Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ലോകറെക്കോർഡിട്ട ‘കലിംഗ’ സാമ്രാജ്യം

kalinga-Students ഭുവനേശ്വർ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ വിദ്യാർഥികൾ.

ഒഡിഷയിൽ റായിഗഡ് ജില്ലയിലെ ഉൾവനത്തിൽ‌ നിന്നു മിന്നൽ പരിശോധനയിലൂടെ പിടികൂടിയ മാവോയിസ്റ്റുകളെ പൊലീസ് വാഹനത്തിലേക്കു കയറ്റുമ്പോഴാണ് സ്പെഷൽ ഓപ്പറേഷൻ‌ ഗ്രൂപ്പിന്റെ തലവനും മലയാളിയുമായ അനൂപ് കൃഷ്ണ ശ്രദ്ധിച്ചത്. കസ്റ്റഡിയിലെടുത്തവരുടെ കൂട്ടത്തിൽ മെല്ലിച്ചു വിളർത്ത ഒരു പെൺകുട്ടി. എട്ടോ, ഒൻപതോ വയസ്സു കാണും. പഴകിയ ഒരു ബാഗ് നെഞ്ചത്തു ചേർത്തുപിടിച്ചാണു നിൽപ്.

ബാഗ് പരിശോധിക്കാൻ അനൂപ് നിർദേശിച്ചു. അതു പിടിച്ചുവാങ്ങി പൊലീസുകാർ അകത്തുള്ള വസ്തുക്കൾ പുറത്തു നിരത്തിവച്ചു– പുറംതാളുകൾ നഷ്ടപ്പെട്ട കുറെ പാഠപുസ്തകങ്ങൾ, എഴുതിത്തീർന്ന നോട്ടുബുക്കുകൾ, പെൻസിലുകൾ, ചിന്നിക്കീറിയ കുറെ ചിത്രകഥകൾ... നിയമപ്രകാരം കുട്ടിയെ ജുവനൈൽ കറക്‌‌‌‌‌‌‌‌‌ഷൻ സെന്ററിലേക്കാണ് അയയ്ക്കേണ്ടത്. എന്നാൽ യുവ ഐപിഎസ്കാരനായ അനൂപ് പെൺകുട്ടിയോട് ചോദിച്ചത്, പഠിക്കാൻ താൽപര്യമുണ്ടോ എന്നാണ്. ശങ്കയേതുമില്ലാതെ ഉറച്ച സ്വരത്തിൽ അവൾ പറഞ്ഞു. ‘ഉണ്ട്. എനിക്കു പഠിക്കണം’

കുട്ടിയുടെ അച്ഛനും അമ്മയും പിടിയിലായ മാവോയിസ്റ്റ് ഗ്രൂപ്പിലുണ്ടായിരുന്നു. അവരെ ജയിലിലേക്കു കൊണ്ടുപോയ വാഹനത്തിന്റെ പിന്നാലെ പൊലീസ് വാഹനത്തിൽ കുട്ടിയെയും കയറ്റി. സാധാരണ നിലയിൽ അച്ഛനമ്മമാർ ജയിലിലായി അനാഥാവസ്ഥയിലായ കുട്ടികളെ ആരും സ്കൂളിൽ പ്രവേശിപ്പിക്കില്ല. പ്രത്യേകിച്ചു നക്സലൈറ്റ് കേസിൽ പെട്ടവരുടെ മക്കളെ. ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിനെ കുറിച്ചു അറിയുന്നത്അ പ്പോഴാണ്. അവരെ സമീപിച്ചപ്പോൾ സന്തോഷത്തോടെ അവർ പ്രവേശനം നൽകി. 

പിന്നീട് മാവോയിസ്റ്റ് റെയ്ഡുകളിൽ മാതാപിതാക്കളെ പിരിഞ്ഞ കുട്ടികളെ എല്ലാവരെയും പൊലീസ് തന്നെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ടിലെത്തിച്ചു. തങ്ങളുടെ കുട്ടികളെ ബ്രെയിൻവാഷ് ചെയ്യാൻ പൊലീസ് ഒത്താശയോടെയുള്ള ശ്രമമെന്നായിരുന്നു മാവോയിസ്റ്റ് പ്രവർത്തകരുടെ പരാതി. നല്ല വസ്ത്രം ധരിച്ചും വയറുനിറയെ ഭക്ഷണം കഴിച്ചും കുട്ടികൾ നന്നായി പഠിച്ചുവളരുന്നതു കണ്ടപ്പോൾ ആ പരാതി ശമിച്ചു.

ക്രമേണ, തങ്ങളുടെ മക്കളെയും കലിംഗയിലെത്തിക്കണമെന്നാവശ്യപ്പെട്ട് നക്സൽ മേഖലയിലെ മാതാപിതാക്കൾ പൊലീസിനെ സമീപിക്കാൻ തുടങ്ങി. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ചുവപ്പ് ഇടനാഴിയിൽ ഇന്ന് ഏറ്റവും സമാധാന അന്തരീഷം പുലരുന്നത് ഒഡിഷയിലാണ്. മുന്നൂറിനും അഞ്ഞൂറിനും ഇടയ്ക്ക് മാവോയിസ്റ്റുകളെ സംസ്ഥാനത്ത് ശേഷിച്ചിട്ടുള്ളു എന്ന് നക്സൽ വിരുദ്ധ സേന പറയുന്നു. ഈ നേട്ടത്തിന്റെ ഒരു പങ്ക് കലിംഗ ഇൻസ്റ്റിറ്റ്യൂട്ടിനും അവകാശപ്പെട്ടതാണ്.

ലോക റെക്കോർഡിൽ ‘കിസ്സ്’

1993ൽ ഭുവനേശ്വറിൽ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (കിസ്സ്) എന്ന പേരിൽ ഗ്രാമങ്ങളിലെ ആദിവാസി കുട്ടികൾക്കു വേണ്ടി റസിഡൻഷ്യൽ സ്കൂൾ തുടങ്ങുമ്പോൾ ഉണ്ടായിരുന്നത് 125 കുട്ടികളാണ്. ആദ്യം ഇടറിയും പിന്നീട് കുതിച്ചും ഏഷ്യയിലെ തന്നെ നിശ്ശബ്ദ വിപ്ലവമായി ഈ സ്കൂൾ വളർന്നു. 23 വർഷം മുൻപിലുള്ള ആ 125 ഇപ്പോൾ 25000. കൃത്യമായി പറഞ്ഞാൽ ഒരേ കൂരയ്ക്കു താഴെ താമസിച്ചു പഠിക്കുന്നത് 25380 ആദിവാസി കുട്ടികൾ! 12200 പേർ പെൺകുട്ടികൾ. ഒഡിഷയിലെ 62 ആദിവാസി ഗോത്രങ്ങളിൽ നിന്നുമുള്ള കുട്ടികൾ.

ഏറ്റവും കൂടുതൽ കുട്ടികൾ താമസിച്ചു പഠിക്കുന്ന സ്കൂൾ എന്ന നിലയിൽ ലോക റെക്കോർഡ് ഈ സ്കൂളിനാണ്. ഒന്നാം ക്ലാസു മുതൽ പോസ്റ്റ് ഗ്രാജ്വേഷൻ വരെ സൗജന്യ പഠനം. താമസവും ഭക്ഷണവും സൗജന്യം. കുട്ടികൾക്കു പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നൽകുന്നു. തുന്നൽ, ഇലക്ട്രിക്കൽ, പ്ലംബിങ് ജോലികൾ അവർ അനായാസം ചെയ്യും. വാസനയുള്ളവരെ ചിത്രരചനയും ശിൽപ നിർമാണവും പഠിപ്പിക്കും. ‘കിസ്സിൽ’ നിന്നിറങ്ങുന്ന കുട്ടികൾ തൊഴിൽ രഹിതരായി അലയരുത് എന്നതാണ് സ്കൂളിന്റെ ലക്ഷ്യം.
ഗ്രാമങ്ങളിലെ ദാരിദ്ര്യവും ചൂഷണവുമായിരുന്നു നക്സലൈറ്റ് പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണൊരുക്കിയത്.

കലിംഗ ഇൻ‌സ്റ്റിറ്റ്യൂട്ടും പൊലീസും മുൻകയ്യെടുത്ത് കുട്ടികളെ പഠിപ്പിക്കുകയും സർക്കാർ ഉദ്യോഗമടക്കമുള്ള ജോലികളിൽ അവർ എത്തുകയും ചെയ്തപ്പോൾ രാഷ്ട്രീയ തീവ്രവാദത്തിന്റെ വേരുണങ്ങി. കുട്ടികളെ സ്കൂളിൽ അയച്ച് വനത്തിൽ നക്സലൈറ്റ് ഗ്രൂപ്പിൽ പ്രവർത്തിച്ചവർ ഒട്ടേറെയുണ്ടായിരുന്നു. കുട്ടികളുടെ നിർബന്ധത്തിനു വഴങ്ങി അവരിൽ പലർക്കും നാട്ടുവെളിച്ചത്തിലെത്തേണ്ടിവന്നു. ചുവപ്പൻ ഇടനാഴിയിലെ ഒഡിഷ ദളത്തിൽ വിള്ളൽ വീണതങ്ങനെയാണ്.

സാമന്തയുടെ സാമ്രാജ്യം

ഒഡിഷ ഗ്രാമങ്ങളിലെ പട്ടിണിയും ദുരിതവും നേരിട്ടറിഞ്ഞ ഡോ. അച്യുത സാമന്ത എന്ന കെമിസ്ട്രി അധ്യാപകൻ തുടക്കമിടുകയും വളർത്തിയെടുക്കുകയും ചെയ്ത സ്ഥാപനമാണ് ഇപ്പോൾ സംസ്ഥാനത്തെ സാമൂഹിക ചരിത്രം തന്നെ മാറ്റി മറിക്കാവുന്ന നിലയിലേക്കു വളർന്നത്. പട്ടിണി എന്തെന്ന് സാമന്തയും നന്നായി അറിഞ്ഞിരുന്നു. നാലാം വയസ്സിൽ അച്ഛൻ മരിച്ചതിനെ തുടർന്ന് ദുരിതത്തിലായ ഏഴു സഹോദരങ്ങളും അമ്മയും അടങ്ങുന്ന കുടുംബം വാടക വീട്ടിലേക്ക് മാറേണ്ടിവന്നു.

samantha-kalinga-school ഡോ. അച്യുത സാമന്ത ‘കിസ്സി’ലെ വിദ്യാർഥികൾക്കൊപ്പം.

ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാത്ത ദിവസങ്ങളുണ്ടായിരുന്നു. 1990ൽ കെമിസ്ട്രിയിൽ പിജി ബിരുദം നേടി രണ്ടു വർഷം കഴിഞ്ഞ് സാധാരണക്കാർക്ക് സാങ്കേതിക പരിശീലനം നൽകാൻ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോജളി (കിറ്റ്) എന്ന സ്ഥാപനം ഭുവനേശ്വറിൽ തുടങ്ങി. 5000 രൂപയായിരുന്നു മൂലധനം. ഈ സ്ഥാപനത്തിന്റെ സഹോദര സ്ഥാപനമായാണ് അടുത്ത വർഷം റസിഡൻഷ്യൽ സ്കൂൾ എന്ന നിലയിൽ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് (കിസ്സ്) ആരംഭിക്കുന്നത്.

സഹായിക്കാൻ വിരലിലെണ്ണാവുന്ന ആളുകളെ ഉണ്ടായിരുന്നുള്ളു. കുട്ടികളുടെ എണ്ണം കൂടിയതോടെ സ്വന്തം കെട്ടിടമായി. മനസ്സുണ്ടെങ്കിൽ വഴിയുമുണ്ട് എന്ന് സാമന്ത സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചപ്പോൾ ‘കിസ്സ്’ അവിശ്വസനീയമായ വളർച്ചയുടെ പടവുകൾ കയറി. ആദിവാസി ജനസംഖ്യ ഏറെയുള്ള ഛത്തീസ്ഗഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ കലിംഗയുടെ ശാഖകൾ ആരംഭിച്ചിട്ടുണ്ട്.

ദലിത് വിദ്യാർഥികൾക്കായി ഡൽഹിയിലും ശാഖ തുറന്നു. കേരളത്തിൽ ശാഖ ആരംഭിക്കാനുള്ള പരിശ്രമത്തിലാണ് സ്കൂൾ അധികൃതർ‌. മുൻപേ സ്ഥാപിച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ‘കിറ്റും’ വിസ്മയിപ്പിക്കുന്ന വളർച്ചയുടെ വഴിയിലാണ്. 2004ൽ സർവകലാശാല പദവി ലഭിച്ചു. ഇന്ന് പതിനാലിലേറെ പഠന വകുപ്പുകളും 27000 വിദ്യാർഥികളുമായി രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ ഏറ്റവും വലിയ പ്രഫഷനൽ സർവകലാശാല എന്ന പദവിയുണ്ട് ഈ സ്ഥാപനത്തിന്. ഇവിടെ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം കലിംഗ സ്കൂളിനുള്ളതാണ്.

ലോകം ആദരിച്ചപ്പോൾ

സാമൂഹിക ഉന്നമനത്തിന് ഡോ. സാമന്ത നൽകിയ സേവനം മുൻനിർത്തി രാജ്യത്തെയും വിദേശത്തെയും സർവകലാശാലകൾ നൽകിയ ഓണററി ഡോക്ടറേറ്റുകളുടെ എണ്ണം 31. 2014ൽ ഏഷ്യൻ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന ഫിലിപ്പീൻസ് സർക്കാരിന്റെ ഗുസി സമാധാന പുരസ്കാരം നേടി. കഴിഞ്ഞ വർഷം ബഹ്റൈൻ രാജാവ് 10 ലക്ഷം ഡോളറിന്റെ ഉന്നത സിവിലിയൻ പദവി നൽകി ഡോ. സാമന്തയെ ആദരിച്ചു.

മംഗോളിയ സർക്കാരിന്റെ ഉന്നത സിവിലിയൻ അവാർഡ് നേടിയതും കഴിഞ്ഞ വർഷമാണ്. റഷ്യ, ചെക് റിപ്പബ്ലിക് എന്നീ രാജ്യങ്ങൾ നൽകിയ പുരസ്കാരങ്ങളും ഡോ. സാമന്തയുടെ ഷെൽഫിലുണ്ട്.
മൂന്നു പ്രാവശ്യം യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ അംഗമായിരുന്നു. നിലവിൽ ഇന്ത്യൻ‌ സയൻസ് കോൺഗ്രസിന്റ പ്രസിഡന്റാണ്. ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന സവിശേഷതയും സാമന്തയ്ക്കുണ്ട്. ‘കിസ്സിന്’ ലഭിച്ച യുനെസ്കോയുടെ പ്രത്യേക പരിഗണനാ പദവി സ്കൂളിനുള്ള രാജ്യാന്തര സഹായത്തിനും വഴിയൊരുക്കി.

മെഗാ സ്കൂൾ, മെഗാ കിച്ചൺ

നാഷനൽ ജ്യോഗ്രഫിക്കൽസ് ചാനലിന്റെ മെഗാ കിച്ചൺ പരമ്പരയിൽ ഓഗസ്റ്റ് മാസം അവതരിപ്പിച്ചത് കലിംഗ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അടുക്കളയായിരുന്നു. ദിവസം നാലു നേരങ്ങളിലായി ഒരു ലക്ഷം പേർക്കാണ് ഇവിടെ ഭക്ഷണം ഒരുക്കുന്നത്. കുറച്ചു സമയത്തിനുള്ളിൽ ഇത്രയും പേർക്ക് ഭക്ഷണം ഒരുക്കാൻ കഴിയുന്ന അടുക്കള യന്ത്രങ്ങളും തൊഴിൽ ചിട്ടയുംഅദ്ഭുതപ്പെടുത്തും.

ഊട്ടുപുരയിൽ ഒരേ സമയം 10000 പേർക്ക് ഭക്ഷണം കഴിക്കാം. വിളമ്പിക്കൊടുക്കുന്നതു വിദ്യാർഥികൾ തന്നെ. വിശപ്പിന്റെ വിലയറിഞ്ഞ കുട്ടികൾ പല വരികളായി പിരിഞ്ഞ് ഒരു വറ്റുപോലും പുറത്തുകളയാതെ ഭക്ഷണം കഴിക്കുന്ന കാഴ്ച വിസ്മയത്തോടെയേ നോക്കിനിൽക്കാനാവൂ.