Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജേക്കബിന്റെ സ്വർഗരാജ്യം

Author Details
jacob കുഞ്ഞുമോൻ ജോളിയുടെ ചിത്രത്തിനു മുന്നിൽ. ചിത്രം: അരുൺ ശ്രീധർ

ഇക്കഴിഞ്ഞ സെപ്റ്റംബർ ഒൻപതിനു പത്രത്തിൽ വന്ന അനുസ്മരണ പരസ്യത്തിൽ ഒരു അമ്മയും മകനുമുണ്ടായിരുന്നു. 41–ാം ചരമദിനത്തിലെത്തിയ ജോളി ജേക്കബും 37–ാം ചരമ വാർഷികത്തിലെത്തിയ ജോമോൻ സീനിയറും. ‘ജോമോനെ കാണാൻ അമ്മയും യാത്രയായി’ എന്ന അടിക്കുറിപ്പിൽ ജേക്കബിന്റെ കണ്ണീർ നനവുണ്ടായിരുന്നു. ഇതു ജോളിയുടെയും ജോമോന്റെയും കഥയല്ല. അവരുടെ എല്ലാമായ കുഞ്ഞുമോൻ എന്ന ജേക്കബിന്റെ കഥയാണ്.

ബന്ധങ്ങളെ ആഴത്തിൽ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവർ കുഞ്ഞുമോന്റെ കഥ വായിക്കുക. ബന്ധങ്ങളെ ശിഥിലപ്പെടുത്തി കലഹം തീർക്കുന്നവർ ജോളിയുടെയും കുഞ്ഞുമോന്റെയും കഥ വായിച്ചു തിരിച്ചറിയുക. അവർക്കായി ഈ കഥ സമർപ്പിക്കട്ടെ.
ചെങ്ങന്നൂരിനടുത്തു വെണ്മണി കാട്ടുവടക്കേതിൽ കുടുംബത്തിലെ ജേക്കബ് സി.
ഏബ്രഹാം എല്ലാവരുടെയും കുഞ്ഞുമോനായിരുന്നു. എംഎസ്‌സി കഴിഞ്ഞയുടൻ അബുദാബിയിൽ ഒരു ജോലി ശരിയായതിനാൽ ജേക്കബ് അല്ലലറിഞ്ഞില്ല.

ഒന്നര കിലോമീറ്റർ അകലത്തിൽ തുതിക്കാടത്തുള്ള മേരിയുടെ (ജോളി എന്നു വിളിപ്പേര്) വിവാഹാലോചന വന്നപ്പോൾ പിന്നൊന്നും ആലോചിച്ചില്ല. 1975 ജൂലൈ മൂന്നിനു വിവാഹം. പിറ്റേ വർഷം ജോളിയും അബുദാബിയിലെത്തി. 1976 ഒക്ടോബറിൽ മോനുണ്ടായി, ജോമോൻ. ജോലിയും ജോളിയും ജോമോനും ചേർന്ന ജേക്കബിന്റെ സ്വർഗരാജ്യം തീച്ചൂടേറ്റു വാടിയതും വിറങ്ങലിച്ചതും 1979 നവംബർ ഒന്നിനായിരുന്നു. പരീക്ഷണങ്ങൾ നിറച്ചുവച്ച ചില്ലുഭരണി പോലെയായി പിന്നീടു കുഞ്ഞുമോന്റെയും ജോളിയുടെയും ജീവിതം.

ഒരു യാത്രയുണ്ടാക്കിയ നഷ്ടം

ഈദ് അവധി ആഘോഷിക്കാൻ അൽ ഐനിലേക്കു പോവുകയായിരുന്നു സുഹൃത്തും കുടുംബവുമടക്കം ആറുപേർ. അൽ ഐനിലെത്താൻ പത്തു കിലോമീറ്റർ കൂടിയുള്ളപ്പോഴായിരുന്നു മുന്നിലെ ഇടതുചക്രം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു കാർ നാലഞ്ചുവട്ടം കീഴ്മേൽ മറിഞ്ഞത്. ജോളിയും മകനുമടക്കം നാലുപേർ ചിതറിത്തെറിച്ചു. കുഞ്ഞുമോനും സുഹൃത്തിന്റെ സഹോദരിയും കാറിൽ കുടുങ്ങി. മരുഭൂമിയുടെ ചൂടും വിജനതയും മാത്രം. പിന്നാലെ വന്നവരാണ് ആശുപത്രിയിലെത്തിച്ചത്. സുഹൃത്തിന്റെ സഹോദരി അപ്പോൾത്തന്നെ മരിച്ചു.

മൂന്നു വയസ്സുള്ള മകൻ ജോമോൻ പിറ്റേന്ന് ആശുപത്രിയിൽ വച്ചും. നട്ടെല്ലു പൊട്ടി, സുഷുമ്നാ നാഡി മുറിഞ്ഞ് ചലനമറ്റു കിടക്കുന്ന ജോളിയോടു മകന്റെ വിയോഗം പോലും പറയാൻ കഴിഞ്ഞില്ല കുഞ്ഞുമോന്. അബുദാബിയിൽ തന്നെ ജോമോന്റെ മരണാനന്തര കർമങ്ങൾ ചെയ്തു. 13 ദിവസങ്ങൾക്കു ശേഷം തുടർചികിൽസയ്ക്കായി മുംബൈയിലെ ആശുപത്രിയിൽ എത്തിയപ്പോഴാണു ജോമോൻ പോയെന്നു ജോളി അറിഞ്ഞത്.

പിന്നെയെല്ലാം ജോളിക്കു വേണ്ടി

മകന്റെ വേർപാടും ജോളിയുടെ കിടപ്പും കുഞ്ഞുമോന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. ജോളിയെ രക്ഷിച്ചെടുക്കണം, അതു മാത്രമായി പിന്നീടുള്ള ചിന്ത. ഇനി നടക്കാനാവില്ലെന്നും കുട്ടികളുണ്ടാവില്ലെന്നും ഡോക്ടർമാർ തീർപ്പുകൽപിച്ചത് ഇരുവരുടെയും സങ്കടമായി. കുട്ടികളുണ്ടാവില്ലെന്നു കേട്ടപ്പോൾ മാത്രം ജോളിയുടെ കണ്ണുകൾ കടലായി. അവൾ കരയരുതെന്നുണ്ടായിരുന്നു.

jacob-wife കുഞ്ഞുമോനും ജോളിയും (ഫയൽ ചിത്രം)

ചികിൽസയ്ക്കും ശസ്ത്രക്രിയയ്ക്കും മറ്റുമായി മുംബൈയിലെത്തിയ ഇത്തിരിനാൾ. കുഞ്ഞുമോൻ അബുദാബിക്കു തിരികെ പോയപ്പോഴുണ്ടായ ഏകാന്തതയും മനോവ്യഥയും മുള്ളുകൊണ്ടതുപോലെ നോവിച്ചു. ‘ഇല്ല ഇനി ജോളിയെ തനിച്ചാക്കാനാവില്ല. അവൾക്കെന്തു സംഭവിച്ചാലും മരണംവരെ ഞാനവളെ പൊന്നുപോലെ നോക്കും’– കുഞ്ഞുമോൻ ആ വാക്കുതെറ്റിച്ചില്ല. ജോളി കിടപ്പിലായതിനുശേഷം കുഞ്ഞുമോനു സ്വന്തവും സ്വകാര്യവുമായൊരു ലോകമുണ്ടായിട്ടില്ല.

നോട്ടംകൊണ്ടോ സ്പർശംകൊണ്ടോ വാക്കുകൾകൊണ്ടോ സാമീപ്യംകൊണ്ടോ കുഞ്ഞുമോൻ ജോളിയുടെ ജീവിതത്തിലിടപെട്ടുകൊണ്ടേയിരുന്നു. അതു മതിയായിരുന്നു ജോളിക്ക്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ചികിൽസകൂടി കഴിഞ്ഞതോടെ ജോളിക്ക് ചക്രക്കസേരയിൽ ഇരിക്കാമെന്നായി. ഹോംനഴ്സിനെ പോലും നിർത്താതെ കൊച്ചുകുഞ്ഞിനെയെന്നപോലെ കുഞ്ഞുമോൻ ജോളിയെ കുളിപ്പിച്ചു, വസ്ത്രം ധരിപ്പിച്ചു, ചോറുവാരിക്കൊടുത്തു. രാവുകനത്തു ജോളി ഉറക്കത്തിലേക്കു വഴുതിവീഴുംവരെ കൂടെയിരുന്നു.

പല വേഷം, ഒരു ലക്ഷ്യം

കാലത്ത് ആറിനെഴുന്നേറ്റു കാപ്പിയിട്ടു രണ്ടുപേരും കുടിക്കും. വസ്ത്രം ധരിപ്പിച്ച്, മുടി ചീകിയൊതുക്കി ചക്രക്കസേരയിലിരുത്തുമ്പോഴേക്കും അടുക്കളപ്പണിക്കു സഹായിക്കാൻ ഒരു മലയാളിപ്പയ്യനെത്തും. ഒൻപതു വർഷക്കാലം അവൻ വലിയ സഹായമായി. ആദ്യമൊക്കെ വയ്യെങ്കിലും പിന്നീടു ജോളി ചക്രക്കസേരയിലിരുന്ന് അടുക്കളപ്പണിയിൽ അവനെ സഹായിച്ചു. മൂന്നുമണിക്കു കുഞ്ഞുമോൻ എത്തിയശേഷമേ ഉച്ചയൂണുള്ളൂ. വൈകിട്ട് അഞ്ചിനു ജോളിയെ കുളിപ്പിക്കും. എണ്ണതേച്ചുള്ള കുളി ആഴ്ചയിലൊരിക്കൽ. ഒന്നിനും ഒരു മുടക്കവും വരുത്തിയില്ല.

ഒരു കുഞ്ഞ് സ്വപ്നം

ജോളിയെ നോക്കാനായി ഒരാളെയും കുഞ്ഞുമോൻ ബുദ്ധിമുട്ടിച്ചില്ല. ഒഴിവുനേരങ്ങളിൽ കാണാൻ ഒട്ടേറെ സിനിമ വിഡിയോ കസെറ്റുകൾ വാങ്ങി നൽകി. ചിലപ്പോൾ ജോളിയുമായി അബുദാബി ചുറ്റിക്കറങ്ങി. രണ്ടുവർഷം കൂടുമ്പോൾ നാട്ടിലെത്തിച്ച് ഊട്ടിയും കൊടൈക്കനാലുമെല്ലാം പോകുന്നതും പതിവാക്കി. ഒരു കുഞ്ഞുവേണം, അതായിരുന്നു ജോളിയുടെ മോഹം. ഇനി കുഞ്ഞുണ്ടാകില്ലെന്നു മുംബൈ, കോട്ടയ്ക്കൽ ആശുപത്രികളിലെ ഡോക്ടർമാർ പറഞ്ഞപ്പോൾ ഉച്ചവെയിലേറ്റു വാടിയതുപോലെയായി ജോളി. ‘മരിച്ചാലും വേണ്ടില്ല,. എനിക്കൊരു കുഞ്ഞുവേണം’, ജോളി തറപ്പിച്ചുപറഞ്ഞു.

അങ്ങനെയാണ് അബുദാബിയിലെ കോർണിഷ് ഹോസ്പിറ്റലിലെ ഡോ. സുശീല ജോണിനെ കാണാൻ ജോളിെയ കൊണ്ടുപോകുന്നത്. ഗർഭം ധരിക്കാൻ കഴിയുമെന്ന് ഡോക്ടർ പറഞ്ഞതോടെ ജോളിയുടെ ഉള്ളം തുടിച്ചു. എഴുന്നേറ്റു നടക്കാനാവാതെ കിടക്കയിൽ തളച്ചിട്ട ജോളിയുടെ ജീവിതം കുഞ്ഞുങ്ങളുടെ വരവോടെ കൂടുതൽ നിറമുള്ളതാവുമെങ്കിൽ ആവട്ടെ, കുഞ്ഞുമോനും പ്രതീക്ഷയിലായി. ജോളി ഗർഭവതിയായി. 1983 ഡിസംബർ 29ന് ഒരു ആൺകുഞ്ഞു പിറന്നു.

പ്രസവത്തിന്റെ പത്താം ദിവസം നാട്ടിലേക്കു മടങ്ങിയ ജോളി എട്ടാം മാസം മകന്റെ മാമോദീസയും കഴിഞ്ഞാണ് അബുദാബിക്കു പോയത്. മകൻ പിറന്നതോടെ ജോളി കൂടുതൽ ഊർജസ്വലയായി. 1986 സെപ്റ്റംബർ 22ന് അടുത്ത പ്രസവത്തിൽ ഒരാൺകുഞ്ഞു കൂടി പിറന്നപ്പോൾ നാട്ടിലേക്കൊന്നും പോയില്ല ഇരുവരും. 20 ദിവസത്തോളം കുളിപ്പിക്കാൻ ഒരു ഇന്ത്യക്കാരിയെ നിർത്തിയതൊഴിച്ചാൽ ബാക്കി പ്രസവാനന്തര ശുശ്രൂഷയെല്ലാം കുഞ്ഞുമോൻ തന്നെ ചെയ്തു. ഭാര്യയെ നോക്കുന്നതോടൊപ്പം രണ്ടു കുഞ്ഞുങ്ങളെ കൂടി പൊന്നുപോലെ പരിപാലിച്ച പോറ്റച്ഛനായി അദ്ദേഹം.

കല്ലടിക്കോടൻ ജീവിതം

1999ൽ അബുദാബിയിൽ നിന്നു മടങ്ങുമ്പോഴേക്കും പാലക്കാട് കല്ലടിക്കോട്ട് ഇവർക്കായി ഒരു വീടും റബർത്തോട്ടവും ഒരുങ്ങിക്കഴിഞ്ഞിരുന്നു. മക്കളുടെ തുടർപഠനം സുഗമമാക്കാൻ വേണ്ടിയായിരുന്നു മടക്കം. ജോളിയെയും ചേർത്തുപിടിച്ചു ജീവിക്കാൻ ഇത്തിരി കൃഷിയിടവും വീടും അന്വേഷിക്കാമോ എന്നു കോട്ടയ്ക്കലിൽ ചികിൽസയ്ക്കു വന്നപ്പോഴായിരുന്നു ഫാ. എം.എം.ഏബ്രഹാമിനോടു ചോദിച്ചത്. കോഴിക്കോട് ദേവഗിരി കോളജിൽ കുഞ്ഞുമോന്റെ കൂടെ പഠിച്ചയാളാണ് ഫാ. ഏബ്രഹാം. അദ്ദേഹമാണു കല്ലടിക്കോട് സ്ഥലം വാങ്ങി വീടു പണിതത്. അബുദാബിയിൽ നിന്നു മടങ്ങുംവരെ അദ്ദേഹം ഈ വീട്ടിൽ താമസിക്കുകയും ചെയ്തു. കഴിഞ്ഞ നവംബറിലായിരുന്നു അച്ചന്റെ മരണം.

jacob-wife-kid-old കുഞ്ഞുമോനും ജോളിയും.

കല്ലടിക്കോട് ദീപക്കവലയിലെ വീട്ടിൽ ജോളിയും കുഞ്ഞുമോനും മക്കളായ ജോമോൻ ജൂനിയറും ജയ്മോനും ആഘോഷപൂർവം ജീവിച്ചു. രണ്ടു മക്കളുടെയും വിവാഹം കഴിഞ്ഞു. ജോമോനും ഭാര്യ ഷാനിയയും ഫ്ലോറിഡയിലാണിപ്പോൾ. ജയ്മോനും സ്റ്റെഫിയും ബെംഗളൂരുവിലും. കിടക്കയിലും ചക്രക്കസേരയിലും മാത്രമൊതുങ്ങിയ ജോളിക്ക് കുഞ്ഞുമോൻ കൊടുത്തത് യഥാർഥ ജീവിതമായിരുന്നു. ‘ജോളിക്കു വലിയ ആഗ്രഹങ്ങൾ ഉണ്ടായിരുന്നില്ല. പറഞ്ഞതൊന്നും ചെയ്തുകൊടുക്കാതിരുന്നിട്ടുമില്ല. നടക്കാൻ വയ്യെന്നുള്ള നിരാശയ്ക്കു പോലും അവളെ ഞാൻ അനുവദിച്ചില്ല.’ കുഞ്ഞുമോന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

‘എനിക്ക് 72 വയസ്സായി. അവൾക്ക് 68ഉം. 41 വർഷത്തെ വിവാഹജീവിതത്തിൽ 37 വർഷവും അവൾ കട്ടിലിലും വീൽചെയറിലുമായിരുന്നു. എന്നെ അവൾ ഒരു തരത്തിലും വിഷമിപ്പിച്ചിട്ടില്ല. അതാണെന്നെ ജീവിപ്പിക്കുന്നത്. മക്കൾക്കു കല്യാണാലോചന വന്നപ്പോൾ ഒരുകൂട്ടർ മാത്രം കിടക്കപ്പായയിലായിപ്പോയ അമ്മയെ കുറിച്ചോർത്തു സഹതപിച്ചു പിൻമാറിയതു ജോളിയെ വേദനിപ്പിച്ചു.

പക്ഷേ, പിന്നീടു മക്കളെക്കാൾ സ്നേഹമുള്ള മരുമക്കളെ ദൈവം ഞങ്ങൾക്കു തന്നു. ഇക്കഴിഞ്ഞ ജൂലൈ 31ന് പുലർച്ചെ അഞ്ചിനായിരുന്നു അവളുടെ വേർപാട്.
കല്ലടിക്കോട്ടെ വലിയ വീട്ടിൽ ജോളിയോടൊപ്പമുള്ള 41 വർഷത്തെ സൗമ്യദീപ്തമായ ഓർമകൾക്കൊപ്പം തനിച്ചായിരിക്കുന്നു കുഞ്ഞുമോൻ. ‘ഞാൻ തനിച്ചല്ല, അവളും ഞങ്ങളുടെ നിറമുള്ള ഓർമകളും എന്നെ ചുറ്റിപ്പറ്റി എന്നുമുണ്ട്’– കുഞ്ഞുമോന്റെ വാക്കുകൾ... ചില ഓർമകൾ അങ്ങനെയാണ്. ആയുസ്സിന്റെ ഏതറ്റം വരെയും ഒട്ടും മായാതെ അതങ്ങനെ കിടക്കും.

Your Rating: