Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിഷ്കളങ്കതയുടെ കുഞ്ഞുസ്വർഗം

Author Details
mini-father-kurian മിനി പിതാവ് കുര്യനൊപ്പം. ചിത്രം: നിഖിൽ രാജ്

പെട്ടെന്നു മുതിരാത്ത കുട്ടികളെ പഠിപ്പിക്കാൻ അച്‌ഛനെ കണ്ടാണു മിനി കുര്യൻ പഠിച്ചത്. ‘അപകടകര’മായിരുന്നു ആ പാഠം. ലണ്ടനിൽ പഠിക്കാൻ പോയ മിനിയെ യാത്രയാക്കി മടങ്ങുമ്പോൾ പിതാവ് കെ.കെ.കുര്യനുണ്ടായ അപകടം ആ മകളെ വലിയനേട്ടങ്ങളുടെ ലോകങ്ങളിൽനിന്നു തിരികെ വിളിക്കാൻ പോന്നതായിരുന്നു. മിനി മടങ്ങിവന്നു. തലയ്‌ക്കേറ്റ ക്ഷതത്തിൽ കൂട്ടംതെറ്റിയ ഓർമകളുമായി കുട്ടികളെപ്പോലെ ചിരിച്ച എൺപത്താറുകാരനെ കൈപിടിച്ചു പിച്ചനടത്തി.

അമേരിക്കൻ സ്‌ഥാപനമായ ക്രിയേറ്റിവ് ചിൽഡ്രൻസ് ഇന്റർനാഷനൽ സ്‌കൂളിന്റെ കുവൈത്ത് ഘടകത്തിൽ സ്‌പെഷൽ എജ്യുക്കേറ്ററായ മിനി കുര്യൻ മനഃശാസ്‌ത്രത്തിൽ മാസ്‌റ്റേഴ്‌സ് ബിരുദത്തിനു പഠിക്കാൻ ലണ്ടനിലേക്കു പോകുമ്പോഴായിരുന്നു പിതാവിന് അപകടം. അതോടെ എല്ലാം വിട്ട് പിതാവിനടുത്ത് ഓടിയെത്തിയ മിനി ഒരുവർഷം കുര്യനെ സ്വന്തം കുട്ടിയെപ്പോലെ പരിചരിച്ചു. ലക്ഷങ്ങൾ മുടക്കി പഠിച്ചതെല്ലാം കൂടുതലാളുകൾക്കു പ്രയോജനപ്പെടണമെന്നു തോന്നിയപ്പോൾ ബുദ്ധിവൈകല്യമുള്ള കുട്ടികൾക്കു വേണ്ടി തിരുവല്ലയിൽ സ്‌കൂൾ തുടങ്ങി. അച്‌ഛനെ നോക്കി പഠിച്ച പാഠങ്ങൾ അവിടെ പങ്കുവച്ചു.

കുവൈത്തിലെ അമീരി ഹോസ്‌പിറ്റലിൽ എക്‌സ് റേ വിഭാഗം മേധാവിയായിരുന്നു തിരുവല്ല പാലിയേക്കര കോടിയാട്ട് കെ.കെ.കുര്യൻ. കുവൈത്ത് യുദ്ധകാലത്തു നാട്ടിലേക്കു മടങ്ങി. തന്റെ വിശ്രമജീവിതത്തിനിടയിൽ വിദേശത്തേക്കു മകളെ അയയ്‌ക്കാനുള്ള യാത്രയിലാണു കുര്യന് ഓർമകളെ കൈവിടേണ്ടിവന്നത്.

കുവൈത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പരിശീലിപ്പിക്കലാണ് ഇപ്പോൾ മിനി കുര്യന്റെ ജോലി. അതിനെ ജോലിയായല്ല, ജീവിതചര്യയായാണ് അവർ കാണുന്നത്. മനഃശാസ്‌ത്രത്തിൽ ഗവേഷണം പൂർത്തിയാക്കി. വലിയ ശമ്പളമുള്ള ജോലികൾ വേറെ കിട്ടും. വേണ്ടെന്നു വച്ചു. ഈ കുട്ടികളുടെ ആലിംഗനങ്ങൾ അതിലുമെത്രയോ വലിയ പ്രതിഫലം.

ആലിംഗനങ്ങളുടെ ലോകത്ത്

രണ്ടായിരത്തിയൊൻപത് ഫെബ്രുവരി ഏഴിന് ചേർത്തലയ്ക്കടുത്ത് തുറവൂരിലായിരുന്നു ആ അപകടം. സൈക്കോളജിയിൽ മാസ്‌റ്റേഴ്‌സ് ബിരുദം പഠിക്കാൻ മിനി കുര്യൻ ലണ്ടനിലേക്കു പോകുന്നു. വീടു നിറയെ ഉറ്റവർ. പുറപ്പെടാൻ വൈകി. പ്രാർഥനയ്‌ക്കായി പള്ളിയിലേക്കു പോകുമ്പോൾ വണ്ടി പണിമുടക്കി. അശുഭചിന്ത അവിടെത്തുടങ്ങി.

മിനി കുര്യൻ പറയുന്നു: ‘പപ്പയും എൻജിനീയറിങ് വിദ്യാർഥിയായ മകൻ വിശാലുമാണ് വിമാനത്താവളത്തിലേക്കു കൂടെ വന്നത്. വിമാനത്തിൽ കയറിയ നിമിഷം മുതൽ വീട്ടിലേക്കു വിളിക്കണമെന്ന പ്രേരണയുണ്ടായിരുന്നു. മസ്‌കത്തിൽ ഇറങ്ങി വേണം യാത്ര തുടരാൻ. അവിടെനിന്നു വീട്ടിലേക്കു വിളിച്ചു. വീട്ടിലെ അവ്യക്‌ത സംഭാഷണങ്ങളിൽ ചില ദുഃസൂചനകൾ. ചെറിയൊരു അപകടമെന്നു മാത്രം ആരോ പറഞ്ഞു. പിന്നാലെ അപകട വിവരമറിഞ്ഞു. ചേർത്തല ആശുപത്രിയിൽനിന്നു പപ്പയെയും വിശാലിനെയും എറണാകുളത്തേക്കു കൊണ്ടുപോയിരുന്നു. യാത്രതുടരുക എന്ന് എല്ലാവരും ആശ്വസിപ്പിച്ചു. ബന്ധുവായ ഡോക്‌ടർ കുറച്ചൊക്കെ തുറന്നുപറഞ്ഞു. വന്നു കാണേണ്ട, പപ്പയുടെ കാര്യത്തിൽ വലിയ പ്രതീക്ഷയില്ല എന്ന്.

സംഭാഷണങ്ങളിൽ ആശ്വാസകരമായി ഒന്നുമുണ്ടായിരുന്നില്ല. ആ അവസ്‌ഥയിൽ പഠിക്കാൻ പോകുന്നതു ശരിയല്ലെന്നു തോന്നി. തിരിച്ചു പോകണമെന്നു മസ്‌കത്ത് വിമാനത്താവളത്തിലെ ജീവനക്കാരോടു പറഞ്ഞു. പറ്റില്ല, ബാഗേജ് ലണ്ടനിലേക്കു പോയിക്കഴിഞ്ഞു എന്നായിരുന്നു മറുപടി. ബാഗേജ് എനിക്കു വേണ്ട എന്നു പറഞ്ഞു വാശി പിടിച്ചു. വിമാനത്താവളത്തിലെ ഒരു ജീവനക്കാരൻ പറഞ്ഞു: നീ അല്ലാഹുവിൽ വിശ്വസിക്കൂ. ഒന്നും വരില്ല. എനിക്കതൊന്നും മനസ്സിലാകുമായിരുന്നില്ല. ഞാൻ നിർബന്ധം തുടർന്നു, ഏറെനേരം. പലരുടെയും ഇടപെടലുണ്ടായി. അടുത്ത വിമാനത്തിൽ മടക്ക ടിക്കറ്റ് ശരിയായി.

ഉന്നതപഠനം ഉപേക്ഷിച്ചു നാട്ടിലെത്തി പപ്പയെ കണ്ടു. ചെറിയ അനക്കം മാത്രം. തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. ഡോ.ബൈജുവാണ് ശസ്‌ത്രക്രിയ നടത്തിയത്. ഞാൻ ഡോക്‌ടറുടെ കൈ പിടിച്ചു പറഞ്ഞു: എനിക്കു പപ്പയെ കിട്ടിയാൽ മതി. കിടക്കയിൽനിന്ന് എഴുന്നേൽക്കണമെന്നു പോലുമില്ല. പപ്പ കിടക്കുന്ന തീവ്രപരിചരണ മുറിക്കു മുന്നിൽ മൂന്നുനാലു ദിവസം ഇരുന്നു. താഴത്തെ നിലയിൽ മകനുണ്ട്. അടുത്തദിവസം പരീക്ഷയാണ്. അവന് അത് എഴുതാൻ കഴിഞ്ഞില്ല.

പപ്പയുടെ തലയ്‌ക്കു ഗുരുതരമായ പരുക്കുണ്ടായിരുന്നു. തലച്ചോറിൽ ഓർമകൾ സംഭരിക്കുന്ന ഭാഗം നീക്കം ചെയ്‌തു. ഒരു ദിവസം പപ്പയെ കാണാൻ അവസരം കിട്ടി. തൊട്ടു വിളിച്ചു. തളർന്ന ശരീരത്തിൽ ചില മാറ്റങ്ങൾ ഉണരുന്നത് സ്‌ക്രീനിൽ കണ്ടു. പിന്നീട് തീവ്രപരിചരണ സൗകര്യമുള്ള മുറിയിലേക്കു മാറ്റി. പ്രാർഥനകളുടെ തുടർച്ച. മരുന്നുകൾ തോൽക്കുന്ന ദിവസങ്ങൾ വന്നു. പപ്പയ്ക്ക് ഓർമകൾ പൂർണമായി നഷ്ടമായിരുന്നു. വയർ തുളച്ചാണു ഭക്ഷണം നൽകിയിരുന്നത്. വീട്ടിൽ കഴിച്ചിരുന്നതെല്ലാം നൽകി. ചോറും കറികളും അരച്ചു നൽകി. ഈസ്‌റ്ററിനു ചിക്കൻ പോലും. നന്നായി ഭക്ഷണം കിട്ടിയപ്പോൾ പപ്പ സ്‌ട്രോങ്ങായി. മരുന്നുകൾ നല്ല ഫലം നൽകി.’

mini-with-kids മിനി കുര്യൻ തിരുവല്ല മഞ്ഞാടിയിലെ സ്കൂളിൽ കുട്ടികളോടൊത്ത്.

പപ്പയെ ജീവിതത്തിലേക്കു തിരികെ വിളിക്കാനുള്ള പാഠപുസ്‌തകം തുറന്നു മിനി കൂടെനിന്നു. അടുത്ത മുറിയിൽനിന്നു വിളിച്ച് ഫോൺ എടുക്കാൻ, ഹലോ പറയാൻ പഠിപ്പിച്ചു. ആദ്യപാഠം. ഓർമ പിണങ്ങിനിന്നു പിന്നെയും. സ്‌നേഹവും കരുതലും കൊണ്ടേ കാര്യമുള്ളൂ എന്നു മിനി തിരിച്ചറിഞ്ഞു. മെല്ലെ കണ്ണി ചേരാതെയാണെങ്കിലും സംസാരിച്ചു. പണ്ടു പരിചയിച്ച സ്‌ഫുടമായ ഇംഗ്ലിഷ് വീണ്ടെടുത്തു. വൈക്കത്തെ ആശുപത്രിയിൽ കുര്യനെ നോക്കിയ ഡോക്‌ടർ പറഞ്ഞത് ഇതൊരു അദ്ഭുതം ആണെന്നാണ്. മുട്ടയുടെ വെള്ളയും മഞ്ഞയും കലർന്നു പോയതുപോലുള്ള അവസ്‌ഥയിലായിരുന്നു കുര്യന്റെ തലച്ചോർ! എന്നിട്ടും നടക്കുന്നു, കാഴ്‌ചയുണ്ട്, പരസ്‌പരബന്ധമില്ലെങ്കിലും സംസാരിക്കുന്നു.

അടുത്ത ഘട്ടമായി ഭക്ഷണം സ്വയം കഴിക്കാൻ മിനി പപ്പയെ പഠിപ്പിച്ചു. ഡോക്‌ടർ ഫോണിലൂടെ ഉപദേശങ്ങൾ നൽകി. ഒരുവർഷം നീണ്ട പരിചരണം കുര്യനെ ഏറെപ്പങ്ക് തിരികെ കൊണ്ടുവന്നു.
കുര്യൻ പണ്ടു നന്നായി പുക വലിച്ചിരുന്നു, മദ്യപിച്ചിരുന്നു. മുൻപു ചെയ്‌തവയോരോന്നും ഓർമിപ്പിച്ചു. സിഗരറ്റ് കത്തിച്ചു കൊടുത്തപ്പോൾ, വീഞ്ഞു കൊടുത്തപ്പോൾ ‘ഐ ഡോൺട് വാണ്ട്’ എന്നു നിരസിച്ചു. തള്ളേണ്ടതിനെയും കൊള്ളേണ്ടതിനെയും കൃത്യമായി നേരിട്ട് ഓർമ പുതുക്കി. പപ്പയെ ജീവിതം മുന്നോട്ടുനീക്കാൻ പ്രാപ്തനാക്കിയ ശേഷം മിനി മാസ്‌റ്റേഴ്‌സിനായി ലണ്ടനിലേക്കു പോയി. അവിടെയിരുന്നും പപ്പയുടെ കാര്യങ്ങളെല്ലാം നിരീക്ഷിച്ചു, ഇടപെട്ടു.

ഇപ്പോൾ, വർഷത്തിൽ നാലഞ്ചു തവണ തിരുവല്ല കോടിയാട്ടെ വീട്ടിൽ ഓടിയെത്തുന്ന മിനിയുടെ ചാരേ കുര്യൻ കുട്ടിയെപ്പോലെ ഒച്ചവയ്‌ക്കുന്നു. ചില മുഖങ്ങളെ തിരിച്ചറിഞ്ഞു സ്‌ഫുടമായ ഇംഗ്ലിഷിൽ വർത്തമാനം പറയുന്നു. തിരുവല്ല മഞ്ഞാടിയിലാണ് മിനി കുര്യന്റെ സ്‌കൂൾ. എൺപത്താറാം വയസ്സിൽ കൊച്ചുകുട്ടിയായി പരിണമിച്ച പിതാവിനെ പരിചരിച്ചു മിനിയെടുത്ത തീരുമാനം. വീട്ടിലെത്തുമ്പോഴൊക്കെ പപ്പയെ എന്ന പോലെ കുറേ കുഞ്ഞുങ്ങളെ അണച്ചു പിടിക്കണം. പഠിച്ചതെല്ലാം പാടാൻ അതായിരുന്നു മിനിയുടെ വഴി.

മാനസിക വെല്ലുവിളി നേരിടുന്ന കുഞ്ഞുങ്ങളെ പരിചരിക്കാൻ സെന്റർ ഫോർ ഓട്ടിസം ഇന്ത്യ എന്ന പ്രസ്‌ഥാനം തുടങ്ങിയത് അങ്ങനെയാണ്. ഓർമകളെ അടുക്കി വയ്‌ക്കാൻ കഴിയാത്തവർക്കു തുണയാകാൻ തോന്നിയ വഴി. അഞ്ചു കുട്ടികളുമായി തുടക്കം. ഇപ്പോൾ 25 പേരുണ്ട്. ഏറെയും സാധാരണ കുടുംബങ്ങളിലെ കുട്ടികൾ. അഞ്ചു വയസ്സു മുതൽ 19 വയസ്സു വരെയുള്ള കുട്ടികൾ മിനി കുര്യന്റെയും പ്രിൻസിപ്പൽ ബെറ്റി ജോർജിന്റെയും സ്‌നേഹത്തിലേക്കണയുന്നു.

സ്വന്തം വരുമാനത്തിൽനിന്നാണു മിനി സ്‌ഥാപനത്തിന്റെ ചെലവുകൾക്കു പണം കണ്ടെത്തുന്നത്. യാത്രകളിൽ മിനി മകൻ വിശാലിനെയും കൂട്ടുന്നു. അവൻ സ്‌കൂളിന്റെയും മറ്റും പ്രവർത്തനങ്ങളിൽ ഇടപെടുന്നുമുണ്ട്. ദുബായിൽ ബിസിനസ് ചെയ്യുന്ന ഭർത്താവ് ബെന്നിയും പൂർണ പിന്തുണയാണ്.

Your Rating: