Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛന്റെ മകൾ

Pathma പത്മ വെങ്കിട്ടരാമൻ

മക്കൾക്കും പേരക്കുട്ടികൾക്കു സീറ്റു പകുത്തുകൊടുക്കാൻ നേതാക്കൾ ഓടി നടക്കുമ്പോൾ പത്മ വെങ്കിട്ടരാമൻ മത്സ്യത്തൊഴിലാളി സ്ത്രീകൾക്കും കുഷ്ഠ രോഗികൾക്കും ഇടയിൽ അലയുകയാണ്... സുനാമി തകർത്ത് ഇരുളിലേക്കിട്ട സ്ത്രീകളുടെ ലോകത്തു പുതിയവിളക്കുകൾ കൊളുത്തി രാവും പകലും നടക്കുകയാണ്...

തമിഴ്നാട്ടിലെ ഏത് അധികാര കസേരയിലേക്കും പ്രയാസമില്ലാതെ നടന്നു കയറാൻ കഴിയുമായിരുന്ന പത്മയെ തിരിച്ചറിയുന്നവർ കുറയും. അച്ഛന്റെ പേരുപോലും അവർ അപൂർവമായെ പറയാറുള്ളൂ. മുൻ രാഷ്ട്രപതിയും തമിഴ്നാട് ഭരണചരിത്രത്തിലെ കരുത്തനുമായിരുന്ന ആർ. വെങ്കിട്ടരാമന്റെ മകൾ പത്മ ചെന്നൈയിലുണ്ട്; അധികമാരും അറിയാതെ.

Venkhitaragavan ആർ. വെങ്കിട്ടരാമൻ

കെ.കാമരാജ്, ഭക്തവത്സലം മന്ത്രിസഭകളിൽ ധനം, വ്യവസായം തുടങ്ങി കരുത്തുറ്റ വകുപ്പുകൾ കൈകാര്യം ചെയ്ത വെങ്കിട്ടരാമൻ അറിയപ്പെട്ടത് കാമരാജിന്റെ പിൻഗാമി എന്നാണ്. തമിഴ്നാട്ടിലെ ഇന്നത്തെ പ്രമുഖ വ്യവസായികളെയെല്ലാം ഉയർത്തിയതു വെങ്കിട്ടരാമനാണ്. അവരിൽ പലരെയും നിർബന്ധിച്ചു വ്യവസായ രംഗത്തേക്കു കൊണ്ടുവരികയായിരുന്നു. കേന്ദ്രത്തിൽ ധനം, പ്രതിരോധ മന്ത്രി പദവികൾ വഹിച്ച വെങ്കിട്ടരാമൻ ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായി. അദ്ദേഹത്തിന്റെ മകളായ പത്മ ഐക്യരാഷ്ട്ര സംഘടനയിൽ വരെ സാമൂഹിക–വനിതാ സേവന വിഭാഗത്തിൽ അംഗമായിരുന്നു.

പത്മ വെങ്കിട്ടരാമൻ രാഷ്ട്രീയത്തിലേക്കെത്തുമെന്നു പലരും കരുതി. എന്നാൽ യൗവന കാലത്തുതന്നെ പത്മ സാമൂഹിക സേവന രംഗത്തു ശ്രദ്ധിച്ചുതുടങ്ങി. രാജ്യത്തെ പതിനായിരത്തോളം കുഷ്ഠരോഗികളുടെ പുനരധിവാസത്തിനു ചുക്കാൻപിടിക്കുന്ന റൈസിങ് സ്റ്റാർ ഔട്ട്റീച്ച് പോലുള്ള സംഘടനകളുടെ കരുത്തായി അവർ വളർന്നു. സുനാമിക്കുശേഷം നടത്തിയ യാത്രയിലാണു പത്മ അറിയുന്നത് ലക്ഷക്കണക്കിനു സ്ത്രീകൾ വഴിയാധാരമായിരിക്കുന്നു എന്ന്. മിക്കവരും മത്സ്യത്തൊഴിലാളി സ്ത്രീകൾ.

അവർക്കിടയിൽ പ്രവർത്തിക്കുന്ന വിവിധ സംഘനടകളിലൂടെ പത്മ അവരെ തിരിച്ചു ജീവിതത്തിലേക്കു കൊണ്ടുവന്നു. വികലാംഗരായ സ്ത്രീകളുടെ ജീവിതത്തിലേക്കായിരുന്നു പിന്നീടുള്ള യാത്ര. സൊസൈറ്റി ഫോർ റൈറ്റ്സ് ഓഫ് ഓൾ വിമൻ വിത്ത് ഡിസൈബിലിറ്റീസ് എന്ന സംഘടനയിലൂടെ നൂറു കണക്കിനു സ്ത്രീകളെ അവർ പൊതുധാരയിലേക്കു കൊണ്ടുവന്നുകൊണ്ടിരിക്കുന്നു. സംഘടന പൂർണമായും നടത്തുന്നത് വികലാംഗ വനിതകളാണ്.

ചെന്നൈയിലെ വീട്ടിൽനിന്ന് ഏതോ യോഗത്തിലേക്കു പോകാനുള്ള തിരക്കിൽ പത്മ പറഞ്ഞു, ‘അച്ഛൻ പഠിപ്പിച്ചത് ഇതാണ്. ഇതാണെന്റെ ലോകം. നിങ്ങൾ പാവപ്പെട്ട സ്ത്രീകളെക്കുറിച്ചെഴുതൂ. അവരുടെ പോരാട്ടത്തെക്കുറിച്ചെഴുതൂ. ഇതൊരു വലിയമാറ്റത്തിന്റെ തുടക്കമാണ്.’ പത്മ ജീവിക്കുന്നതു വളരെ സാധാരണനിലയിലുള്ള ഒരു വീട്ടിലാണ്. തമിഴ്നാട്ടിലെ ഒരു എംഎൽഎയ്ക്കു പോലും കൊട്ടാര സദൃശമായ മന്ദിരങ്ങളുണ്ട്. അവരുടെ മക്കൾക്കും പേരക്കുട്ടികൾക്കും അതിലുംവലിയ സൗകര്യങ്ങളുണ്ട്.

മുറിയിൽ ഒട്ടിച്ചുവച്ച ഒട്ടേറെ ചിത്രങ്ങളിലൂടെ പത്മ വിവിധ സംഘടകളിലൂടെ നടത്തുന്ന സേവത്തെക്കുറിച്ചു പറഞ്ഞു. തിരഞ്ഞെടുപ്പോ രാഷ്ട്രീയമോ ഒന്നും അവരെ അലട്ടുന്നില്ല. അച്ഛന്റെ നിഴലിലല്ലെങ്കിൽപ്പോലും രാഷ്ട്രീയത്തിൽ വരാമായിരുന്നില്ലേ എന്നു ചോദിച്ചപ്പോൾ പത്മ ചിരിച്ചു.