Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതം നാടകീയം

cl-jose സി.എൽ ജോസ്

ചക്കാലയ്ക്കൽ ലോനപ്പൻ ഉറങ്ങും മുൻപ് മക്കളെ വിളിച്ചിരുത്തി കഥ പറഞ്ഞുകൊടുക്കുകയാണ്. പതിവുള്ള സാരോപദേശ കഥകളെ മനപ്പൂർവം മാറ്റിനിർത്തി ലോനപ്പൻ പറഞ്ഞു. ഇന്ന് ഞാൻ എന്റെ സ്വന്തം കഥ പറയാം. മക്കൾ കാതുകൂർപ്പിച്ചു. അപ്പനും കഥയോ?

ഞാൻ ജോലി ചെയ്യുന്നത് പ്രതിമാസം 10 രൂപ ശമ്പളത്തിനാണ്. ഒരു രൂപ ഈ വീട്ടുവാടക. ബാക്കി ഒൻപതുരൂപയ്ക്ക് നമ്മുടെ വീട്ടുചെലവ്, നിങ്ങളുടെ പഠനം... ഈ പണി നഷ്ടപ്പെട്ടാൽ നമ്മുടെ കുടുംബം വഴിയാധാരമാകും. ആകെയുള്ള സമ്പത്ത് സൽഗുണം, സത്യസന്ധത, ദൈവഭക്തി.

മൂത്തമകൻ മൂന്നാംക്ളാസ് വിദ്യാർഥിയേ ആയിട്ടുള്ളു. അവർക്ക് ഈ കണക്കും കഥയും മനസിലാകുമോ? ലോനപ്പൻ കഥ തുടർന്നു. എന്റെ കടയിലെ മുതലാളി ഇന്നലെ എന്നോടൊരു കാര്യം പറഞ്ഞു. ‘‘ലോനപ്പാ, എനിക്കെതിരെ ഒരു കേസുള്ളതറിയാമല്ലോ?’

‘‘അറിയാം’’ ‘‘നാലാൾ വിശ്വസിക്കുന്നൊരാൾ സാക്ഷി പറഞ്ഞാലേ ഞാൻ രക്ഷപ്പെടൂ. താൻ എനിക്കുവേണ്ടി ഒരു കള്ളസാക്ഷി പറയണം’’ സാക്ഷി പറഞ്ഞില്ലെങ്കിൽ ജോലി പോകും. കുടുംബം പട്ടിണിയാകും. പറഞ്ഞാൽ ചിലപ്പോൾ ഗുണങ്ങളുണ്ടാകാം..

നാടകത്തിലെന്നതു പോലെ ഒരു സസ്പെൻസ് കർട്ടനിട്ടു ലോനപ്പൻ കഥ നിർത്തി. കുട്ടികൾ ഉറങ്ങാൻ കിടന്നു. ലോനപ്പൻ ഉറക്കം വരാതെയും. രാവിലെ നേരെ പള്ളിയിൽ പോയി. കുർബാന കഴിഞ്ഞു നേരെ മുതലാളിയുടെ അടുത്തേക്ക്.പതിവിനും മുൻപേ ജോലിക്കെത്തിയ ലോനപ്പനോടു മുതലാളി ചോദിച്ചു.

‘‘എന്താ ലോനപ്പാ നേരത്തേ?’’ ‘‘മുതലാളി എന്നോടു സാക്ഷി പറയാൻ പറഞ്ഞിരുന്നില്ലേ,,’ ‘‘അതിനിപ്പം ഇവിടെ വരണ്ട, ഞാൻ പറയുമ്പോൾ കോടതിയിൽ വന്നാൽ മതി.’’ ‘‘ഞാൻ സാക്ഷി പറയില്ല. കാരണം ആ സംഭവം ഞാൻ കണ്ടിട്ടേയില്ലല്ലോ?’’ ഇതൊരു നാടകത്തിന്റെ കഥയല്ല. ലോനപ്പനെ നാലാൾ അറിയുകയുമില്ല. എന്നാൽ അന്നു കഥകേട്ടിരുന്ന മൂത്ത മകൻ മൂന്നാംക്ളാസുകാരനെ ലോകമറിയും. മൂല്യമുള്ള നാടകങ്ങൾക്കൊണ്ട് നാടകീയ ചരിത്രമെഴുതിയ തൃശൂർ ചക്കാലക്കൽ ലോനപ്പൻ ജോസ്. സി.എൽ ജോസ്!.

ഏപ്രിൽ നാലിന് ജോസിന് 84 വയസ്. നാടകജീവിതത്തിന് ഏതാണ്ട് ഷഷ്ടിപൂർത്തിയും. അപ്പൻ പറഞ്ഞിരുന്ന ഞായറാഴ്ചക്കഥകളിലെ മൂല്യം നാടകത്തിലും കൈവിടാത്ത മകൻ പിന്നീട് ഒരുപാട് കഥകൾ പറഞ്ഞു. നാടകരൂപത്തിലാണെന്നു മാത്രം. കൊലപാതകവും ബലാൽസംഗവും ആത്ഹമത്യയും ഇല്ലാത്ത നന്മയുള്ള 36 സമ്പൂർണ നാടകങ്ങളുടെയും 75 ഏകാങ്കങ്ങളുടെയും രചയിതാവും സംവിധായകനുമായി.

നാടകത്തിലേക്കുള്ള വാതിൽ:‘എളേപ്പന്റെ കോഴി’!

ജ്യേഷ്ഠൻ ദരിദ്രൻ. അനുജൻ പണക്കാരൻ. ജ്യേഷ്ഠന്റെ മകൻ പലയിടത്തു നിന്നും കടം വാങ്ങി ഡിഗ്രി പഠിച്ചു. ഇനി ജോലി കിട്ടണമെങ്കിൽ പണം കൊടുക്കണം. ചെറിയൊരു സഹായത്തിനായി പണക്കാരനായ എളേപ്പന്റെ അടുത്തെത്തി. എളേപ്പൻ ‘ ഇനി പണം തരാനില്ല’ എന്നു പറഞ്ഞ് ആട്ടിയിറക്കിവിട്ടു. ഇറങ്ങിപ്പോയ അവൻ ഒരു നിമിഷം നിന്നു. തിരിച്ചു നടന്നു വന്നു. എളേപ്പനോടു പറഞ്ഞു: ‘‘എളേപ്പാ, എളേപ്പന്റെ കോഴി കൂവിയില്ലെങ്കിലും ഇവിടെ നേരം വെളുക്കും!’’

സദസിൽ നിന്നു കയ്യടി. അതു കേട്ടപ്പോൾ തീരുമാനിച്ചു: നാടകം തന്നെ തന്റെ ഉലകം. കുറിക്കു കൊള്ളുന്ന ഇത്തരം സംഭാഷണങ്ങൾക്കു പിന്നിൽ സിഎൽ ജോസെന്ന കുറിക്കമ്പനി ക്ളർക്കിന്റെ പേനയുടെ മൂർച്ചയുണ്ടായിരുന്നു. ക്ഷേമവിലാസം കുറിക്കമ്പനിയിൽ ജോലി ചെയ്യുന്ന കാലം. കമ്പനി പൂട്ടി ഇറങ്ങാൻ തയാറെടുകുമ്പോൾ ഒരു യുവതി കയ്യിലൊരു പാസ് ബുക്കുമായെത്തി. ഇന്നു തന്നെ കുറിയിൽ നിന്നൊരു ലോൺ അനുവദിച്ചു തരണമെന്ന അപേക്ഷയുമായി.

ഈ വൈകിയ സമയത്ത് എങ്ങനെ ലോൺ അനുവദിച്ച് പണം നൽകാനാകുമെന്നു ചോദിച്ച ജോസിനോട് അവർ അവരുടെ ജീവിതം പറഞ്ഞു: അച്ഛൻ കിടപ്പുരോഗിയാണ്. അമ്മ കൂലിപ്പണി. ടിടിസി പാസായ എനിക്ക് നാളെ പണവുമായി ചെന്നാൽ ജോലി തരാമെന്ന് ഒരു സ്കൂൾ മാനേജർ പറഞ്ഞു. എനിക്കിനു പണം തന്നേ തീരൂ..

കണ്ണീരിന്റെ കൈനീട്ടി ആ യുവതി വാശിപിടിച്ചു. ജോസ് ആ സ്ഥിതി മനസിലാക്കി ലോൺ ശരിയാക്കി തുക നൽകി.അന്നു മടങ്ങുമ്പോൾ തന്റെ അടുത്ത നാടകം ഉറപ്പിച്ചു: പേര്: തീപിടിച്ച ആത്മാവ്. അധ്യാപകന നിയമനത്തിനു കോഴവാങ്ങുന്നതിനെതിരെയുള്ള പ്രതിഷേധമായിരുന്നു ആ നാടകം.

അന്നു കുറിക്കമ്പനിയിലെത്തിയ യുവതിയായി തൃശൂർ എൽസി അഭിനയിച്ചു. ആങ്ങളയായി പിന്നീട് വലിയ നടനായി മാറിയ സിഐ പോളും. കുറിക്കമ്പനിയിൽ കയ്യിൽ പാസ്ബുക്കുമായി എത്തുന്ന ഇടപാടുകാരൊക്കെ വച്ചുനീട്ടുന്ന ജീവിതകഥകളിൽ നിന്നുവലിയ നാടകങ്ങൾ എഴുതിയിട്ടുണ്ട് സി.എൽ ജോസ്.

ഏറ്റവും വലിയ സംഭാവന:ജീവിതമെന്ന ‘പാഠപുസ്തകം’

പത്താംക്ളാസ് നല്ല മാർക്കോടെ പാസായി പിറ്റേന്ന് അപ്പൻ ലോനപ്പന്റെ അടുത്തെത്തി ജോസ് പറഞ്ഞു. ‘‘എനിക്ക് നല്ല മാർക്കുണ്ട്; കോളജിൽ പഠിക്കണം’’ ‘‘ നീ എന്താ ഈ പറയുന്നത്. നീ പത്ത് പാസായിക്കഴിഞ്ഞു. നിനക്കുതാഴെ എട്ടുമക്കൾ ഈ വീട്ടിലുണ്ട്. നിന്റെ വരുമാനം കൂടി ഇല്ലാതിനി എങ്ങനെ മുന്നോട്ടുപോകും’’ ജോസ് പിന്നെയൊന്നും പറഞ്ഞില്ല.

കൊച്ചിൻ റിസർവ് ബാങ്ക് എന്നുപേരുള്ള കുറിക്കമ്പനിയിൽ കണക്കെഴുത്തുകാരനായി ജോലി നേടി. ആദ്യദിവസം ജോലിക്കു നടന്നു പോകുന്നു. തൃശൂർ സെന്റ് തോമസ് കോളജിനു മുന്നിലൂടെ നടക്കുമ്പോൾ കോളജിന്റെ രണ്ടാം നിലയിൽ നിന്നൊരു വിളി. തന്റെ കൂടെപഠിച്ചു തന്നേക്കാൾ കുറവു മാർക്ക് നേടിയവർ ക്ളാസ് മുറിയിൽ നിന്നു വിളിക്കുകയാണ്.

ജോസ് തിരിഞ്ഞുനോക്കി. അവർ ചിരിച്ചു; ജോസും. അവർ കൈവീശി. ജോസും. മനസ് നീറുകയായിരുന്നു. പഠിക്കാനാവാത്തതിന്റെ വേദന. വർഷങ്ങൾ പലതു കടന്നുപോയി. ജീവിതനാടകം മറ്റൊരു രംഗത്തേക്കു കടന്നു. അതേ സെന്റ് തോമസ് കോളജിന്റെ ഓരത്തുകൂടി നടന്നു പോകുമ്പോൾ ക്ളാസ് മുറിയിൽ നിന്നു പഠിപ്പിക്കുന്ന ശബ്ദം കേട്ടു: പരിചയമുള്ള സംഭാഷണങ്ങൾ. സിഎൽ ജോസ് എഴുതിയ ജ്വലനം എന്ന നാടകമാണു പഠിപ്പിക്കുന്നത്. അത് ജീവിത നാടകത്തിലെ അപ്രതീക്ഷിത ട്വിസ്റ്റ്.

മണൽക്കാട്, ജ്വലനം, യുഗതൃഷ്ണ എന്നീ നാടകങ്ങളാണ് കേരള, കാലിക്കറ്റ് , എംജി സർവകലാശാലകൾ ഡിഗ്രി പാഠപുസ്തകമാക്കിയത്. നാടകരചന എന്ത്, എങ്ങനെ എന്ന പഠനഗ്രന്ഥം കേരള, കാലിക്കറ്റ് സർവകലാശാലകളിൽ മലയാളം എംഎയ്ക്ക് പാഠ്യപുസ്തകമായി.

രചനാലോകം

36 സമ്പൂർണ നാടകം, ഒരു ബാലനാടകം, 75 ഏകാങ്കങ്ങൾ, ആത്മകഥ, നാടകാനുഭവം, ഫലിത സമാഹാരങ്ങൾ അങ്ങനെ പുസ്തകങ്ങളും എഴുതി. സി.എൽ. ജോസിന്റെ അരമണിക്കൂർ നാടകങ്ങൾ, തിരഞ്ഞെടുത്ത ഏകാങ്കങ്ങൾ, നാടകരചന എന്ത്, എന്തിന് തുടങ്ങിയ ഗ്രന്ഥങ്ങളും എഴുതി.

കേന്ദ്രസാഹിത്യ അക്കാദമി അവാർഡ‍്, കെസിബിസി അവാർഡ്, കേരള സഭാതാരം അവാർഡ്, സിസ്റ്റർ മേരി ബനീഞ്ഞ അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, ജേസി ഫൗണ്ടേഷൻ അവാർഡ്, സംഗീതനാടക അക്കാദമി ‘കലാരത്ന’ ഫെലോഷിപ്പ്, കേരള സർക്കാരിന്റെ എസ്എൽ പുരം നാടക പുരസ്കാരം ഇവയടക്കം ഇരുപതിലേറെ അവാർഡുകൾ.

കത്തോലിക്ക സഭയുടെ പരമോന്നത അൽമായ ബഹുമതിയായ ഷെവലിയർ പദവി 2008ൽ ലഭിച്ചു. അറിയാത്ത വീഥികൾ, അഗ്നിനക്ഷത്രം, ഭൂമിയിലെ മാലാഖ എന്നീ സിനിമകളും എഴുതി.

നാടകങ്ങളിൽ പലതും ആകാശവാണി 14 ഭാഷകളിൽ തർജ്മ ചെയ്ത് അവതരിപ്പിച്ചു. ആകാശവാണിയുടെ അഖിലകേരള റേഡിയോ നാടകവാരത്തിൽ 15 വർഷം തുടർച്ചയായി ജോസിന്റെ നാടകം തിരഞ്ഞെടുക്കപ്പെട്ടു. ആകാശവാണി ഹൈഗ്രേഡ് ആർടിസ്റ്റാണ്.കേന്ദ്രസംഗീത നാടക അക്കാദമി അംഗം കേരള സംഗീത നാടക അക്കാദമി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.