്ധിയെ എ.കെ.ജി. തന്മയത്വത്തോടെ മറികടന്നു. യാതൊരു ചാണക്യസൂത്രവും വേണ്ടിവന്നില്ല എ.കെ.ജിക്ക്. ഉള്ളകാര്യം ഉള്ളതുപോലങ്ങ് പറഞ്ഞു.

‘ഇ.എം.എസിനെ മുഖ്യമന്ത്രിയാകാൻ അനുവദിക്കുക അല്ലെങ്കിൽ പാർട്ടി തീരുമാനം ധിക്കരിച്ചതിന് സഖാവിനെ പാർട്ടി പുറത്താക്കും. എന്തുവേണമെന്ന് തീരുമാനിക്കണം.’ ആര്യാ അന്തർജനത്തോട് എ.കെ.ജി. പറഞ്ഞു. പെരളശേരി കൗശലം നിശബ്ദനായി നിന്നു. പതുക്കെ ആര്യാ അന്തർജനത്തിന്റെ മനസ്സു മാറി. ‘പാർട്ടീന്നൊന്നും പുറത്താക്കണ്ട.’

ഇതുകേട്ട എ.കെ.ജി. സംതൃപ്തനായി നിൽക്കെ ആര്യാ അന്തർജനം ഒരു ഉപാധി മുന്നോട്ടുവച്ചു. മുഖ്യമന്ത്രിയാകുന്ന ഇ.എം.എസ്. ക്ലിഫ് ഹൗസിലേക്കു താമസം മാറ്റില്ല. കാക്കി കുപ്പായക്കാരുടെ അർഥശൂന്യമായ കാവൽ വീടിനു മുന്നിൽ പാടില്ല – ഇതുരണ്ടും എ.കെ.ജി. അംഗീകരിച്ചു. അങ്ങനെ ഇ.എം.എസ്. രണ്ടാമതും മുഖ്യമന്ത്രിയായി.

‘ഇ.എം.എസ്. അനുഭവം യോജിച്ചും വിയോജിച്ചും’ എന്ന പുസ്തകത്തിന്റെ പ്രസാധനവുമായി ബന്ധപ്പെട്ടാണ് 1990 കളുടെ രണ്ടാം പകുതിയിൽ ഒരുദിവസം ആര്യാ അന്തർ‌ജനത്തെ ആർട്ടിസ്റ്റ് ഭട്ടതിരിക്കൊപ്പം കാണുന്നത്. അന്നത്തെ ആ അഭിമുഖത്തിലാണ് എവിടേയും രേഖപ്പെടുത്താനിടയില്ലാത്ത ആ ചെറിയ കഥനം കേൾക്കാനിടയായതും. ഇന്ന് ഭാര്യ മുഖ്യമന്ത്രിയാകണ്ട എന്നു പറഞ്ഞാൽ അനുസരിക്കുന്ന എത്ര നേതാക്കളുണ്ട്?