Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂരമനസ്സ്

pooram-visual

പൂരമെന്നു കേട്ടാൽ മനസ്സിലേക്ക് ‌ഓടിയെത്തുന്നതെന്താണെന്ന് ഇവർ പറയുന്നു....

അടൂർ ഗോപാലകൃഷ്‌ണൻ

എന്റെ കാഴ്‌ചയിൽ ഉത്സവങ്ങളുടെ അത്യുത്സവമാണു തൃശൂർ പൂരം. ‌നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ നെടുനീളൻ നിരയും നൂറുകണക്കിനുള്ള വാദ്യ വിശാരദർ ചേർന്ന് ഒരുക്കുന്ന മേളപ്പകിട്ടും വിഹായസ്സിനു വർണസൗഭഗം ചാർത്തുന്ന വെടിക്കെട്ടിന്റെ മാസ്‌മരിക ശോഭയും പകരുന്ന അപാരഗംഭീരമായ ഒരു അനുഭവമാണു തൃശൂർ പൂരം. ഇതിനെല്ലാം മേലെ, ഭക്‌തലക്ഷങ്ങളുടെ പ്രാർഥനകളിൽ അനുഗ്രഹമാകുന്ന ഈശ്വര ചൈതന്യവും.

മോഹൻലാൽ

പൂരം സ്നേഹമാണ്. പാൽക്കടലുപോലുള്ള സ്നേഹം.

സേതു

പൂരക്കാഴ്ചകൾ പലതാണെനിക്ക്. കുട്ടിക്കാലത്ത് വെടിക്കെട്ടും ‌ചെറുപ്പത്തിൽ കുടമാറ്റവും പ്രായമായപ്പോൾ ഇലഞ്ഞിത്തറമേളത്തിലെ പാണ്ടിയും മഠത്തിലെ വരവിലെ പഞ്ചവാദ്യവുമായി അതു വളർന്നു. അതാണ് തൃശൂർ പൂരത്തിന്റെ വലുപ്പം.

സത്യൻ അന്തിക്കാട്

വർണം, വെളിച്ചം, ശബ്ദം, വാദ്യം, സംഗീതം ഇവയ്ക്കെല്ലാമായി തിരഞ്ഞെടുത്ത ലൊക്കേഷനുകൾ, സമയക്രമം തുടങ്ങിയവ അറിയുമ്പോൾ പൂരം സംവിധാനം ചെയ്ത മനസ്സുകളെ അറിയാതെ നമിച്ചുപോകും. 72 മണിക്കൂർ നീളുന്ന, പലയിടത്തായി നടക്കുന്നൊരു വലിയ സിനിമപോലെയാണിത്. കുറെ മാസ്റ്റേഴ്സ് നമുക്കു സമ്മാനിച്ചതാണു പൂരം. അതിൽ മാറ്റംവരുത്തണമെങ്കിൽ അതിലുംവലിയ മാസ്റ്റേഴ്സ് വരണം.

സ്വാമി സദ്ഭവാനന്ദ മഠാധിപതി, ശ്രീരാമകൃഷ്ണാശ്രമം, പുറനാട്ടുകര

സംസ്കാരം തല ഉയർത്തി നിൽക്കുന്നതു മനസ്സിൽ നിറയും. അതോടൊപ്പം ആയിരക്കണക്കിനാളുകളുടെ മുഖത്തെ സന്തോഷവും മനസ്സിൽ കാണുന്നതുപോലെ തോന്നും. എല്ലാ അതിർവരമ്പുകളും കടന്ന ഒരുമയാണു പൂരം

ഐ.എം.വിജയൻ

ഇലഞ്ഞിത്തറ മേളം. അതുകഴിഞ്ഞേയുള്ളൂ പൂരത്തിലെ മറ്റെല്ലാ ആഘോഷങ്ങളും. മേളത്തിലൊഴുകി, ആൾക്കൂട്ടത്തിലലിഞ്ഞങ്ങനെ... ഇത്തവണയും ഇലഞ്ഞിച്ചുവട്ടിൽ ഞാനുണ്ടാകും.

ജോ പോൾ അഞ്ചേരി

മേളവും വെടിക്കെട്ടുമാണ് പൂരത്തിന്റെ ഹൈലൈറ്റ്. കളിക്കളത്തിൽ ജീവിച്ച കാലത്തൊക്കെ ഓരോ പൂരനാളിലും തൃശൂരിൽ എത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു കൊതിച്ചുപോയിട്ടുണ്ട്. രാജ്യത്തിന്റെ ഏതുഭാഗത്താണെങ്കിലും ആ ഒരുനാളിൽ ഞാൻ മഠത്തിൽവരവ് പഞ്ചവാദ്യം കേൾക്കും, ഇലഞ്ഞിത്തറ മേളമാസ്വദിക്കും; മനസ്സുകൊണ്ടാണെന്നു മാത്രം.

വി.കെ.ശ്രീരാമൻ

പൂരത്തിനു രണ്ടുമുഖമുണ്ട്. ഒന്ന്: എല്ലാ കഷ്ടപ്പാടുകൾക്കിടയിലും കുഞ്ഞിനെ തോളിലിരുത്തി കൊണ്ടുവരുന്നൊരു അച്ഛന്റെയും മകന്റെയും മകളുടെയും തെളിഞ്ഞമുഖം. രണ്ട്: മദിച്ച മനുഷ്യരുടെ ഉന്മാദംനിറഞ്ഞ മുഖം.

കമൽ

പൂരം എന്നു കേട്ടാൽ മനസ്സിൽ വരുന്നതു ബാല്യകാലമാണ്. പൂരത്തിനു പോയതു മാത്രമല്ല അതുപോലെയുള്ള ഒരുപാട് ആഘോഷങ്ങൾ മനസ്സിലേക്കു വരും.

സുസ്മേഷ് ചന്ത്രോത്ത്

നാലാംക്ലാസിൽ പഠിക്കുമ്പോൾ വേനലവധി ആഘോഷിക്കാൻ ഇടുക്കിയിലെ വീട്ടിൽ നിന്ന് കണ്ണൂരിലെ തറവാട്ടുവീട്ടിലേക്കു കെഎസ്ആർടിസി ബസിൽ പോകുമ്പോൾ പൂരം കഴിഞ്ഞ് ആനകൾ സ്വരാജ് റൗണ്ടിലേക്കിറങ്ങുകയാണ്. ബസിനും ആൾക്കൂട്ടത്തിന‍ുമൊപ്പം ആനകളങ്ങനെ ഒന്നിച്ചുനീങ്ങുന്നു. എന്തൊരു കാഴ്ച!

വൈശാഖൻ

പൂരത്തിന്റെ പ്രസക്തി ഭക്തിക്കും ആചാരങ്ങൾക്കുമപ്പുറം മതേതരമായ ഒരിടം എന്നതു തന്നെ. ആനയില്ലാതെ പൂരം നടത്തുന്നൊരു കാലവും വെടിക്കെട്ട് ശബ്ദം കുറച്ച് വർണം കൂട്ടുന്നൊരു കാലവും ഞാൻ സ്വപ്നം കാണുന്നു. ദൈവങ്ങളെ വഹിക്കാൻ രഥമോ മനുഷ്യരോ ആണ് ആനയെക്കാൾ നല്ലത്.

അഷ്ടമൂർത്തി

പൂരംകാണാൻ വല്യച്ഛന്റെ കൂടെ തൃശൂർക്കുപോയ ഞാൻ ലോഡ്ജിൽ വല്യച്ഛന്റെ കൂട്ടുകാരുടെ ശീട്ടുകളി കണ്ടിരുന്ന് ഉറങ്ങിപ്പോയി. ലോഡ്ജ് കുലുങ്ങുന്ന ശബ്ദംകേട്ട് ഞെട്ടിയുണർന്നപ്പോൾ വല്യച്ഛനും കൂട്ടുകാരും കളിനിർത്തി ലോഡ്ജിന്റെ പുറത്തു ചെന്നുനിന്നു വെടിക്കെട്ടു കാണുന്നു. ഇതി ഏഴാം ക്ലാസുകാരഃ പ്രഥമപൂരോ സമാപ്തഃ

ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്

സാംസ്കാരിക നഗരത്തിൽ മതസൗഹാർദത്തിന്റെ ആഘോഷമാണു പൂരം. സാംസ്കാരികതയുടെ ആഘോഷമാണിത്. തൃശൂരിന്റെ വികസനത്തിനും എല്ലാവരും ഒന്നെന്ന തോന്നലിനും പൂരത്തിന്റെ സ്ഥാനം വലുതാണ്.