Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊഴിഞ്ഞുപോകാതെ ഒരു പാട്ട്

Kottakkal Kunju Moideen Kutty കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി. ചിത്രം: സമീർ എ. ഹമീദ്

‘ഇലകൊഴിയും ശിശിരത്തിൽ ചെറുകിളികൾ വരവായി

മനമുരുകും വേദനയിൽ ആൺകിളിയാ കഥപാടീ

മറഞ്ഞുപോയീ ആ മന്ദഹാസം ....’

ഈ വരികളും ഈണവും മലയാളികളുടെ മനസ്സിൽ എപ്പോഴുമുണ്ട്. ഇതെഴുതിയ ആളുടെ പേര് പാട്ടിൽ പറഞ്ഞ മന്ദഹാസം പോലെ മറഞ്ഞുപോയിരിക്കുന്നു. എക്കാലവും ഓർക്കാനായി ഒരു പാട്ടെഴുതി മലയാള സിനിമാ ഗാനരചനാരംഗത്തുനിന്നു പടിയിറങ്ങിയ കോട്ടയ്‌ക്കൽ കുഞ്ഞിമൊയ്‌തീൻ കുട്ടി ഇവിടെയുണ്ട്. പേരിന്റെ ഭാഗമായി തീർന്ന കോട്ടയ്‌ക്കലിൽ. ഇനിയും പാട്ടെഴുതാമെന്ന ആത്മവിശ്വാസത്തോടെ.

ശ്രീകുമാരൻ തമ്പിയുടെയും പൂവച്ചൽ ഖാദറിന്റെയും യൂസഫലി കേച്ചേരിയുടെയുമെല്ലാം പേരിൽ ഈ പാട്ട് പലരും ചാർത്തിക്കൊടുക്കുന്നതു കേട്ടിട്ടുണ്ടെങ്കിലും അതു താനാണ് എഴുതിയതെന്നു പറഞ്ഞു തിരുത്താൻ പോയിട്ടില്ല കുഞ്ഞിമൊയ്‌തീൻ. മോഹൻ സിത്താര സംഗീതം നൽകി യേശുദാസും ചിത്രയും വെവ്വേറെ പാടി സൂപ്പർ ഹിറ്റായ പാട്ടിന്റെ രചയിതാവ് പിന്നീടു സിനിമാ പാട്ടുകൾ എന്തുകൊണ്ട് എഴുതിയില്ല എന്ന ചോദ്യം നീളുന്നത് ഈ പാട്ടു പിറന്ന വഴികളിലേക്കാണ്.

1987ൽ ആണ് ഈ ഗാനം എഴുതുന്നത്. ‘വർഷങ്ങൾ പോയതറിയാതെ’ എന്ന ചിത്രത്തിനുവേണ്ടി. മോഹൻ രൂപായിരുന്നു സംവിധായകൻ. ആ സമയത്ത് കുഞ്ഞിമൊയ്‌തീൻ മന്ത്രി യു.എ. ബീരാന്റെ പ്രൈവറ്റ് സെക്രട്ടറിയായി തിരുവനന്തപുരത്താണ്. ദൂരദർശൻ ആർട്ടിസ്‌റ്റ് കൂടിയായിരുന്നു അദ്ദേഹം. ദൂരദർശൻ പ്രൊഡ്യൂസർ എ. അൻവർ റമസാൻ അടിസ്‌ഥാനമാക്കി ഒരു മ്യൂസിക്കൽ ഡോക്യുമെന്ററി ചെയ്‌തു. അതിന്റെ വരികൾ എഴുതിയതു കുഞ്ഞിമൊയ്‌തീനാണ്. സംഗീതം മോഹൻ സിത്താരയും. ആ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടതോടെ മോഹൻ സിത്താരയാണു ‘വർഷങ്ങൾ പോയതറിയാതെ’ എന്ന സിനിമയ്‌ക്കു പാട്ടെഴുതാൻ അവസരമൊരുക്കിയത്. ആ സിനിമയിലെ മുഴുവൻ പാട്ടുകളും എഴുതിയതു കുഞ്ഞിമൊയ്‌തീനാണ്.

ഇലകൊഴിയും ശിശിരത്തിലിനു പുറമെ ‘ആ ഗാനം ഓർമകളായി ആ നാദം വേദനയായി... ‘ആനന്ദപ്പൂമുത്തേ...’ എന്നിങ്ങനെ രണ്ടു പാട്ടുകൾ കൂടി ആ സിനിമയിലുണ്ട്. ‘ആ ഗാനം ഓർമകളായി’ എന്ന ഗാനം ഹിറ്റാവുമെന്നായിരുന്നു റിക്കോർഡിങ് കഴിഞ്ഞപ്പോൾ എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സൂപ്പർ ഹിറ്റായത് ‘ഇലകൊഴിയും ശിശിര’മായിരുന്നു. പുതുതലമുറപോലും ഈ പാട്ടുകൾ മൂളുന്നു. ടിവിയിലും റേഡിയോയിലും റിയാലിറ്റി ഷോയിലുമെല്ലാം ഇപ്പോഴും കേൾക്കുന്നു. പാട്ടു പാടുമ്പോൾ അത് ആരെഴുതിയതാണെന്നു യേശുദാസിന് അറിയില്ലായിരുന്നു. റിക്കോർഡിങ് സമയത്ത് സ്‌റ്റുഡിയോ കാണാൻ വന്ന കോഴിക്കോട് ആർഇസിയിലെ വിദ്യാർഥികളോട് യേശുദാസ് പറയുന്നതു കുഞ്ഞിമൊയ്‌തീൻ കേട്ടു. ‘ഇത്രയും നല്ല പാട്ട് അടുത്തകാലത്തൊന്നും ഞാൻ പാടിയിട്ടില്ല’- പിന്നീടാണു വരികൾ എഴുതിയ ആളെ കാണാൻ യേശുദാസ് താൽപര്യം പ്രകടിപ്പിച്ചത്.

തുടർന്നു തരംഗിണിക്കുവേണ്ടി 11 പാട്ടുകൾ എഴുതാൻ യേശുദാസ് ആവശ്യപ്പെട്ടു. അതാണു മോഹൻ സിത്താരയുടെ സംഗീതത്തിൽ ‘വെള്ളിപ്പറവകൾ’ എന്ന പേരിൽ ഇറങ്ങിയ കസെറ്റ്. യേശുദാസും ചിത്രയുമായിരുന്നു പാടിയത്. ഇതിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. ‘ആത്മാവും തേങ്ങി മാനസം വിങ്ങി ഓമലേ നീ ഓർമയായ്’ എന്ന പാട്ട് ഏറെ ശ്രദ്ധേയമായി.

അടുത്ത അവസരം കിട്ടും മുൻപു കുഞ്ഞിമൊയ്‌തീനു ജന്മനാടായ കോട്ടയ്‌ക്കലേക്കു തിരിക്കേണ്ടിവന്നു. അതു ഗാനരചനാരംഗത്തുനിന്നുള്ള തിരിച്ചുപോക്കു കൂടിയായി; ഇരുപത്തിയഞ്ചാം വയസ്സിൽ.

യേശുദാസ് ആരാണെന്നുപോലും അറിയാത്ത കുടുംബമായിരുന്നു കുഞ്ഞിമൊയ്‌തീന്റേത്. അതിനാൽ താൻ എഴുതിയ പാട്ടുകളെക്കുറിച്ച് അവിടെ പറഞ്ഞിട്ടു കാര്യമില്ലായിരുന്നു. അതുകൊണ്ടുതന്നെ ഒന്നും ആരോടും പറഞ്ഞില്ല. ഉപ്പ ബാപ്പുക്കയുടെ മരണമാണു കുഞ്ഞിമൊയ്‌തീനെ ഗാനരംഗത്തുനിന്ന് അകറ്റിയത്. ഉപ്പയുടെ മരണത്തെത്തുടർന്നു കോട്ടയ്‌ക്കലേക്കു തിരിക്കേണ്ടിവന്ന അദ്ദേഹത്തിനു ഗാനരചനാരംഗത്തേക്കു തിരിച്ചുപോക്കു സാധ്യമായിരുന്നില്ല. കുടുംബത്തിന്റെ ഉത്തരവാദിത്തം ചുമലിലായി. മൂന്നു സഹോദരിമാർ അടങ്ങുന്ന കുടുംബത്തെ നോക്കണം.

സ്വന്തം കുടുംബവും പോറ്റണം. ഉപ്പയുടെ കബറടക്കത്തിനുശേഷം കബർസ്‌ഥാനിൽവച്ചു കാരണവന്മാർ വിധി കുറിച്ചു. കുഞ്ഞിമൊയ്‌തീൻ ഇനി കുടുംബം വകയായുള്ള ഹോട്ടൽ നടത്തട്ടെ. അന്നു രാത്രി നമസ്‌കാരത്തിനുശേഷം കുഞ്ഞിമൊയ്‌തീൻ പടച്ചവനു വാക്കു നൽകി. കുടുംബത്തിനു വേണ്ടി ഞാൻ എഴുത്തുനിർത്തുന്നു.

ബിസിനസ് നടത്താനായി ചെന്നൈയിലേക്കു പോയ കുഞ്ഞിമൊയ്‌തീൻ അവിടെയും ദുബായിലുമായി ബിസിനസ് നടത്തി. കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങളെല്ലാം പൂർത്തിയാക്കി. പാട്ടെഴുത്തു നിർത്തി പാടുനോക്കിപ്പോയ മൊയ്‌തീൻ കാൽ നൂറ്റാണ്ടിനുശേഷം തിരിച്ചെത്തുമ്പോഴും ‘ഇലകൊഴിയും ശിശിരത്തിൽ’ സൂപ്പർ ഹിറ്റായി നിലനിൽക്കുന്നു. ഇനിയും എഴുതണമെന്നതിന്റെ സൂചനയായാണ് അദ്ദേഹം ഇതിനെ കാണുന്നത്. രണ്ടു സിനിമകൾക്ക് എഴുതാമെന്ന് ഏറ്റിരിക്കുന്നു.

തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ കൈവച്ച മൊയ്‌തീൻ ഡിഎംകെയുടെ കേരള ഘടകം അധ്യക്ഷനായിരുന്നു. തമിഴ്‌നാടുമായുള്ള ബന്ധം ഇപ്പോഴും തുടരുന്നു. അവിടത്തെ സൗഹൃദ സംഘവുമായി ചേർന്ന് ഒരു തമിഴ് സിനിമ നിർമിക്കാനുള്ള ആലോചനയും നടക്കുന്നു.

Your Rating: