Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളുത്തി നിങ്ങൾ തലമുറ തോറും...

songs വര: അജിൻ കെ. കെ.

അഷ്ടമുടിക്കായലിന്റെ തീരത്തെ വള്ളപ്പുരയിൽ ഒളിവിൽ കഴി‍ഞ്ഞിരുന്ന കമ്യൂണിസ്റ്റ് നേതാവ് എം.എൻ. ഗോവിന്ദൻ നായർക്കു കാവൽ കിടക്കാൻ അന്നു രാത്രി എത്തിയത് കൊല്ലം എസ്.എൻ. കോളജിലെ വിദ്യാർഥികളായിരുന്നു– ഉറ്റ ചങ്ങാതിമാരായിരുന്ന ദേവരാജനും ഒഎൻവി കുറുപ്പും.! ഒഎൻവിക്കു കവിതയെഴുത്തിലും ദേവരാജന് സംഗീതത്തിലും താൽപര്യം ഉണ്ടെന്ന് എം.എൻ. ഗോവിന്ദൻ നായർ കുശലാന്വേഷണത്തിനിടെ മനസ്സിലാക്കി. എംഎൻ പറഞ്ഞു. ‘നിങ്ങൾ വെറുതേ സമയം കളയാതെ കവിത എഴുതൂ, സംഗീതജ്ഞൻ അതിന് ഈണം നൽകൂ...’ എംഎന്റെ നിർദേശം കേട്ട ഒഎൻവി ആകാശത്തെ ചന്ദ്രക്കലയിൽ നോക്കി. അപ്പോൾ അദ്ദേഹത്തിന്റെ തൂലികയിലേക്ക് ഒഴുകിവന്നു ‘പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ...’ എന്നു തുടങ്ങുന്ന നാലു വരി. ദേവരാജൻ അപ്പോൾത്തന്നെ ഈണവും നൽകി. പാടിയും ഈണമിട്ടും ആ രാത്രി കടന്നുപോയി.

വൈക്കം ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ അക്കാലത്തു കൊല്ലത്തുനിന്ന് ഇറങ്ങിയിരുന്ന ‘കേരളം’ പത്രത്തിൽ കൊടുക്കാനായി ഒഎൻവി ആ നാലുവരിക്കവിത വിപുലീകരിച്ചു നാൽപതു വരിയാക്കി. ദേവരാജൻ ഈ കവിതയിലെ ഏതാനും വരികൾ തിരഞ്ഞെടുത്ത് ഒരു ഗാനമാക്കി വികസിപ്പിച്ചു. ഈണം പഴയതുതന്നെ.

1951ൽ ജയിൽമോചിതനായി എത്തിയ എകെജിക്ക് കൊല്ലം എസ്​എൻ കോളജിൽ നൽകിയ സ്വീകരണസമ്മേളനത്തിൽ ദേവരാജൻ ‘പൊന്നരിവാളമ്പിളിയില്’ പാടി. എകെജിക്കും ഒപ്പമുണ്ടായിരുന്ന കമ്യൂണിസ്റ്റ് നേതാക്കൾക്കും പ്രേമഗാനത്തിന്റെ മട്ടിലുള്ള ഈ വിപ്ലവഗാനം ഇഷ്ടമായി. അങ്ങനെയിരിക്കെയാണു തോപ്പിൽ ഭാസി രചിച്ച ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകം ഒരുങ്ങുന്നത്. ജനഹൃദയങ്ങളിൽ സ്ഥാനം നേടിയിരുന്ന ‘പൊന്നരിവാളമ്പിളിയില്...’ ഈ നാടകത്തിൽ ചേർക്കണമെന്ന് എകെജി അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കൾ നിർദേശിച്ചു.

അങ്ങനെ മറ്റ് 21 പാട്ടുകൾക്കൊപ്പം ഇതും നാടകത്തിന്റെ ഭാഗമായി. 1952 ഡിസംബർ ആറിന് ചവറ തട്ടാശ്ശേരിയിൽ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ അരങ്ങേറി. അന്നത്തെ മുൻനിരഗായകനായ കെ.എസ്. ജോർജായിരുന്നു ‘പൊന്നരിവാളമ്പിളിയില്’ ആലപിച്ചത്. അങ്ങനെ ഈ ഗാനം ജനഹൃദയങ്ങളിൽ ലഹരിയായി.

മലയാള നാടകചരിത്രത്തിൽ മാത്രമല്ല കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിലും ഈ നാടകവും അതിലെ ഗാനങ്ങളും സ്ഥാനം പിടിച്ചു. ആയിരക്കണക്കിനു വേദികളിലേക്ക് ‘തോളോടു തോളൊത്തുചേർന്നു വാളുയർത്തുന്ന’ സ്വപ്നം പടർന്നു. ഇന്നും ജീവിതത്തിൽ ഇരുട്ടു പടരുമ്പോൾ, പ്രതീക്ഷയുടെ വെളിച്ചം പകർന്ന് ഈ ഗാനം നമുക്കിടയിൽ ഉണ്ട്. ‘ഒത്തുനിന്നേ പൂനിലാവും നെൽക്കതിരും കൊയ്യാൻ തോളോടുതോളൊത്തു ചേർന്ന് വാളുയർത്താൻ തന്നെ പോരുമോ നീ പോരുമോ നീ നേരു നേടും പോരിൽ’ എന്ന വിളിക്ക് കേരളം മുഴുവൻ കാതുകൊടുത്തു. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകം വിജയമാതൃകയായി. വിപ്ലവഗാനങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അവിഭാജ്യഘടകമായി.

ഈ മണ്ണിൽ വീണ നിന്റെ...

ആദ്യകാലനാടകങ്ങളിലെ മികച്ച വിപ്ലവഗാനങ്ങളിൽ നല്ലൊരു പങ്കും ഒഎൻവിയുടെ വകയായിരുന്നു. ‘സർവേക്കല്ല്’ (1954) എന്ന നാടകത്തിൽ ഒഎൻവി– ദേവരാജൻ സഖ്യത്തിന്റെ ഈ ചടുലഗാനം കേരളം മുഴുവൻ തരംഗമായി. അധ്വാനിക്കുന്ന മനുഷ്യന്റെ മഹത്വത്തെ വാഴ്ത്തുന്ന ഈ പാട്ടാണ് തന്റെ പിതാവ് രചിച്ച വിപ്ലവഗാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതെന്ന് രാജീവ് ഒഎൻവി പറയുന്നു. ‘അച്ഛന്റെ രചനയെക്കാൾ എന്നെ വിസ്മയിപ്പിക്കുന്നത് ദേവരാജൻ മാസ്റ്റർ ഇതിനു നൽകിയ സംഗീതമാണ്. രചനയുടെ ആത്മാവറിഞ്ഞ ഈണം. പൂർവമാതൃകകളില്ലാത്ത കാലത്താണ് ഇത്ര മനോഹരമായ സംഗീതം അദ്ദേഹം ചെയ്തതെന്ന് ഓർമിക്കണം. അതിലെ ചരണങ്ങൾ തുടങ്ങുന്ന ഹമ്മിങ്ങിന്റെ വിന്യാസമൊക്കെ എടുത്തുപറയേണ്ടതാണ്. എത്രയോവേദികളിൽ ഞാനതു പാടിയിരിക്കുന്നു.’ രാജീവ് പറയുന്നു.

ഒഎൻവിയുടെ അവസാന വിപ്ലവഗാനമായ ‘തുടലുകൾ പൊട്ടിക്കാൻ വെമ്പും...(ചിത്രം: എകെജി, സംവിധാനം: ഷാജി എൻ. കരുൺ., ആലാപനം: വിധു പ്രതാപ്) സംഗീതസംവിധാനം ചെയ്യാനുള്ള നിയോഗവും മകൻ രാജീവിനായിരുന്നു. കാളിദാസ കലാകേന്ദ്രത്തിന്റെ ‘ജനനീ ജന്മഭൂമി’ എന്ന നാടകത്തിലെ ‘തേരിതു നിർത്തരുതേ...’ എന്നതും ഒഎൻവിയുടെ ശ്രദ്ധേയമായ വിപ്ലവഗാനമാണ്. നാടകങ്ങൾക്കുവേണ്ടി അദ്ദേഹം രചിച്ച മിക്ക ഗാനങ്ങളിലും അധ്വാനിക്കുന്നവന്റെ ആത്മാഭിമാനം ഉയർത്തുന്നതിനുള്ള ആഹ്വാനം കാണാം.

സിനിമയിലെത്തിയപ്പോൾ ഒഎൻവിയുടെ രചനകളിൽ ലാവണ്യം കൂടി. ചുരുക്കം വിപ്ലവഗാനങ്ങളേ അദ്ദേഹം സിനിമയിൽ രചിച്ചിട്ടുള്ളൂ. 1981ൽ ‘സ്ഫോടനം’ എന്ന സിനിമയിലെ ‘നഷ്ടപ്പെടുവാനില്ലൊന്നുമീ കൈവിലങ്ങുകളല്ലാതെ...(സംഗീതം– ശങ്കർ ഗണേഷ്), വേണു നാഗവള്ളി സംവിധാനം ചെയ്ത ലാൽ സലാം (1990) സിനിമയിലെ ‘ലാൽസലാം ലാൽസലാം....’(സംഗീതം: രവീന്ദ്രൻ) എന്നിങ്ങനെ ഏതാനും ചിലത്.

‘ബലികുടീരങ്ങളേ...’ നൂറുകണക്കിനു വിപ്ലവഗാനങ്ങൾ മലയാളികളെ സ്വാധീനിച്ചെങ്കിലും ഏറ്റവും തരംഗമായത് വയലാർ എഴുതി ദേവരാജൻ സംഗീതം നൽകിയ ‘ബലികുടീരങ്ങളേ...’ എന്ന ഗാനമാണ്. ‘തുടിപ്പു നിങ്ങളിൽ നൂറ്റാണ്ടുകളുടെ ചരിത്രമെഴുതിയ ഹൃദയങ്ങൾ കൊളുത്തി നിങ്ങൾ തലമുറ തോറും കെടാത്ത കൈത്തിരി നാളങ്ങൾ’

തിരുവനന്തപുരത്തു നടന്ന രക്തസാക്ഷിദിനാചരണത്തിൽ പാടാനായി രചിച്ച ഈ ചടുലഗാനത്തിന്റെ വൻ ജനപ്രീതി പരിഗണിച്ച് ‘വിശറിക്കു കാറ്റുവേണ്ട’ എന്ന നാടകത്തിൽ ചേർക്കുകയുണ്ടായി. മലയാളത്തിൽ ഇതുവരെ ഉണ്ടായ ഏറ്റവും ശ്രദ്ധേയ ഗാനമായി ചെറുകഥാകൃത്ത് ടി. പത്മനാഭൻ തിരഞ്ഞെടുത്തിട്ടുള്ളത് ഈ പാട്ടാണ്. തുലാഭാരം (സംഗീതം: ദക്ഷിണാമൂർത്തി), കയ്യും തലയും പുറത്തിടരുത് (ദേവരാജൻ) , ഇന്നലെ ഇന്നു നാളെ (എൽ.പി.ആർ. വർമ), മാനസപുത്രി (എൽ.പി.ആർ. വർമ), യന്ത്രം സുദർശനം (കെ. രാഘവൻ) തുടങ്ങി ഒട്ടേറെ നാടകങ്ങളിൽ വയലാർ വിപ്ലവഗാനങ്ങൾ രചിച്ചു. എങ്കിലും സിനിമയിലാണ് വയലാർ ഗാനങ്ങളിലെ തീപ്പൊരി ജനഹൃദയങ്ങൾ കീഴടക്കിയത്. 1968ലെ ‘പുന്നപ്ര വയലാർ’ എന്ന സിനിമയിൽ അദ്ദേഹം രചിച്ചു കെ. രാഘവൻ സംഗീതം നൽകിയ സഖാക്കളേ മുന്നോട്ട്.., എന്തിനാണീ കൈവിലങ്ങുകൾ.., ഉയരും ഞാൻ നാടാകെ... എന്നീ മൂന്നു ഗാനങ്ങൾ ആവേശം പകരുന്നു. 1974ലെ ‘നീലക്കണ്ണുകൾ’ എന്ന ചിത്രത്തിൽ ദേവരാജനും ഒഎൻവിയും ഗാനരചയിതാക്കൾ ആയിരുന്നെങ്കിലും വിപ്ലവഗാനങ്ങൾ എല്ലാം എഴുതാനുള്ള നിയോഗം വയലാറിനായിരുന്നു. പ്രസിദ്ധമായ ‘മരിക്കാൻ ഞങ്ങൾക്കു മനസ്സില്ല..., വിപ്ലവം ജയിക്കട്ടെ വിഗ്രഹങ്ങൾ തകരട്ടെ എന്നിവയ്ക്കു സംഗീതം നൽകിയതു ദേവരാജൻ.

‘നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി’ 1970ൽ സിനിമയായപ്പോൾ ഗാനങ്ങൾ എഴുതിയതു വയലാർ. സംഗീതം ദേവരാജൻ തന്നെ. ഇതിലാണു പ്രശസ്തമായ ‘പല്ലനയാറിൻ തീരത്ത്...’ എന്ന ഗാനം. തന്റെ പിതാവ് എഴുതിയ രാഷ്ട്രീയ വിപ്ലവഗാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതായി മകൻ വയലാർ ശരത്ചന്ദ്രവർമ കരുതുന്നത് ഈ ഗാനമാണ്. ‘ദുഷിച്ച സംവിധാനങ്ങൾ മാറ്റാൻ സമയമായിരിക്കുന്നു, ‘പൂർവദിങ്മുഖമൊന്നു ചുവന്നു പുതിയ മനുഷ്യനുണർന്നു പ്രതിഭകൾ കാവ്യപ്രതിഭകളങ്ങനെ പുതിയ പ്രചോദനമുൾക്കൊണ്ടു’ വ്യവസ്ഥിതിയെ മാറ്റുന്നതിൽ എഴുത്തുകാർക്കു വലിയ പങ്കുണ്ട് എന്നും സൂചിപ്പിക്കുന്ന ഗാനമാണിത്. എക്കാലത്തും പാടാം എന്നതാണ് ഈ ഗാനത്തിന്റെ മറ്റൊരു പ്രത്യേകത.’ അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇതിലും വലിയ വിപ്ലവമാണ് ‘പത്മതീർഥമേ ഉണരൂ...’ എന്ന ഗായത്രി(1973)യിലെ ഗാനം. ഭക്തിഗാനമെന്നു കരുതുന്ന ഇത് യഥാർഥത്തിൽ ഒരു വലിയ സാംസ്കാരിക വിപ്ലവത്തിനുള്ള ആഹ്വാനമാണ്.’ ശരത് പറയുന്നു.

ഈങ്ക്വിലാബ് സിന്ദാബാദ്... (പണിമുടക്ക്– സംഗീതം ബാബുരാജ്), നക്ഷത്രങ്ങളേ സാക്ഷി... (നഖങ്ങൾ–ദേവരാജൻ), നഷ്ടപ്പെടുവാൻ വിലങ്ങുകൾ... (തുലാഭാരം–ദേവരാജൻ), സർവരാജ്യത്തൊഴിലാളികളേ സംഘടിക്കുവിൻ... (അനുഭവങ്ങൾ പാളിച്ചകൾ–ദേവരാജൻ) തുടങ്ങി എത്രയോ ഗാനങ്ങളിലൂടെ മലയാളിയുടെ സിരകളിലെ ഊർജപ്രവാഹമായി വയലാർ.

രക്തസാക്ഷികൾ സിന്ദാബാദ്

വേണു നാഗവള്ളി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച ‘രക്തസാക്ഷികൾ സിന്ദാബാദ്’(1998) എന്ന ചിത്രത്തിൽ മൂന്നു വിപ്ലവഗാനമുണ്ട്. സംഗീത സംവിധാനം– എം.ജി. രാധാകൃഷ്ണൻ. ഇതിലെ പ്രധാന ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി ആയിരുന്നെങ്കിലും വിപ്ലവഗാനങ്ങൾ മൂന്നും എഴുതിയതു മറ്റു മൂന്ന് എഴുത്തുകാരാണെന്നതാണു കൗതുകം. പി. ഭാസ്കരൻ (കിഴക്കു പുലരി ചെങ്കൊടി പാറി...), ഒഎൻവി (നമ്മളു കൊയ്യും വയലെല്ലാം...), ഏഴാച്ചേരി രാമചന്ദ്രൻ (ബലികുടീരങ്ങൾതൻ ആത്മാവുണർത്തുന്ന...) എന്നിവർ. എത്രയോ സുന്ദരഗാനങ്ങൾ സമ്മാനിച്ച പി. ഭാസ്കരന്റെ അവസാനത്തെ വിപ്ലവഗാനമായിരുന്നു ‘കിഴക്കു പുലരി...’.

ചോരവീണ മണ്ണിൽനിന്ന്

വിപ്ലവഗാനങ്ങളുടെ കാലം കഴി‍ഞ്ഞു എന്നു വിചാരിച്ചിരിക്കവേയാണ് ലാൽ ജോസ് സംവിധാനം ചെയ്ത ‘അറബിക്കഥ’ (2007) എന്ന ചിത്രത്തിൽ ‘ചോരവീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം’ എന്ന ഗാനം വരുന്നത്. അനിൽ പനച്ചൂരാൻ എഴുതി ബിജിബാൽ സംഗീതം നൽകിയ ഈ ഗാനം കേരളമാകെ തരംഗമായി. ന്യൂജനറേഷൻ യുവാക്കൾ ഈ ഗാനത്തോടു കാണിച്ച ആവേശം അദ്ഭുതകരമായിരുന്നു. ‘ഓർക്കുവിൻ സഖാക്കളേ നമ്മൾ വന്ന വീഥിയിൽ ആയിരങ്ങൾ ചോരകൊണ്ടെഴുതിവച്ച വാക്കുകൾ... ലാൽ സലാം’ തുടങ്ങിയ വരികൾ അൽപമെങ്കിലും വിപ്ലവവീര്യം മനസ്സിലുള്ളവരെ കോൾമയിർ കൊള്ളിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഉപ്പുസത്യഗ്രഹത്തിന്റെ സമയത്ത് ജനങ്ങളെ ആ സമരത്തിലേക്കു നയിക്കാനായി അംശി നാരായണപിള്ള രചിച്ച ‘വരിക വരിക സഹജരേ സഹന സമര സമയമായ് കരളുറച്ചു കൈകൾ കോർത്ത് നാൽനടയ്ക്കു പോക നാം’ എന്ന ഗാനം 2011ലെ ‘വീരപുത്രൻ’ എന്ന സിനിമയിൽ രമേശ് നാരായണന്റെ സംഗീതത്തിൽ എം.ജി. ശ്രീകുമാറും സംഘവും പാടി ഉൾപ്പെടുത്തിയതാണ് പുതിയകാലത്തെ മറ്റൊരു വിപ്ലവഗാന പരിശ്രമം.

വിപ്ലവ നഭസ്സിലെ രക്തനക്ഷത്രങ്ങൾ

‘ഓരോതുള്ളിച്ചോരയിൽനിന്നും ഒരായിരം പേരുയരുന്നു...’ മൂലധന(1969)ത്തിലെ ആവേശോജ്വലമായ ഈ ഗാനം രചിച്ചതു പി. ഭാസ്കരനാണ്. സംഗീതം: ദേവരാജൻ. കൽത്തുറുങ്കിൽ അടച്ചിട്ടും വീര്യം ചോരാത്ത ചെറുപ്പക്കാരുടെ പാട്ടാണിത്. നടനെന്ന നിലയിൽ പ്രേംനസീർ പ്രസരിപ്പിക്കുന്ന ഊർജമാണ് ഈ ഗാനരംഗത്തിന്റെ സവിശേഷത. മലയാളികൾക്കു ഗൃഹാതുരതയായ വിഷയങ്ങളിലെല്ലാം ഒട്ടേറെ പാട്ടുകൾ എഴുതിയിട്ടുള്ള ശ്രീകുമാരൻ തമ്പിയുടേതായി ചുരുക്കം വിപ്ലവഗാനങ്ങളേയുള്ളൂ എന്ന കൗതുകമുണ്ട്.. ‘ക്രോസ്ബെൽറ്റ്’ എന്ന ചിത്രത്തിലെ ‘സിന്ദാബാദ് സിന്ദാബാദ്...’.(സംഗീതം–ബാബുരാജ്) അവയിൽ ശ്രദ്ധേയം.

‘വയലാർ, ഭാസ്കരൻ, ഒഎൻവി എന്നീ മൂന്നു പാർട്ടി പ്രവർത്തകർതന്നെ ഗാനരചയിതാക്കളായി ഉണ്ടായിരുന്നതിനാൽ വിപ്ലവഗാനങ്ങൾ എഴുതാനുള്ള നിയോഗം എന്നിലേക്ക് എത്താതിരുന്നതു സ്വാഭാവികം മാത്രം.’ തമ്പി പറയുന്നു. പ്രഗത്ഭ സംഗീത സംവിധായകനായ ബാബുരാജും വിപ്ലവഗാനങ്ങളിൽ വളരെക്കുറച്ചു സംഭാവനയേ ചെയ്തിട്ടുള്ളൂ. നാടകത്തിലും സിനിമയിലും ബഹഭൂരിപക്ഷം വിപ്ലവഗാനങ്ങൾക്കും ഈണം നൽകിയതു ദേവരാജനാണ്. നാടകത്തിൽ കൂടുതൽ ഗാനങ്ങൾ ആലപിച്ചത് കെ.എസ്. ജോർജും കെപിഎസി സുലോചനയുമാണ്. സിനിമയിൽ യേശുദാസും ജയചന്ദ്രനും സി.ഒ. ആന്റോയും പി. സുശീലയും പി. ലീലയും മാധുരിയും. കോറസിന്റെ സാന്നിധ്യമാണ് വിപ്ലവഗാനങ്ങളുടെയെല്ലാം പ്രത്യേകത. പിന്നീട് പ്രശസ്ത സംഗീത സംവിധായകനായി മാറിയ രവീന്ദ്രൻ മിക്ക വിപ്ലവഗാനങ്ങളുടെയും കോറസിന്റെ ഭാഗമായിരുന്നു.

കൊടുമുടികൾ എന്ന ചിത്രത്തിൽ ചിറയിൻകീഴ് രാമകൃഷ്ണന്റെ രചനയിൽ എം.കെ. അർജുനൻ സംഗീതം ചെയ്ത ‘ഈങ്ക്വിലാബിൻ മക്കൾ ഞങ്ങൾ...’ മെലഡി സ്പർശംകൊണ്ട് വ്യത്യസ്തമായ ഒരു വിപ്ലവഗാനമാണ്. അക്ഷയ ശക്തികളേ...( സഖാക്കളേ മുന്നോട്ട്– രചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ), പൂജയും മന്ത്രവും കുത്തകയാക്കിയ...(സമസ്യ– സംഗീതം: കെ.പി. ഉദയഭാനു, ആലാപനം: രവീന്ദ്രൻ), വിപ്ലവഗായകരേ...(നീതിപീഠം– രചന: ഭരണിക്കാവ് ശിവകുമാർ), വിപ്ലവ വീര്യം... (പഞ്ചവടിപ്പാലം– രചന: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി), ഇതാണു കയ്യൂർ... (മീനമാസത്തിലെ സൂര്യൻ– രചന: ഏഴാച്ചേരി, സംഗീതം: എം.ബി. ശ്രീനിവാസൻ) തുടങ്ങി നൂറുകണക്കിനു മികച്ച വിപ്ലവഗാനങ്ങൾ മലയാളമണ്ണിനും മനസ്സിനും വീര്യം നൽകി. ഈ പത്രത്താളിൽ ഒതുങ്ങുന്നതല്ല ആ സ്വരസാഗരം.. ഇവിടെ പരാമർശിച്ചതിനേക്കാൾ എത്രയോ ഏറെയാണ് അവയുടെ വീര്യവും വൈപുല്യവും. ‘സമത്വമെന്നൊരാശയം മരിക്കയില്ല ഭൂമിയിൽ നമുക്കു സ്വപ്നമൊന്നുതന്നെ അന്നുമിന്നുമെന്നുമേ...’

Your Rating: